Wednesday, October 12, 2011

കൃഷ്ണകുമാര്‍ കുമളി ബസില്‍ കയറിയിട്ടില്ലെന്ന് രേഖകള്‍

വാളകം സ്കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിക്കുന്നതിന് കൂടുതല്‍ തെളിവ്. സംഭവദിവസം അധ്യാപകന്‍ നിലമേലില്‍നിന്ന് കെഎസ്ആര്‍ടിസിയുടെ കുമളി ഫാസ്റ്റ്പാസഞ്ചറില്‍ കയറി വാളകത്ത് ഇറങ്ങിയെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നു വ്യക്തമായി. അധ്യാപകന്‍ ബസിറങ്ങിയെന്ന "ശക്തമായ തെളിവി"ന്റെ അടിസ്ഥാനത്തിലാണ് വാളകംസംഭവം റോഡപകടമായി പൊലീസ് ചിത്രീകരിക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് രാത്രി 8.15നാണ് ആര്‍എന്‍ഇ 214 നമ്പര്‍ കുമളി ബസ് പുറപ്പെടുന്നത്. സംഭവദിവസം നിലമേലില്‍നിന്ന് ഒരു യാത്രക്കാരന്‍മാത്രമാണ് കയറിയതെന്ന് ബസിന്റെ ടിക്കറ്റ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വാളകത്തിനുമുമ്പുള്ള ഫെയര്‍ സ്റ്റേജായ ആയൂരിലേക്കായിരുന്നു ഈ ടിക്കറ്റ്. ആ യാത്രക്കാരന്‍ ആയൂരില്‍ത്തന്നെ ഇറങ്ങുകയുംചെയ്തു. വാളകത്തേക്കുണ്ടായിരുന്ന ഏക ടിക്കറ്റ് തിരുവനന്തപുരത്തുനിന്ന് എടുത്തതായിരുന്നു. നിലമേലില്‍നിന്ന് കൃഷ്ണകുമാര്‍ കുമളി ബസില്‍ കയറിയെന്നും വാളകം എംഎല്‍എ ജങ്ഷനില്‍ ഇറങ്ങിയെന്നും കണ്ടക്ടര്‍ മൊഴി നല്‍കിയതായി പൊലീസ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ , സംഭവദിവസം ഈ ബസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടര്‍ വി രാജയെയും ഡ്രൈവര്‍ നോബി ജോസിനെയും ഇതുവരെ പൊലീസ് ചോദ്യംചെയ്തിട്ടില്ല. കുമളി പെരിയാര്‍ സ്റ്റേഷനിലെ ഒരു പൊലീസുകാരന്‍ കെഎസ്ആര്‍ടിസി കുമളി ഡിപ്പോയിലെത്തി കാര്യങ്ങള്‍ തിരക്കുകമാത്രമാണ് ചെയ്തത്. ബുധനാഴ്ച നോബിയില്‍നിന്നും രാജയില്‍നിന്നും മൊഴിയെടുക്കുമെന്ന് സിഐ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തുനിന്ന് ആലുവയ്ക്ക് പുറപ്പെട്ട ആര്‍ എകെ 21 സൂപ്പര്‍ഫാസ്റ്റ് ബസിന്റെ കണ്ടക്ടറെയും ഡ്രൈവറെയും ചോദ്യംചെയ്തിരുന്നു. രാത്രി പത്തോടെയാണ് ഈ ബസും അന്ന് വാളകത്ത് എത്തിയത്. നിലമേലില്‍നിന്ന് കയറിയ യാത്രക്കാര്‍ ആരും വാളകത്ത് ഇറങ്ങിയിട്ടില്ലെന്ന് കണ്ടക്ടര്‍ പി ടി ജേക്കബ് മൊഴി നല്‍കി. എന്നാല്‍ , അധ്യാപകന്‍ ബസില്‍ കയറിയെന്ന് സ്ഥാപിക്കാനാണ് പൊലീസിന്റെ ശ്രമം. ബസില്‍ കയറിയ അധ്യാപകന്‍ വിളിച്ചതായി ഭാര്യ ഗീത മൊഴി നല്‍കിയെന്നും പൊലീസ് പ്രചരിപ്പിക്കുന്നു. എന്നാല്‍ , രാത്രി 10.15ന് വിളിച്ച കൃഷ്ണകുമാര്‍ , താന്‍ ബസ് കാത്തുനില്‍ക്കുകയാണെന്നും 20 മിനിറ്റിനുള്ളില്‍ എത്തുമെന്നും മാത്രമാണ് പറഞ്ഞതെന്ന് ഗീത പറയുന്നു. എവിടെപോയാലും ടിക്കറ്റ് പോക്കറ്റില്‍ സൂക്ഷിക്കുന്ന സ്വഭാവമുണ്ട് കൃഷ്ണകുമാറിന്. എന്നാല്‍ , നിലമേലില്‍നിന്ന് കയറിയതിന്റെ ടിക്കറ്റ് പോക്കറ്റില്‍ ഇല്ലാതിരുന്നതും ദുരൂഹമാണ്. അതേസമയം, വാളകത്തുനിന്ന് നിലമേലിലേക്കു പോയ ടിക്കറ്റ് പോക്കറ്റിലുണ്ടായിരുന്നു.

