കെഎസ്ആര്‍ടിസി ബസിലെ പോക്കറ്റടിക്കഥ കൊല്ലപ്പെട്ട രഘുവിന്റെ പക്കലുണ്ടായിരുന്ന പണം തട്ടിയെടുക്കാന്‍ പ്രതികളിലൊരാളായ സന്തോഷ് നടപ്പാക്കിയ ആസൂത്രിത നാടകമെന്ന് വ്യക്തമാവുന്നു. പണാപഹരണ കേസില്‍ സന്തോഷിന്റെ കൂട്ടാളികളായി വേറെയും പ്രതികളുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു. ആലുവ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ സതീഷിനെയും സന്തോഷിനെയും വ്യാഴാഴ്ച ഒരുമണിക്കൂറോളം പെരുമ്പാവൂര്‍ പൊലീസ്സ്റ്റേഷനില്‍ ചോദ്യംചെയ്തു. സതീഷ്, മൂവാറ്റുപുഴ സ്വദേശി സന്തോഷ് എന്നിവരെ 17 വരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പൊലീസ്കസ്റ്റഡിയില്‍ നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍ .
പെരുമ്പാവൂരിലേക്ക് ബസില്‍ വരുമ്പോള്‍ തൂത്തുക്കുടിയിലുള്ള ഭാര്യവീട്ടില്‍ കൊടുക്കാനായി 31,000 രൂപ രഘുവിന്റെ കൈവശമുണ്ടായിരുന്നു. ഇക്കാര്യം രഘുവിന്റെ അനുജന്‍ രാജുവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രഘുവിന്റെ പേഴ്സില്‍നിന്ന് 6,000 രൂപ മാത്രമാണ് പൊലീസിനു കിട്ടിയത്. 10,000 രൂപ സന്തോഷിന്റെ പക്കലുണ്ടായിരുന്നു. ഈ തുകയാണ് രഘു പോക്കറ്റടിച്ചതെന്നും ഇത് താന്‍ രഘുവില്‍നിന്ന് തിരികെ വാങ്ങിയെടുത്തതാണെന്നുമാണ് സന്തോഷ് പറഞ്ഞത്. അപ്പോള്‍ രഘുവില്‍നിന്ന് സന്തോഷ് തട്ടിയെടുത്ത ബാക്കി തുക എവിടെപ്പോയി എന്ന സംശയം ശേഷിക്കുന്നു. ബസ് പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ എത്തുന്നതിനു തൊട്ടുമുമ്പ് രണ്ടുപേര്‍ സ്വയം ബെല്ലടിച്ച് വണ്ടി നിര്‍ത്തി ചാടിയിറങ്ങിയതായി ഗണ്‍മാന്‍ സതീഷ് മൊഴിനല്‍കിയിരുന്നു. ഇവര്‍ സന്തോഷിന്റെ കൂട്ടാളികളാണോ എന്നു സംശയിക്കുന്നതായും സതീഷ് പറഞ്ഞു. ഇവര്‍ പണവുമായി കടന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ താന്‍ തൃശൂര്‍ രാമവര്‍മപുരത്ത് ബന്ധുവീട്ടില്‍ പോയതാണെന്നും ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് സന്തോഷിന്റെ മൊഴി.
മുമ്പ് സ്വര്‍ണാപഹരണക്കേസില്‍ പ്രതിയായ സന്തോഷിന്റെ ഈ മൊഴി പൊലീസ് മുഖവിലയ്ക്കെടുക്കുന്നില്ല. 2003ല്‍ പെരുമ്പാവൂരില്‍ നവരത്ന ജ്വല്ലറിയില്‍ സ്വര്‍ണപ്പണിക്കുനില്‍ക്കുമ്പോള്‍ 140 ഗ്രാം സ്വര്‍ണം അപഹരിച്ച കേസില്‍ സന്തോഷും ജ്യേഷ്ഠന്‍ ജയനും പ്രതികളാണ്. ഈ കേസില്‍ പിടികൊടുക്കാതെ നടക്കുകയായിരുന്നു സന്തോഷ്. വളയന്‍ചിറങ്ങര സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ മൂവാറ്റുപുഴ ഒറവക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. സംഭവദിവസം സന്തോഷ് രാമവര്‍മപുരത്ത് ബന്ധുക്കളുടെ വീട്ടില്‍ പോയിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രഘു ഷര്‍ട്ടിന്റെയും പാന്റ്സിന്റെയും പോക്കറ്റുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. രഘു ടിക്കറ്റെടുക്കുമ്പോഴോ പോക്കറ്റടി ആരോപണം ഉയരുന്നതിനുമുമ്പ് മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട പ്രശ്നം ഉണ്ടായപ്പോഴോ ആകണം രഘുവിന്റെ പക്കലുള്ള പണം സന്തോഷ് കണ്ടതെന്നാണ് പൊലീസിന്റെ നിഗമനം. വൈകാതെ ഇത് തട്ടിയെടുക്കാനുള്ള പോക്കറ്റടിനാടകവും ആസൂത്രണംചെയ്തു. കേസില്‍ പ്രതിയായ മൂന്നാമനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഇയാളും സന്തോഷും സംഭവസ്ഥലത്ത് സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രണ്ടു പേര്‍ ഇടയ്ക്ക് ഇറങ്ങിപ്പോയെന്ന സതീഷിന്റെ മൊഴികൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സംഭവത്തില്‍ മൂന്നില്‍ക്കൂടുതല്‍ പേര്‍ ഉണ്ടെന്നു വ്യക്തം. അന്വേഷണച്ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍നിന്ന് ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ഏല്‍പ്പിക്കുകയും ചെയ്തു.
