Wednesday, November 9, 2011

നിക്കരാഗ്വയില്‍ ഒര്‍ടേഗയ്ക്ക് മൂന്നാമൂഴം

മനാഗ്വ: നിക്കരഗ്വയില്‍ മാര്‍ക്സിസ്റ്റ് നേതാവ് ഡാനിയല്‍ ഒര്‍ടേഗ മൂന്നാംവട്ടവും പ്രസിഡന്റ് പദത്തിലേക്ക്. ഫലപ്രഖ്യാപനം പൂര്‍ത്തിയാകുംമുമ്പുതന്നെ ഒര്‍ടേഗ ചരിത്രഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. ആറ് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഒര്‍ടേഗ 66 ശതമാനം വോട്ടുനേടിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. എതിരാളിയായ വലതുപക്ഷനേതാവ് ഫാബിയോ ഗദിയക്ക് 26 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

മധ്യഅമേരിക്കയിലെ ഏറ്റവും ദരിദ്രരാജ്യമായിരുന്ന നിക്കരഗ്വയെ സാമ്പത്തികവളര്‍ച്ചയിലേക്ക് നയിച്ചതിന്റെ ഖ്യാതിയുമായാണ് അറുപത്തഞ്ചുകാരനായ ഒര്‍ടേഗ വീണ്ടും ജനവിധി തേടിയത്. വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസില്‍നിന്നുള്ള സാമ്പത്തികസഹായമാണ് ഒര്‍ടേഗയുടെ കരങ്ങള്‍ക്ക് പ്രധാനമായും ശക്തിപകര്‍ന്നത്. മൂന്നാംവട്ടവും അധികാരത്തിലേറുന്നതിന് നിക്കരഗ്വയില്‍ വിലക്കുണ്ടായിരുന്നു. 2009 നവംബറിലാണ് സുപ്രീംകോടതി വിധി ഈ വിലക്ക് നീക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകള്‍ ഒര്‍ടേഗ 48 ശതമാനം വോട്ട് നേടുമെന്ന് പ്രവചിച്ചിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ വിജയിക്കാന്‍ 40 ശതമാനം വോട്ടാണ് ഒര്‍ടേഗയ്ക്ക് വേണ്ടിയിരുന്നത്.

"ഞങ്ങള്‍ തന്നെയാണ് ജയിക്കുക"യെന്ന മുദ്രാവാക്യമുയര്‍ത്തി തലസ്ഥാനമായ മനാഗ്വയിലും മറ്റ് നഗരങ്ങളിലും ഒര്‍ടേഗയ്ക്ക് അഭിവാദ്യവുമായി സാന്‍ഡിനിസ്റ്റ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (എഫ്എസ്എല്‍എന്‍) പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അനസ്റ്റേഷ്യോ സമോസയുടെ സ്വേച്ഛാധിപത്യത്തെ തകര്‍ത്തെറിഞ്ഞ 1979ലെ ഗറില്ലാപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ ഒര്‍ടേഗ 1984ലാണ് ആദ്യമായി പ്രസിഡന്റായത്. 1996ലും 2001ലും പരാജയപ്പെട്ട അദ്ദേഹം 2006ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് വീണ്ടും വിജയിച്ചത്. ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഇത്തവണ തെരഞ്ഞെടുക്കപ്പെടുകയെന്ന് ഉറപ്പായിട്ടുണ്ട്.

deshabhimani 091111

1 comment:

  1. നിക്കരഗ്വയില്‍ മാര്‍ക്സിസ്റ്റ് നേതാവ് ഡാനിയല്‍ ഒര്‍ടേഗ മൂന്നാംവട്ടവും പ്രസിഡന്റ് പദത്തിലേക്ക്. ഫലപ്രഖ്യാപനം പൂര്‍ത്തിയാകുംമുമ്പുതന്നെ ഒര്‍ടേഗ ചരിത്രഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ചു. ആറ് ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഒര്‍ടേഗ 66 ശതമാനം വോട്ടുനേടിയെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. എതിരാളിയായ വലതുപക്ഷനേതാവ് ഫാബിയോ ഗദിയക്ക് 26 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.

    ReplyDelete