Saturday, November 12, 2011

കൊലക്കയര്‍ ഒരുക്കിയത് സാഹചര്യത്തെളിവുകള്‍

തീവണ്ടിപ്പാളത്തില്‍ അബോധാവസ്ഥയില്‍ കിടന്ന സൗമ്യ മയക്കംവിട്ടുണര്‍ന്ന ഒരു നിമിഷത്തില്‍ ഒറ്റക്കയ്യനെക്കുറിച്ചു നല്‍കിയ സൂചനയാണ് പ്രതിക്ക് കൊലക്കയര്‍ ഒരുക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവായത്. കോടതി വിലയിരുത്തിയതുപോലെ അപൂര്‍വതകള്‍ നിറഞ്ഞ കേസില്‍ വിധി നിര്‍ണയിച്ചതാവട്ടെ, സാഹചര്യത്തെളിവുകളും.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രതിയുടെ ചെയ്തികളിലെ മൃഗീയത സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചാണ് അനാവരണം ചെയ്യപ്പെട്ടത്. പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും പിന്നെയും നീണ്ട വിസ്താരം മറ്റൊരപൂര്‍വത.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളില്‍ ഒരാള്‍പോലും കേസിന്റെ ഒരു ഘട്ടത്തിലും കൂറുമാറാതെ ഉറച്ചുനില്‍ക്കുകയും ചെയ്തു. സാധാരണഗതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷിയാകേണ്ട, പോസ്റ്റുമോര്‍ട്ടത്തില്‍ സഹായിച്ച ഡപ്യൂട്ടി പൊലീസ് സര്‍ജന്‍ പ്രതിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിപോലുമറിയാതെ അയാള്‍ക്കുവേണ്ടി വാദിക്കാന്‍ മുംബൈയില്‍ നിന്ന് അഭിഭാഷകസംഘവുമെത്തി. അങ്ങിനെ ഒട്ടേറെ സവിശേഷതകള്‍ നാടിന്റെ മനഃസാക്ഷിയ്ക്കു പൊള്ളലേല്‍പ്പിച്ച സൗമ്യവധക്കേസിനു മാത്രം അവകാശപ്പെട്ടതായി.

കേസിന്റെ തുടക്കം മുതലേ ഉത്തരമില്ലാത്തൊരു ചോദ്യം വിസ്മയഭാവം പൂണ്ടുനിന്നു. തമിഴ്‌നാട് സേലം വിരുതാചലം ഇരഞ്ചി ഐവത്തുകുടി സ്വദേശിയും കൊടുംക്രിമിനലുമായ ഗോവിന്ദച്ചാമി എന്ന 30 കാരനെ ആര്‍ക്കാണാവശ്യം.

മാതാപിതാക്കള്‍ ജീവിച്ചിരുപ്പില്ല. സഹോദരങ്ങള്‍ക്ക് അയാളെ വേണ്ട. പിന്നെയാര്‍ക്ക്? ഗോവിന്ദച്ചാമിമാരെ ആവശ്യമുള്ളവര്‍ വക്കീല്‍ ഫീസിനത്തിലും മറ്റും വാരിയെറിഞ്ഞത് ലക്ഷങ്ങളാണ്. പ്രതിഭാഗം വക്കീലായ ബി എ ആളൂര്‍ കേസിന്റെ ഒരിടവേളയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ''പ്രതിക്കുവേണ്ടി ഹാജരാകാന്‍ എനിക്ക് ഫീസ് തന്നിട്ടുണ്ട്. പക്ഷേ അതാരാണെന്ന് പറയില്ല. അതെന്റെ തൊഴില്‍രഹസ്യമാണ്''. ഗോവിന്ദച്ചാമിയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ പോകാനൊരുങ്ങുന്നതും അഡ്വ. ആളൂര്‍ തന്നെ.

പ്രതി കുറ്റകാരനെന്ന വിധി വന്നശേഷവും വിസ്താരം നീണ്ടുപോയത് കേസിന് മറ്റൊരു മാനം നല്‍കി. ഒരു പഴുതുപോലും ശേഷിക്കാതെ പ്രതിക്ക് കുരുക്ക് തീര്‍ക്കുകയായിരുന്നു പ്രോസിക്യൂഷന്‍. മുന്‍പ് തമിഴ്‌നാട്ടില്‍ പല പേരുകളില്‍ പല കേസുകളില്‍ ബന്ധപ്പെട്ടിട്ടുള്ളയാളും ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഭവിച്ചിട്ടുള്ളയാളുമാണ് സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമി എന്ന് അസന്നിഗ്ദ്ധമായി തെളിയിക്കാനായി. തമിഴ്‌നാട് സര്‍ക്കാരിന്റെ വിരലടയാള ബ്യൂറോയിലെ വിദഗ്ദ്ധയുടെ മൊഴി തെളിവുകള്‍ക്ക് കരുത്തു പകര്‍ന്നു.

അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന നേരത്തുള്ള സൗമ്യയുടെ മൊഴിയില്ലായിരുന്നെങ്കില്‍ ഒരു ദൃക്‌സാക്ഷി പോലുമില്ലാത്ത ഈ കേസിന്റെ സ്വഭാവം ആകപ്പാടെ മാറിമറിയുമായിരുന്നു. ആ വാക്കുകളാണ് അന്വേഷണത്തെ ഗോവിന്ദച്ചാമിയിലേക്കെത്തിച്ചത്. കോണ്‍ക്രീറ്റിലോ റയില്‍പ്പാളത്തിലോ തലയടിച്ചു വീണാല്‍ മാത്രമുണ്ടാവുന്നതാണ് സൗമ്യയുടെ തലയ്ക്കുള്ളിലെ മുറിവ് എന്ന ഡപ്യൂട്ടി പൊലീസ് സര്‍ജന്റെ നിഗമനം കൂടിയാകുമ്പോള്‍, ഒരു സാധാരണ ആത്മഹത്യ എന്ന നിലയിലേക്ക് തള്ളപ്പെടേണ്ടതായിരുന്നു കേസ്.

സൗമ്യയുടെ മൊഴിയും തീവണ്ടിയില്‍ സംശയാസ്പദമായ ഒരൊറ്റക്കയ്യനെ കണ്ടു എന്ന ഒരു യാത്രക്കാരന്റെ മൊഴിയുമില്ലായിരുന്നെങ്കില്‍ തലമുടിയില്‍ ചുറ്റിപ്പിടിച്ച് അഞ്ചുതവണയെങ്കിലും നിലത്തടിച്ചാല്‍ മാത്രമേ ഇടതുനെറ്റിയുടെ മുകളിലുള്ള പിറ്റിയൂട്ടറി ഗ്ലാന്‍ഡ് പൊട്ടുകയുള്ളു എന്ന പൊലീസ് സര്‍ജന്റെ മൊഴി, ഡപ്യൂട്ടി പൊലീസ് സര്‍ജന്റെ നിഗമനങ്ങളെയപ്പാടെ തള്ളിക്കളയുന്നതും സൗമ്യ തീവണ്ടിയില്‍ ആക്രമിക്കപ്പെട്ടു എന്ന വാദത്തിന് ഉപോത്ബലകവുമായി.

ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ആരെല്ലാം തുനിഞ്ഞിറങ്ങിയാലും സമൂഹമനസാക്ഷിയുടെ ശാപത്തില്‍ നിന്ന് സൗമ്യവധക്കേസിലെ പ്രതിയെ മോചിപ്പിച്ചെടുക്കാനാവില്ലെന്ന് അടിവരയിട്ടു പറയുന്ന വിധിയാണ് ഇന്നലെയുണ്ടായത്.

ബേബി ആലുവ janayugom 121111

1 comment:

  1. തീവണ്ടിപ്പാളത്തില്‍ അബോധാവസ്ഥയില്‍ കിടന്ന സൗമ്യ മയക്കംവിട്ടുണര്‍ന്ന ഒരു നിമിഷത്തില്‍ ഒറ്റക്കയ്യനെക്കുറിച്ചു നല്‍കിയ സൂചനയാണ് പ്രതിക്ക് കൊലക്കയര്‍ ഒരുക്കുന്നതില്‍ നിര്‍ണായക വഴിത്തിരിവായത്. കോടതി വിലയിരുത്തിയതുപോലെ അപൂര്‍വതകള്‍ നിറഞ്ഞ കേസില്‍ വിധി നിര്‍ണയിച്ചതാവട്ടെ, സാഹചര്യത്തെളിവുകളും.
    ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രതിയുടെ ചെയ്തികളിലെ മൃഗീയത സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചാണ് അനാവരണം ചെയ്യപ്പെട്ടത്. പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും പിന്നെയും നീണ്ട വിസ്താരം മറ്റൊരപൂര്‍വത.

    ReplyDelete