Saturday, October 15, 2011

മുഖ്യന്റെ അന്വേഷണവും പിള്ളയുടെ സസ്‌പെന്‍ഷനും

സസ്‌പെന്‍ഷന്‍ എന്ന വാക്ക് ഉച്ചരിക്കുന്നതുപോലും ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടമല്ലെന്നാണ് നാട്ടിലെ സംസാരം. ഈ വാക്കിനെ അണ്‍ പാര്‍ലമെന്റേറിയനായി പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മുഖ്യമന്ത്രിക്ക് ഈ പദത്തോടുള്ള വിരോധത്തിന്റെ കാര്യം എന്താണെന്ന് മാത്രം ചോദിക്കരുത്. അതിന് ഉത്തരമില്ല. സസ്‌പെന്‍ഷന്‍ എന്ന പദം യു ഡി എഫ് സര്‍ക്കാരിന് പ്രസവവേദനയായി മാറിയിരിക്കുന്നുവെന്നാണ് കോടിയേരിക്ക് പറയാനുള്ളത്. യു ഡി എഫിന് സുഖപ്രസവത്തെവരെ സിസേറിയനായി മാറ്റാനാണ് ഇഷ്ടം. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ സര്‍വീസ് പിസ്റ്റളുമായി ചാടിയിറങ്ങി വെടിയുതിര്‍ത്ത അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പന്‍ഡ് ചെയ്താല്‍ അതിവേഗത്തില്‍ കെട്ടടങ്ങുമായിരുന്ന പ്രശ്‌നം ബഹുദൂരം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിതുറക്കുന്നതാണ് ഇന്നലെ സഭയില്‍ കണ്ടത്. 

പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിലേ മുഖ്യമന്ത്രിക്ക് വിഷമമുള്ളൂവെന്നും അവസാനം തെളിഞ്ഞു. രാധാകൃഷ്ണപിള്ളയ്ക്കും ബാലകൃഷ്പിള്ളയ്ക്കും നീതി ഉറപ്പാക്കുന്ന മുഖ്യമന്ത്രി പക്ഷേ
പ്രതിപക്ഷ എം എല്‍ എ മാര്‍ക്കെതിരെ നടപടിയാവശ്യപ്പെടാന്‍ ഒട്ടും അമാന്തിച്ചില്ലെന്നും ശ്രദ്ധേയമായി.

പിള്ളയുടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടി പത്തൊന്‍പതാം അടവും പയറ്റുകയാണ്. കോഴിക്കോട്ടെ സംഭവത്തെ തുടര്‍ന്ന് പിള്ളയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ വെറുതെയങ്ങനെ സസ്‌പെന്‍ഡ് ചെയ്യാന്‍ പറ്റുമോ? ഡി ജി പി അന്വേഷിച്ച് റിപ്പോര്‍ട്ട് തന്നാല്‍ പിന്നെ ഒരു നിമിഷം വൈകില്ല എന്ന ഉറപ്പുമായാണ് ഉമ്മന്‍ചാണ്ടി പിറ്റേ ദിവസം സഭയില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്ത ദിവസം ഡി ഐ ജി സംഭവ സ്ഥലത്തെത്തി അന്വേഷിക്കുമെന്ന് പറഞ്ഞു. പിറ്റേന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടി, കാഞ്ഞങ്ങാട് സംഘര്‍ഷമുണ്ടായതിനാല്‍ ഡി ഐ ജിക്ക് അവിടേക്ക് പോകേണ്ടിവന്നുവെന്നും ഡിവൈ എസ് പിയെ ചുമതലപ്പെടുത്തിയെന്നുമാണ്. തൊട്ടടുത്ത ദിവസം  റിപ്പോര്‍ട്ട് കിട്ടാത്തതായി കാരണം.

