Sunday, October 16, 2011

"ഗുരുതരമായി" പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാര്‍ഡ് ആശുപത്രിയില്‍നിന്നു മുങ്ങി

നിയമസഭയില്‍ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റെന്ന് അഭിനയിച്ച് ആശുപത്രിയില്‍ കിടന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് വി എസ് രജനികുമാരി 18 മണിക്കൂര്‍ തികയും മുമ്പ് "അസുഖം" മാറി വീട്ടില്‍ പോയി. വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന "കൈയേറ്റ"ത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നു പ്രചരിപ്പിച്ച് വീല്‍ചെയറിലായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ,തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പേവാര്‍ഡില്‍ നിന്ന് ശനിയാഴ്ച രാവിലെ തന്നെ ഇവര്‍ പോയി. ആശുപത്രി റെക്കോഡില്‍ ഇവര്‍ക്ക് ഒരു പരിക്കുമില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റെന്നു പറഞ്ഞ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. രജനിക്ക് ഗുരുതരമായി പരിക്കേറ്റെന്നും മറ്റുമായിരുന്നു യുഡിഎഫ് നേതാക്കളുടെയും അവരെ അനുകൂലിക്കുന്ന ചില മാധ്യമങ്ങളുടെയും പ്രചാരണം. കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തകയായ രജനി പ്രതിപക്ഷത്തിനെതിരെയുള്ള യുഡിഎഫിന്റെ ഗൂഢാലോചനയില്‍ പങ്കാളിയാകുകയായിരുന്നു. തന്നെ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്ന് ആദ്യം സഹപ്രവര്‍ത്തകരോടും മാധ്യമപ്രവര്‍ത്തകരോടും വനിതാ എംഎല്‍എമാരോടും പറഞ്ഞ രജനികുമാരി പിന്നീട് കൈയേറ്റ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഭരണകക്ഷിനേതാക്കളുടെയും കോണ്‍ഗ്രസ് അനുകൂല അസോസിയേഷന്‍ നേതാക്കളുടെയും സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഇത്. രജനിയുടെ സഹോദരന്‍ പ്രതാപ്കുമാര്‍ കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ നേതാവാണ്. ഇവരുടെ കുടുംബവും സജീവ കോണ്‍ഗ്രസുകാരാണ്.

വീഡിയോ പരിശോധന നാളെ വീണ്ടും

നിയമസഭയില്‍ കഴിഞ്ഞദിവസം നടന്ന സംഭവങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ വീണ്ടും വീഡിയോ പരിശോധിക്കും. തിങ്കളാഴ്ച രാവിലെ എട്ടിനാണ് പരിശോധന. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് മര്‍ദിച്ചെന്ന പരാതിയും എംഎല്‍എമാര്‍ക്കെതിരെ നല്‍കിയ പരാതിയും സംബന്ധിച്ച തുടര്‍നടപടി പരിശോധനയ്ക്കു ശേഷം തീരുമാനിക്കും. വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം കണ്ടവരില്‍ പി സി ജോര്‍ജ് ഒഴികെയുള്ളവര്‍ നിലപാടു മാറ്റി.

ടി വി രാജേഷും ജയിംസ് മാത്യുവും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ പിടിച്ചുതള്ളി അപമാനിച്ചെന്നാണ് മന്ത്രി കെ സി ജോസഫും പി സി ജോര്‍ജും ഭരണപക്ഷ എംഎല്‍എമാരും ആരോപിച്ചത്. പി സി ജോര്‍ജും പിസി വിഷ്ണുനാഥും മറ്റും ദുഃസൂചനയോടെയാണ് ആരോപണമുന്നയിച്ചത്. തനിക്കെതിരെ രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയിംസ് മാത്യുവിനോടുള്ള വിരോധം തീര്‍ക്കാന്‍ കെ സി ജോസഫ് കിട്ടിയ അവസരം മുതലെടുത്തു. എന്നാല്‍ , താന്‍ ടി വി രാജേഷിനെതിരെ വ്യക്തിപരമായി ഒന്നും പറഞ്ഞില്ലെന്നാണ് ശനിയാഴ്ച കെ സി ജോസഫ് പറഞ്ഞത്.

