Friday, October 14, 2011

ജനകീയ സമരത്തിന്റെ വിജയഭേരി

കോഴിക്കോട്: വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലാന്‍ തോക്കെടുത്ത ധിക്കാരിയായ പൊലീസ് ഓഫീസര്‍ക്കും അയാളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുമെതിരായ ജനവികാരം വ്യാഴാഴ്ച ജില്ലയിലാകെ നിറഞ്ഞു. ഗ്രാമാന്തരങ്ങളില്‍നിന്ന് ആയിരങ്ങളാണ് വെസ്റ്റ്ഹില്ലിലെ സമരകേന്ദ്രത്തിലേക്ക് ഒഴുകിയത്. വൈകീട്ട് സമരം അവസാനിച്ച ശേഷം നഗരമാകെ ആഹ്ലാദത്തിലമര്‍ന്നു. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയ്ക്കും അയാള്‍ക്ക് ഒത്താശ ചെയ്ത സര്‍ക്കാറിനുമെതിരായ സമരത്തിന്റെ വിജയം നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. തോല്‍പ്പിക്കാനാവാത്ത സമരവീര്യത്തിനു മുന്നില്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാറും മുട്ടുകുത്തിയതോടെയാണ് വ്യാഴാഴ്ച മൂന്നാം ദിവസം സമരം അവസാനിച്ചത്. സമരകേന്ദ്രമായ വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ രാവിലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എത്തുമെന്നറിഞ്ഞതോടെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ഇവിടേക്കെത്തിയത്. തിരുവനന്തപുരത്തുനിന്ന് വി എസ് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതോടെ അദ്ദേഹത്തിന് വൈകീട്ടുമാത്രമേ കോഴിക്കോട്ട് എത്തിച്ചേരാനായുള്ളൂ. എന്നാല്‍ സമരകേന്ദ്രത്തിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്കിനെ ഇത് ബാധിച്ചില്ല.

ആരോപണ വിധേയനായ വിദ്യാര്‍ഥിയെ മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളേജിലേക്കു മാറ്റാനുള്ള സര്‍ക്കാറിന്റെ തീരുമാനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വൈകീട്ട് സമരസഖാക്കളെ അറിയിച്ചു. ഇതോടെ പ്രവര്‍ത്തകരുടെ ആവേശം അണമുറിഞ്ഞൊഴുകി. തുടര്‍ന്ന് സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനും ഡിവൈഎഫ്ഐ നേതാവ് സി എം ജംഷീറും സംസാരിച്ചു. കോളേജിനു മുന്നിലെ ഉപരോധം അവസാനിപ്പിച്ചതോടെ പ്രവര്‍ത്തകരാകെ ആഹ്ലാദപ്രകടനമായി മുതലക്കുളം മൈതാനിയിലേക്കു നീങ്ങി. നഗരത്തിന്റെ മുക്കും മൂലയും ആവേശകരമായ മുദ്രാവാക്യങ്ങളാല്‍ മുഖരിതമായി. അടുത്തകാലത്തൊന്നും കാണാത്ത ജനക്കൂട്ടത്തിനാണ് മുതലക്കുളം സാക്ഷ്യം വഹിച്ചത്. സമരം താല്‍ക്കാലികമായി അവസാനിച്ചെങ്കിലും ഈ സര്‍ക്കാറിന്റെ അനീതിയ്ക്കും നെറികേടിനുമെതിരെ ഒരു രണ്ടാം ഘട്ട സമരത്തിന് തയ്യാറെടുക്കണമെന്ന വി എസ് അച്യുതാനന്ദന്റെ ആഹ്വാനം ആവേശാരവങ്ങളോടെയാണ് ജനം കൈക്കൊണ്ടത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഭാസ്കരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനന്‍ , എസ്എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് എന്നിവരും സംസാരിച്ചു. സിപിഐ എം നോര്‍ത്ത് ഏരിയ സെക്രട്ടറി പി ലക്ഷ്മണന്‍ സ്വാഗതവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു.

ആവേശത്തിരയായി സമരമുഖത്ത് ബിജു


കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ സമരമുഖത്ത് ആവേശം പകര്‍ന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവെത്തി. തിങ്കളാഴ്ച എന്‍ജിനിയറിങ് കോളേജ് ഓഫീസിലേക്കു നടത്തിയ വിദ്യാര്‍ഥി മാര്‍ച്ചില്‍ ക്രൂരമര്‍ദനത്തിനിരയായ ബിജു സമര കേന്ദ്രത്തിലെത്തിയതോടെ ആയിരങ്ങള്‍ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് അഭിവാദ്യങ്ങളര്‍പ്പിച്ചു. വ്യാഴാഴ്ച അതിരാവിലെ മുതല്‍ സമരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. സമരസഖാക്കളെ സന്ദര്‍ശിക്കാന്‍ ബിജുവെത്തുമെന്നറിഞ്ഞതോടെ വളണ്ടിയര്‍മാരുടെ ആവേശം ഇരട്ടിയായി. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍നിന്നും ഡിവൈഎഫ്ഐ-എസ്എഫ്ഐ ഭാരവാഹികള്‍ ഏറെ പണിപ്പെട്ടിട്ടാണ് ബിജുവിനെ വേദിയിലെത്തിച്ചത്. തലയ്ക്കു സാരമായി പരിക്കേറ്റ ബിജുവിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സമരകേന്ദ്രത്തിലെത്തിയത്. സംസാരിക്കുന്നത് ഡോക്ടര്‍മാര്‍ വിലക്കിയതുകൊണ്ട് എല്ലാ സഖാക്കളെയും മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്തു. ബിജുവിന്റെ സന്ദേശം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് വായിച്ചു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം എം ഭാസ്ക്കരന്‍ രക്തഹാരമണിയിച്ചു. ജില്ലയിലെ യുവജന പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന മത്തായി ചാക്കോയെ യോഗം അനുസ്മരിച്ചു. സമരത്തെ അഭിവാദ്യം ചെയ്ത് സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ , സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി സതീേിദവി, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ പി മോഹനന്‍ , പി ടി രാജന്‍ , പി വിശ്വന്‍ , കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് ടി പി മാധവന്‍ , ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍ , ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, എന്‍സിപി ജില്ലാസെക്രട്ടറി അഡ്വ. സൂര്യനാരായണന്‍ എന്നിവരും വ്യാഴാഴ്ച സംസാരിച്ചു.

