Wednesday, November 9, 2011

എഴുത്തച്ഛന്‍ പുരസ്കാരം എംടിക്ക്

ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. മലയാള ഭാഷയ്ക്കും ആധുനിക മലയാള സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് എംടിയെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സാംസ്കാരിക മന്ത്രി കെ സി ജോസഫ് അവാര്‍ഡ് പ്രഖ്യാപിച്ച് പറഞ്ഞു. ഒരുലക്ഷം രൂപയായിരുന്ന പുരസ്കാരം ഈ വര്‍ഷം മുതല്‍ ഒന്നരലക്ഷം രൂപയായി വര്‍ധിപ്പിച്ചു. അവാര്‍ഡ് തുകയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന പുരസ്കാരം പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. തുഞ്ചത്തെഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് എംടി പറഞ്ഞു. രാമായണം വായിക്കുന്നതും ചൊല്ലുന്നതും കുട്ടിയായിരിക്കുമ്പോഴേ തുടങ്ങി. തെറ്റുകൂടാതെ ചൊല്ലാന്‍ മിടുക്കനായിരുന്നു താന്‍ . ഈ രൂപത്തില്‍ എഴുത്തച്ഛനെക്കുറിച്ചുള്ള ഓര്‍മ്മ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പുരസ്കാര തുകയായ ഒന്നരലക്ഷം രൂപ തിരൂരിലെ തുഞ്ചന്‍ സ്മാരകത്തില്‍ കുട്ടികളുടെ ലൈബ്രറിസ്ഥാപിക്കാന്‍ നല്‍കും.

തുഞ്ചത്താചാര്യ സ്മാരകത്തില്‍ സാംസ്കാരിക മ്യൂസിയമുണ്ട്. ധാരാളം കുട്ടികളെത്തുന്നു. എന്നാല്‍ അവര്‍ക്ക് ലൈബ്രറിയില്ല. അതു വേണമെന്ന് കുറേയായി ആഗ്രഹിക്കുന്നു. അവാര്‍ഡ് തുക അതിനാണ് സംഭാവന ചെയ്യുന്നതെന്ന് തുഞ്ചത്താചാര്യന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ എം ടി അവാര്‍ഡ് പ്രഖ്യാപനം അറിയിക്കാനെത്തിയ മന്ത്രി കെ സി ജോസഫിനോട്് പറഞ്ഞു. ലൈബ്രറി സ്ഥാപിക്കാന്‍ സഹായത്തിനായി ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജോസഫ് എംടിയെ അറിയിച്ചു. സാംസ്കാരിക മന്ത്രിക്കൊപ്പം മന്ത്രി എം കെ മുനീര്‍ , എം കെ രാഘവന്‍ എം പി, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരും അവാര്‍ഡ് വിവരമറിയിക്കാന്‍ കോഴിക്കോട് കൊട്ടാരം റോഡിലെ എം ടിയുടെ വീട്ടിലെത്തി. കെ എല്‍ മോഹനവര്‍മ്മ, എം ലീലാവതി, ജോസ് പനച്ചിപ്പുറം, പെരുമ്പടവം ശ്രീധരന്‍ , സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ എന്നിവരടങ്ങിയ ജൂറിയാണ് എംടിയ്ക്ക് പുരസ്കാരം നിര്‍ണയിച്ചത്.

deshabhimani 091111

1 comment:

  1. ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. മലയാള ഭാഷയ്ക്കും ആധുനിക മലയാള സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് എംടിയെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തതെന്ന് സാംസ്കാരിക മന്ത്രി കെ സി ജോസഫ് അവാര്‍ഡ് പ്രഖ്യാപിച്ച് പറഞ്ഞു.

    ReplyDelete