Wednesday, November 9, 2011

ജയരാജന് ഐക്യദാര്‍ഢ്യത്തിന്റെ പൂച്ചെണ്ട്

കോടതി നടപടി അതിവേഗത്തില്‍ ; കനത്ത സന്നാഹം

കൊച്ചി: സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജന്‍ പ്രതിയായ കോടതിയലക്ഷ്യ കേസില്‍ വിധിപ്രഖ്യാപന നടപടികള്‍ ചൊവ്വാഴ്ച കോടതിയില്‍ പൂര്‍ത്തിയായത് അതിവേഗത്തില്‍ . ജയിലിലേക്കയക്കാനുള്ള നടപടിക്രമങ്ങളും ഉച്ചയ്ക്കുമുമ്പേ തീര്‍ത്തു. ഹൈക്കോടതിയുടെ പിന്നിലെ കവാടത്തിലൂടെ പ്രത്യേകവാഹനത്തില്‍ ജയരാജനെ പൂജപ്പുര ജയിലിലേക്കു കൊണ്ടുപോകുമ്പോള്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടി. അഭിഭാഷകരും പാര്‍ടിപ്രവര്‍ത്തകരും മാധ്യമലേഖകരും ഉള്‍പ്പെടെ വന്‍ ജനാവലി കേസിലെ വിധിപ്രഖ്യാപനമറിയാന്‍ കോടതിപരിസരത്തെത്തി.


പതിവിലും വൈകിയാണ് കേസിലെ വിധിപ്രഖ്യാപനത്തിന് കോടതി ചേര്‍ന്നത്. എം വി ജയരാജനും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം ശശീന്ദ്രനും നേരത്തെതന്നെ കോടതിയില്‍ ഹാജരായിരുന്നു. ജസ്റ്റിസുമാരായ വി രാംകുമാറും പി ക്യു ബര്‍ക്കത്തലിയും ബെഞ്ചിലെത്തുമ്പോള്‍ സമയം 11.30. ആദ്യ കേസായി പരിഗണിച്ച് ജസ്റ്റിസ് വി രാംകുമാര്‍ വിധിവാചകങ്ങള്‍ വായിച്ചു. ആറുമാസം കഠിനതടവും 2000 രൂപ പിഴയും. തുടര്‍ന്ന് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജയരാജന്‍ ഒപ്പിട്ട ജാമ്യാപേക്ഷ ശശീന്ദ്രന്‍ കോടതിക്കു സമര്‍പ്പിച്ചു. അപ്പീല്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കോടതിയലക്ഷ്യനിയമത്തിലെ 19-ാം വകുപ്പുപ്രകാരം വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാം. 2004ലെ മുംബൈ, മദ്രാസ് ഹൈക്കോടതികളുടെ രണ്ടു വിധികള്‍ ശശീന്ദ്രന്‍ എടുത്തുകാണിച്ചു. എന്നാല്‍ , അത് ഹൈക്കോടതിയുടെ വിവേചനാധികാരമാണെന്ന വാദത്തോടെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യത്തെ എതിര്‍ത്തു. അതംഗീകരിച്ച കോടതി ജയരാജനെ അറസ്റ്റ്ചെയ്യാന്‍ പൊലീസിനോട് നിര്‍ദേശിച്ചു. പത്തുമിനിറ്റ് നീണ്ട നടപടിക്കൊടുവില്‍ രജിസ്ട്രാറുടെ ഓഫീസിലേക്കു കൊണ്ടുപോയി.