എന്നാല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യില്‍ കിട്ടിയപ്പോഴോ പൊലീസുകാരനല്ലാത്ത ഒരാളുടെ റിപ്പോര്‍ട്ട് കൂടി വേണമെന്ന് മുഖ്യമന്ത്രിക്ക് വാശി
. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ ഇതിനായി ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് സമയത്തും കാലത്തും ലഭ്യമാക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വം ഒന്നുമില്ലേ എന്നുമാത്രം ചോദിക്കരുത്. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് ജയകുമാറിന് ശബരിമല അടിന്തര യോഗം ഉള്ളതുകൊണ്ട് കോഴിക്കോട്ടേക്ക് പോകാന്‍ കഴിഞ്ഞില്ല എന്നാണ്. തിങ്കളാഴ്ച പോകും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ റിപ്പോര്‍ട്ട് കിട്ടുമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ഇതെല്ലാം സൂചിപ്പിക്കുന്നത് അടുത്തകാലത്തൊന്നും രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ നടപടിയുണ്ടാകില്ല എന്നുതന്നെയാണ്.

ഡി ജി പിയുടെ റിപ്പോര്‍ട്ട്  സഭയില്‍ വയ്ക്കാന്‍ കൊള്ളാത്തതാണെങ്കിലും തലേദിവസം തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കാന്‍ 24 മണിക്കൂറം പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ശുഷ്‌കാന്തികാട്ടിയ കാര്യവും കോടിയേരി സഭയില്‍ പരാമര്‍ശിച്ചു. തുടര്‍ന്ന് നടപടി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്  പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡന്മാര്‍ സ്പീക്കര്‍ക്ക് പ്രതിരോധം തീര്‍ത്തു. പ്രതിപക്ഷാംഗങ്ങളെ പരമാവധി പ്രകോപിപ്പിക്കാന്‍ ഭരണബഞ്ചുകളില്‍ നിന്ന്  വാടാ പോടാ വിളികളും വിവിധ ഭാഷാ പ്രയോഗങ്ങളുമുണ്ടായി. 'സ്പീക്കറെ!... അങ്ങ് ഞങ്ങളുടെ പ്രതിഷേധം കാണുന്നില്ലേ?'. എന്ന് ചോദിച്ച് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. പിന്നീട് വാച്ച് ആന്‍ഡ് വാര്‍ഡന്മാരുമായി ഉന്തും തള്ളുമുണ്ടായി.

ഉമ്മന്‍ചാണ്ടി പറഞ്ഞത് കടമെടുത്താല്‍ പിന്നെയുണ്ടായത് സഭാചരിത്രത്തില്‍ നടക്കാത്ത സംഭവങ്ങള്‍ തന്നെയാണ്. എം എല്‍ എമാര്‍ക്ക് വാച്ച് ആന്‍ഡ് വാര്‍ഡന്മാരില്‍ നിന്ന് മര്‍ദനമേല്‍ക്കുന്നു. വാച്ച് ആന്‍ഡ് വാര്‍ഡന്റെ കയ്യിലിലിരുന്ന വാക്കി ടോക്കി കൊണ്ട് ടി വി രാജേഷിന്റെ കൈക്ക് പരിക്ക് പറ്റുന്നു. ലതികയ്ക്കും മര്‍ദനമേല്‍ക്കുന്നു. എന്നാല്‍ പിന്നീട് ഈ സംഭവങ്ങള്‍ വളച്ചൊടിക്കുന്നതാണ് കണ്ടത്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡനെ പ്രതിപക്ഷാംഗങ്ങള്‍ മര്‍ദിച്ചുവെന്നാരോപിച്ച് ഭരണപക്ഷത്തെ ചിലര്‍ ശബ്ദമുയര്‍ത്തി. കാത്തിരുന്ന പിടിവള്ളി കിട്ടിയ സന്തോഷത്തിലായി മുഖ്യമന്ത്രി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു. ഭരണപക്ഷത്തിലെ ചില യുവതാരങ്ങള്‍ക്ക് ഈ സംഭവം വനിതാ വാര്‍ഡനെ അപമാനിച്ച സംഭവമാക്കാനാണ് താല്‍പര്യം. സംഭവം നടന്ന ഉടനെ അന്‍വര്‍ സാദത്ത് ഉള്‍പ്പെടെയുള്ള യുവ എം എല്‍ എമാര്‍ മാധ്യമപ്രവര്‍ത്തകരുടെ ഗാലറിക്ക് സമീപം ഓടിയെത്തുന്നു. 'സംഭവം മറ്റതു തന്നെ' എന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. പിന്നെ ഈ സംഭവം എത്രയും പെട്ടെന്ന് കാമറകള്‍ക്ക് മുന്നില്‍ വര്‍ണിക്കാനായിരുന്നു തിടുക്കം. 

