Friday, October 14, 2011

കാഞ്ഞങ്ങാട്ട് വീണ്ടും ലീഗ് അക്രമം

സര്‍കക്ഷി യോഗ തീരുമാനം വെല്ലുവിളിച്ച് കാഞ്ഞങ്ങാട്ട് വീണ്ടും ലീഗ് അക്രമം. ഓട്ടോറിക്ഷ തകര്‍ത്തു. ഹോട്ടല്‍ തീവച്ച് നശിപ്പിച്ചു. ഓയില്‍ മില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. വ്യാഴാഴ്ച ഉച്ചയോടെ ചിത്താരിയിലേക്ക് വാടകയ്ക്ക് വന്ന പള്ളിക്കര പാക്കം ചരല്‍ക്കടവിലെ സിപിഐ എം പ്രവര്‍ത്തകന്‍ ദിനേശന്റെ കെ എല്‍ 60 1983 നമ്പര്‍ ഓട്ടോറിക്ഷ ലീഗ് അക്രമികള്‍ തകര്‍ത്തു. അക്രമം കണ്ട് ഓട്ടോയിലുണ്ടായിരുന്ന സുകേഷ് ഓടി രക്ഷപ്പെട്ടു. ദിനേശനെ വലിച്ചിറക്കി ഓട്ടോ അടിച്ചുതകര്‍ത്ത് തീവയ്ക്കാന്‍ ശ്രമിച്ചു. പൊലീസെത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്. പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് അക്ഷയ കുടുംബശ്രീ നടത്തുന്ന ഹോട്ടല്‍ അക്രമികള്‍ തീവച്ച് നശിപ്പിച്ചു. ബുധനാഴ്ച രാത്രി തോയമ്മലിലെ ശ്രീകൃഷ്ണ ഓയില്‍ മില്ലിന് നേരെയും കല്ലേറുണ്ടായി. ബുധനാഴ്ച രാത്രി ഏഴോടെ കൊളവയലില്‍ അക്രമം നടത്താന്‍ സംഘടിച്ചെത്തിയ ലീഗ് ക്രിമിനല്‍ സംഘത്തെ വിരട്ടിയോടിക്കാന്‍ പൊലീസ് ഗ്രനേഡും ടിയര്‍ഗ്യാസും ഉപയോഗിച്ചിരുന്നു. ലീഗ് ക്രിമിനല്‍ സംഘത്തെ വിരട്ടിയോടിച്ച ശേഷം സിപിഐ എം പ്രവര്‍ത്തകരെ വീട് കയറി അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് മുന്നില്‍ നൂറുകണക്കിന് സ്ത്രീകള്‍ അക്രമത്തിന് നേതൃത്വം കൊടുക്കുന്ന ലീഗ് ക്രിമിനല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി. നിരപരാധികളായ ഞങ്ങളുടെ മക്കളെ പൊലീസിന് വിട്ടുതരില്ലെന്നും ഈ അമ്മമാര്‍ പറഞ്ഞു.

സമാധാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ തീരുമാനിക്കുന്ന ലീഗ് നേതാക്കളുടെ വാക്കുകള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാത്ത ലീഗ്- എന്‍ഡിഎഫ് ക്രിമിനല്‍ സംഘമാണ് മുഖംമൂടി ധരിച്ചെത്തി അക്രമത്തിന് നേതൃത്വം നല്‍കുന്നത്. അക്രമത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിനുള്ള എല്ലാവിധ ശ്രമങ്ങളും ലീഗ് ക്രിമിനല്‍ സംഘം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച രാവിലെയെത്തിയ വന്‍ പൊലീസ് സംഘം കൊളവയല്‍ , പൊയ്യക്കര ഭാഗങ്ങളില്‍ ഭീകരത സൃഷ്ടിച്ചു. പൊലീസിനെ ഭയന്ന് ഓടിയ മുപ്പതോളം പേര്‍ ചിത്താരിപുഴയില്‍ ചാടി. നീന്തലറിയാത്ത കുട്ടികള്‍ വരെ പുഴയില്‍ ചാടിയവരില്‍ ഉള്‍പ്പെടും. ഇവരെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകിട്ട് ട്രെയിന്‍ ഇറങ്ങി പോവുകയായിരുന്ന ചേറ്റുകുണ്ടിലെ പ്രേമരാജനെ ഒരുസംഘം അക്രമികള്‍ അടിച്ചുപരിക്കേല്‍പ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഇയാളെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എന്‍ജിഒ സംഘ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു.

