Saturday, October 15, 2011

ഭൂഷന്റെ നിലപാട് ഹസാരെ സംഘം തള്ളി

കശ്മീര്‍ പ്രശ്നത്തില്‍ ഹിതപരിശോധനയാകാമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നിലപാട് അണ്ണ ഹസാരെ സംഘം തള്ളി. എന്നാല്‍ , പ്രശാന്ത് ഭൂഷണ്‍ ഹസാരെ സംഘാംഗമായി തന്നെ തുടരുമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം ഗ്രാമമായ റാലെഗാവ് സിദ്ദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹസാരെ തന്നെയാണ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്ന് അറിയിച്ചത്. സംഘാംഗങ്ങളില്‍ ആരുമായും കൂടിയാലോചിക്കാതെയാണ് ഭൂഷണ്‍ കശ്മീര്‍ പ്രശ്നത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്-ഹസാരെ പറഞ്ഞു. ഭൂഷണെ ഹസാരെ സംഘത്തില്‍ നിന്ന് പുറത്താക്കുമോയെന്ന ചോദ്യത്തിന് അത് കോര്‍ കമ്മിറ്റി ചേര്‍ന്നു തീരുമാനിക്കുമെന്നായിരുന്നു മറുപടി.

ഹസാരെയുടെ പ്രസ്താവന വന്നതോടെ ഭൂഷണെ സംഘത്തില്‍ നിന്ന് പുറന്തള്ളിയതായ രീതിയില്‍ വാര്‍ത്ത പ്രചരിച്ചു. ഈ വിഷയത്തില്‍ ഭൂഷണെ പുറത്താക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് അറിയിച്ച് ഹസാരെ വീണ്ടും പ്രസ്താവനയിറക്കി. ഹസാരെയുടെ പ്രസ്താവനയെ തുടര്‍ന്ന് പല അഭ്യൂഹവും മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. പ്രശാന്ത് ഭൂഷണെ സംഘത്തില്‍ നിന്നു പുറത്താക്കിയതായി ഹസാരെയുടെ പ്രസ്താവന അര്‍ഥമാക്കുന്നില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. ഭൂഷണ്‍ ഹസാരെ സംഘത്തിലെ അവിഭാജ്യഘടകമാണ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന പ്രമേയം നോയ്ഡയില്‍ രാവിലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം പാസാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു. ഭൂഷനെ ആക്രമിച്ചവര്‍ക്ക് മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അഴിമതിവിരുദ്ധ പ്രസ്ഥാനത്തെ തളര്‍ത്തുകയെന്ന ലക്ഷ്യം ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 151011

1 comment:

  1. കശ്മീര്‍ പ്രശ്നത്തില്‍ ഹിതപരിശോധനയാകാമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നിലപാട് അണ്ണ ഹസാരെ സംഘം തള്ളി. എന്നാല്‍ , പ്രശാന്ത് ഭൂഷണ്‍ ഹസാരെ സംഘാംഗമായി തന്നെ തുടരുമെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം ഗ്രാമമായ റാലെഗാവ് സിദ്ദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഹസാരെ തന്നെയാണ് പ്രശാന്ത് ഭൂഷന്റെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്ന് അറിയിച്ചത്. സംഘാംഗങ്ങളില്‍ ആരുമായും കൂടിയാലോചിക്കാതെയാണ് ഭൂഷണ്‍ കശ്മീര്‍ പ്രശ്നത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്-ഹസാരെ പറഞ്ഞു. ഭൂഷണെ ഹസാരെ സംഘത്തില്‍ നിന്ന് പുറത്താക്കുമോയെന്ന ചോദ്യത്തിന് അത് കോര്‍ കമ്മിറ്റി ചേര്‍ന്നു തീരുമാനിക്കുമെന്നായിരുന്നു മറുപടി.

    ReplyDelete