ബോസ്റ്റണ്‍/ ഷിക്കാഗോ: സാമ്പത്തിക അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും കുത്തകകളുടെ ആര്‍ത്തിക്കും മറ്റുമെതിരെ അമേരിക്കയില്‍ പടരുന്ന പ്രക്ഷോഭത്തിന് ആദ്യ രക്തസാക്ഷി. സാന്‍ ഡീഗോയിലാണ് 42കാരന്‍ പ്രക്ഷോഭസ്ഥലത്തിനടുത്തുള്ള പാര്‍ക്കിങ് കേന്ദ്രത്തിന്റെ എട്ടാംനിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്. ഇയാളുടെ പക്കല്‍ നിരവധി നോട്ടീസുകളും പ്രചാരണസാമഗ്രികളുമുണ്ടായിരുന്നു. ആത്മാഹുതിയെ തുടര്‍ന്ന് സാന്‍ ഡീഗോയിലെ പ്രക്ഷോഭകര്‍ തിങ്കളാഴ്ച വൈകിട്ട് ഒരുനിമിഷം മൗനമാചരിച്ചു.
വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഇവിടത്തെ സാന്‍ ഡീഗോ പിടിച്ചെടുക്കല്‍ സമരം. ഇതേസമയം ബോസ്റ്റണിലും ഷിക്കാഗോയിലും മറ്റും കൂട്ട അറസ്റ്റോടെ അധികൃതര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള ശ്രമം തീവ്രമാക്കി. ബോസ്റ്റണില്‍ തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞ് സമരകേന്ദ്രത്തില്‍നിന്ന് നൂറിലേറെ പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭകരുടെ പുതിയ തമ്പുകള്‍ പൊളിച്ച പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്ത് വിലങ്ങിട്ടുകൊണ്ടുപോയി. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന വൈദ്യശാസ്ത്രസംഘത്തെയും നിയമപരമായ നിരീക്ഷകരെയും പൊലീസ് ആക്രമിച്ചു. പ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ സമരകേന്ദ്രം വികസിപ്പിച്ചതിനെതിരെയാണ് നടപടി. ആദ്യം പ്രക്ഷോഭം തുടങ്ങിയ സ്ഥലത്ത് ഒതുങ്ങി പ്രതിഷേധം പ്രകടിപ്പിക്കണം എന്നാണ് പൊലീസ് നിലപാട്.
ഷിക്കാഗോയില്‍ അധ്യാപകരും മതനേതാക്കളും യൂണിയന്‍ പ്രവര്‍ത്തകരുമടക്കം ആയിരക്കണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. അഞ്ച് സംഘങ്ങളായി നടത്തിയ പ്രകടനങ്ങളില്‍ ഒന്ന് മിഷിഗണ്‍ അവന്യുവിലേക്കായിരുന്നു. മറ്റൊന്ന് അമേരിക്കന്‍ അവധി വ്യാപാര വ്യവസായസംഘം മദ്യസല്‍ക്കാരം നടത്തുകയായിരുന്ന ഷിക്കാഗോ ആര്‍ട് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്നിലേക്കായിരുന്നു. അമേരിക്കന്‍ പണയവായ്പാ സ്ഥാപനമുടമകളുടെ യോഗം ചേരുകയായിരുന്ന ആഡംബര ഹോട്ടലിന് മുന്നിലേക്കും പ്രകടനമുണ്ടായി. ഇവിടെ സമ്മേളനത്തില്‍ പങ്കെടുത്ത മുതലാളിമാര്‍ പ്രക്ഷോഭകരുടെ കണ്ണ് വെട്ടിച്ച് ഹാളിന് പിന്നിലെ തുരങ്കത്തിലൂടെയും മറ്റുമാണ് പുറത്തുകടന്നത്. ഷിക്കാഗോ ടീച്ചേഴ്സ് യൂണിയന്‍ ടീ ഷര്‍ട്ട് ധരിച്ച് പ്രകടനം നടത്തിയ 26 അധ്യാപകരെ അറസ്റ്റ് ചെയ്തു. വരുംദിവസങ്ങളിലും പ്രകടനങ്ങള്‍ നടത്താനാണ് "ഉണരൂ ഷിക്കാഗോ" പ്രക്ഷോഭകരുടെ പരിപാടി. തൊഴിലുകളും വീടുകളും സ്കൂളുകളും തിരിച്ചുപിടിക്കുക എന്നതാണ് ഇവരുടെ മുദ്രാവാക്യം.
deshabhimani 121011
വരുംദിവസങ്ങളിലും പ്രകടനങ്ങള്‍ നടത്താനാണ് "ഉണരൂ ഷിക്കാഗോ" പ്രക്ഷോഭകരുടെ പരിപാടി. തൊഴിലുകളും വീടുകളും സ്കൂളുകളും തിരിച്ചുപിടിക്കുക എന്നതാണ് ഇവരുടെ മുദ്രാവാക്യം.
ReplyDelete