(മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ നടത്തിയ "എനിക്കൊരു സ്വപ്നം ഉണ്ട്" എന്ന് തുടങ്ങുന്ന വിഖ്യാത പ്രസംഗത്തില്‍നിന്ന്).
അമേരിക്കയില്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് 1896 മുതലുള്ള ദീര്‍ഘമായ ചരിത്രമാണ് പറയാനുള്ളത്. ചരിത്രം നിറഞ്ഞുകിടക്കുന്ന ഈ പോരാട്ടങ്ങളൂടെ ശക്തമായ പാരമ്പര്യമാണ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം പേറുന്നത്. അമ്പതുദിവസത്തിനകം അമേരിക്കയില്‍ അന്‍പത് സംസ്ഥാനത്തും പിടിച്ചെടുക്കല്‍ പ്രക്ഷോഭം വ്യാപിക്കുകയും രാജ്യത്ത് പലമാറ്റങ്ങള്‍ക്കും നാന്ദി കുറിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും എടുത്തുപറയേണ്ട ഒന്നാണ് ബാങ്ക് ട്രാന്‍സ്ഫര്‍ ദിവസം. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റുകളോട് ജനങ്ങളില്‍ അമര്‍ഷം വര്‍ധിച്ചുവരുമ്പോള്‍ തന്നെയാണ് ബാങ്ക് ഓഫ് അമേരിക്ക അടക്കം പല പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളും തങ്ങളുടെ ഇടപാടുകാര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിന് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി. സ്വകാര്യ ബാങ്കുകളിലെ അക്കൗണ്ടുകള്‍ നിര്‍ത്തി ഇടപാടുകാര്‍ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ നേതൃത്വത്തില്‍ കൂട്ടമായി ക്രെഡിറ്റ് യൂണിയനുകള്‍ എന്ന് അറിയപ്പെടുന്ന സര്‍ക്കാര്‍ ബാങ്കുകളിലേക്കും അതില്ലാത്ത സ്ഥലങ്ങളില്‍ ചെറിയ ബാങ്കുകളിലേക്കും തങ്ങളുടെ അക്കൗണ്ടും നിക്ഷേപവും മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു. അതോടെ വന്‍കിട സ്വകാര്യബാങ്കുകള്‍ക്ക് അവര്‍ ഏര്‍പ്പെടുത്തിയ യൂസേഴ്സ് ഫീസ് പിന്‍വലിക്കേണ്ടിവന്നു. സുക്കോട്ടിപാര്‍ക്കിനെ വളരെ മോശം ഭാഷയില്‍ അധിക്ഷേപിക്കുന്ന ന്യൂയോര്‍ക്കിലെ വലതുപക്ഷ പത്രങ്ങള്‍ പോലും പിറ്റേന്ന് ഇറങ്ങിയത് ബാങ്കുകളുടെ പിന്മാറ്റത്തിന് വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് അമേരിക്ക കടപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്.
അമേരിക്കയിലെ പ്രസിദ്ധ വാര്‍ത്താമാധ്യമ ചാനലായ സിഎന്‍ബിസി അവരുടെ ഒരു വാര്‍ത്താവലോകനത്തില്‍ പറഞ്ഞത് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിനുമുമ്പ് കോര്‍പറേറ്റ് ആര്‍ത്തി എന്ന വാക്ക് മുഖ്യധാരാമാധ്യമങ്ങള്‍ ഉപയോഗിച്ചത് 165 തവണ എന്നാണ്. പ്രക്ഷോഭം ആരംഭിച്ചശേഷം 3,000+ ഉപയോഗിച്ചത്രെ. കൃത്യമായി എത്ര തവണയെന്ന് അവര്‍ക്ക് ഉറപ്പില്ല. കാരണം ഇത്രയും മാത്രമേ അവരുടെ സേര്‍ച്ച് എന്‍ജിന്‍ കാട്ടിയുള്ളൂ.
കാലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സിസ്കോ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന അമേരിക്കയിലെ പ്രമുഖ തുറമുഖനഗരമായ ഓക്ലാണ്ട് സിറ്റിയില്‍ ആരംഭിച്ച ഓക്ലാണ്ട് പിടിച്ചെടുക്കല്‍ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിലൂടെ ശ്രദ്ധേയമായി. അവിടെ നടന്ന പൊലീസ് അക്രമത്തില്‍ ഒരു വിമുക്തഭടന്‍ അതിക്രൂരമായി ആക്രമിക്കപ്പെടുകയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാവുകയും ചെയ്തു. അതോടെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയിലെ വിമുക്തഭഭടന്മാരുടെ സംഘടന രംഗത്തുവരുകയും അവര്‍ സുക്കോട്ടിപാര്‍ക്കിലേക്കു പ്രക്ഷോഭത്തിന് പിന്തുണയുമായി മാര്‍ച്ചുചെയ്യുകയുമുണ്ടായി. ആ തുറമുഖ നഗരത്തില്‍ ഒരു സമ്പൂര്‍ണ ഹര്‍ത്താല്‍ നടത്തിക്കൊണ്ട് അവിടെ സമരം കൂടൂതല്‍ ശക്തമാവുകയാണ് ഉണ്ടായത്.
ന്യൂയോര്‍ക്ക് തലസ്ഥാനമായ ആല്‍ബനിയില്‍ അരംഭിച്ച ആല്‍ബനി പിടിച്ചെടുക്കല്‍ പ്രക്ഷാഭം അടിച്ചമര്‍ത്താന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹയാത്രികനായ ആല്‍ബനി മേയര്‍ അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. എന്നാല്‍ , ആല്‍ബനി സിറ്റി പൊലീസ് കമീഷണര്‍ സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ഒപ്പം നിന്നു. അങ്ങനെ ആല്‍ബേനിയിലെ പ്രക്ഷോഭം ശക്തമായി തുടരുന്നു. ടെക്സാസ് സംസ്ഥാനത്തെ ഡാളസില്‍ ആരംഭിച്ച ഡാളസ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം നവംബര്‍ 30ന് പൊതുപണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കയാണ്.
വാള്‍സ്ട്രീറ്റില്‍ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുന്നോട്ടുള്ള തണുപ്പേറിയ ദിനങ്ങളിലേക്ക് സുക്കോട്ടിപാര്‍ക്കിന്റെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് പട്ടാളക്യാമ്പുകള്‍ക്ക് ഉപയോഗിക്കുന്ന ഉറപ്പേറിയതും തണുപ്പിനെ പ്രതിരോധിക്കുന്നതുമായ ടെന്റുകള്‍ പാര്‍ക്കില്‍ ഉറപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ . സമരമുഖത്തുള്ളവരെ തങ്ങളുടെ കഴിവിനും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ചുള്ള പ്രത്യേക ഗ്രൂപ്പുകളില്‍ ചേര്‍ത്തുകൊണ്ടാണ് ജനറല്‍ അസംബ്ലി പാര്‍ക്കിലെ ദൈനംദിനകാര്യങ്ങള്‍ നടത്തുന്നത്. പാര്‍ക്കിന്റെ വാള്‍സ്ട്രീറ്റിനോടുചേര്‍ന്ന കോണിലെ മേപ്പിള്‍ മരത്തിനുചുവട്ടില്‍ ഒരു തുറന്ന പ്രാര്‍ഥനാലയംതന്നെ ഒരുക്കിയിട്ടുണ്ട്. ഹിന്ദു, മുസ്ലിം, ബുദ്ധ, ജൂത, ക്രിസ്ത്യന്‍ അടക്കം ലോകത്തിലെ എല്ലാ മതങ്ങള്‍ക്കും അവിടെ പ്രാതിനിധ്യമുണ്ട്. പാര്‍ക്കിന്റെ ഒരറ്റത്ത് ഒരു മുത്തശ്ശി കമ്പിളിനൂല്‍ നെയ്ത് കുപ്പായങ്ങള്‍ തീര്‍ത്ത് തണുപ്പില്‍നിന്ന് രക്ഷനേടാന്‍ സമരരംഗത്തുള്ളവര്‍ക്ക് കൈമാറുന്നു. തങ്ങളാല്‍ ആകാവുന്ന സഹായം സമരത്തിനുനല്‍കുന്നു.
അപ്രതീക്ഷിതമായി ഒക്ടോബറില്‍ മഞ്ഞുപൊഴിഞ്ഞു! ചരിത്രത്തില്‍ത്തന്നെ അത്യപൂര്‍വം എന്ന് വിശേഷിപ്പിക്കാവുന്ന മഞ്ഞുവീഴ്ചയില്‍ സുക്കോട്ടിപാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ വിറച്ചുപോയി. മഞ്ഞുവീഴ്ചയുടെ തലേ രാത്രി അഗ്നിശമനസേന പാര്‍ക്കില്‍ ഉപയോഗിച്ചിരുന്ന ജനറേറ്ററുകള്‍ അപകടകരമാണെന്നുപറഞ്ഞ് അത് പിടിച്ചെടുത്തു. എന്നാല്‍ , ഒരു ജനറേറ്റര്‍ അതിനെയും അതിജീവിച്ചു. ബ്രൂക്കിലിനിലെ ബൈക്ക് മെക്കാനിക് സ്റ്റീവന്‍ മാന്‍ എന്ന 27കാരന്‍ ജനറേറ്റര്‍ ബാറ്ററികളെ സൈക്കിള്‍ ചവിട്ടി ചാര്‍ജ് ചെയ്യുകയാണ് ഈ ചെറുപ്പക്കാരന്‍ . ഇതുവഴി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് പാര്‍ക്കില്‍ ലഭ്യമാകുന്നത്.