തൊട്ടുപിന്നാലെ ജസ്റ്റിസുമാരായ രാംകുമാറും ബര്‍ക്കത്തലിയും ഉള്‍പ്പെട്ട ബെഞ്ചിലേക്ക് ജയരാജന്റെ അഭിഭാഷകനെയും പ്രോസിക്യൂട്ടറെയും തിരിച്ചുവിളിപ്പിച്ചു. ശിക്ഷ കഠിനതടവല്ല, വെറും തടവാണെന്ന് അറിയിപ്പ്. രജിസ്ട്രാര്‍ ശ്രദ്ധയില്‍പ്പെടുത്തിയ കാര്യമെന്ന നിലയിലായിരുന്നു വിധിയിലെ തിരുത്ത്. കോടതിയലക്ഷ്യ നിയമത്തിലെ രണ്ടാംവകുപ്പു പ്രകാരം കേസില്‍ നല്‍കാവുന്ന പരമാവധി ശിക്ഷ ആറുമാസം കഠിനതടവും 2000 രൂപ പിഴയുമാണെന്നാണ് രജിസ്ട്രാര്‍ ജഡ്ജിമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

പന്ത്രണ്ടരയോടെ രജിസ്ട്രാറുടെ ഓഫീസിലെ നടപടികളും പൂര്‍ത്തിയാകുമ്പോള്‍ കോടതിയുടെ മുന്‍കവാടം മാധ്യമപ്രവര്‍ത്തകരെയും പാര്‍ടിപ്രവര്‍ത്തകരെയുംകൊണ്ട് നിറഞ്ഞിരുന്നു. കോടതിവളപ്പിനുള്ളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് പുറത്തിറക്കി. മുന്‍കവാടത്തില്‍ കാത്തുനിന്ന മാധ്യമങ്ങളെ ഒഴിവാക്കാന്‍ കോടതിയുടെ പിന്‍കവാടത്തിലൂടെ അസിസ്റ്റന്‍റ് കമീഷണര്‍ സുനില്‍ ജേക്കബ്, സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനീഷ്ബാബു എന്നിവര്‍ക്കൊപ്പം ജയരാജന്‍ കോടതിക്കു പുറത്തേക്കു വന്നു. പൊലീസ് വലയത്തിനിടയിലൂടെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരില്‍ ചിലരോട് "ഒരു കുഴപ്പവുമില്ല" എന്നു മാത്രം പറഞ്ഞ് ജയരാജന്‍ പൊലീസ്വാഹനത്തില്‍ കയറുമ്പോള്‍ ഗേറ്റിനു പുറത്ത് മുദ്രാവാക്യം വിളികളുയര്‍ന്നു. മുന്നില്‍ രണ്ട് പൊലീസ് ജീപ്പും പിന്നില്‍ സായുധസേനയുടെ വാനും. റോഡ് നീളെ അഭിവാദ്യം മുഴക്കിയ പാര്‍ടിപ്രവര്‍ത്തകര്‍ക്കുനേരെ കൈവീശി ജയരാജന്‍ പ്രത്യഭിവാദ്യമര്‍പ്പിച്ചു.

