Saturday, October 15, 2011

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; യദ്യൂരപ്പക്ക് അറസ്റ്റുവാറണ്ട്

കര്‍ണാടകത്തിലെ മുന്‍മുഖ്യമന്ത്രി യദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യദ്യൂരപ്പയുടെ അപേക്ഷ തള്ളിയ ലോകായുക്ത കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിപ്പിച്ചു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഭൂമി കൈമാറ്റകേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് യദ്യൂരപ്പക്ക് രാജിവയ്ക്കേണ്ടിവന്നത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടകസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. അഴിമതിക്കെതിരെ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള ജന ചേതന യാത്രക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ബിജെപിയുടെ ഉന്നത നേതാവ് ജയിലിലേക്ക് പോകുന്നത്.

earlier news....

ഖനന അഴിമതി: ലോകായുക്ത റിപ്പോര്‍ട്ട് സര്‍ക്കാര്‍ തിരിച്ചയക്കുന്നു

ബംഗളൂരു: അഴിമതിനിരോധന നിയമപ്രകാരം മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ടുചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയുള്ള ലോകായുക്ത റിപ്പോര്‍ട്ട് തിരിച്ചയക്കാന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചു. അഴിമതിയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച യെദ്യൂരപ്പയെയും കൂട്ടാളികളെയും രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്നുമാസമായിട്ടും സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. തുടര്‍ന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തത ആവശ്യമാണെന്ന വ്യാജേന റിപ്പോര്‍ട്ട് തിരിച്ചയക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും നിലവിലില്ലാത്ത സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് തിരിച്ചയക്കാന്‍ തയ്യാറെടുക്കുന്നതെന്നതും വിചിത്രമാണ്. അഴിമതി ആരോപണത്തെതുടര്‍ന്ന് രാജിവച്ച ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും പകരക്കാരെ കണ്ടെത്തിയിട്ടില്ല. റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്നും ഫലപ്രദമായി നടപ്പാക്കാന്‍ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി സദാനന്ദഗൗഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ചാണ് തീരുമാനം. അനധികൃത ഖനനത്തിന്റെ പേരില്‍ ജയിലിലായ ജനാര്‍ദനറെഡ്ഡി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.

ഖനന അഴിമതിയില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കുറ്റകരമായ പങ്ക് വ്യക്തമാക്കി ജൂലൈ 27നാണ് അന്നത്തെ ലോകായുക്ത സന്തോഷ് ഹെഗ്ഡെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാനത്ത് ഖനന ലൈസന്‍സ് നല്‍കുന്നതിനുള്ള സാങ്കേതികതടസ്സം നീക്കാന്‍ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടെന്ന് ലോകായുക്ത വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിനിരോധന നിയമപ്രകാരം യെദ്യൂരപ്പയെ പ്രോസിക്യൂട്ടുചെയ്യാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശയും നല്‍കി. അനധികൃത ഖനനത്തെതുടര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 16,085 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കുപുറമെ മന്ത്രിമാരായ ബി ശ്രീരാമലു, ജി ജനാര്‍ദനറെഡ്ഡി, കരുണാകരറെഡ്ഡി എന്നിവര്‍ക്കും മന്ത്രി വി സോമണ്ണയുടെ കുടുംബാംഗങ്ങള്‍ക്കും അനധികൃതഖനനത്തില്‍ പങ്കാളിത്തമുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ലോകായുക്തയുടെ ഇടക്കാല റിപ്പോര്‍ട്ട് യെദ്യൂരപ്പസര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. റിപ്പോര്‍ട്ടിനെതുടര്‍ന്ന് ജൂലൈ 31ന് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മന്ത്രി ജനാര്‍ദനറെഡ്ഡിയെ പിന്നീട് സിബിഐ അറസ്റ്റുചെയ്തു. ഇദ്ദേഹം ഹൈദരാബാദ് ജയിലിലാണ്. യെദ്യൂരപ്പ രാജിവച്ചതിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ വിശ്വസ്തനായ ഡി വി സദാനന്ദഗൗഡയെ മുഖ്യമന്ത്രിയായി അവരോധിക്കുമ്പോള്‍ത്തന്നെ അഴിമതിക്കാരെ രക്ഷിക്കാനുള്ള ശ്രമം വ്യക്തമായിരുന്നു.

deshabhimani 151011

1 comment:

  1. കര്‍ണാടകത്തിലെ മുന്‍മുഖ്യമന്ത്രി യദ്യൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. യദ്യൂരപ്പയുടെ അപേക്ഷ തള്ളിയ ലോകായുക്ത കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിപ്പിച്ചു. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഭൂമി കൈമാറ്റകേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് യദ്യൂരപ്പക്ക് രാജിവയ്ക്കേണ്ടിവന്നത്. ഇതോടെ ബിജെപി നേതൃത്വത്തിലുള്ള കര്‍ണാടകസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. അഴിമതിക്കെതിരെ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള ജന ചേതന യാത്രക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ബിജെപിയുടെ ഉന്നത നേതാവ് ജയിലിലേക്ക് പോകുന്നത്.

    ReplyDelete