വീണ്ടുമൊരു പൊലീസ് ക്രൂരതയാണ് ഇന്നലെ അടിയന്തരപ്രേമയവേളയില്‍ സഭയെ പിടിച്ചുകുലിക്കിയത്. മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ ആദിവാസി സ്ത്രീ പാറുവിന് ഏല്‍ക്കേണ്ടിവന്ന ക്രൂര മര്‍ദനമാണ് ബി ഡി ദേവസി അവതരിപ്പിച്ചത്. ആദിവാസി ജനവിഭാഗത്തിന് ഉമ്മന്‍ചാണ്ടിയുടെ പൊലീസിന്‍ കീഴില്‍ ജീവിക്കാനാകുന്നില്ലെന്നാണ് ദേവസി വരച്ചു കാട്ടിയത്. തന്റെ പൊലീസ് ഇത്രവേഗം മാറിപ്പോയതാണ് കോടിയേരിയെ കുണ്ഠിതപ്പെടുത്തുന്നത്. പൊലീസുകാര്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

അനൗദ്യോഗിക പ്രമേയങ്ങളുടെ ദിനമായിരുന്നു ഇന്നലെ. അന്തര്‍ ദേശീയ തലത്തില്‍ മത്സരിക്കാന്‍ പുതുതലമുറയെ സജ്ജമാക്കാന്‍ കേരളത്തില്‍ പൗരസ്ത്യ ഭാഷാ സര്‍വകലാശാല സ്ഥാപിക്കണമെന്നാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി അനൗദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഈ പ്രമേയം സഭ പാസാക്കി. മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെടുന്ന ജോസഫ് വാഴയ്ക്കന്റെ പ്രമേയം സഭ തള്ളി.

janayugom 151011

1 comment:

  1. ഡി ജി പി അന്വേഷിച്ച് റിപ്പോര്‍ട്ട് തന്നാല്‍ പിന്നെ ഒരു നിമിഷം വൈകില്ല എന്ന ഉറപ്പുമായാണ് ഉമ്മന്‍ചാണ്ടി പിറ്റേ ദിവസം സഭയില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്ത ദിവസം ഡി ഐ ജി സംഭവ സ്ഥലത്തെത്തി അന്വേഷിക്കുമെന്ന് പറഞ്ഞു. പിറ്റേന്ന് മുഖ്യമന്ത്രി നല്‍കിയ മറുപടി, കാഞ്ഞങ്ങാട് സംഘര്‍ഷമുണ്ടായതിനാല്‍ ഡി ഐ ജിക്ക് അവിടേക്ക് പോകേണ്ടിവന്നുവെന്നും ഡിവൈ എസ് പിയെ ചുമതലപ്പെടുത്തിയെന്നുമാണ്. തൊട്ടടുത്ത ദിവസം റിപ്പോര്‍ട്ട് കിട്ടാത്തതായി കാരണം.

    എന്നാല്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കയ്യില്‍ കിട്ടിയപ്പോഴോ പൊലീസുകാരനല്ലാത്ത ഒരാളുടെ റിപ്പോര്‍ട്ട് കൂടി വേണമെന്ന് മുഖ്യമന്ത്രിക്ക് വാശി

    ReplyDelete