അതിനിടെ, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് രജനിയില്‍ നിന്ന്പൊലീസ് തിരക്കിട്ട് മൊഴിയെടുത്തിട്ടുണ്ട്. ടി വി രാജേഷും ജയിംസ് മാത്യുവും തന്നെ പിടിച്ചുതള്ളിയെന്നും പിറകോട്ട് മറിഞ്ഞുവീണപ്പോള്‍ നടുവിടിച്ചെന്നുമാണ് മൊഴി. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആരും കൈയേറ്റം ചെയ്തിട്ടില്ലെന്നാണ് രജനി ആദ്യം പറഞ്ഞത്. പിന്നീട് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് മൊഴി മാറ്റിച്ചു. രജനിയുടെ മൊഴി കളവാണെന്നതിന് വീഡിയോ ദൃശ്യങ്ങളും തെളിവാണ്. സ്പീക്കറുടെ ഡയസില്‍ കയറാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ശ്രമിച്ചപ്പോഴുണ്ടായ ഉന്തും തള്ളുമാണ് നടന്നതെന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ വെളിപ്പെടുത്തിയതും സുപ്രധാനമാണ്. കൈയേറ്റം ചെയ്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ രജനി മ്യൂസിയം പൊലീസിന് നല്‍കിയ മൊഴിയില്‍ ചുവടുമാറ്റി. മൊഴിയുടെ പകര്‍പ്പ് സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്പീക്കറുടെ നിര്‍ദേശപ്രകാരം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, തങ്ങള്‍ക്ക് നേരെ കൈയേറ്റമുണ്ടായെന്ന് ടി വി രാജേഷും കെ കെ ലതികയും പരാതി നല്‍കിയിട്ടും ഇരുവരുടെയും മൊഴിയെടുത്തിട്ടില്ല. പൊലീസിന് നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നാണ് ഇതിനു പറയുന്ന വാദം. എന്നാല്‍ , രജനിയും ആദ്യം രേഖാമൂലം പരാതി നല്‍കിയിരുന്നില്ല. ടി വി രാജേഷും കെ കെ ലതികയും സ്പീക്കര്‍ക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് മൊഴിയെടുക്കാന്‍ തയ്യാറായില്ല. വാച്ച് ആന്‍ഡ് വാര്‍ഡിന് കിട്ടിയ നീതി പോലും മൂന്നാംമുറയ്ക്ക് വിധേയരായ പ്രതിപക്ഷ എംഎല്‍എമാരോട് കാണിച്ചിട്ടില്ല. സ്പീക്കര്‍ക്ക് നല്‍കിയ പരാതി അദ്ദേഹം പൊലീസിന് കൈമാറുകയോ എന്തു നടപടി വേണമെന്ന് തീരുമാനിക്കുകയോ വേണം. വാച്ച് ആന്‍ഡ് വാര്‍ഡ് നല്‍കിയ പരാതിയും സ്പീക്കറുടെ പക്കലുണ്ട്. അതിലും അനന്തര നടപടി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. അതിനുമുമ്പാണ് പൊലീസ് തിരക്കിട്ട് മൊഴി രേഖപ്പെടുത്തിയത്. രജനി മൊഴി വീണ്ടും മാറ്റുമോയെന്നു കരുതിയാണ് തിടുക്കത്തില്‍ മൊഴിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

അതിനിടെ, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ സ്പീക്കറുടെ ഡയസിലേക്കുള്ള വഴിയില്‍ നിര്‍ത്തിയത് ആസൂത്രിതമായ ഗൂഢലോചനയുടെ ഭാഗമാണ്. സ്പീക്കറുടെ വേദിക്കു ചുറ്റും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ വലയം തീര്‍ത്തിരുന്നു. അവര്‍ക്കു മുന്നിലായാണ് വനിതകളെ നിര്‍ത്തിയത്. സ്പീക്കറുടെ വേദിക്കു മുന്നില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം.

തിങ്കളാഴ്ച സഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കും: സ്പീക്കര്‍

കണ്ണൂര്‍ : നിയമസഭക്കകത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ . ചട്ടമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും തിങ്കളാഴ്ച രാവിലെ സഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും കണ്ണൂരില്‍ വിവിധ പരിപാടികള്‍ക്കെത്തിയ സ്പീക്കര്‍ പറഞ്ഞു.

