Thursday, October 13, 2011

സമരഭൂമിയില്‍ ഒരേ മനസ്സോടെ...

സമരചരിത്രത്തില്‍ ആവേശകരമായ പുതിയ അധ്യായം രചിക്കുകയാണ് രണ്ട് ദിവസമായി കോഴിക്കോട്ടുകാര്‍ . നിര്‍മല്‍മാധവ് എന്ന വിദ്യാര്‍ഥിക്ക് നിയമം ലംഘിച്ച് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതൃത്വത്തിലുള്ള അനിശ്ചിതകാല ഉപരോധസമരം അക്ഷരാര്‍ഥത്തില്‍ ജനകീയ സമരമായി. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജ് ഗേറ്റിലെ സമരപ്പന്തലിലേക്ക് രാപ്പകലില്ലാതെ ജനങ്ങള്‍ ഒഴുകുന്നു. പടപ്പാട്ടുകളും വിപ്ലവ ഗാനമേളകളും ലഘുനാടകങ്ങളുമെല്ലാമായി ഉറക്കം പോലുമില്ലാതെ അവര്‍ ഉപരോധ സമരത്തില്‍ പങ്കാളികളാവുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് സമരകേന്ദ്രത്തിലെത്തിലെത്തുന്നത്. അവശതകള്‍ മറന്ന് പ്രായമായവര്‍ പോലും പന്തലിലെത്തുന്നത് ഉപരോധത്തിന് കൂടുതല്‍ കരുത്തു പകരുന്നു. പ്രക്ഷോഭത്തിന് പിന്തുണയുമായി രക്ഷിതാക്കളും സമരകേന്ദ്രത്തിലെത്തി. വിദ്യാര്‍ഥികളുടെ ചോരവീണ ക്യാമ്പസ് കവാടത്തില്‍ കുത്തിയിരിക്കുന്ന യുവജനങ്ങളും നാട്ടുകാരും പൊലീസ്ഭീകരതയാല്‍ സമരത്തെ തകര്‍ക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ്.

നിര്‍മല്‍മാധവിന്റെ പ്രവേശനം റദ്ദാക്കുക, പൊലീസ് അതിക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, വെടിവച്ച അസി. കമീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുയര്‍ത്തിയുള്ള ഉപരോധം ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ആരംഭിച്ചത്. ഉപരോധത്തിനെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും സമരപ്പന്തലില്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഉച്ചക്കും രാത്രിയും കഞ്ഞിയും പുഴുക്കും. രാവിലെ ഉപ്പുമാവും ചായയും. രാത്രി ഏറെ ചെല്ലുമ്പോള്‍ കട്ടന്‍ കാപ്പി. സിപിഐ എമ്മിന്റെ വിവിധ കമ്മിറ്റികള്‍ക്കാണ് ഭക്ഷണച്ചുമതല. സ്ത്രീകളടക്കം ധാരാളം പേര്‍ ഇതിനായി രംഗത്തുണ്ട്. പന്തലിലും റോഡിലുമായി കടലാസും പുല്‍പ്പായയും വിരിച്ചാണ് കിടപ്പ്. സമരത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും സ്വയം വളണ്ടിയര്‍മാരാവുന്നത് അച്ചടക്കത്തിന്റെ അപൂര്‍വാനുഭവമായി. സമരം നടക്കുന്നതിന് സമീപത്ത് താമസിക്കുന്നവരുടെ വാഹനവും മറ്റും റോഡിലൂടെ കടത്തിവിടുന്നതിനും പ്രത്യേകസൗകര്യമൊരുക്കിയിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങളും മറ്റും റോഡുകളില്‍ തള്ളാതെ അതത് സമയങ്ങളില്‍തന്നെ നീക്കുന്നു.

