റോം: സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി രാജിവച്ചു. കടക്കെണിയിലായ രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച സാമ്പത്തിക പരിഷ്കരണത്തിനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെയാണ് രാജി. സാമ്പത്തിക വിദഗ്ധനായ മുന്‍ യൂറോപ്യന്‍ കമീഷണര്‍ മരിയോ മോന്റിയാണ് ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കപ്പെടുന്നവരില്‍ പ്രമുഖന്‍ . സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാഷ്ട്രത്തലവനാണ് ബര്‍ലുസ്കോണി. ഗ്രീക്ക് പ്രാധാനമന്ത്രി ജോര്‍ജ് പപാന്ദ്ര്യൂ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. 17 വര്‍ഷത്തിനിടെ 10 വര്‍ഷവും ഇറ്റലിയുടെ ഭരണസാരഥ്യം കൈയാളിയ ബര്‍ലുസ്കോണി ലൈംഗികാപവാദം ഉള്‍പ്പെടെ ഒട്ടേറെ വിവാദം സൃഷ്ടിച്ചാണ് പടിയിറങ്ങുന്നത്. 1994ലാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രിയായത്. 2001-2006ലും പിന്നീട് 2008ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതില്‍ പരാജയപ്പെട്ട ബര്‍ലുസ്കോണിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നിരുന്നു.
അദ്ദേഹത്തിന്റെ രാജിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് രാജിക്കായി ബര്‍ലുസ്കോണിയുടെ വാഹനം കടന്നുപോകവേ "കോമാളി"യെന്നു വിളിച്ചാണ് പ്രകടനക്കാര്‍ പ്രതിഷേധിച്ചത്. രാജി സമര്‍പ്പിച്ചശേഷം പിന്നിലെ വഴിയിലൂടെയാണ് ബര്‍ലുസ്കോണി മടങ്ങിയത്. രാഷ്ട്രീയകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം പ്രസിഡന്റ് ജോര്‍ജിയോ നെപോളിറ്റാനോ ഇദ്ദേഹത്തെ ഇടക്കാല സര്‍ക്കാരിനെ നയിക്കാന്‍ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ , മരിയോ മോന്റിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ബര്‍ലുസ്കോണിയുടെ അനുയായികള്‍ രണ്ടു തട്ടിലാണ്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബര്‍ലുസ്കോണി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഉടന്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന വാദത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയിട്ടുണ്ട്. മോന്റിയുടെ സര്‍ക്കാരിന് ഉപാധികളോടെ പിന്തുണ നല്‍കാമെന്നാണ് ഇപ്പോള്‍ ബര്‍ലുസ്കോണിയുടെ വാദം. അടുത്ത തെരഞ്ഞെടുപ്പില്‍ മുന്‍ നിയമമന്ത്രിയായ ആന്‍ജലിനോ അല്‍ഫാനോയെയാണ് ബെര്‍ലുസ്കോണി തന്റെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടുന്നത്.
മോന്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വന്നാല്‍ തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് നോര്‍ത്തേണ്‍ ലീഗ് നേതാവും ബര്‍ലുസ്കോണിയുടെ ആഭ്യന്തരമന്ത്രിയുമായിരുന്ന റോബര്‍ട്ടോ മറോനി പറഞ്ഞു. ജനാധിപത്യ പാര്‍ലമെന്റില്‍ പ്രതിപക്ഷം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ തെരഞ്ഞെടുപ്പിനു പകരം ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കണമെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ താല്‍പ്പര്യം. അന്താരാഷ്ട്ര നാണയനിധി മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ, അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി തുടങ്ങിയവരെല്ലാം ഈ ആവശ്യമുന്നയിച്ചു. സാമ്പത്തികപ്രതിസന്ധി രാജ്യത്തെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ട ബര്‍ലുസ്കോണിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലെന്ന് വോട്ടെടുപ്പില്‍ വ്യക്തമായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടു വച്ച പരിഷ്കാരങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാലുടന്‍ താന്‍ സ്ഥാനമൊഴിയുമെന്ന് ബര്‍ലുസ്കോണി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച സെനറ്റ് അംഗീകരിച്ച സാമ്പത്തിക പരിഷ്കരണബില്‍ ശനിയാഴ്ച അധോസഭയായ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസും പാസാക്കി. പൊതുമുതല്‍ വിറ്റഴിക്കല്‍ , പെന്‍ഷന്‍ പ്രായം 2026ഓടെ 67 വയസ്സാക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് നിയമമായത്.
അറബ്ലീഗിനെതിരെ സിറിയയില്‍ പ്രതിഷേധം ശക്തം
ദമാസ്കസ്: അമേരിക്കയുടെയും കൂട്ടാളികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി സിറിയയെ സസ്പെന്‍ഡ് ചെയ്ത അറബ്ലീഗ് നടപടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പതിനായിരങ്ങള്‍ സിറിയയില്‍ തെരുവിലിറങ്ങി. തലസ്ഥാനമായ ദമാസ്കസില്‍ വന്‍ റാലി നടന്നു. രാഷ്ട്രപതാകയും അസദിന്റെ ചിത്രവുമേന്തി റാലിയില്‍ അണിചേര്‍ന്നവര്‍ പാശ്ചാത്യ ഇടപെടലിനെതിരെ താക്കീതുനല്‍കി. ഒമയദ് ചത്വരത്തിലും വാണിജ്യനഗരമായ അലെപ്പോയിലും പതിനായിരങ്ങള്‍ റാലിയില്‍ പങ്കെടുത്തെന്ന് ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട്ചെയ്തു. അറബ്ലീഗിനെതിരായ രോഷമാണ് റാലികളില്‍ പ്രകടമായത്. അറബ് ലീഗിന്റെ തീരുമാനം പുറത്തുവന്നയുടന്‍ ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. രോഷാകുലരായ ജനക്കൂട്ടം ദമാസ്കസില്‍ ഖത്തറിന്റെയും സൗദിഅറേബ്യയുടെയും എംബസികള്‍ ആക്രമിച്ചു. കല്ലേറില്‍ എംബസികളുടെ ജനാലകള്‍ തകര്‍ന്നു.
