Wednesday, October 12, 2011

മാരുതി ഉല്‍പ്പാദനം സ്തംഭിച്ചു

മാരുതി കാറുകളുടെയും സുസുകി ബൈക്കുകളുടെയും ഉല്‍പ്പാദനം സ്തംഭിപ്പിച്ച് മനേസറിലെയും ഗുഡ്ഗാവിലെയും വിവിധ മാരുതി സുസുകി കമ്പനികളില്‍ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. മുന്‍സമരത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹരിയാന സര്‍ക്കാരും കേന്ദ്രവും ഇടപെടണമെന്ന് സിഐടിയു ഉള്‍പ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മനേസറിലെ സുസുകി പ്ലാന്റിനുപുറമെ എന്‍ജിന്‍ യൂണിറ്റായ സുസുകി പവര്‍ട്രെയിന്‍ , സുസുകി മോട്ടോര്‍സൈക്കിള്‍ എന്നീ കമ്പനികളിലെ തൊഴിലാളികളും പണിമുടക്കിലാണ്.

സമരം അഞ്ചുനാള്‍ പിന്നിട്ടിട്ടും ഒത്തുതീര്‍പ്പുശ്രമം തുടങ്ങിയിട്ടില്ല. സമരം അടിച്ചമര്‍ത്തണമെന്നാണ് ജപ്പാന്‍ കേന്ദ്രമാക്കിയുള്ള സുസുകി മാനേജ്മെന്റിന്റെ നിലപാട്. മാധ്യമങ്ങള്‍വഴി കള്ളക്കഥ മെനഞ്ഞ് സമരം പൊളിക്കാനാണ് ശ്രമം. ഹരിയാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരും മാനേജ്മെന്റിനെ അനുകൂലിക്കുകയാണ്. മനേസര്‍ പ്ലാന്റില്‍ ഉല്‍പ്പാദനം പൂര്‍ണമായും സ്തംഭിച്ചെന്ന് മാനേജ്മെന്റ് വക്താവ് അറിയിച്ചു. തൊഴിലാളികള്‍ കമ്പനി വളഞ്ഞിരിക്കയാണ്. എന്‍ജിന്‍ യൂണിറ്റായ സുസുകി പവര്‍ട്രെയിനില്‍നിന്ന് ഘടകങ്ങളുടെ വരവ് നിലച്ചതിനാല്‍ മാരുതി ഗുഡ്ഗാവ് യൂണിറ്റിലും ഉല്‍പ്പാദനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. പ്രതിദിനം 2800 കാര്‍ നിര്‍മിച്ച ഗുഡ്ഗാവ് യൂണിറ്റില്‍ നിര്‍മാണം 1500 ആയി കുറഞ്ഞു. തൊഴിലാളികള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് വക്താവ് പറഞ്ഞു.

പണിമുടക്കില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞ ഞായറാഴ്ച 15 തൊഴിലാളികളെ പിരിച്ചുവിടുകയും പത്തുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തൊഴിലാളികള്‍ക്കുനേരെ വെടിയുതിര്‍ത്ത ഗുണ്ടകളെ കൈകാര്യം ചെയ്തതിന്റെ പേരിലാണ് നടപടി. സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐടിയുടിസി, ടിയുസിസി, ബിഎംഎസ്, യുടിയുസി സംഘടനകള്‍ ആവശ്യപ്പെട്ടു. മാരുതിപ്രശ്നം ചര്‍ച്ചചെയ്ത പ്രത്യേക യോഗത്തിനുശേഷമായിരുന്നു സംയുക്തപ്രസ്താവന. സെപ്തംബര്‍ 30ന് ഹരിയാന തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ മാനേജ്മെന്റ് പാലിക്കാത്തതാണ് വീണ്ടും സമരത്തിന് വഴിയൊരുക്കിയതെന്ന് പ്രസ്താവന പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani 121011

2 comments:

  1. മാരുതി കാറുകളുടെയും സുസുകി ബൈക്കുകളുടെയും ഉല്‍പ്പാദനം സ്തംഭിപ്പിച്ച് മനേസറിലെയും ഗുഡ്ഗാവിലെയും വിവിധ മാരുതി സുസുകി കമ്പനികളില്‍ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. മുന്‍സമരത്തിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഹരിയാന സര്‍ക്കാരും കേന്ദ്രവും ഇടപെടണമെന്ന് സിഐടിയു ഉള്‍പ്പെടെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മനേസറിലെ സുസുകി പ്ലാന്റിനുപുറമെ എന്‍ജിന്‍ യൂണിറ്റായ സുസുകി പവര്‍ട്രെയിന്‍ , സുസുകി മോട്ടോര്‍സൈക്കിള്‍ എന്നീ കമ്പനികളിലെ തൊഴിലാളികളും പണിമുടക്കിലാണ്.

    ReplyDelete
  2. മനേസര്‍(ഹരിയാണ): മാരുതി സുസുകി തൊഴിലാളികള്‍ ഒരാഴ്ചയായി നടത്തിവരുന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ ഒരുങ്ങുന്നു. കഴിഞ്ഞമാസം ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ മാനേജ്മെന്റ് ലംഘിച്ചതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന തൊഴിലാളികളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനാണ് ശ്രമം. 48 മണിക്കൂറിനകം സമരം അവസാനിപ്പിക്കണമെന്ന് ഹരിയാന സര്‍ക്കാര്‍ ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. ഈ കാലാവധി വ്യാഴാഴ്ച അവസാനിക്കും. വ്യാഴാഴ്ച രാത്രിയോടെ പവര്‍ ട്രെയിന്‍ യൂണിറ്റിലും മാരുതി സുസുകി ഇന്‍ഡ്രസ്ട്രീസിലും രാപ്പകല്‍ കുത്തിയിരിപ്പ് സമരം നടത്തുന്നവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ നീക്കം തുടങ്ങി. വ്യാഴാഴ്ച ഹിസ്സാറില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷം പൊലീസിനെ മനേസറിലേക്ക് കേന്ദ്രീകരിക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പിനുമുമ്പ് ബലപ്രയോഗത്തിലൂടെ തൊഴിലാളികളെ ഒഴിപ്പിക്കുന്നത് പ്രശ്നം സൃഷ്ടിക്കുമെന്നതിനാലാണ് തെരഞ്ഞെടുപ്പിനുശേഷം നടപടിയാകാമെന്ന് മുഖ്യമന്ത്രി ഭൂപീന്ദര്‍സിങ് ഹൂഡ തീരുമാനിച്ചത്. തൊഴിലാളികള്‍ വ്യാഴാഴ്ച മനേസര്‍ ഫാക്ടറിക്കുമുമ്പില്‍ പൊതുയോഗം നടത്തും. സിഐടിയു, എഐടിയുസി, എച്ച്എംഎസ്, ബിഎംഎസ് തുടങ്ങി കേന്ദ്ര ട്രേഡ്യൂണിയന്‍ നേതാക്കള്‍ സംസാരിക്കും. തൊഴിലാളികളുടെ കുടുംബങ്ങളും വ്യാഴാഴ്ചമുതല്‍ കുത്തിയിരിപ്പ് സമരത്തിനിറങ്ങും. ബുധനാഴ്ച സമരംചെയ്യുന്ന തൊഴിലാളികളെ സിഐടിയു സെക്രട്ടറി ദീപാങ്കര്‍ മുഖര്‍ജിയും സത്വീന്ദര്‍സിങ്ങും അഭിസംബോധന ചെയ്തു.

    ReplyDelete