Wednesday, November 9, 2011

ആണവ വൈദ്യുത പദ്ധതിയും ജനകീയ ചെറുത്തുനില്‍പ്പും

കൂടംകുളം ആണവ വൈദ്യുത പദ്ധതിയെപ്പറ്റി എ പി ജെ അബ്ദുള്‍കലാമും ശ്രീജന്‍പാല്‍ സിംഗും ചേര്‍ന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനവും കൂടംകുളത്ത് മുന്‍ രാഷ്ട്രപതി നടത്തിയ സന്ദര്‍ശനവും പദ്ധതിയെപ്പറ്റി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പുതിയ മാനം നല്‍കിയിരിക്കുന്നു. പദ്ധതിക്കെതിരെ സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകാനാണ് ലേഖനവും സന്ദര്‍ശനവും പ്രേരിപ്പിക്കുന്നത്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ആണവ വൈദ്യുത പദ്ധതികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിച്ചുപോന്നിട്ടുള്ള എ പി ജെ അബ്ദുള്‍കലാമിന്റെ നിലാപാടുകള്‍ തീര്‍ത്തും പക്ഷപാതപരമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
പദ്ധതി പ്രദേശത്തിനു സമീപമുള്ള ഗ്രാമങ്ങള്‍ക്കായി മുന്‍ രാഷ്ട്രപതി നിര്‍ദേശിച്ചിട്ടുള്ള ഇരുന്നൂറുകോടി രൂപയുടെ പ്രത്യേക വികസന പദ്ധതി മുഖവിലക്കെടുക്കാന്‍ ആണവ വിരുദ്ധ സമിതി സന്നദ്ധമല്ല. ജനങ്ങള്‍ക്ക് ആണവ വൈദ്യുത പദ്ധതിയെപ്പറ്റിയുള്ള ആശങ്ക അകറ്റുന്നതിനുപകരം വികസനത്തിന്റെ പ്രലോഭനങ്ങള്‍ നല്‍കി വിനാശകരമായ പദ്ധതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായി അത് വിലയിരുത്തപ്പെടുന്നു.

