Thursday, October 13, 2011

കോഴിക്കോട് വെടിവയപ്പ്: നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് കോടിയേരി

കോഴിക്കോട് വിദ്യാര്‍ഥികളെ വെടിവച്ച അസിസ്റ്റന്റ് കമ്മിഷണറുടെ പേരില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന് പൊലീസിലുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. താന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയാണ് വെടിവച്ചതെന്ന് പ്രഖ്യാപിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തത് നീതീകരിക്കാനാവില്ല.

പൊലീസിന് എന്തും ചെയ്യാം എന്നനിലയാണ് സംസ്ഥാനത്ത്. രാധാകൃഷ്ണ പിള്ളയ്ക്ക് എല്‍ ഡി എഫ് ഭരണകാലത്ത് പ്രൊമോഷന്‍ നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഡി പി സി ശുപാര്‍ശ ചെയ്തവര്‍ക്കെല്ലാം പ്രൊമോഷന്‍ നല്‍കുക എന്ന നയമാണ് എല്‍ ഡി എഫ് സ്വീകരിച്ചതെന്നും  കോടിയേരി പറഞ്ഞു.

വെടിവച്ചത് ചട്ടവിരുദ്ധമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഡി ജി പിയുടെ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടകള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി സഭയില്‍ ഉറപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍  ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സഭയില്‍ നിലപാട് മാറ്റി. ഇതില്‍ ഗൂഢാലോചനയുണ്ട്. ഇത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപോയി.

മന്ത്രി ഷിബുബേബി ജോണ്‍ നിയമനത്തില്‍ അനധികൃതമായി ഇടപ്പെട്ടതായി ആരോപണം

ആസൂത്രണ ബോര്‍ഡ് ഓഫീസിലെ ഐ ടി കണ്‍സള്‍ട്ടന്റ് നിയമനത്തില്‍ തൊഴില്‍മന്ത്രി ഷിബുബേബി ജോണ്‍ അനധികൃത ഇടപെടല്‍ നടത്തിയതായി ആരോപണം. ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത കെ രാജുവാണ് മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത്.

ഐ ടി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഒരാളുടെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ഔദ്യോഗിക ലെറ്റര്‍പാഡില്‍ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖറിന് കത്തയച്ചെന്ന് രാജു ചൂണ്ടിക്കാട്ടി. ഈ കത്ത് അദ്ദേഹം സഭയുടെ മേറപ്പുറത്തുവയ്ക്കുകയും ചെയ്തു.

മന്ത്രി നല്‍കിയ ശുപാര്‍ശ കത്ത് കെ എം ചന്ദ്രശേഖര്‍ ഇന്റര്‍വ്യൂ നടത്തിയ കീഴുദ്യോഗസ്ഥന് കൈമാറി. ഐ ടി കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നതുമായി ബന്ധപ്പെട്ട പരസ്യം തൊഴില്‍ പ്രസിദ്ധീകരണങ്ങളിലുണ്ടായിരുന്നു. ഇത്തരമൊരു ശുപാര്‍ശ നടത്തിയ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് രാജു പറഞ്ഞു. നിയമലംഘനം നടത്തിയ മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ മാറ്റണമെന്നും രാജു ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത എ എ അസീസും ഈ ആരോപണം ഉന്നയിച്ചു.

എന്നാല്‍ മന്ത്രി ഷിബുബേബിജോണ്‍ ഈ ആരോപണം നിഷേധിച്ചു. ആസൂത്രണ ബോര്‍ഡ് ഓഫിസില്‍ ഐ ടി കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. താന്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്തയച്ചുവെന്നത് ശരിയാണെങ്കിലും കത്തുമായി വരുന്നയാളുടെ ബയോഡേറ്റ പരിശോധിക്കണമെന്നു മാത്രമാണ് അതിലെഴുതിയത്. ആരെയെങ്കിലും നിയമിക്കണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടില്ല.