വെടിവയ്പ്: പിള്ളയെ മാറ്റുംവരെ സമരം- സിപിഐ എം

കോഴിക്കോട്: സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ എല്ലാനിയമങ്ങളും ലംഘിച്ച് വെടിവയ്പ് നടത്തിയ അസി. കമീഷണര്‍ കെ രാധാകൃഷ്ണപിള്ളയെ സര്‍വീസില്‍ നിന്നും മാറ്റുന്നതുവരെ സമരം തുടരുമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പിള്ളയ്ക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയാണ് വെടിവപ്പ് നടത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വെടിയുതിര്‍ത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ കണ്ടില്ലേ എന്ന് ധിക്കാരത്തോടെയാണ് അസി. കമീഷണര്‍ പെരുമാറിയത്. വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജിനു മുന്നില്‍ ഡിവൈഎഫ്ഐ-എസ്എഫ്ഐ ആഹ്വാനമനുസരിച്ച് നടത്തിയ സമരം കോഴിക്കോട്ടെ ജനത ഒറ്റക്കെട്ടായി ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോടിന്റെ സമീപകാല ചരിത്രത്തില്‍ ഒരു പുതിയ അനുഭവമായി മാറുകയായിരുന്നു ഉപരോധ സമരം. സമരം ഒരേ മനസ്സോടെ ഒറ്റക്കെട്ടായി ഏറ്റെടുത്ത് വിജയിപ്പിച്ച എല്ലാവരെയും സിപിഐ എം ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്തു.


അസി. കമീഷണര്‍ക്കെതിരെ നടപടി വേണം: ആര്‍എസ്പി

കോഴിക്കോട്: ഗവ. എന്‍ജിനിയറിങ് കോളേജില്‍ ചട്ടവിരുദ്ധമായി പ്രവേശിപ്പിച്ച നിര്‍മല്‍ മാധവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവെപ്പ് നടത്തിയ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമീഷണര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആര്‍എസ്പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ പി രാജന്‍ അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്കുനേരെ നിറയൊഴിച്ച അസിസ്റ്റന്റ് കമീഷണര്‍ രാധാകൃഷ്ണപിള്ളയെ സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ അസി. കമീഷണറുടെ ഓഫീസ് ഉപരോധിക്കുമെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി അറിയിച്ചു. വിദ്യാര്‍ഥി-യുവജനസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമം ചെറുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 141011

1 comment:

  1. ദ്യാര്‍ഥികളെ വെടിവച്ചു കൊല്ലാന്‍ തോക്കെടുത്ത ധിക്കാരിയായ പൊലീസ് ഓഫീസര്‍ക്കും അയാളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുമെതിരായ ജനവികാരം വ്യാഴാഴ്ച ജില്ലയിലാകെ നിറഞ്ഞു. ഗ്രാമാന്തരങ്ങളില്‍നിന്ന് ആയിരങ്ങളാണ് വെസ്റ്റ്ഹില്ലിലെ സമരകേന്ദ്രത്തിലേക്ക് ഒഴുകിയത്. വൈകീട്ട് സമരം അവസാനിച്ച ശേഷം നഗരമാകെ ആഹ്ലാദത്തിലമര്‍ന്നു. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നേടിയ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയ്ക്കും അയാള്‍ക്ക് ഒത്താശ ചെയ്ത സര്‍ക്കാറിനുമെതിരായ സമരത്തിന്റെ വിജയം നാടൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. തോല്‍പ്പിക്കാനാവാത്ത സമരവീര്യത്തിനു മുന്നില്‍ ഉമ്മന്‍ ചാണ്ടിയും സര്‍ക്കാറും മുട്ടുകുത്തിയതോടെയാണ് വ്യാഴാഴ്ച മൂന്നാം ദിവസം സമരം അവസാനിച്ചത്. സമരകേന്ദ്രമായ വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ രാവിലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ എത്തുമെന്നറിഞ്ഞതോടെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ഇവിടേക്കെത്തിയത്. തിരുവനന്തപുരത്തുനിന്ന് വി എസ് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയതോടെ അദ്ദേഹത്തിന് വൈകീട്ടുമാത്രമേ കോഴിക്കോട്ട് എത്തിച്ചേരാനായുള്ളൂ. എന്നാല്‍ സമരകേന്ദ്രത്തിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്കിനെ ഇത് ബാധിച്ചില്ല.

    ReplyDelete