Saturday, October 15, 2011

ടി ബാലകൃഷ്ണന് ഉന്നത പദവിയില്‍ നിയമനം നല്‍കാന്‍ നീക്കം

സര്‍വീസില്‍നിന്നും വിരമിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വന്‍ ശമ്പളത്തില്‍ പുതിയ നിയമനം. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ മരുമകന്‍ ടി ബാലകൃഷ്ണനാണ് വന്‍ ശമ്പളത്തില്‍ പുതിയ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റയില്‍ ഇടനാഴി പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസറായാണ് ടി ബാലകൃഷ്ണന് നിയമനം നല്‍കുന്നത്. പുതിയ നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായാണ് സൂചന.

ഇത് സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറങ്ങും. വ്യവസായ വകുപ്പിന്റെയും, ഐ ടി യുടെയും ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍ ഈ മാസം അവസാനത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കുകയാണ്. വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളവും അതില്‍ നിന്ന് പെന്‍ഷന്‍ കഴിച്ചാല്‍ ലഭിക്കുന്ന തുക എത്രയോ അത്രയും തുക സ്‌പെഷ്യല്‍ ഓഫീസര്‍ പദവിയിലും ടി ബാലകൃഷ്ണന് ശമ്പളമായി ലഭിക്കും. ഫലത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തുക വിരമിച്ച ശേഷവും ബാലകൃഷ്ണന് ലഭിക്കും.
അതിവേഗ റയില്‍ ഇടനാഴി സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഈയിടെയാണ് ഹൈസ്പീഡ് റയില്‍ കോര്‍പ്പറേഷന്‍ എന്ന പേരില്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. 77,000 കോടി രൂപ മുതല്‍ മുടക്കിലാണ് അതിവേഗ റയില്‍ ഇടനാഴി പദ്ധതി സംസ്ഥാനത്ത് സ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോഡ് ജില്ലയിലെ മംഗലാപുരം വരെ നീളുന്ന പദ്ധതിക്ക് ഏകദേശം 650 കി മി ദൈര്‍ഘ്യമുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായും, ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനുമായാണ് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പദ്ധതി വിഭാവനം ചെയ്തത്. ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി എം ആര്‍ സി) യാണ് പദ്ധതിയുടെ സാധ്യതാ പഠനം നടത്തിയത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതിനാവശ്യമായ നടപടികള്‍ വേഗത്തിലാക്കുന്നതിനായി കമ്പനി രൂപീകരിച്ചത്. കെ എസ് ഐ ഡി സിയാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. സംസ്ഥാനത്ത് നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് അതിവേഗ റയില്‍ പാത വിഭാവന ചെയ്യുന്നത്. മണിക്കൂറില്‍ 200 കി മി വേഗത്തില്‍ യാത്ര ആരംഭിക്കുന്ന അതിവേഗ ട്രയിന്‍ മണിക്കൂറില്‍ 400 കി മി വരെ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് വിഭാവന ചെയ്യുന്നത്. പദ്ധതി ആരംഭിച്ച് രണ്ട് മുതല്‍ മൂന്ന് വര്‍ഷം കൊണ്ട് കമ്മിഷന്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡി എം ആര്‍ സി പദ്ധതിയുടെ അയലിന്‍മെന്റ്, 9 സ്റ്റേഷനുകളുടെ ലൊക്കേഷനുകള്‍, ഭാവിലേയ്ക്ക് ആവശ്യമുള്ള മൂന്ന് സ്റ്റേഷനുകളുടെ ലൊക്കേഷനുകള്‍ എന്നിവ കണ്ടെത്തിയാണ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന്റെ ചുമതലയിലേയ്ക്കാണ് ബാലകൃഷ്ണന്‍ എത്തുന്നത്.

അഴിമതി കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച് ജയിലില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ മരുമകനായ ടി ബാലകൃഷ്ണന്‍ 1980 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്. അടുത്തിടെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങളുണ്ടാക്കിരുന്നു. ഭൂ പരിഷ്‌കരണ നിയമത്തെ പരസ്യമായി തള്ളിപ്പറഞ്ഞതും, കൊക്കക്കോള കമ്പനിയ്ക്ക് അനുകൂലമായി പ്രസ്താവന നടത്തിയതും അടുത്തിടെ ടി ബാലകൃഷ്ണനെ വിവാദങ്ങളിലേക്കെത്തിച്ചിരുന്നു. ബാലകൃഷ്ണന്റെ ഈ പ്രസ്താവനകള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ആകാശനഗരം പദ്ധതി, കിനാലൂര്‍ പദ്ധതി തുടങ്ങിയ പദ്ധതികളിലൂടെയും വിവാദത്തിലായ ഉദ്യോഗസ്ഥനാണ് ടി ബാലകൃഷ്ണന്‍.

ജി ഗിരീഷ് കുമാര്‍ janayugom 151011

1 comment:

  1. സര്‍വീസില്‍നിന്നും വിരമിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വന്‍ ശമ്പളത്തില്‍ പുതിയ നിയമനം. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍മന്ത്രി ബാലകൃഷ്ണപിള്ളയുടെ മരുമകന്‍ ടി ബാലകൃഷ്ണനാണ് വന്‍ ശമ്പളത്തില്‍ പുതിയ തസ്തികയിലേക്ക് നിയമിക്കപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റയില്‍ ഇടനാഴി പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസറായാണ് ടി ബാലകൃഷ്ണന് നിയമനം നല്‍കുന്നത്. പുതിയ നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായാണ് സൂചന.

    ReplyDelete