Wednesday, October 12, 2011

രാധാകൃഷ്ണപിള്ള ക്രിമിനല്‍ ; സംരക്ഷിക്കാന്‍ യുഡിഎഫ് ഉന്നതര്‍

വിദ്യാര്‍ഥി സമരത്തിനിടെ കൈത്തോക്കുമായി ഓടിനടന്ന് തലങ്ങും വിലങ്ങും വെടിവച്ച അസി. പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ളയുടെ സര്‍വീസ് ചരിത്രം കുപ്രസിദ്ധം. കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ പ്രധാന പ്രതി മണിച്ചന്റെ പറ്റുപടി ഡയറിയിലെ പേരുകാരന്‍ ആയതോടെയാണ് തെക്കന്‍കേരളം വിട്ട് "ഈ മാന്യപൊലീസ് ഓഫീസര്‍" കോഴിക്കോട്ടെത്തിയത്. കോഴിക്കോട് കസബ സ്റ്റേഷന്‍ സിഐ ആയി നഗരത്തിലെ എല്ലാ തട്ടുപൊളിപ്പന്‍ കമ്പനികളുമായും കൂട്ടായി. പണം വന്നുതുടങ്ങിയതോടെ ബിനാമി പേരുകളില്‍ വാഹനങ്ങളായി. പ്രമുഖ ട്രാവല്‍ ഏജന്‍സികളെ വിറപ്പിച്ച് അവരുടെ ബാനറില്‍ ഈ വാഹനങ്ങള്‍ സര്‍വീസ് നടത്തി വന്‍തുക സമ്പാദിച്ചു.

വിദേശങ്ങളിലേക്ക് കുഴല്‍ഫോണ്‍ വിളിച്ച് വന്‍തുക ലാഭം കൊയ്യുന്ന സംഘങ്ങള്‍ നഗരത്തിലുണ്ടെന്ന് അറിഞ്ഞതോടെ ഈ ഉദ്യോഗസ്ഥന് അതിലായി കമ്പം. പറന്ന് നടന്ന് ഇവ ഓരോന്നായി അടച്ചുപൂട്ടിച്ചു. ഓഫീസറുടെ സത്യസന്ധതയെക്കകുറിച്ച് മാധ്യമങ്ങളില്‍ തുടര്‍വാര്‍ത്തകളായി. എന്നാല്‍ ഫോണ്‍ ഉടമകളെ ഭീഷണിപ്പെടുത്തി വന്‍തുക തരപ്പെടുത്താനായിരുന്നു പഴയ പറ്റുപടിക്കാരന്റെ ഗൂഡനീക്കം. ഒടുവില്‍ സഹികെട്ട് ഒരു കുഴല്‍ഫോണ്‍ ഉടമ വിജിലന്‍സിനെ സമീപിച്ചു. ഇപ്പോള്‍ ക്രൈംബ്രാഞ്ച് എസ്പിയായ സി എം പ്രദീപ്കുമാര്‍ ആയിരുന്നു അന്ന് വിജിലന്‍സ് ഡിവൈഎസ്പി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ വിജിലന്‍സ് കെണിയൊരുക്കി. ഫറോക്ക് പാലത്തിന് സമീപമുള്ള, പ്രവര്‍ത്തിക്കാത്ത ഫാക്ടറി കെട്ടിടത്തില്‍വച്ച് പണം കൈമാറാനായിരുന്നു ധാരണ. രാത്രി സ്വകാര്യവാഹനത്തില്‍ ശിങ്കിടിക്കൊപ്പം പിള്ള പണം വാങ്ങാനെത്തി. ശിങ്കിടിയെക്കൊണ്ട് പണം വാങ്ങിച്ച് ഒരുമിച്ച് വാഹനത്തില്‍ മടങ്ങുമ്പോള്‍ മറഞ്ഞിരുന്ന വിജിലന്‍സ് സംഘം ഇരുവരെയും കൈയോടെ പിടികൂടി. താന്‍ ഒന്നും അറിയില്ലെന്നും സുഹൃത്തിനൊപ്പം വന്നതാണെന്നുമായിരുന്നു പിള്ളയുടെ വിലാപം. ദൂരൂഹ സാഹചര്യത്തില്‍ എന്തിന് വന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമുണ്ടായില്ല. സംഭവം പിറ്റേന്ന് വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു. പിള്ള സസ്പെന്‍ഷനിലായി. പിന്നീട് ഉന്നതങ്ങളില്‍ സ്വാധീനിച്ച് സസ്പെന്‍ഷന്‍ റദ്ദാക്കി സ്വന്തം നാടായ കൊല്ലത്തേക്ക് മടങ്ങി.