പാശ്ചാത്യശക്തികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അറബ്ലീഗില്‍നിന്ന് സിറിയയെ പുറത്താക്കിയത്. ശനിയാഴ്ച ചേര്‍ന്ന വിശേദമന്ത്രിമാരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം. അസദ് നവംബര്‍ രണ്ടിന് അംഗീകരിച്ച സമാധാന ഉടമ്പടി നടപ്പാക്കാന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. അറബ് ലീഗില്‍ അംഗങ്ങളായ യമനിലും ബഹ്റിനിലും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ അമേരിക്കയും കൂട്ടരും പിന്തുണ നല്‍കിയിരുന്നു. ബഹ്റിനില്‍ പുറത്തുനിന്നുള്ള സേനാ സഹായത്തോടെയാണ് പ്രക്ഷോഭം അടിച്ചമര്‍ത്തിയത്. യെമനില്‍ പ്രക്ഷോഭകരുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രസിഡന്റ് അലി അബ്ദുള്ള സലേക്ക് സൗദി അറേബ്യ ചികിത്സയും നല്‍കി. അതേസമയം, സിറിയയെ സസ്പെന്‍ഡ് ചെയ്ത അറബ് ലീഗിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിനന്ദിച്ചു. സിറിയക്കെതിരെ സാമ്പത്തിക രാഷ്ട്രീയ ഉപരോധം ഏര്‍പ്പെടുത്തിയതിനെയും അദ്ദേഹം സ്വാഗതംചെയ്തു. സിറിയയിലെ അസദ്വിരുദ്ധരായ സിറയന്‍ നാഷണല്‍ കൗണ്‍സിലും അറബ്ലീഗ് തീരുമാനത്തെ സ്വാഗതംചെയ്തു.
മ്യാന്‍മറില്‍ രാഷ്ട്രീയ തടവുകാരെ വിട്ടയ്ക്കുന്നു
യാങ്കൂണ്‍ : മ്യാന്‍മറിലെ രാഷ്ട്രീയതടവുകാര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിട്ടയ്ക്കുന്നു. പൊതുമാപ്പ് ലഭിച്ചവരുടെ രണ്ടാമത്തെ സംഘം തിങ്കളാഴ്ച പുറത്തിറങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിട്ടയ്ക്കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അഞ്ഞൂറോളം തടവുകാരെ ആദ്യഘട്ടത്തില്‍ വിട്ടയിച്ചിരുന്നു. ഇരുനൂറോളം രാഷ്ട്രീയതടവുകാരെ വിട്ടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ , രണ്ടായിരത്തോളം പേര്‍ തടവറയിലുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ജനാധിപത്യവാദികള്‍ , മാധ്യമപ്രവര്‍ത്തകര്‍ , അഭിഭാഷകര്‍ തുടങ്ങിയവരെയാണ് മ്യാന്‍മറിലെ പട്ടാളഭരണാധികാരികള്‍ തുറുങ്കിലടച്ചത്. മ്യാന്‍മര്‍ വിമോചനപോരാട്ട നായിക ഓങ് സാന്‍ സൂകിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചതിന്റെ വാര്‍ഷികദിനത്തില്‍ തടവുകാരെ മോചിപ്പിക്കുന്നത് യാദൃശ്ചികമായി.
സ്വിസ് ബാങ്കില്‍ പ്രമുഖരുടെ നിക്ഷേപം സ്വീകരിക്കുന്നതില്‍ പഴുതുകളുണ്ടെന്ന്
ജനീവ: സ്വിസ് ബാങ്കുകളില്‍ വിദേശ രാഷ്ട്രീയനേതാക്കളുടെ നിക്ഷേപം സ്വീകരിക്കുന്നതില്‍ പലപ്പോഴും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് സാമ്പത്തിക നിയന്ത്രണ അതോറിറ്റിയായ "ഫിന്‍മ" വെളിപ്പെടുത്തി. വിദേശനിക്ഷേപം സ്വീകരിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡ് ആസ്ഥാനമായ എല്ലാ ബാങ്കുകളിലും കഴിഞ്ഞയാഴ്ച ഫിന്‍മ ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതില്‍ പഴുതുകളുണ്ടെന്ന് കണ്ടെത്തിയത്. രാഷ്ട്രത്തലവന്മാര്‍ , കുടുംബാംഗങ്ങള്‍ , മന്ത്രിമാര്‍ , മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അന്താരാഷ്ട്ര മാനദണ്ഡമുണ്ട്. ഇത് പാലിക്കുന്നതില്‍ സ്വിസ് ബാങ്കുകള്‍ പരാജയമാണെന്നാണ് വിലയിരുത്തല്‍ . വന്‍ ക്രമക്കേട് കണ്ടെത്തിയ നാല് ബാങ്കുകള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് നടപടി തുടങ്ങി. നികുതിവെട്ടിപ്പും കള്ളപ്പണനിക്ഷേപവും തടയാന്‍ സ്വിസ് ബാങ്കുകളിലെ നിക്ഷേപവിവരം കൈമാറണമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആവശ്യമുയര്‍ത്തിയിരുന്നു.
deshabhimani 141111
സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റില്‍ ഇറ്റലി പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണി രാജിവച്ചു. കടക്കെണിയിലായ രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച സാമ്പത്തിക പരിഷ്കരണത്തിനുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനു പിന്നാലെയാണ് രാജി.
ReplyDelete