സര്‍വകക്ഷി യോഗം ലീഗ് ബഹിഷ്കരിച്ചു കാഞ്ഞങ്ങാട് ഇന്ന് സമാധാന സന്ദേശയാത്ര

കാഞ്ഞങ്ങാട്: ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് വ്യാഴാഴ്ച വൈകിട്ട് കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന കമ്മിറ്റിയോഗം മുസ്ലിംലീഗ് ബഹിഷ്കരിച്ചു. സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങളെ തകിടം മറിക്കുന്ന വിധത്തിലുള്ള ലീഗിന്റെ ബഹിഷ്കരണ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീണ്ടും സര്‍വകക്ഷിയോഗം ചേരും. മുസ്ലിംലീഗ് നേതൃത്വവുമായി ഡിസിസി പ്രസിഡന്റും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട് യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തും. സര്‍വകക്ഷി യോഗത്തിന് ശേഷം കാഞ്ഞങ്ങാട് നഗരത്തില്‍ സമാധാന സന്ദേശയാത്ര നടത്തും. ഇതിനായി നഗരത്തില്‍ 144ല്‍ ഇളവ് വരുത്തി.

വ്യാഴാഴ്ച പകല്‍ മൂന്നിന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കലക്ടര്‍ കെ എന്‍ സതീഷ് ആമുഖമായി കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ സിപിഐ എം നേതാക്കളാണ് മുസ്ലിംലീഗിന്റെ അസാന്നിധ്യം യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്ന കാരണത്താല്‍ യോഗം ബഹിഷ്കരിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് റവന്യു അധികൃതര്‍ യോഗത്തെ അറിയിച്ചു. സമാധാന കമ്മിറ്റി യോഗം യഥാര്‍ഥത്തില്‍ ബഹിഷ്കരിക്കേണ്ടത് തങ്ങളായിരുന്നുവെന്ന് ആദ്യമായി സംസാരിച്ച സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ കാര്യകാരണസഹിതം യോഗത്തില്‍ വിശദീകരിച്ചു. ഒന്നാമത്തെ സമാധാനകമ്മിറ്റി യോഗത്തിന് ശേഷമാണ് പൊലീസ്ജീപ്പ് കത്തിക്കുകയും മുറിയനാവിയിലും പരിസരപ്രദേശങ്ങളിലും രണ്ടാംതവണ അക്രമവും നടന്നത്. അക്രമത്തില്‍ പരിക്കേറ്റ് 15 പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പ്രത്യേകതരം ആയുധങ്ങള്‍ ഉപയോഗിച്ച് ഏകപക്ഷീയമായി നടത്തിയ അക്രമത്തില്‍ മാരകമായ മുറിവാണ് ഇവര്‍ക്കുണ്ടായത്. അക്രമത്തിന് പിന്നിലുള്ളവരുടെ ക്രിമിനല്‍ സ്വഭാവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. പൊലീസില്‍നിന്നും ലീഗില്‍നിന്നും ദ്വിമുഖ ആക്രമണമാണ് സിപിഐ എം നേരിടുന്നത്. എന്നാലും നാട്ടില്‍ സമാധാനം പുലരണമെന്ന ചിന്തയിലാണ് സിപിഐ എം ഈ യോഗത്തില്‍ പങ്കെടുത്തത്. ലീഗ് നേതൃത്വം ഇക്കാര്യത്തിലെടുത്ത സമീപനം ശരിയല്ല. ബഹിഷ്കരണം സ്ഥിതി വഷളാക്കാനേ ഉപകരിക്കൂ-. സതീഷ്ചന്ദ്രന്‍ പറഞ്ഞു.

