Monday, November 14, 2011

ആനി ജോസിന്റെ കത്ത് മുഖ്യമന്ത്രി കണ്ടില്ലേ?

എടവക (വയനാട്): "ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്ക്: സര്‍ , മൂന്നുമക്കളുള്ള കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. രണ്ട് ഏക്കര്‍ കൃഷിഭൂമിയില്‍ കുരുമുളക്, കാപ്പി തുടങ്ങിയവ കൃഷിചെയ്തുവന്നിരുന്നു. കൂടാതെ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിക്കൃഷിയുംചെയ്തുവന്നു...." മാനന്തവാടി താലൂക്ക് എടവക പഞ്ചായത്തിലെ തോണിച്ചാല്‍ സ്വദേശി ആനിജോസിന്റെതാണ് ഈ കത്ത്. "ഭര്‍ത്താവ് കടക്കെണിമൂലം ആത്മഹത്യചെയ്തു, ഞങ്ങളെ രക്ഷിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു" കത്ത് അവസാനിക്കുന്നത് ഇങ്ങനെ.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്ന കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഈ കത്ത് കഴിഞ്ഞ ആഗസ്ത് 25നെങ്കിലും ലഭിച്ചിരിക്കണം. 22നാണ് ആനി ജോസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നിട്ടും മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇങ്ങനെയൊരു കത്ത് കിട്ടിയതായുള്ള ഒരുവരി മറുപടി പോലും അയച്ചില്ല. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും വയനാടിനെ അസ്വസ്ഥമാക്കുമ്പോള്‍ , ഇക്കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ ആനിയുടെ വീട്ടിലത്തി. മുഖ്യമന്ത്രി ഈ വിധവയുടെ കത്ത് മുമ്പേ കണ്ടിരുന്നെങ്കില്‍ കര്‍ഷക ആത്മഹത്യ എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന് അംഗീകരിക്കേണ്ടി വരുമായിരുന്നു.

ആഗസ്ത് ഏഴിന്റെ പത്രങ്ങള്‍ തോണിച്ചാലിലെ തോപ്പില്‍ ജോസ് (50) വിഷംകഴിച്ചു മരിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടക്കെണിമൂലമാണ് ആത്മഹത്യയെന്നും പറഞ്ഞു. രണ്ട് ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ജോസ് രണ്ടായിരത്തില്‍ വീടുനിര്‍മിക്കാന്‍ ഭവനനിര്‍മാണ ബോര്‍ഡില്‍നിന്ന് 70,000 രൂപ കടമെടുത്തിരുന്നു. കുരുമുളക് പൂര്‍ണമായും നശിക്കുകയും ഇഞ്ചികൃഷി നഷ്ടത്തിലാകുകയുംചെയ്തതതോടെ ഒരു ഏക്കര്‍ സ്ഥലം വിറ്റു. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനും വായ്പ വാങ്ങി. ഭവനനിര്‍മാണ ബോര്‍ഡിലെ പണം അടയ്ക്കാന്‍ നോട്ടീസ് വന്നപ്പോള്‍ 2009ല്‍ ബാക്കിസ്ഥലവും വീടും വിറ്റു. ശേഷിച്ച തുകയ്ക്ക് തോണിച്ചാലില്‍ ആറര സെന്റ് സ്ഥലം വാങ്ങി. അതിലെ താല്‍ക്കാലിക ഷെഡിലാണ് ഈ കുടുംബത്തിന്റെ താമസം. നേഴ്സിങ് പഠനം കഴിഞ്ഞ മൂത്തമകള്‍ ജിന്‍സി ജനുവരി 24ന് ലിബിയയിലേക്ക് ജോലിതേടി പോയി. അവിടെ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടതും ഈ സമയത്തായിരുന്നു. ഇതോടെ ജിന്‍സിയുടെ ജോലിസാധ്യതപോലും മങ്ങി. കുടുംബവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും നഷ്ടമായി. കലാപം അവസാനിച്ചതോടെയാണ് അല്‍പ്പം ആശ്വാസമായത്. എന്നാല്‍ ഇതുവരെ ജിന്‍സിക്ക് ശമ്പളം ലഭിച്ചിട്ടില്ല. വായ്പയെടുത്ത് പഠിപ്പിച്ച മകള്‍ക്കുണ്ടായ ദുരനുഭവവും കൃഷി നഷ്ടത്തിലായതും ജോസിനെ പ്രയാസത്തിലാക്കിയിരുന്നു.

കുറഞ്ഞ സ്ഥലം മാത്രം സ്വന്തമായുള്ള ജോസ് അച്ഛന്റെ പേരിലുള്ള രണ്ടേക്കര്‍ സ്ഥലം എസ്ബിഐയില്‍ പണയംവച്ചും വായ്പയെടുത്തു. അയല്‍വാസിയുടെ മാല പണയംവച്ച് 15,000 രൂപയും വാങ്ങി. പുറമേ വ്യക്തികള്‍ക്കും നല്‍കാനുണ്ട്. എല്ലാംകൂടി രണ്ടുലക്ഷത്തിലേറെ രൂപയുടെ കടമുണ്ട് ഈ കുടുംബത്തിന്. രണ്ടാമത്തെ മകള്‍ ലിന്റു കന്യാസ്ത്രീയാണ്. ഏറ്റവും ഇളയമകന്‍ ലിജോ ജോസ് മാനന്തവാടി പഞ്ചായത്തില്‍ തൊഴിലുറപ്പുപദ്ധതിയില്‍ താല്‍ക്കാലിക ഓവര്‍സിയറാണ്. ഈ ചെറിയ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
(ഒ വി സുരേഷ്)

deshabhimani 141111

1 comment:

  1. "ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്ക്: സര്‍ , മൂന്നുമക്കളുള്ള കര്‍ഷക കുടുംബമാണ് ഞങ്ങളുടേത്. രണ്ട് ഏക്കര്‍ കൃഷിഭൂമിയില്‍ കുരുമുളക്, കാപ്പി തുടങ്ങിയവ കൃഷിചെയ്തുവന്നിരുന്നു. കൂടാതെ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിക്കൃഷിയുംചെയ്തുവന്നു...." മാനന്തവാടി താലൂക്ക് എടവക പഞ്ചായത്തിലെ തോണിച്ചാല്‍ സ്വദേശി ആനിജോസിന്റെതാണ് ഈ കത്ത്. "ഭര്‍ത്താവ് കടക്കെണിമൂലം ആത്മഹത്യചെയ്തു, ഞങ്ങളെ രക്ഷിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു" കത്ത് അവസാനിക്കുന്നത് ഇങ്ങനെ.

    ReplyDelete