നാടെങ്ങും പ്രതിഷേധം; ജയരാജന് ഐക്യദാര്‍ഢ്യത്തിന്റെ പൂച്ചെണ്ട്

പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടി ജയിലിലടയ്ക്കപ്പെട്ട സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം. ജയരാജനെയുംകൊണ്ടുള്ള പൊലീസ്വാഹനം എറണാകുളത്തുനിന്ന് പുറപ്പെട്ടുവെന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങളിലൂടെ കേട്ട് വഴിയോരങ്ങളില്‍ തടിച്ചുകൂടിയ ജനങ്ങള്‍ രക്തപതാകയുമേന്തി അദ്ദേഹത്തെ അഭിവാദ്യംചെയ്യാനെത്തി. പലയിടത്തും പൊലീസ്വാഹനത്തിനുമുന്നില്‍ തടസ്സം സൃഷ്ടിച്ച ജനങ്ങള്‍ ജയരാജനെ പതാക വീശിയും പുഷ്പങ്ങള്‍ എറിഞ്ഞും അഭിവാദ്യംചെയ്തു. കോടതി ഉത്തരവ് വന്നതോടെ സംസ്ഥാനത്തെങ്ങും രോഷം അലയടിച്ചു. അപ്പീല്‍ നല്‍കാനുള്ള അവകാശംപോലും നിഷേധിച്ച് ജയിലിലടച്ചതിനെതിരെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ പ്രതിഷേധമുയര്‍ത്തി. പലയിടത്തും വായമൂടിക്കെട്ടിയും പ്രകടനം നടന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയിലിനുമുന്നില്‍ നൂറുകണക്കിനുപേരാണ് ജയരാജന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുമുമ്പേ തടിച്ചുകൂടിയത്. ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി ജയിലിലടയ്ക്കപ്പെട്ട എം വി ജയരാജന് അഭിവാദ്യങ്ങള്‍ എന്ന് ആലേഖനംചെയ്ത പ്ലക്കാര്‍ഡും ഇവര്‍ ഏന്തിയിരുന്നു. "പൗരാവകാശങ്ങള്‍ കുഴിച്ചുമൂടുന്ന നീതിയുടെ പൊരുളറിയാത്ത വിധിന്യായങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ വിചാരണ ചെയ്യപ്പെടും" എന്ന മുന്നറിയിപ്പ് ആലേഖനംചെയ്ത കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സെന്‍ട്രല്‍ ജയിലിനുമുന്നിലും ഉയര്‍ത്തി. ജയരാജനെയുംകൊണ്ടുള്ള പൊലീസ്വാഹനവ്യൂഹം സെന്‍ട്രല്‍ ജയിലിനുമുന്നിലെത്തിയപ്പോള്‍ അഭിവാദ്യ മുദ്രാവാക്യങ്ങള്‍ കൂടുതല്‍ ഉച്ചത്തിലായി. മുന്നില്‍ വന്ന രണ്ട് പൊലീസ്വാഹനത്തെ കടത്തിവിട്ട ജനക്കൂട്ടം ജയരാജനുമായി എത്തിയ വാഹനത്തിനുമുന്നില്‍ വഴിമുടക്കി അണിനിരന്നു. സൈറണ്‍ മുഴക്കിയിട്ടും ബലം പ്രയോഗിച്ചിട്ടും ഇവരെ മാറ്റാനായില്ല. ആളിക്കത്തിയ പ്രതിഷേധത്തിനുമുന്നില്‍ പൊലീസ് വെറും കാഴ്ചക്കാരായി. ഒടുവില്‍ ജയരാജന്‍തന്നെ പൊലീസ്വാഹനത്തിന് പുറത്ത് തലയിട്ട് വഴിമാറാന്‍ അഭ്യര്‍ഥിച്ചതോടെയാണ് രംഗം കുറച്ച് ശാന്തമായത്. ജയരാജനുമായി പൊലീസ്സംഘം അകത്തുകടന്നതിനുശേഷം ജയില്‍ഗേറ്റിനുപുറത്ത് നേരിയ സംഘര്‍ഷം രൂപപ്പെട്ടെങ്കിലും നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. തുടര്‍ന്ന് കൂടിനിന്ന പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.

പകല്‍ 12.45നാണ് എറണാകുളത്തുനിന്ന് ജയരാജനുമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് യാത്രതിരിച്ചത്. വാര്‍ത്ത ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞതോടെ പൊലീസ്വാഹനവ്യൂഹം കടന്നുപോകുന്ന പ്രധാന കവലകളില്‍ ജനങ്ങള്‍ തടിച്ചുകൂടി. ആലപ്പുഴ ജില്ലയില്‍ അരൂര്‍ , ചേര്‍ത്തല, തിരുവമ്പാടി, അമ്പലപ്പുഴ, കച്ചേരിമുക്ക്, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിലാണ് യുവജനങ്ങളും വിദ്യാര്‍ഥികളും നാട്ടുകാരുമടക്കം അഭിവാദ്യമര്‍പ്പിച്ച് തടിച്ചുകൂടിയത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ജില്ലാസെക്രട്ടറി വി സോജകുമാര്‍ , പ്രസിഡന്റ് അബിന്‍ഷാ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ നാസര്‍ , എസ്എഫ്ഐ നേതാക്കളായ മനു സി പുളിക്കല്‍ , ബിപിന്‍ സി ബാബു എന്നിവര്‍ തിരുവമ്പാടിയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. കൊല്ലത്തേക്ക് കടന്നതോടെ ജനക്കൂട്ടത്തിന്റെ ബാഹുല്യവും കനത്തു. അതിനെതുടര്‍ന്ന് അകമ്പടി സേവിക്കാന്‍ കൂടുതല്‍ പൊലീസ്സേനയെത്തി. ജില്ലാ ആസ്ഥാനത്തെ ഹൈസ്കൂള്‍ ജങ്ഷനില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജില്ലാ ജയിലില്‍ ജയരാജനെ കയറ്റിയതായി അറിഞ്ഞ് അങ്ങോട്ടുചെന്ന് അഭിവാദ്യം അര്‍പ്പിച്ചു. വാഹനവ്യൂഹം കടന്നുപോയശേഷം നഗരത്തില്‍ പ്രകടനം നടത്തി.

