Friday, October 14, 2011

കോര്‍പറേറ്റ് ഉടമകള്‍ക്ക് പ്രത്യേക നീതിയോ?

ജനങ്ങളുടെയോ രാഷ്ട്രത്തിന്റെയോ താല്‍പ്പര്യങ്ങളല്ല, മറിച്ച് കോര്‍പറേറ്റ് വമ്പന്മാരുടെ താല്‍പ്പര്യങ്ങളാണ് യുപിഎ സര്‍ക്കാരിന് പ്രധാനമെന്നത് നിരവധി ദൃഷ്ടാന്തങ്ങളിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ഇത് സുപ്രീംകോടതിക്കുകൂടി ബോധ്യപ്പെട്ടിരിക്കുന്നു എന്നതാണ് കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ജഡ്ജിമാരുടെ പരാമര്‍ശത്തില്‍നിന്ന് വ്യക്തമാകുന്നത്. വമ്പന്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ ഇടപെടല്‍ മുന്‍നിര്‍ത്തി സുപ്രീംകോടതി അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ രാഷ്ട്രീയധാര്‍മികതയെ മാനിക്കുന്നുണ്ടെങ്കില്‍ സല്‍മാന്‍ ഖുര്‍ഷിദ് രാജിവയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ , യുപിഎ സര്‍ക്കാരിന്റെ ഭാഗമായുള്ള ഒരു രാഷ്ട്രീയനേതാവില്‍നിന്ന് രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയുള്ള അത്തരം നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമായ 2 ജി സ്പെക്ട്രത്തിലടക്കം നിരവധി കോര്‍പറേറ്റ് വമ്പന്മാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്.

ഒരു കോര്‍പറേറ്റ് ഉടമയെപോലും യുപിഎ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തില്ല. അറസ്റ്റൊക്കെ കീഴുദ്യോഗസ്ഥരിലും രാഷ്ട്രീയ കീഴുദ്യോഗസ്ഥരായി കണക്കാക്കപ്പെടുന്ന ഡിഎംകെ നേതാക്കളിലും ഒതുക്കി. കോര്‍പറേറ്റ് വമ്പന്മാരെയും രാഷ്ട്രീയ വമ്പന്മാരെയും രക്ഷപ്പെടുത്താനുള്ള തീവ്രയത്നത്തിലാണ് യുപിഎ ഭരണം. ഈ പ്രക്രിയ നടക്കുന്നതിനിടയിലാണ് വന്‍കിട ബിസിനസുകാരെ ജയിലിലടച്ചാല്‍ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരില്ലെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന വരുന്നത്. വന്‍കിട ബിസിനസുകാര്‍ക്ക് ഒരു നിയമം; സാധാരണ പൗരന് മറ്റൊരു നിയമം എന്ന നിലയ്ക്ക് രണ്ട് നിയമങ്ങള്‍ പരസ്പരവിരുദ്ധമായി നിലനില്‍ക്കുന്ന രാജ്യമാണോ ഇത് എന്ന് ആരും സംശയിച്ചുപോകും. ആ സംശയമാണ് മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. നിയമത്തിനുമുമ്പില്‍ എല്ലാ പൗരന്മാരും സമന്മാരാണെന്നറിയുന്ന സുപ്രീംകോടതി നിയമമന്ത്രിയുടെ പുതിയ വ്യാഖ്യാനത്തില്‍ അമ്പരന്നുപോയിരിക്കണം. നിയമനടപടികളൊക്കെ സാധാരണക്കാര്‍ക്കെതിരെ മാത്രം മതി; വന്‍ വ്യവസായികള്‍ക്കുനേര്‍ക്കുവേണ്ട എന്ന സന്ദേശമാണല്ലോ, മന്ത്രി നല്‍കുന്നത്. നമ്മുടെ രാജ്യത്ത് നിലവിലുള്ള നീതിന്യായസംവിധാനത്തിന് അതിനെ ചോദ്യംചെയ്യാതിരിക്കാനാവുകയില്ല. മന്ത്രിയുടെ വാക്കുകള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ ജസ്റ്റിസ് ജി എസ് സിങ്വിയും ജസ്റ്റിസ് എച്ച് എല്‍ ദത്തുവും മന്ത്രി പറഞ്ഞതാണ് സത്യമെങ്കില്‍ കോടതി അതിന്റെ സമയം പാഴാക്കുകയാണെന്ന് കരുതേണ്ടിവരുമെന്ന് കൂട്ടിച്ചേര്‍ത്ത് മന്ത്രിയുടെ നിലപാടിനെയാണോ താങ്കള്‍ പിന്തുണയ്ക്കുന്നത് എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ഹരിന്‍ പി റാവലിനോട് ചോദിച്ചു. സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് യുണിടെക് മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദയുടെയും സ്വാന്‍ ടെലികോം ഡയറക്ടര്‍ വിനോദ് ഗോയങ്കയുടെയും ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കവെയാണ് കോടതി മന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് അസന്തുഷ്ടി പ്രകടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. സ്പെക്ട്രം കേസില്‍ കോര്‍പറേറ്റ് വമ്പന്മാര്‍ക്കെതിരായി ഉണ്ടാകേണ്ട നടപടികളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് വിവാദപരമായ പ്രസ്താവന മന്ത്രിയില്‍നിന്നുണ്ടായത് എന്നതും ശ്രദ്ധേയമാണ്. രാജ്യത്തിന്റെ രാഷ്ട്രീയസമ്പദ്ഘടന നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മറ്റ് ഭരണഘടനാസ്ഥാപനങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ എന്തുചെയ്യും എന്നാണ് കഴിഞ്ഞദിവസം മന്ത്രി ഖുര്‍ഷിദ് ചോദിച്ചത്. മന്ത്രി ജുഡീഷ്യറിയെയാണുദ്ദേശിച്ചത് എന്നത് വ്യക്തം.