സമരത്തിന്റെ രണ്ടാംദിനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി എ എന്‍ ഷംസീര്‍ , എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍ , സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, കെ ടി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഗിരീഷ് അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് വി വസീഫ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ , ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി മോഹനന്‍ , ടി പി ബാലകൃഷ്ണന്‍ നായര്‍ , പി വിശ്വന്‍ , എം ഭാസ്കരന്‍ , കെ ചന്ദ്രന്‍ , സി ഭാസ്കരന്‍ തുടങ്ങിയ നേതാക്കളും ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളും സദാ പന്തലിലുണ്ട്.
(പി കെ സജിത്)

യുവജന- വിദ്യാര്‍ഥി നേതാക്കള്‍ക്ക് ആയിരങ്ങളുടെ സ്നേഹാഭിവാദ്യം

കോഴിക്കോട്: ജയില്‍ മോചിതരായ ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആവശോജ്വല സ്വീകരണം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ മോചിതരായ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസടക്കം 22 പേരെ സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് വരവേറ്റത്. മോചിതരായ സഖാക്കളെ പൂമാലയര്‍പ്പിച്ചും മുദ്രാവാക്യം വിളിച്ചും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയും മുതലക്കുളം മൈതാനം വരെ പ്രകടനമായി ആനയിച്ചു. തുടര്‍ന്ന് പട്ടാളപ്പള്ളിക്കുസമീപത്തുനിന്നും 22 സഖാക്കളെയും തുറന്നവാഹനത്തില്‍ വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജിലെ സമരമുഖത്തെത്തിച്ചു. ജയിലറക്കുള്ളില്‍നിന്നും പോര്‍മുഖത്തെത്തിയ സഖാക്കള്‍ക്ക് ഹൃദ്യമായ വരവേല്‍പ്പാണ് ഇവിടെ നല്‍കിയത്. പൊലീസ് കള്ളക്കേസെടുത്ത് ജയിലിലടച്ച നേതാക്കളെയും പ്രവര്‍ത്തകരെയും രക്തഹാരങ്ങളണിയിച്ചും പരസ്പരം കെട്ടിപ്പിടിച്ചും പ്രവര്‍ത്തകര്‍ സ്നേഹാഭിവാദ്യം പങ്കിട്ടു.

ഉന്നതവിദ്യാഭ്യാസരംഗത്തെ മെറിറ്റ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ തുടര്‍ന്നു നടക്കുന്ന പേരാട്ടങ്ങളില്‍ നിങ്ങളോടൊപ്പമുണ്ടാവുമെന്ന് ജയില്‍മോചിതരായവര്‍ പ്രഖ്യാപിച്ചപ്പോള്‍ ആയിരക്കണക്കിന് സമരവളണ്ടിയര്‍മാര്‍ ഹര്‍ഷാരവം മുഴക്കി. ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 20ന് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനാണ് 17പേര്‍ക്കെതിരെ പൊലീസ് കള്ളക്കേസെടുത്ത് 21 ദിവസം ജയിലിലടച്ചത്. സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു, ജില്ലാ നേതാക്കളായ വരുണ്‍ഭഭാസ്കര്‍ , സി എം ജംഷീര്‍ , വി ബിജേഷ്, ടി പി നിധീഷ്, നിജീഷ്, കെ റീജു, വി പ്രദീഷ്, കെ ഷിജു, പി അനില്‍കുമാര്‍ , കെ വി പ്രമോദ്, കെ അരുണ്‍ , കെ പി സുഭാഷ്, കെ ഖാദര്‍ , ആര്‍ ഷാജി, സി സിയാദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

നിര്‍മല്‍മാധവ് വിഷയത്തില്‍ പഠിപ്പ്മുടക്ക് സമരത്തെ തുടര്‍ന്ന് 31 ദിവസം ജയിലില്‍ അടച്ച എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം സി പി ഷിജു, കുന്നമംഗലം ഏരിയാ പ്രസിഡന്റ് നിഥിന്‍നാഥ്, ഏരിയാ ജോയിന്റ് സെക്രട്ടറി നിര്‍ഷാദ് അലി, വൈസ്പ്രസിഡന്റുമാരായ യദുരാജ്, ഹേമന്ത് എന്നിവരും ബുധനാഴ്ച ജാമ്യത്തിലിറങ്ങി. സമരകേന്ദ്രത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് എം ഗിരീഷ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ സെക്രട്ടറി പി എ മുഹമ്മദ് റിയാസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് കെ സജീഷ്, ജില്ലാ പ്രസിഡന്‍റ് വി വസീഫ് എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധാഗ്നിയായി വിപ്ലവ ഗാനങ്ങള്‍

