Thursday, October 13, 2011

വിലക്കയറ്റമോ! കേരളത്തിലോ! വെറുതേ....

'നടപ്പാക്കും, വ്യാപിപ്പിക്കും, ആരംഭിക്കും, ഉടന്‍ നല്‍കും....' തുടങ്ങിയ വാക്കുകള്‍ കൊണ്ട് സമൃദ്ധമാണ് സര്‍ക്കാരിന്റെ നൂറുദിന വിസ്മയം. ഇതേ വാക്കുകള്‍ അഞ്ചാം വര്‍ഷത്തിലും ആവര്‍ത്തിക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ. 100 ദിവസങ്ങള്‍ക്കുള്ളില്‍ 1800 വിസ്മയങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമാണ് വെറുതെ കളഞ്ഞതെന്ന് വി ശശിയാണ് ഉമ്മന്‍ചാണ്ടിയെ ഓര്‍മിപ്പിച്ചത്. ഇതു സംബന്ധിച്ച സൂത്രവാക്യവും ഉമ്മന്‍ചാണ്ടിക്ക് പറഞ്ഞുകൊടുത്തു. 108 വകുപ്പുകളാണ് ആകെയുള്ളത്. ശരാശരി 10 തീരുമാനങ്ങള്‍ എടുത്താല്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് 1000 വിസ്മയങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താമായിരുന്നു എന്ന് ശശി പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിക്ക് ഇതിന്റെ 'ഗുട്ടന്‍സ്' പിടികിട്ടിയത്. നൂറു പിന്നിട്ടില്ലേ, ഇനി ഇരുന്നൂറാം ദിനത്തില്‍ പരീക്ഷിക്കാം.

കോഴിക്കോട്ടെ തോക്കുവീരന്‍ രാധാകൃഷ്ണപിള്ളയെ തൊടാന്‍ ഉമ്മന്‍ചാണ്ടിക്ക് പോലും പേടിയാണ്. ബാലകൃഷ്ണപിള്ളയ്ക്ക് പിന്നാലെ രാധാകൃഷ്ണപിള്ളയും മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെന്നാണ് പുതിയ ആരോപണം. ഈ രഹസ്യം പ്രദീപ്്കുമാറാണ് പുറത്തുവിട്ടത്. സസ്‌പെന്‍ഡ് എന്ന വാക്കെങ്ങാനും ഉച്ഛരിച്ചാല്‍ ഉമ്മന്‍ചാണ്ടിയും കൂടെയുള്ള 'കുട്ടിയും' തന്നെ കൊണ്ട് ചെയ്യിപ്പിച്ച കാര്യങ്ങളെല്ലാം പുറത്തുവിടുമെന്നാണ് പിള്ളയുടെ ഭീഷണി. രാധാകൃഷ്ണപിള്ള വെടിവച്ചതാണോ, അതോ സിനിമാ ഗാനം രചിച്ചതോ?. പ്രദീപ് കുമാറിന്റെ സംശയത്തിന് കാരണമുണ്ട്. വെടിവച്ച കേസാണെങ്കില്‍ ഡി ജി പിയുടെ റിപ്പോര്‍ട്ട് മതിയല്ലോ. എന്നാല്‍ രാധാകൃഷ്ണപിള്ള സംഭവം അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ ജയകുമാറിനെ മുഖ്യമന്ത്രി ഏല്‍പിച്ചതാണ് ഈ സംശയം ജനിപ്പിച്ചത്. മുഖ്യമന്ത്രി ഉറങ്ങാതെ പണിയെടുക്കുന്ന സെക്രട്ടേറിയറ്റിന് കണ്ണുതട്ടാതിരിക്കാന്‍ ഒരു വഴിയേ ഉള്ളൂ. പി സി ജോര്‍ജിനെ സെക്രട്ടേറിയേറ്റിന് മുന്നില്‍ കെട്ടിത്തൂക്കണം. അത് മാണിയുടെ കൈ കൊണ്ടാകുന്നതാണ് കൂടുതല്‍ ഐശ്വര്യം. കയറുകിട്ടിയില്ലെങ്കില്‍ കമ്പിപ്പാരയില്‍ കുത്തി നിര്‍ത്തിയാലും മതിയെന്നാണ് പ്രദീപ്കുമാറിന്റെ ആവശ്യം.