പൊതുപ്രവര്‍ത്തകര്‍ ഇത്തരം കത്തെഴുതുന്നത് പതിവാണ്.  വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പടെ പലരും മുമ്പും ഇങ്ങനെ കത്തുകള്‍ എഴുതിയിട്ടുണ്ട്. നിരവധി കത്തുകള്‍ തനിക്കും ലഭിച്ചിട്ടുണ്ട്. അതൊന്നും താന്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പി സി ജോര്‍ജിന്റെ പരാമര്‍ശം: സഭയില്‍ പ്രതിപക്ഷ ബഹളം

പി സി ജോര്‍ജിന്റെ പരാമര്‍ശത്തെച്ചൊല്ലി ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ബഹളം. ഇതിനെതുടര്‍ന്ന് 13 മിനിട്ട് ചോദ്യോത്തരവേള തടസപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരകനായിരുന്നു കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ള എന്ന പരാമര്‍ശമാണ് ബഹളത്തിന് കാരണമായത്. ഇതിനെതിരേ പ്രതിഷേധവുമായി കോടിയേരി ബാലകൃഷ്ണന്‍ എണീറ്റു. ചീഫ് വിപ്പ് ഉന്നയിച്ച ആരോപണം ഗുരുതരമാണ്. ഇതു സര്‍ക്കാരിന്റെ അഭിപ്രായമാണോ. ഇതുസംബന്ധിച്ച് എന്തെങ്കിലും റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് ഉദ്യോഗസ്ഥനായിരിന്നുകൊണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനു രാധാകൃഷ്ണപിള്ളയ്‌ക്കെതിരേ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പ്രത്യേക നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്നാല്‍ 140 മണ്ഡലങ്ങളിലും ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം നടത്തി എന്നതിന്റെ ലിസ്റ്റ് തന്റെ കൈയില്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. തുടര്‍ന്നു പി സി ജോര്‍ജ് ആരോപണം പിന്‍വലിക്കണമെന്നു കോടിയേരി ആവശ്യപ്പെട്ടു. എം എല്‍ എ മാര്‍ എങ്ങനെ ചോദ്യം ചോദിക്കണമെന്നു ക്ലാസ് എടുക്കേണ്ട ചീഫ് വിപ്പ് തന്നെ ഇത്തരം പരാമര്‍ശം നടത്തിയത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ജോര്‍ജിന്റെ പരാമര്‍ശം പരിശോധിച്ച ശേഷം പിന്നീട് റൂളിങ് നല്‍കാമെന്ന സ്പീക്കറിന്റെ പരാമര്‍ശത്തോടെ സഭയില്‍ ബഹളം കൂടി. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലറങ്ങി ബഹളം വച്ചു. ദുസൂചന വച്ചല്ല താന്‍ പ്രസ്താവന നടത്തിയതെന്നും തന്റെ അറിവിലുള്ള കാര്യം പറഞ്ഞതാണെന്നും ജോര്‍ജ് വിശദീകരിച്ചു.

പിന്നീട് ജോര്‍ജ് തന്റെ പരാമര്‍ശം പിന്‍വലിച്ചതോടെയാണ് ബഹളം അവസാനിച്ചത്. എന്നാല്‍ ഇതിനുശേഷവും ഇടയ്ക്കിടെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. എളമരം കരീമിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ മുഖ്യമന്ത്രിയെ  സ്പീക്കര്‍ വിളിച്ചപ്പോള്‍ കോടിയേരി മുന്‍പു ചോദിച്ച ചോദ്യത്തിനുള്ള മറുപടി പറയുന്നതെന്നും മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണെന്നും എ കെ ബാലന്‍ ആരോപിച്ചു. ക്രിമിനല്‍ കേസില്‍ പ്രതികളായ പൊലീസുകാരെ കണ്ടെത്തുന്നതിനുള്ള കമ്മിറ്റിയിലുള്ള എ ഡി ജി പി മാരില്‍ എത്രപേര്‍ കേസില്‍ പ്രതികളാണ് എന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. എ കെ ബാലന്‍ സ്പീക്കര്‍ ചമയണ്ടെന്നും ചോദ്യം ചോദിച്ചാല്‍ മതിയെന്നും ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഇതോടെ വീണ്ടും വാക്കേറ്റമായി.

മാലിയില്‍ നിന്നു കേരളത്തിലേക്കു വരുന്നവരില്‍ ചിലര്‍ തീവ്രവാദ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ചൊല്ലിയായിരുന്നു അടുത്ത ബഹളം. ഈ റിപ്പോര്‍ട്ട് മാലിയില്‍ നിന്നുള്ള ടൂറിസം വരുമാനം തടയാനുള്ള ശ്രമാണോ എന്നു അന്വേഷിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.