ചവറ ടൈറ്റാനിയം ജങ്ഷന്‍ , നീണ്ടകര, ചാത്തന്നൂര്‍ , പാരിപ്പള്ളി എന്നിവിടങ്ങളിലും ജയരാജന് അഭിവാദ്യം അര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ തിങ്ങിക്കൂടി. ചാത്തന്നൂരില്‍ പൊലീസ് ജീപ്പ് കയറി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിജുവിന്റെ കാലിന് പരിക്കേറ്റു. തിരുവനന്തപുരത്ത് ജയിലിനുമുന്നില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ , ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ മധു, ജില്ലാ കമ്മിറ്റി അംഗങ്ങളായ കരമന ഹരി, ജി രാജന്‍ , എസ് എസ് രാജലാല്‍ , പി രാജേന്ദ്രകുമാര്‍ , എം എം ബഷീര്‍ , ഡിവൈഎഫ്ഐ നേതാക്കളായ കെ എസ് സുനില്‍കുമാര്‍ , എസ് പി ദീപക്, ബി ബിജു, പി എസ് ഹരികുമാര്‍ , ഷൈലജ, എഐവൈഎഫ് നേതാവ് പി കെ കൃഷ്ണപ്രസാദ് എന്നിവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം നഗരത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സാമാന്യനീതിയുടെ നിഷേധം: എസ് ആര്‍ പി

ന്യൂഡല്‍ഹി: എം വി ജയരാജനെ ആറുമാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച ഹൈക്കോടതിയുടെ നടപടി സാമാന്യനീതിയുടെ നിഷേധമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ജയരാജനെതിരായ കോടതിയലക്ഷ്യ നടപടിക്രമങ്ങളില്‍ പരാതിക്കാരനും തെളിവ് കൊടുത്തയാളും തെളിവ് വാങ്ങിയയാളും വിധിപ്രസ്താവിച്ചയാളും ഹൈക്കോടതിതന്നെയാണ്. ഇത് സാമാന്യനീതിക്ക് നിരക്കുന്നതല്ല. കോടതിവിധി നടപ്പാക്കുന്നത് അപ്പീല്‍ കൊടുക്കുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത് അസാധാരണമായ നീതിനിഷേധമാണ്. അഭിപ്രായം പറയാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഹൈക്കോടതി വിധിയിലൂടെ നിഷേധിക്കപ്പെട്ടതിനെതിരെ ഉണ്ടായ ജനാധിപത്യാഭിപ്രായപ്രകടനത്തില്‍നിന്ന് ഉത്ഭവിച്ചതാണ് കേസിനാസ്പദമായ സംഭവമെന്നും&ാറമവെ;എസ് ആര്‍ പി ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിയില്‍ നിയമപരമായി നേരിടേണ്ട പ്രശ്നത്തെ സിപിഐ എം നിയമപരമായി നേരിടുമെന്നും ബഹുജനാഭിപ്രായം സംഘടിപ്പിച്ച് തിരുത്തേണ്ട കാര്യങ്ങള്‍ ജനങ്ങളെ ഇടപെടുവിച്ച് തിരുത്താന്‍ ശ്രമിക്കുമെന്നും എസ് ആര്‍ പി പറഞ്ഞു.