അക്രമത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പു ആവശ്യപ്പെട്ടു. ലീഗ് നേതാക്കള്‍ യോഗം ബഹിഷ്കരിച്ചത് ദൗര്‍ഭാഗ്യകരമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ മുഴുവന്‍ രാഷ്ട്രീയപാര്‍ടികളും സഹകരിക്കണമെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. അക്രമത്തിന്റെ തുടക്കം സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല- ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മുസ്ലിംലീഗിന്റെ ബഹിഷ്കരണം ശരിയായില്ലെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. യുഡിഎഫിന്റെ ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ളയും കണ്‍വീനര്‍ പി ഗംഗാധരന്‍ നായരുമാണ്. യുഡിഎഫ് നേതൃത്വം പരസ്പരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ലീഗിന്റെ ബഹിഷ്കരണം ഒഴിവാക്കാമായിരുന്നു. അടിയന്തരമായി വിളിച്ചുചേര്‍ത്ത യോഗമായതിനാല്‍ യുഡിഎഫ് നേതൃത്വവുമായി ആലോചിക്കാനുള്ള സമയം കിട്ടിയില്ലെന്നായിരുന്നു പി ഗംഗാധരന്‍ നായരുടെ പ്രതികരണം. സമാധാനം താഴെത്തട്ടിലെത്തിക്കാനുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ബിജെപി നേതാവ് മടിക്കൈ കമ്മാരനും സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണനും പറഞ്ഞു. നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്ന പൊലീസ് ലോക്കപ്പില്‍ ഭീകരമായി മര്‍ദിക്കുകയാണെന്ന് സിപിഐ എം നേതാവ് പി അപ്പുക്കുട്ടന്‍ പറഞ്ഞു. ഭക്ഷണമോ വെള്ളമോ കൊടുക്കാതെ ദിവസങ്ങളോളം ലോക്കപ്പിലിട്ട് പീഡിപ്പിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് അപ്പുക്കുട്ടന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. ഒടുവില്‍ കോടതിയാണ് പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ചത്- അപ്പുക്കുട്ടന്‍ പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് എസ്പി ശ്രീശുകന്‍ യോഗത്തെ അറിയിച്ചു. ലോക്കപ്പ് മര്‍ദനം സംബന്ധിച്ച് സമഗ്രമായി പരിശോധന നടത്തി ആവര്‍ത്തിക്കാതിരിക്കാനാവശ്യമായ നടപടി സ്വീകരിക്കും. സബ്കലക്ടര്‍ ബാലകിരണ്‍ , സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍ , കെ പുരുഷോത്തമന്‍ , കെ വി കുഞ്ഞിരാമന്‍ , കെ വി കൃഷ്ണന്‍ , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, എം സി ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍ , സി യൂസഫ്ഹാജി, പി രാമചന്ദ്രന്‍ , എം അസിനാര്‍ , ടി എം ശ്രീപതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കലാപമുണ്ടാക്കാനുള്ള നീക്കം തിരിച്ചറിയണം: പി കരുണാകരന്‍ എംപി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന്റെ മഹത്തായ പാരമ്പര്യം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള സംഭവവികാസങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പി കരുണാകരന്‍ എംപി സമാധാനകമ്മിറ്റി യോഗത്തില്‍ അഭ്യര്‍ഥിച്ചു. മാരകമായി മുറിവേറ്റവരും വീടും വസ്തുവകകളും നഷ്ടപ്പെട്ടവരും നിരവധിയാണ്. ഇവരെ ആശ്വസിപ്പിക്കാനും ആത്മവിശ്വാസം പകരാനും മുഴുവന്‍ ജനാധിപത്യവിശ്വാസികളും ജില്ലാ ഭരണകൂടവും രംഗത്തിറങ്ങണം. അപകടകരമായ വിധത്തില്‍ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ സൂചനകളാണ് കാഞ്ഞങ്ങാട്ട് കണ്ടത്. ജില്ലയുടെ സമഗ്രവികസനത്തിന് ഇത്തരം സംഭവങ്ങള്‍ വിഘാതമാകും. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് പൊതു ആവശ്യമായി കണ്ട് മുഴുവനാളുകളും ഊഹാപോഹങ്ങള്‍ പരത്തിവിടുന്നത് ഒഴിവാക്കി കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി രംഗത്തിറങ്ങണമെന്നും എംപി പറഞ്ഞു. കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളെ കേസില്‍ കുടുക്കില്ലെന്ന ഉന്നതപൊലീസ് ഓഫീസര്‍മാരുടെ ഉറപ്പ് മറികടന്ന് ഒരുസംഘം പൊലീസ് ഓഫീസര്‍മാര്‍ നിരപരാധികളായ സിപിഐ എം പ്രവര്‍ത്തകരെ വര്‍ഗീയ ലഹളക്ക് പ്രേരിപ്പിക്കല്‍ , പൊലീസ് ഓഫീസര്‍മാരെ വധിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ ഗൗരവമായ കേസുകളില്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസില്‍ കുടുക്കുന്നു. ബുധനാഴ്ച രാവിലെ മഡിയനിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞങ്ങാട് സൗത്തിലെ ഡിവൈഎഫ്ഐ നേതാവ് ശബരീഷിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മുസ്ലിംലീഗ് നേതൃത്വം നല്‍കിയ ലിസ്റ്റനുസരിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കേസില്‍ പ്രതിയാക്കുകയാണ് പൊലീസ് ചെയ്തത്. വീട്ടിലുണ്ടായിരുന്ന ശബരീഷിനെ ഇയാളുടെ സുഹൃത്തിന്റെ ഫോണ്‍ ഉപയോഗിച്ചാണ് പൊലീസ് വിളിച്ചുവരുത്തിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാനല്ല മറിച്ച് വിപരീത ഫലമാണുണ്ടാക്കുകയെന്ന് ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് വില്ലേജ്കമ്മിറ്റി അറിയിച്ചു.

