Wednesday, October 12, 2011

നിര്‍മലിന്റെ രക്ഷകന്‍; അഥവാ അതിവേഗ മുഖ്യമന്ത്രി

ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നുവരുന്ന ഈയാംപാറ്റകളെപോലെ ഒരു വിഭാഗം കേരള പൊലീസിലുമുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന വേളകളിലെല്ലാം ക്രിമിനലുകളായ ഇത്തരം പൊലീസുകാര്‍ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തും. കഴിഞ്ഞ ദിവസം കോഴിക്കോട്ട് സുരേഷ് ഗോപി സ്റ്റൈലില്‍ തോക്കുമായി കുട്ടികള്‍ക്കു നേരെ വെടിവച്ചുകളിച്ച നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ രാധാകൃഷ്ണപിള്ള കൊടും ക്രിമിനലാണെന്ന കാര്യത്തില്‍ എ പ്രദീപ്കുമാറിന് സംശയമേയില്ല.

ടിയാന്‍ സി ഐ ആയിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയതിന് പിടിയിലായിണ്ടുണ്ടെന്ന് മാത്രമല്ല, ഒരു അഭിസാരികയെ ജാമ്യത്തില്‍ ഇറക്കി സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയ കഥകളും അടിയന്തരപ്രമേയം അവതരിപ്പിച്ച വേളയില്‍ പ്രദീപ്കുമാര്‍ വിസ്തരിച്ചു. രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താതെ, അസിസ്റ്റന്റ് കമ്മിഷണറായി വിലസാന്‍ അനുവദിക്കില്ലെന്നും പ്രദീപ്കുമാര്‍ മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി.

ഭ്രാന്തുപിടിച്ചതുപോലെ അലറിപ്പായുന്ന പൊലീസിനെ ആര് നിയന്ത്രിക്കുമെന്ന ചോദ്യമാണ് ഇന്നലെ സഭയില്‍ മുഴങ്ങിക്കേട്ടത്. ചോദ്യോത്തരവേളയില്‍ തന്നെ വരാന്‍ പോകുന്ന പൊട്ടിത്തെറിയുടെ അലയൊലികള്‍ പ്രകടമായിരുന്നു. പൊലീസ് നരനായാട്ടിനെതിരെ പ്ലക്കാര്‍ഡുകളുമേന്തിയാണ് ഭരണപക്ഷം സഭയിലെത്തിയത്. ചോദ്യോത്തര വേളയിലെ ആദ്യത്തെ ചോദ്യം പാഠകപുസ്തകത്തെ സംബന്ധിച്ചുള്ളതായിരുന്നു. എന്നാല്‍ പ്രതിപക്ഷാംഗങ്ങളുടെ ചോദ്യങ്ങളെല്ലാം കറങ്ങിത്തിരിഞ്ഞെത്തിയത് കോഴിക്കോട്ടെ സംഭവത്തിലാണ്. ഉപചോദ്യത്തിനായി എഴുന്നേറ്റ എ കെ ബാലനാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് തന്റെ നിലപാട് വെളിപ്പെടുത്താനുള്ള അവസരമാണ് ബാലന്‍ ഒരുക്കിയത്. എന്നാല്‍ സ്പീക്കറിന് ബാലന്റെ സദ്ദുദ്ദേശമൊന്നും മനസിലായില്ല. പാഠപുസ്തകവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രം മതിയെന്നായി സ്പീക്കര്‍. എന്നിട്ടും പ്രതിപക്ഷം വിട്ടില്ല. എല്ലാ ചോദ്യത്തിലും കോഴിക്കോട്ടെ മര്‍ദനവും വെടിവയ്പും പരാമര്‍ശ വിഷയമാക്കുന്നതില്‍ അവര്‍ വിജയിച്ചു.