ജോത്സ്യന്റെ വീട്ടില്‍നിന്ന് കാറില്‍ നിലമേലില്‍ എത്തിയ അധ്യാപകന്‍ എംഎല്‍എ ജങ്ഷനില്‍ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഇവിടെനിന്ന് 50 മീറ്റര്‍ മാറിയാണ് കൃഷ്ണകുമാറിനെ മൃതപ്രായനായി കണ്ടത്. അപകടത്തില്‍പ്പെട്ട് കിടക്കുന്ന അധ്യാപകനെ ആദ്യം കണ്ട ദൃക്സാക്ഷിയെയും പൊലീസ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഈ സാക്ഷിയെ സംബന്ധിച്ചും സംശയങ്ങള്‍ ഉയരുന്നു. അധ്യാപകനെ "ഇടിച്ച" കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ , ഇതെല്ലാം അവഗണിച്ച് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെയാണ് പൊലീസ് അന്വേഷണം.
(ആര്‍ സാംബന്‍)

ഡിജിപിക്ക് പരാതി നല്‍കിയിട്ടും പരിക്കുകള്‍ രേഖപ്പെടുത്തുന്നില്ല

അധ്യാപകനെ ആക്രമിച്ച സംഭവം വാഹനാപകടമായി ചിത്രീകരിക്കാനുള്ള നീക്കം തകൃതിയായി നടക്കുമ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിലെ പരിക്കുകള്‍ രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. പരിക്കുകളുടെയും മുറിവുകളുടെയും അടയാളങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തണമെന്ന് കൃഷ്ണകുമാറിന്റെ ഭാര്യ കഴിഞ്ഞ ദിവസം ഡിജിപിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരിക്കുകളും മുറിവുകളും അടയാളപ്പെടുത്തിയാല്‍ത്തന്നെ സംഭവം ആസൂത്രിതമായിരുന്നെന്ന് വ്യക്തമാകും. ദിവസം കഴിയുന്തോറും മുറിവേറ്റ പാടുകള്‍ മാഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപകനെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ചെവിയുടെ താഴെ നാല് വിരലിന്റെ പാടുകള്‍ ഉണ്ടായിരുന്നെന്ന് ഭാര്യാ സഹോദരന്‍ അജിത് പ്രസാദ് പറഞ്ഞു. ഉള്ളംകൈകളില്‍ മുറുകെ പിടിച്ചതിന്റെ അടയാളങ്ങള്‍ ഉണ്ടായിരുന്നു. പല്ലും ഇളകിയിരുന്നു. കക്ഷത്തിന്റെ ഭാഗത്ത് ചതവുണ്ട്. മോതിരങ്ങള്‍ കാണാനില്ല. കാലുകള്‍ ചവിട്ടിത്തിരിച്ച നിലയിലായിരുന്നു. വാഹനമിടിച്ച് റോഡില്‍ വീണതാണെങ്കില്‍ കാല്‍ ഒടിയേണ്ടതാണ്. നട്ടെല്ലിനും ക്ഷതമുണ്ടാകണം.

എന്നാല്‍ , അധ്യാപകന്റെ കാലിനും നട്ടെല്ലിനും ക്ഷതമില്ല. ഇടുപ്പെല്ലുകള്‍ ഇടിച്ച് തകര്‍ത്ത നിലയിലാണ് അദ്ദേഹത്തിന്റെ പരിക്ക്. വാഹനമിടിച്ച് മുട്ടുകുത്തി റോഡിലേക്ക് വീഴുകയാണെങ്കില്‍ കാല്‍മുട്ടിനോ കൈമുട്ടിനോ പരിക്ക് ഉണ്ടാകേണ്ടതാണ്. എന്നാല്‍ , അധ്യാപകന്റെ കാല്‍മുട്ടിനോ കൈമുട്ടിനോ പരിക്കില്ല. റോഡില്‍ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിന്റെ പാടും ഉണ്ടായിരുന്നില്ല. കാര്‍ സഞ്ചരിച്ച ദിശയുടെ എതിര്‍വശത്തായാണ് കൃഷ്ണകുമാര്‍ വീണ് കിടന്നിരുന്നത്. അപകടത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണയുണ്ടെന്ന് ഡിജിപി വ്യക്തമാക്കിയിട്ടും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.

deshabhimani 121011

1 comment:

  1. തിരുവനന്തപുരത്തുനിന്ന് രാത്രി 8.15നാണ് ആര്‍എന്‍ഇ 214 നമ്പര്‍ കുമളി ബസ് പുറപ്പെടുന്നത്. സംഭവദിവസം നിലമേലില്‍നിന്ന് ഒരു യാത്രക്കാരന്‍മാത്രമാണ് കയറിയതെന്ന് ബസിന്റെ ടിക്കറ്റ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വാളകത്തിനുമുമ്പുള്ള ഫെയര്‍ സ്റ്റേജായ ആയൂരിലേക്കായിരുന്നു ഈ ടിക്കറ്റ്. ആ യാത്രക്കാരന്‍ ആയൂരില്‍ത്തന്നെ ഇറങ്ങുകയുംചെയ്തു. വാളകത്തേക്കുണ്ടായിരുന്ന ഏക ടിക്കറ്റ് തിരുവനന്തപുരത്തുനിന്ന് എടുത്തതായിരുന്നു.

    ReplyDelete