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് അവിടെ ഉണ്ടായിരുന്നില്ല: ടി വി രാജേഷ്

കണ്ണൂര്‍ : നിയമസഭയില്‍ അധ്യക്ഷവേദിക്ക് ഇടതുവശത്തുനിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധമുയര്‍ത്തുമ്പോള്‍ ആ ഭാഗത്ത് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ഉണ്ടായിരുന്നില്ലെന്ന് ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. ഇക്കാര്യം ദൃശ്യപരിശോധനയില്‍ വ്യക്തമായി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ താനും ജെയിംസ് മാത്യുവും കൈയേറ്റം ചെയ്തുവെന്നത് ഭരണപക്ഷം കെട്ടിച്ചമച്ച കഥയാണെന്നും രാജേഷ് ദേശാഭിമാനിയോട് പറഞ്ഞു.

മന്ത്രി കെ സി ജോസഫും ഗവണ്‍മെന്റ് ചീഫ്വിപ്പ് പി സി ജോര്‍ജുമാണ് ഈ കള്ളം പറഞ്ഞത്. പ്രതിപക്ഷം വാച്ച് ആന്‍ഡ് വാര്‍ഡിനെ പിടിച്ചുതള്ളിയെന്നാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ആരോപിച്ചത്. ദൃശ്യങ്ങള്‍ പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനിടെ പ്രതിപക്ഷത്തെ രണ്ട് പുതുമുഖ എംഎല്‍എമാരുടെ പേര് മന്ത്രി കെ സി ജോസഫും പി സി ജോര്‍ജും പറഞ്ഞത് ബോധപൂര്‍വമാണ്. സഭയില്‍ കാല്‍നൂറ്റാണ്ടു പിന്നിട്ട കെ സി ജോസഫ് ഇപ്പോള്‍ വെറും സാമാജികനല്ല; മന്ത്രിയാണ്. ആ ഉത്തരവാദിത്തം അദ്ദേഹം കാണിച്ചില്ല. കണ്ണൂര്‍ ജില്ലയെ ദീര്‍ഘകാലമായി പ്രതിനിധീകരിക്കുന്ന കെ സി ജോസഫ് അവിടെനിന്നുള്ള രണ്ട് എംഎല്‍എമാരെ തെരഞ്ഞുപിടിച്ച് അവഹേളിച്ചതില്‍ ഗൂഢോദ്ദേശ്യമുണ്ട്.

ദൃശ്യപരിശോധനയില്‍ കാര്യങ്ങള്‍ വ്യക്തമായ ശേഷവും നുണപ്രചാരണം തുടര്‍ന്നപ്പോഴാണ് താന്‍ വികാരാധീനനായതെന്ന് രാജേഷ് പറഞ്ഞു. സഭയില്‍ അരമണിക്കൂറിലേറെ മുദ്രാവാക്യം വിളിയും പ്രതിഷേധവും തുടര്‍ന്നിരുന്നു. സ്പീക്കര്‍ ഇത് അവഗണിച്ചപ്പോള്‍ പ്രതിഷേധം അധ്യക്ഷവേദിക്കുനേരെയായി. ഇതിനിടെ വലയംതീര്‍ത്ത വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷ എംഎല്‍എമാരെ പലതവണ പിടിച്ചു തള്ളി. കൈയില്‍ വാക്കിടോക്കി തട്ടി പോറലേറ്റു. വനിതാ വാച്ച് ആന്‍ഡ് വാഡ് ഈ സമയത്ത് സഭയുടെ മധ്യഭാഗത്താണ് ഉണ്ടായിരുന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ബഹളത്തിനിടെ അവര്‍ പുറകോട്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. അതല്ലാതെ കെ സി ജോസഫ് പറയുന്നതുപോലെ അവരെ ആരും കൈയേറ്റം ചെയ്തിട്ടില്ല. കള്ളക്കഥ പിന്‍വലിച്ച് ക്ഷമാപണം നടത്താന്‍ കെ സി ജോസഫ് തയ്യാറാകണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.

രാജേഷും ജെയിംസ് മാത്യുവും മര്‍ദിച്ചതായ ദൃശ്യങ്ങള്‍ ഇല്ല: കെ സി ജോസഫ്

കോട്ടയം: ടി വി രാജേഷ് എംഎല്‍എയെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്ന് മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ പാര്‍ടികളുടെയും നിയസഭാകക്ഷിനേതാക്കള്‍ കണ്ട വീഡിയോക്ലിപ്പിങ്ങില്‍ ടി വി രാജേഷും ജെയിംസ് മാത്യുവും മര്‍ദ്ദിച്ചതായുള്ള ദൃശ്യങ്ങള്‍ ഇല്ല. താന്‍ രാജേഷിനെ വ്യക്തിപരമായി ആക്ഷേപിച്ചതായി തെളിഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് വെടിവയ്പിനെക്കുറിച്ചുള്ള ഡിജിപി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാത്തതില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചിട്ടില്ല. അക്രമിക്കപ്പെട്ടുവെന്നു പറയുന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി തെറിച്ചുവീഴുന്നതും അസ്വസ്ഥയാകുന്നതും വീഡിയോക്ലിപ്പിങ്ങി ലുണ്ട്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് പൊലീസില്‍ നല്‍കിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് താന്‍ പ്രതികരിച്ചത്. തിങ്കളാഴ്ച സ്പീക്കര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷമായിരിക്കും തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ നടപടികള്‍ ജനങ്ങളെ കാണിക്കണം: ഉമ്മന്‍ചാണ്ടി

കൊച്ചി: നിയമസഭയിലെ എല്ലാ നടപടികളും ദൃശ്യമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ കാണിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സഭാനടപടികള്‍ ജനങ്ങള്‍ക്ക് നേരിട്ടുകാണാന്‍ അവസരമുണ്ടായാല്‍ ആരോപണങ്ങള്‍ ഒഴിവാക്കാനാകും. നിയമസഭയിലെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തരുതെന്നു പറഞ്ഞവര്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ നടപടികള്‍ മാധ്യമങ്ങളിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യണമെന്ന് മന്ത്രി കെ എം മാണി. ന്യുവാല്‍സിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് തറക്കല്ലിടാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

വീഡിയോ പരിശോധനയ്ക്കുശേഷം സഭയ്ക്കു പുറത്ത് നാടകീയരംഗങ്ങള്‍

നിയമസഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന പരാതിയെത്തുടര്‍ന്ന് നടന്ന വീഡിയോ പരിശോധനയ്ക്കുശേഷം സഭയ്ക്ക് പുറത്ത് നാടകീയരംഗങ്ങള്‍ . പുറത്ത് സഭാംഗങ്ങളെ കാത്ത് വന്‍ മാധ്യമപ്പടയും ഉണ്ടായിരുന്നു. വീഡിയോ പരിശോധനയ്ക്കുശേഷം ആദ്യം പുറത്തേക്കെത്തിയത് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനാണ്. സഭാംഗങ്ങള്‍ മനഃപൂര്‍വം വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തതായി കരുതുന്നില്ലെന്നാണ് എന്‍ ശക്തന്‍ പറഞ്ഞത്. സ്പീക്കറുടെ ചെയറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതാകാം അനിഷ്ടസംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടു പിന്നാലെയെത്തിയ പി സി ജോര്‍ജ് പ്രതിപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ടി വി രാജേഷും ജെയിംസ് മാത്യുവും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിമാറ്റാന്‍ ശ്രമിച്ചെന്നാണ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളെ കാണിക്കുന്നതിനോട് പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചെന്നും ജോര്‍ജ് തട്ടിവിട്ടു. ടി വി രാജേഷിനെയും ജെയിംസ് മാത്യുവിനെയും വ്യക്തിപരമായി ആക്ഷേപിക്കുംവിധമായിരുന്നു ജോര്‍ജിന്റെ പ്രതികരണങ്ങള്‍ . ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ജോര്‍ജ് തട്ടിക്കയറുകയും ചെയ്തു.

പിന്നീട് ജെയിംസ് മാത്യുവും ടി വി രാജേഷും ഒന്നിച്ചാണ് സഭയ്ക്ക് പുറത്തേക്ക് വന്നത്. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തങ്ങള്‍ കൈയേറ്റം ചെയ്തിട്ടില്ലെന്ന് വീഡിയോ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായെന്നും അന്തസ്സും അഭിമാനവുമുണ്ടെങ്കില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ്വിപ്പും ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കണമെന്നും ജെയിംസ് മാത്യു പറഞ്ഞു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്തതായി തെളിയിക്കാനായാല്‍ എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ജെയിംസ് മാത്യു പറഞ്ഞു. ഇരിക്കൂറില്‍ രണ്ടു തവണ തനിക്കെതിരെ മത്സരിച്ച കെ സി ജോസഫും പച്ചക്കള്ളം പ്രചരിപ്പിച്ചെന്നും ജെയിംസ് മാത്യു പറഞ്ഞു.