ജയിലില്‍ കിടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള വിധി: കോടിയേരി

തലശേരി: എം വി ജയരാജനെതിരായ ഹൈക്കോടതി വിധി സുപ്രീംകോടതി പരിശോധനക്ക് വിധേയമാക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വിധി സ്റ്റേചെയ്ത്, ശിക്ഷിക്കപ്പെടുന്നവര്‍ക്ക് അപ്പീല്‍പോകാന്‍ അവസരം നല്‍കുകയെന്ന പതിവ് ഈ കേസിലുണ്ടായില്ല. ജയരാജനെ ജയിലില്‍ കിടത്തണമെന്ന ഉദ്ദേശ്യത്തോടെ നടത്തിയ വിധിയാണിത്. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. പാതയോരത്ത് യോഗങ്ങള്‍ നിരോധിച്ചതിനെയാണ് എം വി ജയരാജന്‍ വിമര്‍ശിച്ചത്. കോടതിവിധിയെ വിമര്‍ശിക്കുന്നത് തെറ്റല്ല. എതിരഭിപ്രായം പറയുമ്പോള്‍ വായമൂടിക്കെട്ടുക എന്ന വിധത്തില്‍ കോടതിയലക്ഷ്യ നിയമം ഉപയോഗിക്കുന്നത് ശരിയല്ല. കോടതിയലക്ഷ്യ നിയമം കാലഹരണപ്പെട്ടിരിക്കുകയാണ്. ഈ നിയമം പുനഃപരിശോധനക്ക് വിധേയമാക്കണം. കോടതിവിധി സംബന്ധിച്ച ഒരു ചര്‍ച്ചയും സമൂഹത്തില്‍ പാടില്ലെന്ന നിലയിലേക്ക് പ്രശ്നത്തെ സമീപിക്കരുത്. പാതയോര യോഗം സംബന്ധിച്ച് നിയമസഭ പാസാക്കിയ നിയമം കോടതി ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്. ആരാധനാലയങ്ങള്‍ക്ക് ഘോഷയാത്ര നടത്താന്‍പോലും സാധിക്കാത്ത സാഹചര്യമാണുണ്ടാവുക. കേസില്‍ നിയമപരമായി എല്ലാ നടപടിയും തുടര്‍ന്നും സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

മൗലികാവകാശ ഷേധം: വി എസ്

എം വി ജയരാജതെിരായ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ തോവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാുള്ള സാവകാശംപോലും ഷേധിച്ച് ശിക്ഷ ടപ്പാക്കിയത് മൗലികാവകാശ ഷേധമായേ കാണാാവൂ എന്ന് വി എസ് പ്രസ്താവയില്‍ പറഞ്ഞു. ജുഡീഷ്യറിയെ മാ ക്കുകയും വിധികള്‍ അംഗീകരിക്കുകയും ചെയ്യുന്ന പ്രസ്ഥാമാണ് സിപിഐ എം. എന്നാല്‍ , കോടതിവിധികള്‍ വിമര്‍ശാതീതമല്ല. ഭരണകൂടത്തിന്റെ ദുര്‍യങ്ങള്‍ക്കും ജാധിപത്യ ഷേധടപടികള്‍ക്കുമെതിരെ പ്രതിഷേധിക്കാുള്ള അവകാശത്തിു വേണ്ടിയാണ് ജയരാജന്‍ പ്രതികരിച്ചത്. അതിലെ പരാമര്‍ശങ്ങളുടെ പേരില്‍ കോടതിയലക്ഷ്യക്കേസെടുത്ത് പരമാവധി ശിക്ഷ വിധിക്കുകയാണ് കോടതി ചെയ്തതെന്ന് വി എസ് പറഞ്ഞു.

