Wednesday, October 12, 2011

അസമില്‍ കര്‍ഷകസമരത്തിനു നേരെ വെടി; നാലു മരണം

അസമില്‍ വഴി തടഞ്ഞ ചണം കര്‍ഷകര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ചണത്തിന് ന്യായവില ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കര്‍ഷകരെയാണ് വെടിവച്ചുകൊന്നത്. തലസ്ഥാനമായ ഗുവാഹത്തിയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ദരാങ് ജില്ലയിലെ ബെസിമാരിയിലാണ് സംഭവം. സയ്യദ് അലി(70), ബിലാല്‍ ഹുസൈന്‍(30), അക്ബര്‍ അലി(60) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 20 പേര്‍ക്ക് പരിക്കേറ്റു.

വെടിവച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭയും സിപിഐ എം അസം സംസ്ഥാനകമ്മിറ്റിയും ആവശ്യപ്പെട്ടു. വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കിസാന്‍സഭ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ചണം ക്വിന്റലിന് 1350 രൂപമുതല്‍ 1675 രൂപവരെയാണ് സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചത്. ചണം സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ഒരുക്കിയില്ല. അതോടെ സ്വകാര്യ കച്ചവടക്കാര്‍ക്ക് ചണം വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ക്വിന്റലിന് 300-700 രൂപ മാത്രമാണ് കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കര്‍ഷകസംഘവും മറ്റും താങ്ങുവിലയായി 3000 രൂപയെങ്കിലും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം ചണം ഉല്‍പ്പാദനം വര്‍ധിച്ചിരുന്നു. എന്നാല്‍ , സ്വകാര്യക്കച്ചവടക്കാരെ സഹായിക്കുന്ന സര്‍ക്കാര്‍ നയം കര്‍ഷകര്‍ക്ക് വിനയായി. ഇതില്‍ പ്രതിഷേധിച്ച് 52-ാം നമ്പര്‍ ദേശീയപാത ഉപരോധിച്ച കര്‍ഷകരെയാണ് പൊലീസ് വെടിവച്ചത്.

deshabhimani 121011

1 comment:

  1. അസമില്‍ വഴി തടഞ്ഞ ചണം കര്‍ഷകര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ചണത്തിന് ന്യായവില ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ കര്‍ഷകരെയാണ് വെടിവച്ചുകൊന്നത്. തലസ്ഥാനമായ ഗുവാഹത്തിയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ ദരാങ് ജില്ലയിലെ ബെസിമാരിയിലാണ് സംഭവം. സയ്യദ് അലി(70), ബിലാല്‍ ഹുസൈന്‍(30), അക്ബര്‍ അലി(60) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. 20 പേര്‍ക്ക് പരിക്കേറ്റു.

    ReplyDelete