Tuesday, November 8, 2011

പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ക്രെഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കാണെന്നും മന്‍മോഹന്‍ സിങ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതിന്നിടയിലാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന, ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നത്. 2010ല്‍ രാജ്യത്താകെ 15,964 കൃഷിക്കാര്‍ കടം കയറി മുടിഞ്ഞ് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും 1995 മുതല്‍ക്കുള്ള 16 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത ആകെ കൃഷിക്കാരുടെ സംഖ്യ 2,56,913 ആണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ തന്നെ വ്യക്തമാക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടിലാണ്, ആരെയും ഉല്‍ക്കണ്ഠാകുലരാക്കുന്ന ഈ കണക്കുകള്‍ ഉള്ളത്. 1995ല്‍ ആകെ ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ സംഖ്യ 10,720 ആയിരുന്നത് വര്‍ഷംതോറും വര്‍ധിച്ച് 2010 വര്‍ഷത്തില്‍ 15,964ല്‍ എത്തിയിരിക്കുന്നു. വര്‍ധനയില്‍ അല്‍പസ്വല്‍പം ഏറ്റക്കുറച്ചിലുകള്‍ ഓരോ വര്‍ഷത്തിലും കാണാമെങ്കിലും ക്രമേണ വര്‍ധിക്കുന്ന പ്രവണത തന്നെയാണ് കാണുന്നത് എന്നതാണ് ആശങ്കാജനകം.

1991ല്‍ മന്‍മോഹന്‍ സിങ് കേന്ദ്ര ധനകാര്യമന്ത്രിയായി അധികാരമേറ്റതിനുശേഷം നയപരമായി ആരംഭിച്ച പുത്തന്‍ ഉദാരവല്‍ക്കരണ - സാമ്പത്തിക നയങ്ങളുടെ ആഘാതം ഇന്ത്യയുടെ ഗ്രാമീണമേഖലയിലെ കൃഷിക്കാരില്‍ ഉണ്ടാക്കിയ പാപ്പരീകരണമാണ് അഭൂതപൂര്‍വമായ ഈ ആത്മഹത്യകള്‍ക്ക് കാരണം എന്ന് സാമ്പത്തികശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലമായി ജിഡിപി ഉയര്‍ന്നിട്ടുണ്ടാകാം. ഒരു പിടി സമ്പന്നരുടെ ആസ്തി വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുണ്ടാവാം. (ലോകത്തിലെ ഏറ്റവും വലിയ പത്തു സമ്പന്നരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും ഒരു അംബാനിയുടെ ആസ്തി 1,30,000 കോടി രൂപയാണെന്നും ഉള്ള കണക്ക് പുറത്തുവന്നത് രണ്ടാഴ്ച മുമ്പാണ്) എന്നാല്‍ സമ്പന്നര്‍ അതിസമ്പന്നരാകുന്നതല്ല വളര്‍ച്ചയുടെ മാനദണ്ഡമായി എടുക്കേണ്ടതെന്നും സാധാരണക്കാരുടെയും ദരിദ്രരുടെയും സാമ്പത്തിക സ്ഥിതിയാണതിന് അടിസ്ഥാനമായിട്ടെടുക്കേണ്ടതെന്നും ഉള്ള വസ്തുത, മന്‍മോഹന്‍ സിങ് മറച്ചുവെയ്ക്കുന്നു. അങ്ങനെ വരുമ്പോള്‍ ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളതും ഏറ്റവും കടുത്ത ദാരിദ്ര്യമുള്ളതുമായ രാജ്യം ഇന്ത്യ തന്നെയാണ്. അതിന്റെ പ്രതിഫലനമാണല്ലോ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കൃഷിക്കാര്‍ തന്നെ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുന്നത്.

സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ പതിറ്റാണ്ടുകളില്‍ കേന്ദ്ര ഗവണ്‍മെന്‍റ് കാര്‍ഷികമേഖലയ്ക്ക് നല്‍കിയ ഊന്നല്‍ ക്രമേണ പിന്‍വലിച്ചതും കര്‍ഷകദ്രോഹനയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിയതും കൃഷിക്കാരെ കൂടുതല്‍ കൂടുതല്‍ പാപ്പരാക്കി. വിത്ത്, വളം, കീടനാശിനികള്‍ , വെള്ളം, വൈദ്യുതി തുടങ്ങി കൃഷിക്കാരന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളുടെ വിലയും ചാര്‍ജും വര്‍ധിപ്പിച്ചുകൊണ്ടേയിരുന്ന കേന്ദ്ര സര്‍ക്കാര്‍ , നാട്ടിന്‍പുറങ്ങളിലെ ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകളൊക്കെ പൂട്ടിച്ച്, കൃഷിക്കാര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമല്ലാതാക്കി. അതിെന്‍റ ഫലമായി അവര്‍ക്ക് കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ടി വന്നു. പെരുകുന്ന കടബാധ്യതയും ആദായകരമല്ലാത്ത കൃഷിപ്പണിയും ഉല്‍പന്നങ്ങളുടെ വിലയിടിവും സര്‍ക്കാരിന്റെ കര്‍ഷകദ്രോഹനയങ്ങളും എല്ലാം ചേര്‍ന്നപ്പോള്‍ ചെറുകിട - ഇടത്തരം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിയ്ക്കേണ്ടിവരുന്ന സ്ഥിതിയായി. അതാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത്.

1995 മുതലാണ് ബ്യൂറോ ഈ കണക്കുകള്‍ ശേഖരിച്ചു ക്രോഡീകരിച്ചു തുടങ്ങിയത്. പിന്നീടുള്ള 16 വര്‍ഷത്തെ രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കാണ് താഴെ കൊടുക്കുന്നത്. 2011ലെ കണക്കുകള്‍ ലഭ്യമായിട്ടില്ല. 1995 മുതല്‍ 2010 വരെയുള്ള കര്‍ഷക ആത്മഹത്യകള്‍ കൊല്ലം ഓരോ വര്‍ഷവും രാജ്യത്താകെ നടന്ന കര്‍ഷക ആത്മഹത്യകള്‍ 1995 10,720 1996 13,729 1997 13,622 1998 16,015 1999 16,082 2000 16,603 2001 16,415 2002 17,971 2003 17,164 2004 18,241 2005 17,131 2006 17,060 2007 16,632 2008 16,196 2009 17,368 2010 15,964 ആകെ 2,56,913

1995-2010 കാലഘട്ടത്തെ രണ്ടായി വിഭജിക്കുകയാണെങ്കില്‍ , 1995-2002 കാലത്തേതിനെ അപേക്ഷിച്ച് 2003-2010 കാലത്തെ എട്ടുവര്‍ഷങ്ങളില്‍ ആത്മഹത്യയുടെ നിരക്ക് വര്‍ധിച്ചതായി കാണാം. 1995-2002 കാലത്തെ എട്ടുവര്‍ഷങ്ങളില്‍ 1,21,157 കൃഷിക്കാര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2003-2010 കാലത്തെ എട്ടുവര്‍ഷങ്ങളില്‍ 1,35,756 പേരാണ് കടംവന്ന് ജീവനൊടുക്കിയത്. രാജ്യത്തെ മൊത്തം കൃഷിക്കാരുടെ സംഖ്യ കുറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെ സംഖ്യ വര്‍ധിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സെന്‍സസ് കണക്കനുസരിച്ച് 1991നും 2001നും ഇടയില്‍ കൃഷിക്കാരുടെ ആകെ സംഖ്യ 70 ലക്ഷത്തിലധികം കുറഞ്ഞു. 2001നും 2011നും ഇടയിലുണ്ടായ കുറവ് സംബന്ധിച്ച സെന്‍സസ് കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും, ലക്ഷക്കണക്കിന് കൃഷിക്കാര്‍ കൃഷി ഉപേക്ഷിച്ച് പോയിട്ടുണ്ട് എന്ന് വ്യക്തമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടകം, മധ്യപ്രദേശ് (ഛത്തീസ്ഗഢ് അടക്കമുള്ള മധ്യപ്രദേശിന്റെ ഭൂഭാഗങ്ങള്‍) എന്നീ നാല് സംസ്ഥാനങ്ങളിലാണ്, 2010ല്‍ ഇന്ത്യയില്‍ ആകെയുണ്ടായിട്ടുള്ള കര്‍ഷക ആത്മഹത്യകളില്‍ 66.49 ശതമാനവും നടന്നിട്ടുള്ളത് - അതായത് ആകെയുള്ള 15,964ല്‍ 10,614 എണ്ണവും ഈ നാല് സംസ്ഥാനങ്ങളിലാണ്. 1995 മുതല്‍തന്നെ ഈ പ്രവണത വ്യക്തമായിരുന്നു. 1995ല്‍ രാജ്യത്ത് ആകെ നടന്ന കര്‍ഷക ആത്മഹത്യകളില്‍ 56.04 ശതമാനവും (10,720ല്‍ 6008 എണ്ണം) ഈ നാല് സംസ്ഥാനങ്ങളിലായിരുന്നു. ഈ നാല് സംസ്ഥാനങ്ങളുടെ വിഹിതം വര്‍ഷംതോറും ക്രമേണ വര്‍ധിച്ചുവന്നു. 2002ല്‍ അത് മൊത്തം ആത്മഹത്യകളുടെ 58.48 ശതമാനമായിരുന്നു. 2006ല്‍ അത് 68.22 ശതമാനം വരെ ഉയരുകയുണ്ടായി. അതാണ് 2010ല്‍ 66.49 ശതമാനത്തിലെത്തി നില്‍ക്കുന്നത്.