തുടര്‍ന്ന് സംസാരിച്ച ടി വി രാജേഷ് വികാരാധീനനായി പൊട്ടിക്കരഞ്ഞു. തങ്ങളെ മാത്രമല്ല കുടുംബത്തെപ്പോലും അപമാനിക്കാനാണ് ചിലര്‍ ശ്രമിച്ചത്. തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച മന്ത്രി കെ സി ജോസഫും പി സി ജോര്‍ജും മാപ്പ് പറയണമെന്ന് ടി വി രാജേഷ് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ , സി ദിവാകരന്‍ , എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സഭയ്ക്ക് പുറത്തേക്ക് വന്നു. മാധ്യമപ്രവര്‍ത്തകരെ വീഡിയോ ദൃശ്യം കാണിക്കരുതെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷം വിലക്കിയെന്ന പി സി ജോര്‍ജിന്റെ വാദം പൊളിഞ്ഞു. സഭാംഗങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നതല്ലാതെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റംചെയ്യുന്ന ഒരു ദൃശ്യവുമില്ലെന്ന് വ്യക്തമായി. മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കു മുന്നിലും വീഡിയോദൃശ്യം പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടി വി രാജേഷിനും ജെയിംസ് മാത്യുവിനുമെതിരായി അപവാദം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയില്‍ നടന്നത് ഭരണപക്ഷത്തിന്റെ ഗൂഢാലോചന: പിണറായി

നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ മുന്‍നിര്‍ത്തി ജുഗുപ്സാവഹമായ ഗൂഢാലോചനയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കസേരയുടെ പ്രാധാന്യം ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി പെരുമാറുന്നത്. സാധാരണ യൂത്ത് കോണ്‍ഗ്രസുകാരനെ പോലെ എന്തും വിളിച്ചുപറയാനുള്ള സ്ഥാനമായി മുഖ്യമന്ത്രിപദത്തെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉമ്മന്‍ചാണ്ടി ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. ചിന്ത പബ്ലിഷേഴ്സിന്റെ ഓഫീസ് സമുച്ചയ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു പിണറായി.

നിയമസഭയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം ഭരണപക്ഷത്തിന്റെ സൗജന്യമല്ല. നേരും നെറിയും കെട്ട ഭരണം നടക്കുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധത്തിന് തീവ്രത കൂടും. അതിനെ അവഗണിച്ചാല്‍ അംഗങ്ങള്‍ ചോദ്യംചെയ്യും. അതിനപ്പുറം വെള്ളിയാഴ്ച നിയമസഭയില്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ , കഴിഞ്ഞ ദിവസമുണ്ടായത് മഹാസംഭവം എന്ന് പ്രചരിപ്പിച്ച് വിരട്ടാനാണ് ഉമ്മന്‍ചാണ്ടി നോക്കുന്നത്. നിയമസഭയ്ക്കകത്ത് സാധാരണ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൂട്ടത്തില്‍ സ്ത്രീകളെ ഇറക്കാറില്ല. മുമ്പ് സഭയില്‍ ഉണ്ടായ പല രംഗങ്ങള്‍ക്കും ഉമ്മന്‍ചാണ്ടിയും സ്പീക്കറും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്നൊന്നും അക്കൂട്ടത്തില്‍ ഒരു വനിതയെ നിര്‍ത്തിയിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നടന്നതില്‍ കൂടുതല്‍ ഒന്നും വെള്ളിയാഴ്ച നടന്നിട്ടില്ല. ഒരു വനിതയെ നിര്‍ത്തിയതെന്തിന്? അതിന് പിന്നില്‍ ഗൂഢാലോചനയാണ്.