അരിവാളിന്‍ ചുണ്ടിന്റെ ചിരിചുവക്കും അരിവാളിന്‍ ചുണ്ടിന്റെ ചിരിചുവക്കും ഹരിത വിപ്ലവ ശക്തിയിതാ, അവശ മര്‍ദ്ദിത രക്തമിതാ അവരുടെ ജീവിത കാഹളമിതാ........ വെസ്റ്റ്ഹില്‍ എന്‍ജി. കോളേജ് ഗേറ്റിലെ സമരപ്പന്തലില്‍ ആയിരങ്ങളുടെ മനസ്സിലേക്കും ചിന്തയിലേക്കും പോരാട്ടത്തിന്റെ കനല്‍ചിന്തുകളിട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി എം കെ നളിനി പാടിത്തുടങ്ങിയപ്പോള്‍ സമരമുഖം നിശബ്ദം. പാട്ടിനൊത്ത് പ്രവര്‍ത്തകരും താളമിട്ടു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ തങ്കമണിയും വിപ്ലവഗാനം പാടി ജനക്കൂട്ടത്തെ ആവേശഭരിതരാക്കി. കെപിഎസിയുടെ മധുരഗാനങ്ങളും വിപ്ലവഗാനങ്ങളും നാടന്‍പാട്ടുകളും കവിതകളും ആലപിച്ച് സമരത്തിന് പുതിയ മാനം തീര്‍ത്തു.

deshabhimani 131011

2 comments:

  1. സമരചരിത്രത്തില്‍ ആവേശകരമായ പുതിയ അധ്യായം രചിക്കുകയാണ് രണ്ട് ദിവസമായി കോഴിക്കോട്ടുകാര്‍ . നിര്‍മല്‍മാധവ് എന്ന വിദ്യാര്‍ഥിക്ക് നിയമം ലംഘിച്ച് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതൃത്വത്തിലുള്ള അനിശ്ചിതകാല ഉപരോധസമരം അക്ഷരാര്‍ഥത്തില്‍ ജനകീയ സമരമായി. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജ് ഗേറ്റിലെ സമരപ്പന്തലിലേക്ക് രാപ്പകലില്ലാതെ ജനങ്ങള്‍ ഒഴുകുന്നു. പടപ്പാട്ടുകളും വിപ്ലവ ഗാനമേളകളും ലഘുനാടകങ്ങളുമെല്ലാമായി ഉറക്കം പോലുമില്ലാതെ അവര്‍ ഉപരോധ സമരത്തില്‍ പങ്കാളികളാവുന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് സമരകേന്ദ്രത്തിലെത്തിലെത്തുന്നത്. അവശതകള്‍ മറന്ന് പ്രായമായവര്‍ പോലും പന്തലിലെത്തുന്നത് ഉപരോധത്തിന് കൂടുതല്‍ കരുത്തു പകരുന്നു. പ്രക്ഷോഭത്തിന് പിന്തുണയുമായി രക്ഷിതാക്കളും സമരകേന്ദ്രത്തിലെത്തി. വിദ്യാര്‍ഥികളുടെ ചോരവീണ ക്യാമ്പസ് കവാടത്തില്‍ കുത്തിയിരിക്കുന്ന യുവജനങ്ങളും നാട്ടുകാരും പൊലീസ്ഭീകരതയാല്‍ സമരത്തെ തകര്‍ക്കാനനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ്.

    ReplyDelete
  2. police should have given an atom bomb.. that would have solved some issue....

    when you guys moved a criminal from one eng college to another, didn't you know all these rules?

    ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതി ശരിയല്ലാ‍ാ മാഷെ!

    ReplyDelete