Saturday, October 15, 2011

കാട്ടാക്കടയില്‍ ആര്‍എസ്എസ് അക്രമം: പരിക്കേറ്റ് നിരവധിപേര്‍ ആശുപത്രിയില്‍

എസ്എഫ്ഐക്ക് ചരിത്രവിജയം

കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്എഫ്ഐക്ക് ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന 19 കോളേജില്‍ 17ഉം എസ്എഫ്ഐ നേടി. യൂണിവേഴ്സിറ്റി കോളേജ്, ആര്‍ട്സ് കോളേജ്, സംഗീതകോളേജ്, സംസ്കൃത കോളേജ്, ഫൈന്‍ ആര്‍ട്സ് കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചെമ്പഴന്തി എസ്എന്‍ കോളേജ്, കാര്യവട്ടം ഗവ. കോളേജ്, പെരിങ്ങമ്മല ഇക്ബാല്‍ കോളേജ്, പാങ്ങോട് മന്നാനിയ കോളേജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, മാര്‍ഇവാനിയോസ്, നെടുമങ്ങാട് ഗവ. കോളേജ്, കാഞ്ഞിരംകുളം ഗവ. കോളേജ്, തുമ്പ സെന്റ് സേവിയേഴ്സ്, ബാര്‍ട്ടണ്‍ഹില്‍ എന്നിവിടങ്ങളില്‍ കെഎസ്യു-എബിവിപി-എസ്ഐഒ-ക്യാമ്പസ്ഫ്രണ്ട് അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ തകര്‍പ്പന്‍ വിജയം നേടിയത്. വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നതായി പറയുന്ന ഗവ. വിമെന്‍സ് കോളേജ്, വര്‍ക്കല എസ്എന്‍ കോളേജ് എന്നിവിടങ്ങളില്‍ മാത്രമാണ് കെഎസ്യു വിജയിച്ചത്. ജില്ലയിലെ 36 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരില്‍ 25 എണ്ണവും എസ്എഫ്ഐ നേടി.

ജില്ലയിലെ എസ്എഫ്ഐയുടെ ഉജ്വല വിജയം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിദ്യാര്‍ഥിവിരുദ്ധ നയങ്ങളോടുള്ള പ്രതിഷേധവും എസ്എഫ്ഐയോട് വിദ്യാര്‍ഥികള്‍ക്കുള്ള വിശ്വാസത്തിന്റെ പ്രതിഫലനവുമാണെന്ന് ജില്ലാ പ്രസിഡന്റ് ആര്‍ എസ് ബാലമുരളിയും സെക്രട്ടറി എസ് കെ ബെന്‍ഡാര്‍വിനും എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കാട്ടാക്കടയില്‍ ആര്‍എസ്എസ് അക്രമം: പരിക്കേറ്റ് നിരവധിപേര്‍ ആശുപത്രിയില്‍

കാട്ടാക്കട: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വിജയത്തില്‍ വിറളിപൂണ്ട് കാട്ടാക്കടയില്‍ ആര്‍എസ്എസ് അക്രമിസംഘം അഴിഞ്ഞാടി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പില്‍ എബിവിപി-കെഎസ്യു കൂട്ടുകെട്ട് വിദ്യാര്‍ഥികള്‍ തൂത്തെറിഞ്ഞതാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും പരിക്കേറ്റു. സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് അക്രമിസംഘം അടിച്ചുതകര്‍ത്തു. പഞ്ചായത്തിലെ ഓരോ മേഖലയിലും തീവ്രവാദി മോഡല്‍ ആക്രമണമാണ് സംഘപരിവാര്‍ അക്രമികള്‍ നടത്തിയത്.

ക്രിസ്ത്യന്‍ കോളേജില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഇതില്‍ കലിപൂണ്ട് പുറത്തു തമ്പടിച്ച മുപ്പതോളം ആര്‍എസ്എസുകാര്‍ കോളേജിലേക്ക് കല്ലെറിഞ്ഞപ്പോഴാണ് അക്രമം തുടങ്ങിയത്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചശേഷം എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദപ്രകടനമായി കാട്ടാക്കട ബസ്സ്റ്റാന്‍ഡിലേക്ക് നീങ്ങി. പ്രകടനം കോളേജിലേക്ക് മടങ്ങുന്നതിനിടെ പൊലീസ് സ്റ്റേഷന് സമീപമുള്ള കാട്ടാല്‍ ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ആയുധങ്ങളുമായി തമ്പടിച്ച ആര്‍എസ്എസുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കല്ലേറു നടത്തുകയായിരുന്നു. നിരവധി വാഹനവും കടകളും കല്ലേറില്‍ തകര്‍ന്നു. ഇവിടെ വച്ച് എസ്എഫ്ഐ വെള്ളറട ഏരിയ സെക്രട്ടറി നീരജിന്റെ കൈയ്ക്ക് വെട്ടേറ്റു. ഇതിനുശേഷം ആയുധങ്ങളുമായി ബൈക്കുകളില്‍ എത്തിയ സംഘം ബസ്സ്റ്റാന്‍ഡ്, മൂങ്ങോട്ടുകോണം ഹരിജന്‍ കോളനി എന്നിവിടങ്ങളിലും എത്തി അക്രമം അഴിച്ചുവിട്ടു. വൈകിട്ട് സിപിഐ എം, എസ്എഫ്ഐ നേതാക്കളുടെ വീടുകള്‍ അടിച്ചുതകര്‍ത്തു.

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് നോക്കിനില്‍ക്കെ പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗം എം ഫ്രാന്‍സിസിന്റെ വിസ്മയ റെസ്റ്റോറന്റ് ബൈക്കിലെത്തിയ സംഘം എറിഞ്ഞുതകര്‍ത്തു. രാത്രി വൈകിയും അക്രമം തുടര്‍ന്നു. റൂറല്‍ എസ്പി അക്ബറിന്റെ നേതൃത്വത്തില്‍ പൊലീസ് കാട്ടാക്കടയില്‍ എത്തി റൂട്ട്മാര്‍ച്ച് നടത്തി. കാട്ടാക്കട, മാറനല്ലൂര്‍ , മലയിന്‍കീഴ് എന്നീ സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച പ്രകടനവും പൊതുയോഗവും നിരോധിച്ചതായി കലക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു.

deshabhimani 151011

1 comment:

  1. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ നേടിയ വിജയത്തില്‍ വിറളിപൂണ്ട് കാട്ടാക്കടയില്‍ ആര്‍എസ്എസ് അക്രമിസംഘം അഴിഞ്ഞാടി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പില്‍ എബിവിപി-കെഎസ്യു കൂട്ടുകെട്ട് വിദ്യാര്‍ഥികള്‍ തൂത്തെറിഞ്ഞതാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്. അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും പരിക്കേറ്റു. സിപിഐ എം, എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസ് അക്രമിസംഘം അടിച്ചുതകര്‍ത്തു. പഞ്ചായത്തിലെ ഓരോ മേഖലയിലും തീവ്രവാദി മോഡല്‍ ആക്രമണമാണ് സംഘപരിവാര്‍ അക്രമികള്‍ നടത്തിയത്.

    ReplyDelete