കോഴിക്കോട്ട് സമരത്തില്‍ പങ്കെടുത്ത കുട്ടികളുടെ തല വയ്‌ക്കോല്‍ തല്ലുന്നതുപോലെ തല്ലിപ്പൊളിച്ചിട്ടും അസിസ്റ്റന്റ് കമ്മിഷണര്‍ വെടിവയ്പ് നടത്തിയിട്ടും മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിക്ക് ഒരു കാര്യത്തില്‍ മാത്രമേ ആവലാതി ഉള്ളൂ. ഹൃദയം ലോലമായതിനാലാകാം നിര്‍മല്‍ മാധവന് പഠനാവസരം നിഷേധിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് വിഷമം. താന്‍ അതിവേഗ മുഖ്യമന്ത്രി മാത്രമല്ല, ഒരു 'രക്ഷകനു'മാണെന്ന് ഉമ്മന്‍ചാണ്ടി തെളിയിച്ചു. സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ച നിര്‍മല്‍ മാധവന് കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം കൊടുക്കാന്‍ നിര്‍ദേശം നല്‍കിയ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അഴിമതിയുടെ ചക്രവര്‍ത്തിയാണെന്ന് പ്രദീപ്കുമാര്‍ ചൂണ്ടിക്കാട്ടി.
ഇതുകേട്ട ഉടന്‍ മുഖ്യമന്ത്രിയിലെ രക്ഷകന്‍ ഉണര്‍ന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ കോളജില്‍ നിര്‍മല്‍ മാധവന് പഠിക്കാന്‍ അവസരം നല്‍കിയതില്‍ തെറ്റുണ്ടെങ്കില്‍ ആ തെറ്റുകാരന്‍ താനാണെന്ന് ഉമ്മന്‍ചാണ്ടി ഏറ്റുപറഞ്ഞു. പുത്ര സമാനമായ വാത്സല്യമാണ് ഉമ്മന്‍ചാണ്ടിക്ക് നിര്‍മല്‍ മാധവനോടുള്ളതെന്ന് വി എസിന് മനസ്സിലായി. നിര്‍മല്‍ മാധവന്‍ നിരാധാരമാകരുതെന്ന പിതൃവാത്സല്യത്തെ അഭിനന്ദിക്കാനും വി എസ് മടികാണിച്ചില്ല. ഇത്രയൊക്കെ നല്ല വാക്കുകള്‍ പറഞ്ഞിട്ടും വെടിവച്ചുകളിച്ച അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ നടപടിയെടുക്കുമോ എന്ന വി എസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ഉമ്മന്‍ചാണ്ടി തന്റെ സ്വതസിദ്ധമായ ഒളിച്ചുകളി നടത്തുന്നതാണ് സഭയില്‍  കണ്ടത്. 'ഗവണ്‍മെന്റ് ആഗ്രഹിച്ചതല്ല, കോഴിക്കോട്ട് നടന്നത്', ഇന്നലെ സഭയില്‍ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ പറഞ്ഞ ഒരു വാക്യമിതാണ്. ഒരു സംശയം മാത്രമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്. ഗവണ്‍മെന്റ് ആഗ്രഹിച്ചത് മറ്റൊരു കൂത്തുപറമ്പായിരുന്നോ?

അസിസ്റ്റന്റ് കമ്മിഷണര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പായതോടെ കോഴിക്കോട്ട് സംഭവത്തില്‍ വിദ്യാര്‍തികളുടെ ചോരപുരണ്ട മുണ്ടുകളുയര്‍ത്തി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ പിന്നീട് ഒരുമണിക്കൂറോളം സഭയില്‍ കുത്തിയിരിപ്പ് സമരം തുടര്‍ന്നു. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതില്‍ അത്യധികം സന്തോഷവദനനായികാണപ്പെട്ട ഒരാള്‍ ഭരണപക്ഷ ബെഞ്ചിലുണ്ടായിരുന്നു. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. വൈദ്യസഹായരംഗവും പൊതുജനാരോഗ്യവും കുടുംബക്ഷേമവുമായിരുന്നു ഇന്നലെ ധനാഭ്യര്‍ഥനയില്‍ ചര്‍ച്ചയ്ക്ക് വരേണ്ടത്. പ്രതിപക്ഷത്തിന്റെ കൂരമ്പുകള്‍ക്ക് പാത്രമാകാതെ രക്ഷപ്പെട്ട ആഹ്ലാദമാണ് ആരോഗ്യമന്ത്രിയുടെ മുഖത്ത് പ്രകടമായത്. ചര്‍ച്ച കൂടാതെ ധനാഭ്യര്‍ഥന പാസ്സാക്കിയതോടെ  കൈ നനയാതെ മീന്‍പിടിക്കാന്‍ കഴിഞ്ഞ മുഖഭാവത്തിലായിരുന്നു അദ്ദേഹം.

janayugom 121011

3 comments:

  1. 'ഗവണ്‍മെന്റ് ആഗ്രഹിച്ചതല്ല, കോഴിക്കോട്ട് നടന്നത്', ഇന്നലെ സഭയില്‍ മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ പറഞ്ഞ ഒരു വാക്യമിതാണ്. ഒരു സംശയം മാത്രമാണ് ഇപ്പോള്‍ ബാക്കിയാകുന്നത്. ഗവണ്‍മെന്റ് ആഗ്രഹിച്ചത് മറ്റൊരു കൂത്തുപറമ്പായിരുന്നോ?

    ReplyDelete
  2. wow wow.. keep writing millions of blogs.... when you guys gave admission to your SFI candidate, didn't you guys had any of this problem?

    deepika/manorama made whole list of students... dont know about those students??

    it is shame on you guys to attack a student.. this is merciless killing! yes, I know, SFI comrades are mean for that!

    ReplyDelete