അടൂര്‍ പ്രകാശിന് ഏതെങ്കിലും അണ്‍ എയ്ഡഡ് സ്‌കൂളില്‍ തന്നെ അഡ്മിഷന്‍ തരപ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്. 'വിഷയം' അറിയില്ലെങ്കില്‍ പള്ളിക്കൂടത്തില്‍ പോകണം എന്നാണ് ജി സുധാകരന് പറഞ്ഞ സ്ഥിതിക്ക് മന്ത്രിക്ക് വേറെ വഴിയില്ല. മന്ത്രി പള്ളിക്കൂടത്തില്‍ തന്നെ പോകണമെന്ന വാശിയൊന്നും സുധാകരനില്ല. കുറഞ്ഞ പക്ഷം കയര്‍ പിരിക്കാനെങ്കിലും പോകണമെന്നാണ് സുധാകരോപദേശം. എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആര്‍ എസ് ബി വൈ പദ്ധതിയില്‍ കൈവയ്ക്കാന്‍ ശ്രമിച്ചാല്‍ പി കെ ഗുരുദാസന്‍ വെറുതെയിരിക്കില്ലെന്ന് ഉറപ്പായി. നിര്‍മല്‍ മാധവിന് അനധികൃത നിയമനം നേടിക്കൊടുത്ത ഉമ്മന്‍ചാണ്ടിയും ആസൂത്രണ ബോര്‍ഡില്‍ ഐ ടി കണ്‍സള്‍ട്ടന്റ് നിയമനത്തിനായി ശുപാര്‍ശ കത്ത് നല്‍കിയ ഷിബുബേബി ജോണും ചെയ്തത് ഒരേ കുറ്റമാണെന്ന കാര്യത്തില്‍ കെ രാജുവിന് സംശയമില്ല. രണ്ട് പേരും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഉറപ്പാണ്. പണ്ട് കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് ഇതുപോലൊരു ശുപാര്‍ശ കത്തിലാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതെന്ന കാര്യം എ എ അസീസ് ഓര്‍മിപ്പിച്ചു.

'കുഞ്ചിയമ്മയ്ക്ക് അഞ്ചുമക്കളുണ്ട്. അഞ്ചാമന്‍ ഓമന കുഞ്ചുവാണേ' എന്നതുപോലെയാണ് ലീഗിലെ കാര്യം. 'അഞ്ചാമന്‍ അലി സാഹിബാണേ' എന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നാണ് കെ ദാസന്‍ പറയുന്നത്. ഈ നവരാത്രി കാലത്തുപോലും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നാവില്‍ വികട സരസ്വതി നൃത്തംവയ്ക്കുന്നതാണ് ദാസനെ അതിശയിപ്പിക്കുന്നത്. മഞ്ഞളാം കുഴി അലിക്ക് പ്രവാസികളെ വിട്ടൊരു ചര്‍ച്ചയില്ല. ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്താന്‍ കഴിയാതെ അനധികൃത കുടിയേറ്റക്കാരായി കഷ്ടപ്പെടുന്നവരെ ഹജ്ജ് യാത്ര കഴിഞ്ഞ് തിരികെ വരുന്ന ആളൊഴിഞ്ഞ വിമാനങ്ങളില്‍ നാട്ടിലെത്തിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നാണ് അലിക്ക് പറയാനുള്ളത്.

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിചാരിച്ചാല്‍ മാലിന്യം പമ്പ കടക്കും. ഓടി  ഒളിയ്ക്ക് മാലിന്യമേ എന്ന്  കുഞ്ഞാലിക്കുട്ടി സാഹിബ് പറയേണ്ട താമസം മാലിന്യമെല്ലാം ഓടിയൊളിച്ചെന്നാണ് എന്‍ എ നെല്ലിക്കുന്ന് പറയുന്നത്. ഖജനാവില്‍ നിന്ന് പണം മുടക്കി പുതിയ മാലിന്യനിര്‍മാര്‍ജന പദ്ധതികളൊന്നും വേണ്ടെന്ന് ചുരുക്കം. നോക്കുകൂലിയെ നാടുകടത്തുമെന്നു തന്നെയാണ് ഷിബുബേബി ജോണിന് വീണ്ടും വീണ്ടും പറയാനുള്ളത്. 