പ്രക്ഷുബ്ധമായ രംഗങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും അംഗങ്ങള്‍ സ്പീക്കറോട് കാര്യങ്ങള്‍ സംസാരിക്കുന്നതിന് ഡയസ്സിലേക്കിറങ്ങും. ചിലപ്പോള്‍ സ്പീക്കറുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കും. അങ്ങനെയൊരു ശ്രമം ഉണ്ടായപ്പോള്‍ ആ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ആ രംഗത്തുനിന്ന് സ്വയമേവ മാറിപ്പോവുകയായിരുന്നു. അവരെ ആരും കൈയേറ്റം ചെയ്തിട്ടില്ല. അടുത്തുനിന്ന് സംസാരിച്ചിട്ട് പോലുമില്ല. എങ്കിലും ഉടനെ വീല്‍ചെയര്‍ കൊണ്ടുവരികയായിരുന്നു. എന്നെ ആരും ഒന്നും ചെയ്തില്ലെന്ന് ഇടയ്ക്ക് അവര്‍ പറയുന്നുമുണ്ട്. എന്നിട്ടും ഇത്തരത്തില്‍ പച്ചക്കള്ളം വിളിച്ചുപറയാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുന്നു. നിങ്ങള്‍ മാന്യനാണോ? നിങ്ങളുടെ സഭയിലെ രണ്ട് അംഗങ്ങളെ ബഹുജനസമക്ഷം ഇങ്ങനെ കുറ്റപ്പെടുത്താന്‍ എങ്ങനെ കഴിഞ്ഞു. ഒരു നൂല്‍പാലത്തിലൂടെ നടക്കുന്നപോലെ അധികാരം കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയെ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ കേരളം സമ്മതിക്കില്ല. ജനങ്ങള്‍ ചോദ്യംചെയ്യും. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഏതെല്ലാം വിധത്തിലാണ് നിയമവാഴ്ച തകര്‍ക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിയമസഭയില്‍ നടന്നത്.

ഒരു വിദ്യാര്‍ഥിക്ക് പഠിക്കാന്‍ അവസരം കൊടുക്കുന്നുവെന്ന് പറഞ്ഞ് സംരക്ഷകവേഷം കെട്ടിയാടിയ മുഖ്യമന്ത്രി നിയമവിരുദ്ധമായി പ്രവേശനം കൊടുത്തെന്ന് സ്വയം സമ്മതിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാത്സല്യഭാജനമായ ഒരു കുട്ടിക്ക് മെറിറ്റ് നോക്കാതെ പ്രവേശനം കൊടുത്തതിന് എന്ത് ന്യായമാണ് പറയാനുള്ളത്? ഈ ഒരു കുട്ടിയെ കുറിച്ച് വേവലാതികൊള്ളുന്ന ഉമ്മന്‍ചാണ്ടിയുടെ പൊലീസ് വിദ്യാര്‍ഥികളെ തലയ്ക്കടിച്ച് കൊല്ലാന്‍ നോക്കുകയാണ്. കേരളത്തിന്റെ ഏറ്റവും കരുത്തുറ്റ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയെ തലയ്ക്കടിച്ച് വീഴ്ത്താന്‍ പൊലീസിന് ആര് ധൈര്യം കൊടുത്തു? റിവോള്‍വറും ചൂണ്ടി ഭ്രാന്ത് പിടിച്ചവനെ പോലെ ഒരു മനുഷ്യന്‍ വെടിവച്ച് നടക്കുന്നത് കേരളത്തിലെ ജനങ്ങള്‍ നേരിട്ട് കണ്ടതാണ്. ഈ പൊലീസുകാരനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി വഴിവിട്ട് നീങ്ങുകയാണെന്നും പിണറായി പറഞ്ഞു..

deshabhimani 161011

1 comment:

  1. നിയമസഭയില്‍ എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റെന്ന് അഭിനയിച്ച് ആശുപത്രിയില്‍ കിടന്ന വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് വി എസ് രജനികുമാരി 18 മണിക്കൂര്‍ തികയും മുമ്പ് "അസുഖം" മാറി വീട്ടില്‍ പോയി. വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന "കൈയേറ്റ"ത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നു പ്രചരിപ്പിച്ച് വീല്‍ചെയറിലായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ,തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പേവാര്‍ഡില്‍ നിന്ന് ശനിയാഴ്ച രാവിലെ തന്നെ ഇവര്‍ പോയി. ആശുപത്രി റെക്കോഡില്‍ ഇവര്‍ക്ക് ഒരു പരിക്കുമില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

    ReplyDelete