ഹോട്ടല്‍ റെയ്ഡില്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയ സീരിയല്‍ നടിയുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. കോടതിയില്‍ നിന്നും നടിയെ ജാമ്യത്തിലിറക്കി ക്വാര്‍ട്ടേഴ്സില്‍ ഒപ്പം താമസിപ്പിച്ചുവെന്നാണ് ആരോപണം. തന്റെ മേലുദ്യോഗസ്ഥനൊപ്പം നടിയെ കണ്ട വനിതാപൊലീസുകാരിയാണ് വിവരം സ്റ്റേഷനില്‍ പറഞ്ഞത്. സ്പെഷല്‍ ബ്രാഞ്ച് പൊലീസ് വിവരം ഉന്നതങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ തെളിവ് നല്‍കാന്‍ ആരും മുന്നോട്ട് വരാത്തതിനാല്‍ വകുപ്പ്തല നടപടിയൊന്നുമുണ്ടായില്ല. അതേസമയം, പെണ്‍കേസിലുള്ള പരിചയം ഭരണമാറ്റത്തെ തുടര്‍ന്ന് പിള്ളയ്ക്ക് ഗുണകരമായി. ഐസ്ക്രീം കേസില്‍ വീണ്ടും കുടുങ്ങിയ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫിനെ തളയ്ക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത് ഇയാളെയാണ്. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന് കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനത്തിലാണ് പിള്ളയെ കോഴിക്കോട് അസി. കമീഷണറായി നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായത്.

ഫറോക്കില്‍ നിന്ന് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി നാടുവിട്ട ഈ ഓഫീസര്‍ ആറുവര്‍ഷത്തിന് ശേഷം കോഴിക്കോട്ട് തിരിച്ചെത്തിയത് തെരുവുചട്ടമ്പിയുടെ സ്വഭാവവുമായാണ്. ചുമതലയേറ്റ അന്ന് വൈകിട്ട് പൊറ്റമ്മല്‍ ജങ്ഷനിലെ ബേക്കറിക്ക് മുമ്പില്‍ നിരപരാധികളായ നാട്ടുകാരെ ലാത്തിക്ക് അടിച്ചുവീഴ്ത്തിയാണ് അരങ്ങേറ്റം കുറിച്ചത്. ബേക്കറിയില്‍നിന്ന് അഞ്ചുരൂപയുടെ മിഠായി മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ ദേഹപരിശോധന നടത്തിയ കടയുടമയെ സംരക്ഷിക്കാനായിരുന്നു നാട്ടുകാരെ പൊതിരെ തല്ലിയത്. ഇത്തരം വൃത്തികേടുകള്‍ കാട്ടാനും വിദ്യാര്‍ഥികള്‍ക്കുനേരെ ബോധപൂര്‍വമാണ് വെടിവച്ചതെന്ന് മാധ്യമപ്രവര്‍ത്തകരോട് അഹങ്കാരത്തോടെ പറയാനും ഇയാള്‍ക്ക് തണലാകുന്നത് പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഉമ്മന്‍ചാണ്ടിയുടെയും പിന്‍ബലം തന്നെ.

പെണ്‍കുട്ടികളുടെ ആത്മഹത്യ; റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രാധാകൃഷ്ണപിള്ള

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുയര്‍ന്ന കോഴിക്കോട്ടെ രണ്ട് പെണ്‍കുട്ടികളുടെ ആത്മഹത്യ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള. പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് ഐസ്ക്രീംകേസുമായി ബന്ധമുണ്ടെന്നും കേസില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും ശ്രീദേവിയെയും പ്രതിയാക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നയത് അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്സന്‍ എബ്രഹാമായിരുന്നു. എന്നാല്‍ കേസുമായി യാതൊരു ബന്ധവുമില്ലാത്ത രാധാകൃഷ്ണപിള്ളതാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിള്ളയുടെ അനാവശ്യ ഇടപെടല്‍ ചോദ്യം ചെയ്ത് അബ്ദുള്‍ അസീസ് രംഗത്ത് വന്നിരിക്കുകയാണ്. കേസില്‍ രാധാകൃഷ്ണപിള്ള വഴിവിട്ട് ഇടപെടുന്നത് നേരത്തെ വിവാദമായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ തിരിഞ്ഞ കെ എ റൗഫിനെതിരെ പുതിയ കേസുകള്‍ ഉണ്ടാക്കി റൗഫിനെ ജയിലിലടയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറായി നിയമിച്ചതെന്ന വാദം ശക്തിപ്പെട്ടിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായതിനാലാണ് വെടിവെച്ച കേസില്‍ പിള്ളയ്ക്കെതിരെ നടപടിവരാത്തതെന്ന് തെളിഞ്ഞിരിക്കുകയാണ്.

deshabhimani 121011

2 comments:

  1. വിദ്യാര്‍ഥി സമരത്തിനിടെ കൈത്തോക്കുമായി ഓടിനടന്ന് തലങ്ങും വിലങ്ങും വെടിവച്ച അസി. പൊലീസ് കമീഷണര്‍ രാധാകൃഷ്ണപിള്ളയുടെ സര്‍വീസ് ചരിത്രം കുപ്രസിദ്ധം. കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിലെ പ്രധാന പ്രതി മണിച്ചന്റെ പറ്റുപടി ഡയറിയിലെ പേരുകാരന്‍ ആയതോടെയാണ് തെക്കന്‍കേരളം വിട്ട് "ഈ മാന്യപൊലീസ് ഓഫീസര്‍" കോഴിക്കോട്ടെത്തിയത്. കോഴിക്കോട് കസബ സ്റ്റേഷന്‍ സിഐ ആയി നഗരത്തിലെ എല്ലാ തട്ടുപൊളിപ്പന്‍ കമ്പനികളുമായും കൂട്ടായി. പണം വന്നുതുടങ്ങിയതോടെ ബിനാമി പേരുകളില്‍ വാഹനങ്ങളായി. പ്രമുഖ ട്രാവല്‍ ഏജന്‍സികളെ വിറപ്പിച്ച് അവരുടെ ബാനറില്‍ ഈ വാഹനങ്ങള്‍ സര്‍വീസ് നടത്തി വന്‍തുക സമ്പാദിച്ചു.

    ReplyDelete
  2. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭഭവുമായി ബന്ധപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ കോഴിക്കോട് നോര്‍ത്ത് അസി. കമീഷണര്‍ കെ രാധാകൃഷ്ണപിള്ള തെറ്റായ റിപ്പോര്‍ട് നല്‍കിയതായ പരാതി കോടതി സ്വീകരിച്ചു. ഇത് സംബന്ധിച്ച കേസില്‍ അസി. കമീഷണര്‍ അനധികൃതമായി ഇടപെട്ടെന്നും അധികാരപരിധിയിലില്ലാത്ത നടപടിയാണെന്നും ചൂണ്ടിക്കാട്ടി നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുള്‍അസീസ് നല്‍കിയ പരാതിയാണ് കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (4) ജി മഹേഷ് സ്വീകരിച്ചത്. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറി അന്വേഷിക്കുന്ന പ്രത്യേകസംഘം 19നകം റിപ്പോര്‍ട് നല്‍കാനാണാവശ്യപ്പെട്ടത്. പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ഐസ് സ്ക്രീംപാര്‍ലര്‍ നടത്തിപ്പുകാരി ശ്രീദേവി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് അബ്ദുള്‍അസീസ് കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ആത്മഹത്യ സംബനധിച്ച അന്വേഷണറിപ്പോര്‍ട് തേടി. ഇതാണ് അസി. കമീഷണര്‍ തിടുക്കപ്പെട്ട് ഹാജരാക്കിയത്. ആത്മഹത്യയെന്ന് തെളിഞ്ഞ കേസാണിതെന്നായിരുന്നു പിള്ള നല്‍കിയ റിപ്പോര്‍ട്. കോഴിക്കോട് എംഇഎസ് വനിതാകോളേജ് പ്രീ-ഡിഗ്രി വിദ്യാര്‍ഥിനികളായ സുനൈനാ നജ്മല്‍(17), സിബാന സണ്ണി(17) എന്നിവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചതില്‍ ഐസ്ക്രീം പെണ്‍വാണിഭഭ സംഘത്തിന് പങ്കുണ്ടെന്നായിരുന്നു കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹരജി. 1996 ഒക്ടോബര്‍ 29നായിരുന്നു സംഭവം. നഗരത്തിലെ ഒരു വന്‍കിട ഫ്ളാറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് ഓടി വന്ന കുട്ടികള്‍ ആറാം ഗേറ്റിനടുത്തുള്ള റെയില്‍പാളത്തില്‍ കെട്ടിപ്പിടിച്ച് നിന്നാണ് മരണം വരിച്ചത്. മന്ത്രിയുടെ അടുത്ത പരിചയക്കാരനായ കാസര്‍കോട്ടെ പ്രമുഖ വിദേശ മലയാളിയുടേതായിരുന്നു ഫ്ളാറ്റ്. ഐസ്ക്രീംപാര്‍ലര്‍ കേസിലടക്കം സ്വാധീനിക്കാനായി പി കെ കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യപ്രകാരമാണ് പിള്ളയെ കോഴിക്കോട് നിയമിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഗഹാദരീഭര്‍താവ് കെ എ റൗഫിനെതിരെ ഈയടുത്ത് പുതിയ കേസുകള്‍ ചുമത്തിയതിന് പിന്നിലും പിള്ളയായിരുന്നു.

    ReplyDelete