deshabhimani 141011

2 comments:

  1. സര്‍കക്ഷി യോഗ തീരുമാനം വെല്ലുവിളിച്ച് കാഞ്ഞങ്ങാട്ട് വീണ്ടും ലീഗ് അക്രമം. ഓട്ടോറിക്ഷ തകര്‍ത്തു. ഹോട്ടല്‍ തീവച്ച് നശിപ്പിച്ചു. ഓയില്‍ മില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. വ്യാഴാഴ്ച ഉച്ചയോടെ ചിത്താരിയിലേക്ക് വാടകയ്ക്ക് വന്ന പള്ളിക്കര പാക്കം ചരല്‍ക്കടവിലെ സിപിഐ എം പ്രവര്‍ത്തകന്‍ ദിനേശന്റെ കെ എല്‍ 60 1983 നമ്പര്‍ ഓട്ടോറിക്ഷ ലീഗ് അക്രമികള്‍ തകര്‍ത്തു. അക്രമം കണ്ട് ഓട്ടോയിലുണ്ടായിരുന്ന സുകേഷ് ഓടി രക്ഷപ്പെട്ടു. ദിനേശനെ വലിച്ചിറക്കി ഓട്ടോ അടിച്ചുതകര്‍ത്ത് തീവയ്ക്കാന്‍ ശ്രമിച്ചു. പൊലീസെത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്. പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്‍വശത്ത് അക്ഷയ കുടുംബശ്രീ നടത്തുന്ന ഹോട്ടല്‍ അക്രമികള്‍ തീവച്ച് നശിപ്പിച്ചു. ബുധനാഴ്ച രാത്രി തോയമ്മലിലെ ശ്രീകൃഷ്ണ ഓയില്‍ മില്ലിന് നേരെയും കല്ലേറുണ്ടായി.

    ReplyDelete
  2. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം കേരളത്തില്‍ വര്‍ഗീയകലാപം ഉണ്ടാകുകയാണെന്ന് ധനാഭ്യര്‍ഥനയെ എതിര്‍ത്ത് കെ കുഞ്ഞമ്മത് പറഞ്ഞു. കാഞ്ഞങ്ങാട് സംഭവം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റാരോപണവിധേയര്‍ മന്ത്രിസഭയില്‍ ഒരുനിമിഷം പോലും തുടരരുതെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. അങ്ങനെയാണ് പി ജെ ജോസഫിന് പുറത്തു പോകേണ്ടി വന്നത്. എന്നാല്‍ , യുഡിഎഫ് ഭരണത്തില്‍ നിരന്തരം കുറ്റാരോപണം ഉയര്‍ന്നിട്ടും പലരും മന്ത്രിമാരായി തുടരുകയാണ്. ഇത്തരക്കാരെ മാറ്റിനിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകുന്നില്ല. എം പി ഗംഗാധരന്റെ കാലത്ത് തുടങ്ങിയ പെരുവണ്ണാമൂഴി പദ്ധതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete