Wednesday, October 12, 2011

പെപ്‌സിയുടെ ജലം ഊറ്റല്‍: നടപടി വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനുശേഷം

പാലക്കാട്ടു ജില്ലയിലെ കഞ്ചിക്കോട്ടുള്ള പെപ്‌സി കോള ഭൂഗര്‍ഭ ജലം എടുക്കുന്നതു പരിമിതപ്പെടുത്തുന്ന നടപടി ഇതു സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാകണമെന്നു ഹൈക്കോടതി.

നേരത്തെ പെപ്‌സിക്കു പ്രതിദിനം ആറു ലക്ഷം ലീറ്റര്‍ ഭൂഗര്‍ഭ ജലം ഊറ്റാന്‍ സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തു സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരും ജസ്റ്റിസ് പി എസ് ഗോപിനാഥനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഭൂഗര്‍ഭ ജലം എടുക്കുന്നത് വിദഗ്ധ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആകാവൂവെന്ന് കേസില്‍ ഹാജരായ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു. അതിനു സാവകാശം വേണം.
എന്നാല്‍ വിദഗ്ധ സമിതിയെ ഉടന്‍ നിയമിക്കുകയും ജലം ഊറ്റുന്നതു സംബന്ധിച്ചും ഊറ്റിയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതം സംബന്ധിച്ചും പഠിച്ചു റിപ്പോര്‍ട്ട് നല്‍കണം.
സിംഗിള്‍ ബെഞ്ചിന്റെത് ഇടക്കാല ഉത്തരവായതിനാല്‍ റിപ്പോര്‍ട്ട് അവിടെത്തന്നെ സമര്‍പ്പിക്കണം.

സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ സിംഗിള്‍ ബെഞ്ചില്‍ ഉന്നയിക്കാം. കേസ് റിപ്പോര്‍ട്ട് ലഭിച്ചു മൂന്നാഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ സിംഗിള്‍ ബെഞ്ചിനോടും കോടതി നിര്‍ദേശിച്ചു.

janayugom 121011

1 comment:

  1. പാലക്കാട്ടു ജില്ലയിലെ കഞ്ചിക്കോട്ടുള്ള പെപ്‌സി കോള ഭൂഗര്‍ഭ ജലം എടുക്കുന്നതു പരിമിതപ്പെടുത്തുന്ന നടപടി ഇതു സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാകണമെന്നു ഹൈക്കോടതി.

    ReplyDelete