വിധി നീതിപൂര്‍വമല്ലെന്ന വിമര്‍ശനത്തിന് ഇടയാക്കും: ഇ പി

മട്ടന്നൂര്‍ : ശിക്ഷിക്കപ്പെടുന്നവര്‍ക്ക് അപ്പീലിനുള്ള മൗലികാവകാശം നിഷേധിക്കുന്ന കോടതിവിധി നീതിപൂര്‍വമല്ലെന്ന വിമര്‍ശനത്തിനിടയാക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് ചുമത്തി എം വി ജയരാജനെ ആറുമാസം തടവിന് ശിക്ഷിക്കുകയും അപ്പീല്‍ അവകാശം നിഷേധിക്കുകയും ചെയ്ത ഹൈക്കോടതി വിധിയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശികമായ ഒരു ഹര്‍ജിയിലാണ് പാതയോരങ്ങളിലെ പൊതുയോഗം ഹൈക്കോടതി നിരോധിച്ചത്. കോടതിവിധി ജനാധിപത്യാവകാശങ്ങള്‍ക്ക് എതിരാണെന്നുള്ള പൊതു അഭിപ്രായമാണ് എം വി ജയരാജന്‍ ഉന്നയിച്ചത്. കേസെടുത്ത കോടതി തന്നെയാണ് ശിക്ഷ വിധിച്ചതും. അപ്പീലിനുള്ള അവകാശം നിഷേധിച്ച് പരമാവധി ശിക്ഷ നല്‍കിയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. എത്രവലിയ കുറ്റവാളിക്കും അപ്പീല്‍ അവകാശം നിഷേധിക്കപ്പെടാറില്ല. നീതിന്യായ വ്യവസ്ഥ ഭരണകൂടങ്ങള്‍ക്കനുകൂലമാകുന്ന സ്ഥിതി ജനാധിപത്യ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാകും. ഇതിനെതിരെ പ്രതിഷേധമുയരണം. ആറുമാസം തുറുങ്കിലടച്ച് പൊതുപ്രവര്‍ത്തകരെ നിശബ്ദരാക്കാനാവില്ല. ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയവരെ കാലം മഹാന്മാരായി വാഴ്ത്തിയിട്ടുണ്ടെന്നും ഇ പി പറഞ്ഞു.

സ്വാഭാവികനീതി നിഷേധിച്ചു: ചെറുന്നിയൂര്‍

അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഏതു പ്രതിക്കും നിയമം അനുശാസിക്കുന്ന സ്വാഭാവികനീതിയുടെ നിഷേധമാണ് എം വി ജയരാജനോട് കോടതി കാണിച്ചതെന്ന് പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി ശശിധരന്‍നായര്‍ പറഞ്ഞു. കോടതിയലക്ഷ്യക്കേസുകളില്‍ കുറഞ്ഞ ശിക്ഷ നല്‍കുന്നതും അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കുന്നതുമൊക്കയാണ് കീഴ്വഴക്കം. അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ഒരാഴ്ച വരെ സമയം അനുവദിക്കാറുമുണ്ട്. ഇവിടെ കടുത്ത ശിക്ഷ നല്‍കുക മാത്രമല്ല, ഉടന്‍ ജയിലിലേക്കയക്കുകയും ചെയ്തു. പാതയോരങ്ങളിലെ കൂട്ടായ്മകള്‍ നിരോധിച്ച വിധിയില്‍ പ്രതികരിച്ചതാണ് ജയരാജന്റെ കുറ്റം. സംഘടനാസ്വാതന്ത്ര്യത്തിനും പ്രതികരണങ്ങള്‍ക്കുമെതിരായ നീക്കം ജനാധിപത്യസംവിധാനത്തില്‍ അഭിലഷണീയമല്ല. ജയരാജന്റെ പ്രതികരണത്തില്‍ കോടതിയലക്ഷ്യമുണ്ടെന്ന് നിയമത്തിന്റെ തലനാരിഴകീറി പരിശോധിച്ച് കണ്ടുപിടിച്ച കോടതി ഇത്ര കടുത്ത ശിക്ഷ നല്‍കിയത് ന്യായീകരിക്കാവുന്നതല്ല.