വെര്‍മോണ്ടിലെ സ്റ്റെര്‍ലിങ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനി സമരത്തിലേക്കുകടന്നുവന്നത് ഗറില്ലാ ഗാര്‍ഡനിങ് സമരമുറ പരിശീലിപ്പിക്കാനാണ്. സ്വകാര്യവ്യക്തികളുടെയും സര്‍ക്കാരിന്റെയും തരിശുനിലങ്ങളില്‍ വിത്തുവിതറി, കൃഷി ഇറക്കി ഭൂമിയുടെ അവകാശികള്‍ തങ്ങളുടെ അവകാശം പ്രഖ്യാപിക്കുകയും ഭൂപരിഷ്കരണത്തിനുവേണ്ടി സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സുക്കോട്ടിപാര്‍ക്കിലെ ചെറിയ വൃക്ഷങ്ങള്‍ക്കുചുറ്റും അവര്‍ ഈ ശരത്കാലത്ത് തുളീപ് ചെടികളുടെ വിത്തുകള്‍ ഗറില്ലാ ഗാര്‍ഡനിങ്ങിലൂടെ നട്ടു. ഇനി മഞ്ഞിന്റെയും ഹിമപാതത്തിന്റെയും ദിനങ്ങളാണ്. മാസങ്ങള്‍ക്കുശേഷം ഭൂമിക്കുമുകളില്‍ പൊന്തിവരുന്ന തുളിപ് മൊട്ടുകള്‍ വിടരുമ്പോഴാണ് വസന്തത്തിലെ ആദ്യപുഷ്പങ്ങള്‍ വിരിയുക. ഹിമപാതത്തില്‍ കുതിര്‍ന്നു മരവിക്കുന്നവന്റെ പ്രതീക്ഷകളാണ് മണ്ണിനടിയില്‍ ഉറങ്ങിക്കിടക്കുന്ന ഈ ചെറുവിത്തുകള്‍ . മുകള്‍ത്തടത്തിലെ മണ്ണിനെ തട്ടിമാറ്റി അത് പുറത്തേക്ക് എത്തിനോക്കുമ്പോള്‍ വസന്തത്തില്‍ വര്‍ണമനോഹരമായി മാറും. സുക്കോട്ടിപാര്‍ക്കിലേക്ക് ഇപ്പോള്‍ അമേരിക്ക ഉറ്റുനോക്കുന്നത് ആ വസന്തത്തിന്റെ മനോഹാരിത കണ്ട് മിഴി ചിമ്മാനാണ്.
ന്യൂയോര്‍ക്കില്‍നിന്ന് റെജി പി ജോര്‍ജ്
deshabhimani 121111
അമേരിക്കയില്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് 1896 മുതലുള്ള ദീര്‍ഘമായ ചരിത്രമാണ് പറയാനുള്ളത്. ചരിത്രം നിറഞ്ഞുകിടക്കുന്ന ഈ പോരാട്ടങ്ങളൂടെ ശക്തമായ പാരമ്പര്യമാണ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം പേറുന്നത്. അമ്പതുദിവസത്തിനകം അമേരിക്കയില്‍ അന്‍പത് സംസ്ഥാനത്തും പിടിച്ചെടുക്കല്‍ പ്രക്ഷോഭം വ്യാപിക്കുകയും രാജ്യത്ത് പലമാറ്റങ്ങള്‍ക്കും നാന്ദി കുറിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും എടുത്തുപറയേണ്ട ഒന്നാണ് ബാങ്ക് ട്രാന്‍സ്ഫര്‍ ദിവസം. സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റുകളോട് ജനങ്ങളില്‍ അമര്‍ഷം വര്‍ധിച്ചുവരുമ്പോള്‍ തന്നെയാണ് ബാങ്ക് ഓഫ് അമേരിക്ക അടക്കം പല പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളും തങ്ങളുടെ ഇടപാടുകാര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിന് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായി.
ReplyDelete