മന്ത്രി കെ സി ജോസഫ് ഗള്‍ഫ് നാടുകളിലേക്ക് യാത്ര നടത്താനുള്ള ഒരുക്കത്തിലാണെന്നാണ് തോന്നുന്നത്. വി എസ് അച്യുതനാന്ദന്‍ നോര്‍ക്കയുടെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഗള്‍ഫിലേക്ക് പോയിട്ടേ ഇല്ലെന്നായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. ഈ പ്രസ്താവനയോടെ പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്യുന്ന കെ സി ഉടന്‍ എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമെന്നുറപ്പായി. ഇത് കേട്ട മാത്യു ടി തോമസിന് ജയില്‍ മന്ത്രിയാകാന്‍ ജയിലില്‍ കിടക്കേണ്ടതുണ്ടോ എന്ന സംശയമാണുള്ളത്.

ഇന്നലെയും പ്രതിപക്ഷം രണ്ടു തവണ സഭയില്‍ നിന്നിറങ്ങിപ്പോയി. വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ വേളയിലാണ് ആദ്യ വാക്കൗട്ട്. രാധാകൃഷ്ണപിള്ളയുടെ വെടിവയ്പ് സംബന്ധിച്ച സബ്മിഷന്റെ സമയത്തും ഇറങ്ങിപ്പോക്ക് ആവര്‍ത്തിച്ചു. ഈ നാട്ടിലാകെ തിരഞ്ഞുനോക്കിയിട്ടും വിലക്കയറ്റം കണ്ടെത്താന്‍ കഴിയിഞ്ഞില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. മരുന്നുകമ്പനികളെ ചങ്ങലയ്ക്കിടുന്നതിനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

നഗരവികസനം, വ്യവസായം, നോര്‍ക്ക, കയര്‍, തൊഴിലും തൊഴിലാളി ക്ഷേമവും തുടങ്ങിയ വകുപ്പുകളിലെ ധനാഭ്യര്‍ഥനകളാണ് ഇന്നലെ പാസാക്കിയത്.

രാജേഷ് വെമ്പായം janayugom 141011

1 comment:

  1. 'നടപ്പാക്കും, വ്യാപിപ്പിക്കും, ആരംഭിക്കും, ഉടന്‍ നല്‍കും....' തുടങ്ങിയ വാക്കുകള്‍ കൊണ്ട് സമൃദ്ധമാണ് സര്‍ക്കാരിന്റെ നൂറുദിന വിസ്മയം. ഇതേ വാക്കുകള്‍ അഞ്ചാം വര്‍ഷത്തിലും ആവര്‍ത്തിക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളൂ. 100 ദിവസങ്ങള്‍ക്കുള്ളില്‍ 1800 വിസ്മയങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമാണ് വെറുതെ കളഞ്ഞതെന്ന് വി ശശിയാണ് ഉമ്മന്‍ചാണ്ടിയെ ഓര്‍മിപ്പിച്ചത്. ഇതു സംബന്ധിച്ച സൂത്രവാക്യവും ഉമ്മന്‍ചാണ്ടിക്ക് പറഞ്ഞുകൊടുത്തു. 108 വകുപ്പുകളാണ് ആകെയുള്ളത്. ശരാശരി 10 തീരുമാനങ്ങള്‍ എടുത്താല്‍ തന്നെ ഉമ്മന്‍ചാണ്ടിക്ക് 1000 വിസ്മയങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താമായിരുന്നു എന്ന് ശശി പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിക്ക് ഇതിന്റെ 'ഗുട്ടന്‍സ്' പിടികിട്ടിയത്. നൂറു പിന്നിട്ടില്ലേ, ഇനി ഇരുന്നൂറാം ദിനത്തില്‍ പരീക്ഷിക്കാം.

    ReplyDelete