Thursday, October 13, 2011

ചെ യുടെ വധം മാനവരാശിക്കെതിരായ കുറ്റകൃത്യം: അന്വേഷണത്തിന് ആവശ്യമുയരുന്നു

ഹവാന: ലാറ്റിനമേരിക്കന്‍ വിപ്ലവകാരി ഏണസ്റ്റൊ ചെഗുവേരയുടെ വധം മാനവരാശിക്കെതിരായ ഒരു കുറ്റകൃത്യമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു.

ചെ വധിക്കപ്പെട്ട് 44 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ ആവശ്യം ഉയര്‍ന്നിട്ടുള്ളത്. ചെയുടെ സഹപ്രവര്‍ത്തകനായിരുന്ന ചിലിയിലെ ഗറിലാനേതാവ് തിര്‍സൊമൊണ്ടിയേലിന്റെ മകളും സാമൂഹ്യ പ്രവര്‍ത്തകയുമായ മാര്‍താമൊണ്ടിയേലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ചെയുടെ ചരമ വാര്‍ഷികദിനം ഒക്‌ടോബര്‍ ഒന്‍പതിന് ആചരിച്ചശേഷം ഇത് സംബന്ധിച്ച് ഒരു നിവേദനം മാര്‍ത ബൊളിവിയന്‍ ഗവണ്‍മെന്റിന് നല്‍കി.

ബൊളിവിയന്‍ പട്ടാളം ചെയുടെ താവളം ആക്രമിച്ചപ്പോഴും അതിനുശേഷവും ശത്രുവിനെ എതിരിടുമ്പോള്‍ പാലിക്കേണ്ടതായ അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ പാലിച്ചിരുന്നില്ല എന്നാണ് മാര്‍ത ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ചെറുകിട താവളം ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ ഓഫീസറുടെ വിവരവും മാര്‍ത പുറത്തുവിട്ടു. ജനറല്‍ ഗാരി പ്രാഡൊസാല്‍മന്‍ എന്നാണ് അയാളുടെ പേര്. അന്ന് അയാള്‍ ഒരു ക്യാപ്റ്റനായിരുന്നു. 72 വയസ് പ്രായമുള്ള പ്രാഡോ ഇന്നും ജീവിച്ചിരുപ്പുണ്ട്. ചെയെ വധിച്ചത് മറ്റൊരു സൈനിക ഓഫീസറാണെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ധാരണ.
സി ഐ എ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൊളിവിയന്‍ പട്ടാളം ചെയുടെ താവളം ആക്രമിച്ചത്. ബൊളിവിയയില്‍ അധികാരത്തിലുണ്ടായിരുന്ന സൈനിക ഭരണകൂടം അമേരിക്കയുടെ ഒരു പാവ ഗവണ്‍മെന്റായിരുന്നു.

അര്‍ജന്റീനയില്‍ ജനിച്ച ചെ ക്യൂബന്‍ വിപ്ലവത്തിന് ഫിദല്‍ കാസ്‌ട്രൊയ്‌ക്കൊപ്പം നേതൃത്വം നല്‍കി. ക്യൂബന്‍ വിപ്ലവ ഗവണ്‍മെന്റില്‍ കുറച്ചുകാലം മന്ത്രിയായിരുന്ന ചെ ഗറിലാവിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്കായി ആഫ്രിക്കയിലും ലാറ്റിനേമരിക്കയിലും ചുറ്റി സഞ്ചരിച്ചു. 1966 ല്‍ ബൊളിവിയായിലെത്തിയ ചെ സൈനിക ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബൊളിവിയന്‍ വനത്തിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന ചെയുടെ താവളം 1967 ഒക്‌ടോബറിലാണ് പട്ടാളം ആക്രമിച്ചത്. പിടികൂടിയതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹത്തെ വധിക്കുകയും ചെയ്തു.

ചെയ്ക്ക് എന്ത് സംഭവിച്ചുവെന്ന് പുറംലോകം അറിഞ്ഞില്ല. 1997 വരെയും മരണം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ബൊളിവിയന്‍ കാടുകളില്‍ ''കാണാതായവരുടെ'' പട്ടികയിലായിരുന്നു ചെ യുടെ സ്ഥാനം. 1997 ല്‍ ക്യൂബയിലെയും അര്‍ജന്റീനയിലെയും നരവംശ ശാസ്ത്രജ്ഞന്മാരുടെ സംഘം ബൊളിവിയന്‍ കാടുകള്‍ക്കുള്ളില്‍ ചെയുടെയും സഖാക്കളുടെയും ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അവ പിന്നീട് ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ വീരോചിതമായി സംസ്‌കരിക്കുകയും ചെയ്തു.

ചെയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ത്തിയിട്ടുള്ള മാര്‍തയുടെ പിതാവ് തിര്‍സൊയും ബൊളിവിയായിലെ പോരാട്ടത്തിനിടയില്‍ 1969 ല്‍ വധിക്കപ്പെടുകയുണ്ടായി.

janayugom 131011

1 comment:

  1. ലാറ്റിനമേരിക്കന്‍ വിപ്ലവകാരി ഏണസ്റ്റൊ ചെഗുവേരയുടെ വധം മാനവരാശിക്കെതിരായ ഒരു കുറ്റകൃത്യമായി കണക്കാക്കി അന്വേഷണം നടത്തണമെന്നും കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു.

    ReplyDelete