വന്‍കിട ബിസിനസ് ഉടമകളെ ജയിലിലടച്ചാല്‍ എങ്ങനെ വിദേശനിക്ഷേപം വരും എന്നും മന്ത്രി തുടര്‍ന്ന് ചോദിച്ചു. ഇതേക്കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ മന്ത്രിയോട് ചോദിച്ചേ തനിക്ക് നിലപാട് വ്യക്തമാക്കാന്‍ കഴിയൂ എന്ന് നിസ്സഹായത പ്രകടിപ്പിക്കുകയാണ് അഡീഷണല്‍ സോളിസിറ്റര്‍ ചെയ്തത്. മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റേത് ഒറ്റപ്പെട്ട അഭിപ്രായമല്ല. നീര റാഡിയാ ടേപ്പ് പുറത്തുവന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് നടത്തിയ അഭിപ്രായപ്രകടനവും സമാനസ്വഭാവത്തിലുള്ളതായിരുന്നു. ടേപ്പ് ചോര്‍ച്ചകൊണ്ട് വന്‍ കോര്‍പറേറ്റ് ഉടമകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച പ്രധാനമന്ത്രി ടേപ്പ് ചോര്‍ച്ചയിലൂടെ പുറത്തുവന്ന കോര്‍പറേറ്റ്- ഭരണരാഷ്ട്രീയ അവിശുദ്ധബന്ധത്തെക്കുറിച്ച് ആശങ്കാകുലനായിരുന്നില്ല. യുപിഎ സര്‍ക്കാരിന്റെ കൂട്ടായ നിലപാടാണ് വന്‍കിട കോര്‍പറേറ്റുകളെ ഏതു വിധേനയും രക്ഷപ്പെടുത്തുക എന്നത്. അതുകൊണ്ടാണ്, അത്തരം കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ചെറുകിട ഉദ്യോഗസ്ഥരെമാത്രം പ്രതികളാക്കി ഉടമകളെ രക്ഷിച്ചത്. പി ചിദംബരത്തിന്റെ പങ്ക് വ്യക്തമായശേഷവും അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തേണ്ടതില്ല എന്നാണ് കോടതിമുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. പണക്കാര്‍ക്ക് ഒരു നീതി; മറ്റുള്ളവര്‍ക്ക് മറ്റൊരു നീതി എന്നതാണ് യുപിഎ ഭരണത്തിന്റെ നയം എന്നത് വ്യക്തമാകുന്നുണ്ട് ഇത്തരം നിലപാടുകളിലൂടെ.

deshabhimani editorial 141011

1 comment:

  1. ജനങ്ങളുടെയോ രാഷ്ട്രത്തിന്റെയോ താല്‍പ്പര്യങ്ങളല്ല, മറിച്ച് കോര്‍പറേറ്റ് വമ്പന്മാരുടെ താല്‍പ്പര്യങ്ങളാണ് യുപിഎ സര്‍ക്കാരിന് പ്രധാനമെന്നത് നിരവധി ദൃഷ്ടാന്തങ്ങളിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ഇത് സുപ്രീംകോടതിക്കുകൂടി ബോധ്യപ്പെട്ടിരിക്കുന്നു എന്നതാണ് കേന്ദ്ര നിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ജഡ്ജിമാരുടെ പരാമര്‍ശത്തില്‍നിന്ന് വ്യക്തമാകുന്നത്. വമ്പന്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി നടത്തിയ ഇടപെടല്‍ മുന്‍നിര്‍ത്തി സുപ്രീംകോടതി അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ രാഷ്ട്രീയധാര്‍മികതയെ മാനിക്കുന്നുണ്ടെങ്കില്‍ സല്‍മാന്‍ ഖുര്‍ഷിദ് രാജിവയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ , യുപിഎ സര്‍ക്കാരിന്റെ ഭാഗമായുള്ള ഒരു രാഷ്ട്രീയനേതാവില്‍നിന്ന് രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയുള്ള അത്തരം നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമായ 2 ജി സ്പെക്ട്രത്തിലടക്കം നിരവധി കോര്‍പറേറ്റ് വമ്പന്മാര്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്.

    ReplyDelete