പ്രശാന്ത് ഭൂഷണ്‍ ഇന്ത്യന്‍ ജനതയ്ക്ക് ഒട്ടും അപരിചിതനല്ല. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുപോന്ന സാമൂഹിക പ്രവര്‍ത്തകനുമാണ്. അന്നാഹസാരെ നയിക്കുന്ന 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനാണ് അദ്ദേഹം. ഇന്ത്യന്‍ നിയമലോകത്തെ അഗ്രഗാമികളിലൊരാളായ ശാന്തിഭൂഷന്റെ മകനാണ് പ്രശാന്ത്. മനുഷ്യാവകാശ ചര്‍ച്ചകളില്‍ തന്റെ നിലപാടുകള്‍ സൗമ്യമായാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ആ നിലപാടുകള്‍ നിശിതവും നിര്‍ഭയവുമായിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. ആ പ്രശാന്ത് ഭൂഷണാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയിലെ ലോയേഴ്‌സ് ചേമ്പറിലെ 301-ാം നമ്പര്‍ മുറിയില്‍വച്ച് മൃഗീയമായി മര്‍ദിക്കപ്പെട്ടത്. ശ്രീറാം സേനയുടെ പ്രവര്‍ത്തകരെന്ന് സ്വയം വിശേഷിപ്പിച്ച രണ്ട് ഗുണ്ടകളാണ് മിനിറ്റുകള്‍ നീണ്ടുനിന്ന മര്‍ദനത്തിനുണ്ടായിരുന്നത്. സുപ്രിംകോടതിയില്‍ നിന്നു വിളിപ്പാടകലെയാണ് നാടിനെ നാണിപ്പിക്കുന്ന ഈ സംഭവമുണ്ടായത്. ആ പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹമുണ്ടെന്നാണ് സങ്കല്‍പം. ഗുണ്ടകള്‍ പ്രശാന്ത് ഭൂഷണെ കടന്നാക്രമിക്കുന്ന ദൃശ്യങ്ങള്‍ രാജ്യം മുഴുവന്‍ കണ്ടതാണ്. രാഷ്ട്ര തലസ്ഥാനത്ത് അധികാരത്തിന്റെ മൂക്കിനു താഴെ സുപ്രിം കോടതിക്കു അഭിമുഖമായി നില്‍ക്കുന്ന ഭഗവന്‍ ദാസ് റോഡില്‍ ഇതെല്ലാം നടക്കുമ്പോള്‍ നമ്മുടെ സുരക്ഷാ സംവിധാനങ്ങളുടെ സ്ഥിതിയോര്‍ത്തു ദുഃഖിക്കുക. കേന്ദ്രത്തിലെ 'കരുത്തനായ' ആഭ്യന്തര മന്ത്രിക്ക് ബഹുവിധ ഇടപാടുകള്‍ വേറെയുള്ളതുകൊണ്ടാകാം സുരക്ഷാ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ സൂക്ഷ്മദൃഷ്ടി വേണ്ടത്ര പതിക്കാതെ പോയത്. അതേപ്പറ്റി പ്രതികരിക്കേണ്ടത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധിയുമാണ്.
പ്രശാന്ത് ഭൂഷണുനേരെ നടന്ന ഈ ആക്രമണം ഗൗവതരമായ ചോദ്യങ്ങളാണ് നാടിനു മുമ്പില്‍ അവതരിപ്പിക്കുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇവിടെ യാതൊരു വിലയുമില്ലേ? വര്‍ഗീയഭ്രാന്തുമൂലം കണ്ണുകാണാതായ രണ്ടു തെരുവ് ഗുണ്ടകള്‍ അതിനെ കൈയൂക്കു കൊണ്ടു കശക്കിയെറിയാന്‍ വന്നാല്‍ ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ? ഈ ഗുണ്ടകളുടെ പിറകില്‍ കടിഞ്ഞാണ്‍ പിടിച്ചതാരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ നിയമവാഴ്ചയുടെ സൂക്ഷിപ്പുകാരെന്നു പറയുന്ന ഭരണക്കാര്‍ക്കു ചുമതലയില്ലേ? മുമ്പ് പലപ്പോഴും എന്നതുപോലെ രാജ്യം ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്കു മുമ്പില്‍ മൗനം കൊണ്ടു ഉത്തരം പറഞ്ഞ് തടിതപ്പാനായിരിക്കുമോ ഇക്കുറിയും ഭരണക്കാരുടെ ശ്രമം?
സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പശ്ചാത്തലവും മുന്‍കാല ചരിത്രവും വിരല്‍ ചൂണ്ടുന്നത് ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഭീകര ആക്രമണത്തിലേക്കാണെന്നത് ഗവണ്‍മെന്റ് കാണാതിരുന്നുകൂടാ. ഡല്‍ഹിയില്‍ ഇതിനുമുമ്പ് നടന്ന സമാനസ്വഭാവത്തിലുള്ള ആക്രമണങ്ങളിലെ പങ്കാളികളാണവര്‍. അതില്‍പെട്ട് തജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ എന്നയാള്‍ അരുന്ധതി റോയ്‌യുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവനാണ്. ഡല്‍ഹിയിലെ വിദേശ പത്രപ്രവര്‍ത്തക ക്ലബ്ബിലേക്കു കാശ്മീരിലെ മിര്‍വായ്‌സ് ഉമര്‍ ഫാറൂഖ് വന്നപ്പോള്‍ തടയാന്‍ ശ്രമിച്ചവരില്‍ അയാളുണ്ടായിരുന്നു. സെയദ് അലിഷാ ഗിലാനി തലസ്ഥാനത്തെ ഒരു സെമിനാറില്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ പ്രശ്‌നം സൃഷ്ടിക്കാനും ഇയാള്‍ മുമ്പിലുണ്ടായിരുന്നു. ആരോ കൂലിക്കെടുത്ത വെറും തെരുവു ഗുണ്ടകളല്ല പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാം. 'ലക്ഷ്യബോധമുള്ള' വര്‍ഗീയ ഫാസിസ്റ്റ് ചിട്ടയില്‍ തന്നെയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
''നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ നിങ്ങളുടെ തല തകര്‍ക്കും'' എന്ന മുദ്രാവാക്യമാണ് ഇതുമായി ബന്ധപ്പെട്ട ചിലര്‍ ഫെയ്‌സ് ബുക്കിലും ട്വിറ്ററിലുമൊക്കെ പ്രചരിപ്പിക്കുന്നത്. പശ്ചാത്താപത്തിന്റെയും മര്യാദയുടെയും കണികപോലുമില്ലാത്ത ഇത്തരം മുദ്രാവാക്യങ്ങള്‍ ചരിത്രം പലപ്പോഴും കേട്ടിട്ടുണ്ട്. രാജ്യം കീഴ്‌പ്പെടുത്താന്‍ വന്നപ്പോള്‍ ഹിറ്റ്‌ലറും മുസോളിനിയും പള്ളിപൊളിക്കാന്‍ കരുനീക്കിയപ്പോള്‍ സംഘപരിവാറും ഈ ചുവയുള്ള മുദ്രാവാക്യങ്ങളാണ് പ്രചരിപ്പിച്ചത്. അതേ അച്ചില്‍വാര്‍ത്ത ചെറുതും വലുതുമായ ഫാസിസ്റ്റ് ഗ്രൂപ്പുകള്‍ ഇന്ത്യയിലെമ്പാടും തലപൊക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഹിന്ദു-മുസ്‌ലീം വര്‍ഗീയ ഭ്രാന്തിന്റെ തണലില്‍ ഇവര്‍ക്കെല്ലാം വളരാന്‍ ഊര്‍ജം പകരുന്നത് ആഗോള സാമ്രാജ്യത്വത്തിന്റെ കൗശലം നിറഞ്ഞ തന്ത്രങ്ങളാണ്. അതിനെ യഥാസമയം കണ്ടെത്തുവാനും തകര്‍ക്കുവാനും കഴിയാത്തത്ര ദുര്‍ബലമാണ് നമ്മുടെ സുരക്ഷാ സന്നാഹങ്ങള്‍. സാമ്രാജ്യത്വശക്തികളുമായി തന്ത്രപരമായ 1, 2, 3 ഉടമ്പടിക്കു കോപ്പു കൂട്ടിയവര്‍ക്ക് ഇത്തരം വിപത്തുകളെ ചെറുത്തുതോല്‍പിക്കാനുള്ള രാഷ്ട്രീയ ഇച്ഛയാണ് കൈമോശം വരുന്നത്.