ധനമന്ത്രി മറ്റു വകുപ്പുകളില്‍ കടന്നുകയറുന്നു: വി ശശി

മറ്റു മന്ത്രിമാരുടെ അധികാരപരിധിയില്‍ ധനമന്ത്രി കെ എം മാണി കടന്നുകയറ്റം നടത്തുകയാണെന്ന് വി ശശി നിയമസഭയില്‍ പറഞ്ഞു. ബജറ്റിലേക്കുള്ള ധനാഭ്യര്‍ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ വകുപ്പിനെ നോക്കുകുത്തിയാക്കി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ നോഡല്‍ ഏജന്‍സിയാക്കി സ്വയം സംരംഭക മിഷന്‍ ആരംഭിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും പറയുന്നു. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യുവതീയുവാക്കളെ സജ്ജരാക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ തന്നെ പദ്ധതിയുണ്ട്. ഈ സാഹചര്യത്തില്‍ വ്യവസായ വാണിജ്യ വകുപ്പ് കൂടി കെ എം മാണിയെ ഏല്‍പ്പിക്കേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പിലും ടൂറിസം വകുപ്പിലും കടന്നുകയാറാനും മാണി ശ്രമിക്കുന്നു. കാര്‍ഷിക വികസന മിഷനും ടൂറിസം വികസന മിഷനും തുടങ്ങുന്നതിനാണ് നീക്കം നടക്കുന്നത്.

നൂറു ദിന വിസ്മയത്തിന്  പകരം, ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ് ജനങ്ങള്‍ക്ക് അനുഭവേദ്യമായത്. വിദ്യാര്‍ഥികളുടെ കണ്‍സിഷന്‍ ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. പാല്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വിലയും വര്‍ധിപ്പിച്ചു. പകല്‍ പോലും പവര്‍ക്കട്ടും ലോഡ്‌ഷെഡ്ഢിംഗും ഏര്‍പ്പെടുത്തി. പത്ര പരസ്യങ്ങളില്‍ മാത്രമാണ് നൂറുദിനവിസ്മയം നിറഞ്ഞുനിന്നത്. ആകെയുള്ള 108 വകുപ്പുകള്‍ ദിവസവും 10 തീരുമാനങ്ങള്‍ എടുത്താല്‍ തന്നെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് 1800 വിസ്മയങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് 100 വിസ്മയങ്ങളാണ് കണ്ടെത്താനായത്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച പല വികസന പദ്ധതികളും ഈ സര്‍ക്കാര്‍ നിശ്ചലാവസ്ഥയിലാക്കിയിരിക്കുകയാണ്. മംഗലപുരത്ത് വെയിലൂരില്‍ 280 ഏക്കറില്‍ കെ എസ് ഐ ഡി സി യുടെ ലൈഫ് സയന്‍സ് പാര്‍ക്ക് തുടങ്ങുന്നതിനുള്ള എല്ലാ നടപടികളും എല്‍ ഡി എഫ് സര്‍ക്കാര്‍ പൂര്‍ത്തികരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പദ്ധഥി ഇഴഞ്ഞുനീങ്ങുകയാണെന്നും ശശി പറഞ്ഞു.

വിലക്കയറ്റ വിഷയത്തില്‍ സഭയില്‍ ഇന്നലെയും സംഘര്‍ഷം

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപോയി. വി എസ് സുനില്‍കുമാറാണ് അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്.

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്ക് സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്ന് അടിയന്തരപ്രമേയത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടും. പൊതുവിപണിയില്‍ അരിയുടെ വില കൂടിയിട്ടില്ല.  ജീവന്‍രക്ഷാ മരുന്നുകളുടെ വിലകുറച്ച് രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മരുന്നുവില നിയന്ത്രിക്കാന്‍ മരുന്ന്  കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതെതുടര്‍ന്നാണ് ് സ്പീക്കര്‍  ജി കാര്‍ത്തികേയന്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചത്.

അവശ്യഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്തുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. പൊതു വിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവശ്യഭക്ഷ്യ വസ്തുക്കള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ അധീനതയില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു.

എന്നാല്‍ ഇതൊക്കെ നോക്കുകുത്തികളായ സ്ഥിതിയാണ് ഇപ്പോഴുള്ളത്. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്ത് വന്‍കിയ കോര്‍പ്പറേറ്റുകള്‍ക്ക് വളരാനുള്ള സാഹചര്യമാണ് സംസ്താനത്ത് ഇപ്പോഴുള്ളത്.