സുധാകരന്റെ ഗണ്‍മാന്‍ രഘുവിനെ തല്ലിയത് പൊലീസ് മുറയില്‍
പെരുമ്പാവൂര്‍ : കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ സതീഷ് ബസിലും തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും രഘുവിനെ മര്‍ദിച്ചത് പൊലീസ്മുറയില്‍ . പൊലീസിന്റെ മൂന്നാം മുറയിലെ മര്‍ദനമുറകള്‍ പലതും രഘുവില്‍ പ്രയോഗിച്ചതിന്റെ തെളിവുകള്‍ ശരീരത്തിലുണ്ട്. മര്‍ദ്ദനം ശരീരത്തില്‍ കനത്ത ക്ഷതമുണ്ടാക്കിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രഘുവിനെ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ ചുമരോടു ചേര്‍ത്തുനിര്‍ത്തി സതീഷ് നാഭിക്കാണ് ആദ്യം തൊഴിച്ചത്. പിന്നീട് കഴുത്തില്‍ കരാട്ടെ സ്റ്റൈലില്‍ കൈകൊണ്ട് വെട്ടി. തല ചുമരില്‍ ഇടിച്ചു. ഇതിന്റെ മുറിവ് തലയ്ക്കു പിന്നിലും നെറ്റിയിലും ഉണ്ടായിരുന്നു. മരണകാരണമായത് തലയ്ക്കേറ്റ മുറിവാണ്. തലയോടിന് പൊട്ടലേറ്റ് ആന്തരീക രക്തസ്രാവം ഉണ്ടായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തല ചുമരില്‍ ഇടിച്ച് മൃതപ്രായനാക്കിയ ശേഷവും സതീഷ് പിന്മാറിയില്ല. മുഷ്ടിചുരുട്ടി വയറില്‍ മാറിമാറി ആഞ്ഞിടിച്ചു. ഈ മര്‍ദനമുറകള്‍ക്കു മുന്നില്‍ നല്ല ആരോഗ്യമുള്ളവര്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവില്ലെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. മര്‍ദനമേറ്റ് രഘു കുഴഞ്ഞുവീഴുകയായിരുന്നു.
deshabhimani 141011
കെഎസ്ആര്‍ടിസി ബസിലെ പോക്കറ്റടിക്കഥ കൊല്ലപ്പെട്ട രഘുവിന്റെ പക്കലുണ്ടായിരുന്ന പണം തട്ടിയെടുക്കാന്‍ പ്രതികളിലൊരാളായ സന്തോഷ് നടപ്പാക്കിയ ആസൂത്രിത നാടകമെന്ന് വ്യക്തമാവുന്നു. പണാപഹരണ കേസില്‍ സന്തോഷിന്റെ കൂട്ടാളികളായി വേറെയും പ്രതികളുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു. ആലുവ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ സതീഷിനെയും സന്തോഷിനെയും വ്യാഴാഴ്ച ഒരുമണിക്കൂറോളം പെരുമ്പാവൂര്‍ പൊലീസ്സ്റ്റേഷനില്‍ ചോദ്യംചെയ്തു. സതീഷ്, മൂവാറ്റുപുഴ സ്വദേശി സന്തോഷ് എന്നിവരെ 17 വരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പൊലീസ്കസ്റ്റഡിയില്‍ നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍ .
ReplyDelete