കശ്മീരിനെപ്പറ്റി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതിനോട് ഒരാള്‍ക്ക് യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ തലതല്ലിപ്പൊട്ടിക്കാന്‍ ആര്‍ക്കും അവകാശമില്ല. ശ്രീരാമനുവേണ്ടി രക്ഷാസൈന്യം ഉണ്ടാക്കുന്നുവെന്നു ഭാവിക്കുന്നവര്‍ വാസ്തവത്തില്‍ തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ തലയാണ്. ഇന്ത്യയുടെ വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെയും ആധാരശിലയായ സാമൂഹിക - രാഷ്ട്രീയ ബഹുത്വത്തിന്റെ ശിരസാണ് അവര്‍ തല്ലിപ്പൊട്ടിക്കാന്‍ നോക്കുന്നത്. ഹിറ്റ്‌ലര്‍-മുസോളിനി സ്‌കൂളില്‍ നിന്നു പഠിച്ചിറങ്ങി വരുന്നവരാണിവര്‍. അവരുടെ ഇന്ത്യന്‍ നേതൃത്വം ഏറ്റെടുത്തിട്ടുള്ള സംഘപരിവാറിന്റെ ആശയമച്ചുനന്മാരാണിവര്‍. അവരോടു തോറ്റുകൊടുത്താല്‍ കൂടുതല്‍ അക്രമാസക്തമായി അവര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത എല്ലാത്തിന്റെയും തല തല്ലിപ്പൊളിക്കാനെത്തും. അതനുവദിച്ചുകൂടാ. പ്രശാന്ത് ഭൂഷണു നേരെ നടന്നത് ഒറ്റപ്പെട്ട ഗുണ്ടാ ആക്രമണമായി കാണാതെ അതിന്റെ പിറകിലെ ദൂരവ്യാപകമായ അര്‍ഥങ്ങള്‍ വായിച്ചറിയേണ്ട സന്ദര്‍ഭമാണിത്. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാ ജനാധിപത്യ-മതേതര-പുരോഗമന ശക്തികളും അതിനായി രംഗത്തു വരേണ്ടത് ഇപ്പോഴാണ്.
janayugom editorial 141011
പ്രശാന്ത് ഭൂഷണ്‍ ഇന്ത്യന്‍ ജനതയ്ക്ക് ഒട്ടും അപരിചിതനല്ല. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകനായ അദ്ദേഹം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുപോന്ന സാമൂഹിക പ്രവര്‍ത്തകനുമാണ്. അന്നാഹസാരെ നയിക്കുന്ന 'അഴിമതിക്കെതിരെ ഇന്ത്യ' എന്ന പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനാണ് അദ്ദേഹം. ഇന്ത്യന്‍ നിയമലോകത്തെ അഗ്രഗാമികളിലൊരാളായ ശാന്തിഭൂഷന്റെ മകനാണ് പ്രശാന്ത്. മനുഷ്യാവകാശ ചര്‍ച്ചകളില്‍ തന്റെ നിലപാടുകള്‍ സൗമ്യമായാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ആ നിലപാടുകള്‍ നിശിതവും നിര്‍ഭയവുമായിരിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. ആ പ്രശാന്ത് ഭൂഷണാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതിയിലെ ലോയേഴ്‌സ് ചേമ്പറിലെ 301-ാം നമ്പര്‍ മുറിയില്‍വച്ച് മൃഗീയമായി മര്‍ദിക്കപ്പെട്ടത്. ശ്രീറാം സേനയുടെ പ്രവര്‍ത്തകരെന്ന് സ്വയം വിശേഷിപ്പിച്ച രണ്ട് ഗുണ്ടകളാണ് മിനിറ്റുകള്‍ നീണ്ടുനിന്ന മര്‍ദനത്തിനുണ്ടായിരുന്നത്.
ReplyDeleteപ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ നിഷ്ഠുരമായി മര്‍ദിച്ച സംഭവം നടുക്കമുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഴിമതിക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന പ്രമുഖ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷണ്‍ . സുപ്രീംകോടതി സമുച്ചയത്തിനകത്തുവച്ച് അദ്ദേഹത്തെ മര്‍ദിച്ച സംഭവം ഫാസിസ്റ്റ് നടപടിയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള ഭീകരാക്രമണമാണിത്. അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുകയും ഇതിനുപിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരികയും വേണം- വി എസ് ആവശ്യപ്പെട്ടു.
ReplyDelete