ഫ്രഞ്ച് പ്രസിഡന്റിന്റെ ശമ്പളം മരവിപ്പിച്ചു
പാരീസ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഫ്രാന്‍സില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കും മന്ത്രിമാര്‍ക്കും ശമ്പളം മുടങ്ങി. സര്‍ക്കാരിന്റെ ചെലവുചുരുക്കലിന്റെ ഭാഗമായാണ് ശമ്പളം മരവിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്‍ പറഞ്ഞു. ബിസിനസ് നേതാക്കളും ഈ പാത പിന്തുടരാന്‍ അദ്ദേഹം അഭര്‍ഥിച്ചു. 2016 ആവുമ്പോഴേക്കും ഫ്രാന്‍സിന്റെ സാമ്പത്തികബാധ്യത ഇല്ലാതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയനേതാക്കളും കോര്‍പറേറ്റ് കമ്പനികളും ഇതേ ഉത്തരവാദിത്തം കാണിക്കണം. ചില ബിസിനസ് മേധാവികളുടെ ശമ്പളവര്‍ധന മാന്യമല്ല- ഫില്ലന്‍ പറഞ്ഞു. 2007ല്‍ സര്‍ക്കോസി ശമ്പളം 170 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
ആക്രമിച്ചാല്‍ അമേരിക്ക പശ്ചാത്തപിക്കും: ഇറാന്‍
തെഹ്റാന്‍ : ആണവപദ്ധതിയുടെ പേരില്‍ തങ്ങള്‍ക്കെതിരെ ആക്രമണഭീഷണി മുഴക്കുന്ന അമേരിക്കയ്ക്കും പാശ്ചാത്യശക്തികള്‍ക്കുമെതിരെ ഇറാന്റെ താക്കീത്. ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് നീക്കമെങ്കില്‍ അതിനെ ഭയക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹ്മദിനെജാദ് പ്രഖ്യാപിച്ചു. അമേരിക്കയെ നേരിടാന്‍ തങ്ങള്‍ക്ക് ഒരു അണുബോംബിന്റെ ആവശ്യമില്ലെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു.
ഇറാന്‍ ജനതയോട് ഏറ്റുമുട്ടാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക് പശ്ചാത്തപിക്കേണ്ടിവരും. ചരിത്രത്തില്‍ ഇതിന് ഉദാഹരണങ്ങളുണ്ട്. മേഖലയിലെ ഏറ്റവും സവിശേഷമായ സൈനികശക്തിയാണ് ഇറാന്‍ . അയ്യായിരത്തോളം ആണവമിസൈലുകള്‍ സ്വന്തം ആയുധപ്പുരയില്‍ തയ്യാറാക്കിവച്ചിരിക്കുന്ന അമേരിക്കയാണ് ഇറാന്‍ ആണവായുധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് കുറ്റപ്പെടുത്തുന്നത്. ആണവനിരായുധീകരണത്തിന് അമേരിക്കയ്ക്ക് ഒരു പ്രതിബദ്ധതയുമില്ല. സ്വന്തം ആണവപണിപ്പുരയുടെ പുനരുദ്ധാരണത്തിന് 8100 കോടി ഡോളറാണ് അമേരിക്ക അധികമായി ചെലവിടുന്നത്. എന്നാല്‍ , ഇറാന്റെ ആണവപദ്ധതിക്കുള്ള ആകെ ബജറ്റ് 25 കോടി ഡോളര്‍ മാത്രമാണ്. ഊര്‍ജാവശ്യങ്ങള്‍ക്കായുള്ള സമാധാനപരമായ ആണവപദ്ധതിക്കെതിരെ പാശ്ചാത്യചേരി ഉയര്‍ത്തുന്ന കുറ്റാരോപണങ്ങള്‍ക്ക് തെല്ലും വിലകല്‍പ്പിക്കുന്നില്ലെന്നും നെജാദ് പറഞ്ഞു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) തലവന്‍ യുകിനോ അമാനോയെയും അഹ്മദിനെജാദ് വിമര്‍ശിച്ചു. അമാനോ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രസ്താവനകള്‍ സ്വന്തം പേരില്‍ പുനഃപ്രസിദ്ധീകരിക്കുകമാത്രമാണ് ഇദ്ദേഹം ചെയ്യുന്നത്. ഇറാന്റെ ഒരു സൈനികനെ കൊന്നാല്‍ അമേരിക്കയുടെ ഒരു ഡസന്‍ സൈനികര്‍ കൊല്ലപ്പെടുമെന്ന് റെവല്യൂഷണറി ഗാര്‍ഡിന്റെ വ്യോമവിഭാഗ മേധാവി ജനറല്‍ ആമിര്‍ അയി ഹജിസാദെ മുന്നറിയിപ്പ് നല്‍കി. ആണവായുധം നിര്‍മിക്കുന്നെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആരോപണത്തിന് ഒരു തെളിവുമില്ലെന്ന് ഇറാന്‍ വിദേശമന്ത്രി അലി അക്ബര്‍ സലേഹി പറഞ്ഞു.