ഫുക്കുഷിമ ആണവദുരന്തത്തെത്തുടര്‍ന്ന് പുതിയതും പഴയതുമായ ആണവ വൈദ്യുത പദ്ധതികളെപ്പറ്റി ലോകമെമ്പാടും ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ വളര്‍ന്നിരിക്കെ പദ്ധതിയെ വികസന പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള മുന്‍ രാഷ്ട്രപതിയുടെ സമീപനം തികച്ചും ലാഘവബുദ്ധിയോടെയുള്ളതാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഫുക്കുഷിമ ദുരന്തത്തിന് ഏറെ മുമ്പുതന്നെ പല ലോക രാഷ്ട്രങ്ങളിലും ആണവ വൈദ്യുത നിലയങ്ങള്‍ക്കെതിരായ വിമര്‍ശനവും ജനകീയ ചെറുത്തുനില്‍പ്പും ഉയര്‍ന്നു വന്നിരുന്നു. ജര്‍മ്മനിയില്‍ ആണവ വൈദ്യുത നിലയങ്ങള്‍ ഈ പതിറ്റാണ്ടിന്റെ അന്ത്യത്തോടെ അടച്ചുപൂട്ടാനുള്ള തീരുമാനം ഫുക്കുഷിമാ ദുരന്തത്തിന്റെ പരിണിത ഫലമല്ല. മറിച്ച് ഗ്രീന്‍ പാര്‍ട്ടിക്കുകൂടി പങ്കാളിത്തമുണ്ടായിരുന്ന മുന്‍ ഗവണ്‍മെന്റിന്റെ തീരുമാനമായിരുന്നു. അത് ആ രാജ്യത്തെ ജനവികാരത്തിന്റെ പ്രതിഫലനമായിരുന്നു. ഫുക്കുഷിമ ദുരന്തം ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഇപ്പോഴത്തെ ഗവണ്‍മെന്റിനെ നിര്‍ബന്ധിതമാക്കിയെന്നുമാത്രം. യൂറോപ്പിലെ ബല്‍ജിയമടക്കമുള്ള പല ഗവണ്‍മെന്റുകളും ജര്‍മ്മനിയുടെ പാത പിന്തുടരാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ 1979 ലെ ത്രീമൈല്‍ ഐലന്റ് ആണവ ദുരന്തത്തിനുശേഷം മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും പുതിയതായി ആണവ വൈദ്യുതനിലയങ്ങള്‍ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എ പി ജെ അബ്ദുള്‍ കലാമിന് ഇന്ത്യന്‍ ആണവ പദ്ധതിയുമായുള്ള ഉറ്റ ബന്ധം അദ്ദേഹത്തിന്റെ കൂടംകുളം പദ്ധതിയെപ്പറ്റിയുള്ള നിലപാടുകളില്‍ സംശയം ജനിപ്പിക്കുക സ്വാഭാവികമാണ്. 13,000 ത്തില്‍പരം കോടി രൂപ ചിലവഴിക്കുന്ന ഒരു പദ്ധതിക്ക് ആവശ്യവും നിര്‍ബന്ധിതവുമായ പരിസ്ഥിതി ആഘാത പഠനമോ അതുണ്ടാക്കാവുന്ന സാമൂഹ്യാഘാത പഠനമോ ഫലപ്രദമായി നടന്നിട്ടില്ല. നടന്നിട്ടുള്ള പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് പദ്ധതിയുടെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്ന ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധം അവരുടെ ഭാഷയില്‍ ലഭ്യമാക്കുകയോ അവരുടെ ആശങ്കകള്‍ അകറ്റുന്ന നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടുമില്ല. നാളിതുവരെ അത്തരത്തില്‍ ഏതെങ്കിലും പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ തന്നെ അവ ഗവണ്‍മെന്റു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും ഇന്ത്യന്‍ ആണവ പദ്ധതിയിലെ ഉന്നതരും മാത്രം പങ്കെടുത്ത പഠനങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ ആണവ പദ്ധതിയുടെ രഹസ്യസ്വഭാവം നിരന്തര വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ടെന്നതും വിസ്മരിക്കാനാവില്ല. ചുരുക്കത്തില്‍ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് അത്തരം റിപ്പോര്‍ട്ടുകളുടെ നിഷ്പക്ഷതയും സുതാര്യതയുമാണ്.
കൂടംകുളത്ത് ഇപ്പോള്‍ നടന്നുവരുന്ന ആണവ വൈദ്യുത പദ്ധതിയുടെയും ഇന്ത്യാ-അമേരിക്ക ആണവക്കരാറിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയില്‍ ജയതാപ്പൂരിലെ നിര്‍ദ്ദിഷ്ട ആണവ വൈദ്യുത പാര്‍ക്കിന്റെയും പശ്ചാത്തലത്തില്‍ ആണവ വൈദ്യുതപദ്ധതികളെപ്പറ്റി സ്വാതന്ത്ര്യവും നിഷ്പക്ഷവും സുതാര്യവുമായ പഠനങ്ങള്‍ നടത്താനും പഠന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാവണം. നാളിതുവരെ ലോകം കണ്ട ആണവ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയും പദ്ധതികളുടെ സുരക്ഷിതത്വത്തെപ്പറ്റിയും അവയുടെ കാര്യക്ഷമതയെപ്പറ്റിയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്യാതെ നടപ്പാക്കാന്‍ ശ്രമിക്കുന്ന ആണവ വൈദ്യുത പദ്ധതികള്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ് ക്ഷണിച്ചുവരുത്തും.

janayugom editorial 081111

1 comment:

  1. കൂടംകുളം ആണവ വൈദ്യുത പദ്ധതിയെപ്പറ്റി എ പി ജെ അബ്ദുള്‍കലാമും ശ്രീജന്‍പാല്‍ സിംഗും ചേര്‍ന്ന് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തില്‍ കഴിഞ്ഞ ദിവസം എഴുതിയ ലേഖനവും കൂടംകുളത്ത് മുന്‍ രാഷ്ട്രപതി നടത്തിയ സന്ദര്‍ശനവും പദ്ധതിയെപ്പറ്റി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും പുതിയ മാനം നല്‍കിയിരിക്കുന്നു. പദ്ധതിക്കെതിരെ സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരെ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു പോകാനാണ് ലേഖനവും സന്ദര്‍ശനവും പ്രേരിപ്പിക്കുന്നത്. ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ആണവ വൈദ്യുത പദ്ധതികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിച്ചുപോന്നിട്ടുള്ള എ പി ജെ അബ്ദുള്‍കലാമിന്റെ നിലാപാടുകള്‍ തീര്‍ത്തും പക്ഷപാതപരമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

    ReplyDelete