ആദ്യം കഠിനതടവെന്ന്; ശിക്ഷ തിരുത്തി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: എം വി ജയരാജനെ കഠിന തടവിനു വിധിച്ച ഹൈക്കോടതി പിന്നീട് വെറുംതടവാക്കി തിരുത്തി. ആറുമാസത്തെ കഠിനതടവ് എന്ന് ശിക്ഷ വിധിച്ച ഡിവിഷന്‍ ബെഞ്ച് പിന്നീട് പ്രോസിക്യൂട്ടറെ വിളിച്ച് വെറുംതടവാണ് ശിക്ഷയെന്ന് തിരുത്തി അറിയിക്കുകയായിരുന്നു. കോടതിയലക്ഷ്യനിയമത്തിന്റെ രണ്ടാം വകുപ്പനുസരിച്ചാണ് കേസും ശിക്ഷയും. ഇതുപ്രകാരം പരമാവധി ശിക്ഷ ആറുമാസം വെറുംതടവും രണ്ടായിരം രൂപ പിഴയുമാണ്. ആ സ്ഥാനത്താണ് ഡിവിഷന്‍ ബെഞ്ച് ശിക്ഷ ആദ്യം കഠിനതടവാക്കി വിധിച്ചത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതില്‍ കോടതിയെടുത്ത മുന്‍വിധിയൊടെയുള്ള സമീപനമാണ് ഈ പിശകിനു വഴിവച്ചതെന്ന അഭിപ്രായം ഉയര്‍ന്നു. പരമാവധി ശിക്ഷ വിധിച്ചതും അപ്പീല്‍ ഹര്‍ജി നല്‍കാന്‍ സാവകാശം അനുവദിക്കാതിരുന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ടെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ വിധിക്കുക സാധാരണമല്ലെന്നും നിയമജ്ഞര്‍ പറഞ്ഞു.

എം വി ജയരാജന്‍ പുഴുവിനു സമാനമെന്ന്

കൊച്ചി: പി ശിവശങ്കറിനെപ്പോലുള്ള ആളുകള്‍ കോടതിയെ വിമര്‍ശിച്ചതിനു സമാനമായി എം വി ജയരാജന്റെ വിമര്‍ശത്തെ കാണാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിധിന്യായത്തില്‍ പറയുന്നു. കാരണം ജയരാജന്‍ കോടതിക്കുമുന്നില്‍ പുഴുവിനു സമാനമാണെന്ന് വിധിയില്‍ പറയുന്നു. ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെക്കുറിച്ച് പരാമര്‍ശിക്കാന്‍ ജയരാജന്‍ ആളല്ല. ജുഡീഷ്യറിയെ നേരെയാക്കാനുള്ള സമരം തുടരാനൊന്നും ജയരാജന്‍ ആളായിട്ടില്ലെന്നും കോടതി പരാമര്‍ശിച്ചു.

deshabhimani 081111

1 comment:

  1. പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടി ജയിലിലടയ്ക്കപ്പെട്ട സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന് കേരളത്തിന്റെ ഐക്യദാര്‍ഢ്യം. ജയരാജനെയുംകൊണ്ടുള്ള പൊലീസ്വാഹനം എറണാകുളത്തുനിന്ന് പുറപ്പെട്ടുവെന്ന വാര്‍ത്ത ദൃശ്യമാധ്യമങ്ങളിലൂടെ കേട്ട് വഴിയോരങ്ങളില്‍ തടിച്ചുകൂടിയ ജനങ്ങള്‍ രക്തപതാകയുമേന്തി അദ്ദേഹത്തെ അഭിവാദ്യംചെയ്യാനെത്തി. പലയിടത്തും പൊലീസ്വാഹനത്തിനുമുന്നില്‍ തടസ്സം സൃഷ്ടിച്ച ജനങ്ങള്‍ ജയരാജനെ പതാക വീശിയും പുഷ്പങ്ങള്‍ എറിഞ്ഞും അഭിവാദ്യംചെയ്തു. കോടതി ഉത്തരവ് വന്നതോടെ സംസ്ഥാനത്തെങ്ങും രോഷം അലയടിച്ചു. അപ്പീല്‍ നല്‍കാനുള്ള അവകാശംപോലും നിഷേധിച്ച് ജയിലിലടച്ചതിനെതിരെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ പ്രതിഷേധമുയര്‍ത്തി. പലയിടത്തും വായമൂടിക്കെട്ടിയും പ്രകടനം നടന്നു.

    ReplyDelete