അതേസമയം, ഇറാന്റെ ആണവപദ്ധതി ഗുരുതരമായ ആശങ്കയുണര്‍ത്തുന്നെന്ന് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിച്ചു. ഇറാനുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നതില്‍ അര്‍ഥമില്ലെന്നും സൈനികനടപടിയിലേക്ക് നീങ്ങണമെന്നും ഇസ്രയേല്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ ആക്രമണത്തിനും തങ്ങള്‍ക്ക് മടിയില്ലെന്നും സയണിസ്റ്റ് ഭരണകൂടം ഭീഷണിമുഴക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലുമായി ആശയവിനിയമത്തിലാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ വ്യക്തമാക്കി. 1979 മുതല്‍ ഇറാനെതിരെയുള്ള ദേശീയ അടിയന്തരാവസ്ഥ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഒരുവര്‍ഷത്തേക്കുകൂടി നീട്ടി. ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ഭരണത്തെ അട്ടിമറിച്ച് "എണ്ണലക്ഷ്യം" നേടിയ അമേരിക്ക ഇറാനിലും സിറിയയിലുമാണ് അടുത്ത് കണ്ണുവയ്ക്കുന്നതെന്ന് വ്യക്തമാണ്. ഇതിനായി അന്താരാഷ്ട്രവേദികളില്‍ അഭിപ്രായരൂപീകരണത്തിനായി അമേരിക്ക ഏറെക്കാലമായി സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റുകയാണ്.
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ഐഎഇഎയുടെ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് പാശ്ചാത്യരാജ്യങ്ങള്‍ തന്ത്രപരമായ നീക്കം ശക്തമാക്കിയത്. ഇറാന്റെ ആണവായുധനിര്‍മാണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന "കണ്ടുപിടിത്തം" റിപ്പോര്‍ട്ടിലുണ്ടെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ പ്രചാരണം. തങ്ങളുടെ ആശങ്കകളെ സാധൂകരിക്കുന്നതാകും ഐഎഇഎ റിപ്പോര്‍ട്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു. അതിനിടെ, ഇറാനെ സൈനികമായി ആക്രമിക്കാനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കത്തിനെതിരെ റഷ്യ രംഗത്തെത്തി. ഈ നീക്കം "അതീവ ഗുരുതരമായ പിഴവാ"കുമെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ് ഓര്‍മിപ്പിച്ചു. പ്രവചനാതീതമായ പ്രത്യാഘാതമാകും ഈ നീക്കം സൃഷ്ടിക്കുക. ആധുനിക ലോകത്തില്‍ ഒരു പ്രശ്നത്തിനും സൈനികനീക്കത്തിലൂടെ പരിഹാരം കാണാനാകില്ല- ലാവ്റോവ് വ്യക്തമാക്കി.
ജാക്സന്റെ മരണം: ഡോക്ടര്‍ കുറ്റക്കാരന്‍
ലൊസാഞ്ചലസ്: പോപ് ഇതിഹാസം മൈക്കല്‍ ജാക്സന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍ കോണ്‍റാഡ് മുറെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കുറ്റമാണ് ആറാഴ്ചത്തെ വിചാരണക്കൊടുവില്‍ ലൊസാഞ്ചലസ് സുപ്പീരിയര്‍ കോടതി ജഡ്ജി മൈക്കല്‍ പാസ്റ്റര്‍ ഡോക്ടര്‍ക്കെതിരെ സ്ഥിരീകരിച്ചത്. കേസില്‍ നവംബര്‍ 29ന് ശിക്ഷവിധിക്കും. പ്രതിയെ കോടതിയില്‍നിന്ന് വിലങ്ങുവച്ച് ജയിലിലേക്ക് കൊണ്ടുപോയി. തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ ഏറെക്കാത്തിരുന്ന വിധി പുറത്തുവന്നതോടെ ജാക്സന്റെ ആരാധകര്‍ പുറത്ത് ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ , മുറെയുടെ മുഖത്ത് ഭാവഭേദമൊന്നും ഉണ്ടായില്ല. ജാക്സന്റെ അമ്മ കാതറിന്‍ , അച്ഛന്‍ ജോ, സഹോദരങ്ങളായ റാന്‍ഡി, ജെര്‍മയ്ന്‍ , റെബ്ബീ, ലാ ടോയ തുടങ്ങിയവരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
ഏറെക്കാലമായി കാത്തിരുന്ന വിധിയാണിതെന്നും കണ്ണീരടക്കാന്‍ കഴിയുന്നിലെന്നും ജാക്സന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. "മൈക്കല്‍ , ഇതാ വിജയം. എല്ലാവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരും"- ലാ ടോയ ട്വിറ്ററില്‍ കുറിച്ചു.
സെപ്തംബര്‍ 27നാണ് കേസിന്റെ വിചാരണ തുടങ്ങിയത്. നാലുവര്‍ഷം തടവുശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് അമ്പത്തെട്ടുകാരനായ മുറെക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. മെഡിക്കല്‍രംഗത്ത് ജോലിചെയ്യുന്നതില്‍നിന്നും ഇയാളെ വിലക്കിയേക്കും. 2009 ജൂണ്‍ 25നാണ് മൈക്കല്‍ ജാക്സന്‍ മരിച്ചത്. പ്രോപോഫോള്‍ എന്ന ലഹരിമരുന്ന് തുടര്‍ച്ചയായി അമിതമായി കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. ജാക്സനെ അവസാനകാലത്ത് ചികിത്സിച്ചിരുന്നത് മുറെയായിരുന്നു. ജാക്സണ്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ലഹരിമരുന്ന് നല്‍കിയിരുന്നതെന്ന് ഡോക്ടര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു.
deshabhimani 091111
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഫ്രാന്‍സില്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്കും മന്ത്രിമാര്‍ക്കും ശമ്പളം മുടങ്ങി. സര്‍ക്കാരിന്റെ ചെലവുചുരുക്കലിന്റെ ഭാഗമായാണ് ശമ്പളം മരവിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ഫ്രാങ്കോയിസ് ഫില്ലന്‍ പറഞ്ഞു. ബിസിനസ് നേതാക്കളും ഈ പാത പിന്തുടരാന്‍ അദ്ദേഹം അഭര്‍ഥിച്ചു. 2016 ആവുമ്പോഴേക്കും ഫ്രാന്‍സിന്റെ സാമ്പത്തികബാധ്യത ഇല്ലാതാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ReplyDelete