Sunday, October 16, 2011

ഡോ.ഉന്മേഷിന്റെ നീക്കത്തില്‍ ദുരൂഹത

പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയ പൊലീസ് സര്‍ജന്‍ ഡോ. ഉന്മേഷിന്റെ നീക്കത്തിലെ ദുരൂഹത നീങ്ങുന്നില്ല. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിലെ ശീതസമരത്തിനപ്പുറത്തേക്ക് മൊഴിയുടെ മാനങ്ങള്‍ നീളുന്നതായി അദ്ദേഹത്തിന്റെ പുനര്‍വിസ്താരം സൂചിപ്പിക്കുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് വകുപ്പ് മേധാവി ഡോ. ഷെര്‍ളി വാസുവിന്റെ ഭാഗിക സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പുനര്‍വിസ്താര വേളയില്‍ ഉന്മേഷ് മൊഴിനല്‍കിയത്. പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ വകുപ്പ് മേധാവിയുടെ സാന്നിധ്യം ഉണ്ടെന്നതിന്റെ തെളിവുകളും റിപ്പോര്‍ട്ടില്‍ അവരുടെ കൈപ്പടയും ഒപ്പും സീലും പതിപ്പിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടും ഫോറന്‍സിക് മേധാവിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന മറുപടികളായിരുന്നു ഉന്മേഷിന്റേത്.

സമൂഹ മനഃസാക്ഷിയെ പിടിച്ചുലച്ച സൗമ്യകേസില്‍ നിര്‍ണായക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ത്തന്നെ ആശയക്കുഴപ്പമുണ്ടായത് ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയായി. പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഉന്മേഷ് പ്രതിഭാഗം സാക്ഷിയായാണ് മൊഴി നല്‍കിയത്. അനുവാദമില്ലാതെയായിരുന്നു ഇത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയംഗങ്ങള്‍ ഉന്മേഷിനോട് അടുപ്പമുള്ളവരാണെന്ന് ആരോപണമുണ്ട്. നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിഭാഗത്തിനനുകൂലമാകുന്ന നിലപാടെടുത്തതാണ് കൂടുതല്‍ സംശയമുണ്ടാക്കുന്നത്. സൗമ്യ കൊല്ലപ്പെട്ട ദിവസം ഡ്യൂട്ടിയിലില്ലാതിരുന്ന ഉന്മേഷ് മോര്‍ച്ചറിയിലെത്തി വൈകിട്ട് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തിടുക്കം കാട്ടിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. നിയമ വിരുദ്ധമാണന്നറിഞ്ഞിട്ടും അധികാരികളില്‍ ഇതിനായി സമര്‍ദം ചെലുത്തിയെന്ന് ആരോപണമുണ്ട്.

സൗമ്യക്കേസിലെ പ്രതി ഗോവിന്ദച്ചാമി റെയില്‍വേ കേന്ദ്രീകരിച്ച് പിടിച്ചുപറിയുമായി നടക്കുന്ന ആളാണെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളിയായ അഭിഭാഷകനാണ് ഇയാള്‍ക്കായി രംഗത്തെത്തിയത്. കഴിഞ്ഞ ജൂണ്‍ ആറുമുതല്‍ ആരംഭിച്ച വിചാരണയില്‍ പലതവണ വിചാരണ കോടതി മാറ്റാനും വിചാരണ ഒഴിവാക്കാനുമായി ഈ സംഘം ഹൈക്കോടതിയേയും സമീപിച്ചു. ലക്ഷങ്ങള്‍ മഹാരാഷ്ട്രയില്‍ ഫീസ് വാങ്ങുന്ന അഭിഭാഷകന്‍ അഞ്ച് മാസമായി മറ്റ് കേസുകള്‍ക്ക് പോകാതെ തൃശൂരില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാല്‍ ആരാണ് പ്രതിക്കുവേണ്ടി ഇത്രയധികം പണം മുടക്കുന്നതെന്ന് പൊലീസ് ഇനിയും അന്വേഷിച്ചിട്ടില്ല.

ഡോ. ഉന്മേഷിനെ സസ്പെന്‍ഡ്ചെയ്ത് അന്വേഷിക്കണം: മഹിളാ അസോസിയേഷന്‍

ന്യൂഡല്‍ഹി: സൗമ്യവധക്കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടംചെയ്ത സംഘത്തിലെ ഡോ. ഉന്മേഷ് പ്രതിഭാഗം ചേര്‍ന്ന് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഈ ഡോക്ടറെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡുചെയ്ത് അന്വേഷണം നടത്തണമെന്നും ശൈലജ ടീച്ചര്‍ കേരളഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 161011

1 comment:

  1. പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയ പൊലീസ് സര്‍ജന്‍ ഡോ. ഉന്മേഷിന്റെ നീക്കത്തിലെ ദുരൂഹത നീങ്ങുന്നില്ല. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തിലെ ശീതസമരത്തിനപ്പുറത്തേക്ക് മൊഴിയുടെ മാനങ്ങള്‍ നീളുന്നതായി അദ്ദേഹത്തിന്റെ പുനര്‍വിസ്താരം സൂചിപ്പിക്കുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് വകുപ്പ് മേധാവി ഡോ. ഷെര്‍ളി വാസുവിന്റെ ഭാഗിക സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് പുനര്‍വിസ്താര വേളയില്‍ ഉന്മേഷ് മൊഴിനല്‍കിയത്. പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ വകുപ്പ് മേധാവിയുടെ സാന്നിധ്യം ഉണ്ടെന്നതിന്റെ തെളിവുകളും റിപ്പോര്‍ട്ടില്‍ അവരുടെ കൈപ്പടയും ഒപ്പും സീലും പതിപ്പിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടും ഫോറന്‍സിക് മേധാവിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന മറുപടികളായിരുന്നു ഉന്മേഷിന്റേത്.

    ReplyDelete