ഇത് ജനജീവിതം കൂടുതല്‍ ദുസഹമാക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വര്‍ധനയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനുള്ള മുഖ്യകാരണം. എണ്ണ കമ്പനികള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എണ്ണകമ്പനികള്‍ക്ക് വി നിര്‍ണയിക്കാനുള്ള അധികാരം നല്‍കിയ യു പി എ സര്‍ക്കാരാണ് നിത്യോപയോഗ സാധങ്ങളുടെ വില വര്‍ധനയ്ക്കുള്ള മുഖ്യകാരണം.

രാസവളങ്ങളുടെ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. എലിപ്പനിയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന ഡോക്‌സി സൈക്ലിന്‍, ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ എന്നീ  മരുന്നുകളുടെ കുത്തനെ വില കൂട്ടിയത് മരുന്നുകമ്പനികളും സര്‍ക്കാരും തമ്മിലുള്ള  ഒത്തുകളിയുടെ ഭാഗമായാണെന്നും വി എസ് സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന സംബന്ധിച്ച് യു ഡി എഫ് മന്ത്രിമാര്‍ക്ക്  ഭിന്നാഭിപ്രായമാണുള്ളതെന്നും വിലക്കയറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മന്ത്രിമാര്‍ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

ആവശ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള ഒരു നടപടിയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് സി പി ഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ പറഞ്ഞു. പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കുന്ന സമീപനമാണ് യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

പൊതുവിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമായി നടക്കുന്നില്ലെ. അവശ്യസാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ അധീനതയില്‍ ആരംഭിച്ച സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ സാധ്‌നങ്ങള്‍ ലഭിക്കുന്നില്ല. ഇതിന് ഉത്തരവാദികള്‍ ഉമ്മന്‍ചാമ്ടി സര്‍ക്കാരണെന്നും ദിവാകരന്‍ കുറ്റപ്പെടുത്തി.

janayugom 141011

2 comments:

  1. കോഴിക്കോട് വിദ്യാര്‍ഥികളെ വെടിവച്ച അസിസ്റ്റന്റ് കമ്മിഷണറുടെ പേരില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഭയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

    മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന് പൊലീസിലുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. താന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയാണ് വെടിവച്ചതെന്ന് പ്രഖ്യാപിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തത് നീതീകരിക്കാനാവില്ല.

    ReplyDelete
  2. കോഴിക്കോട് അസിസ്റ്റന്റ് കമീഷണര്‍ കെ രാധാകൃഷ്ണപിള്ള വിദ്യാര്‍ഥികള്‍ക്കുനേരെ നടത്തിയ വെടിവയ്പിനെ ന്യായീകരിച്ച് ഡിജിപി ജേക്കബ് പുന്നൂസിന്റെ റിപ്പോര്‍ട്ട്. വെടിവയ്പ് അനിവാര്യമായിരുന്നുവെന്നും അസിസ്റ്റന്റ് കമീഷണറുടെ നടപടി സ്വാഭാവികംമാത്രമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിജിപി പറയുന്നു. രാധാകൃഷ്ണപിള്ളയുടെ നടപടിയില്‍ തെറ്റില്ല. സൂചനാ വെടിവയ്പാണ് അദ്ദേഹം നടത്തിയത്. അതിനുള്ള സാഹചര്യം അവിടെയുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ക്കുനേരെ തോക്കുചൂണ്ടിയതല്ലാതെ വെടിവച്ചില്ല. ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയില്ല. പരിക്കുപറ്റിയ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേത്തുടര്‍ന്നാണ് സൂചനാ വെടിവയ്പ് നടത്തിയത്. അത് മുന്നറിയിപ്പായി കണക്കാക്കിയാല്‍ മതിയെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ടിലുണ്ടെന്നും ഡിജിപി പറയുന്നു. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചത് നടപടിക്രമം പാലിച്ചാണോയെന്ന് പ്രത്യേകം പരിശോധിക്കണം. വിദ്യാര്‍ഥികള്‍ക്കുനേരെയാണ് വെടിവച്ചതെന്ന് എസി മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല. 15 മീറ്റര്‍ ദൂരംവരെ ശക്തിയോടെ പോകുന്ന പിസ്റ്റളാണ് ഉപയോഗിച്ചത്. 10 മീറ്ററിനുള്ളില്‍വച്ച് ദേഹത്ത് തറച്ചാല്‍മാത്രമേ ജീവഹാനി സംഭവിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍ക്കുനേരെ ചൂണ്ടിയതേയുള്ളൂ. കാഞ്ചി വലിച്ചത് ആകാശത്തേക്കാണെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

    ReplyDelete