രാജ്യത്തെ നാല് വലിയ സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം, രാജ്യത്തെ ഏറ്റവും സമ്പന്നമായ മഹാരാഷ്ട്ര സംസ്ഥാനത്തിനു തന്നെയാണ്. 2003-2010 കാലഘട്ടത്തില്‍ 30,415 കര്‍ഷക ആത്മഹത്യകള്‍ ആ സംസ്ഥാനത്ത് നടന്നപ്പോള്‍ , മധ്യപ്രദേശില്‍ 22,630 ആത്മഹത്യകളും ആന്ധ്രപ്രദേശില്‍ 18,404 ആത്മഹത്യകളും കര്‍ണാകടത്തില്‍ 16,983 എണ്ണവും ആണ് നടന്നത്. 1995-2002 കാലഘട്ടത്തിലും ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം മഹാരാഷ്ട്രയ്ക്കു തന്നെയാണ്. ഈ കാലത്ത് മഹാരാഷ്ട്രയില്‍ ആകെ 20,066 കര്‍ഷക ആത്മഹത്യകള്‍ നടന്നപ്പോള്‍ ഛത്തീസ്ഗഢ് അടക്കമുള്ള മധ്യപ്രദേശില്‍ 18,432 എണ്ണവും ആന്ധ്രപ്രദേശില്‍ 12,716 എണ്ണവും കര്‍ണാടകത്തില്‍ 18,070 ആത്മഹത്യകളും ആണ് നടന്നത്. മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ കൃഷിക്കാരുടെ ദുരിതകഥ കുപ്രസിദ്ധമാണല്ലോ. കൃഷിക്കാരുടെ രക്ഷകനാണെന്ന് പറയപ്പെടുന്ന മഹാരാഷ്ട്രക്കാരനായ ശരദ്പവാര്‍ ആണ് കഴിഞ്ഞ എട്ടുവര്‍ഷമായി കേന്ദ്ര കൃഷിവകുപ്പു മന്ത്രി എന്ന കാര്യവും നാം ഓര്‍ക്കണം. മഹാരാഷ്ട്ര ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമാണെങ്കിലും ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതും അവിടെത്തന്നെ. മഹാരാഷ്ട്രയിലെ പ്രതിശീര്‍ഷ പ്രതിവര്‍ഷ വരുമാനം 74,027 രൂപയാണെന്നും അത് ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലെ പ്രതിശീര്‍ഷ പ്രതിവര്‍ഷ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്നതാണെന്നും നാം ഓര്‍ക്കണം. സംസ്ഥാനത്തിെന്‍റ മൊത്തം വരുമാനം വര്‍ധിക്കുമ്പോഴും കൃഷിക്കാര്‍ അടക്കമുള്ള സാധാരണക്കാര്‍ പാപ്പരാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്. വളര്‍ച്ച ഒരു പിടി സമ്പന്നര്‍ക്കുമാത്രം!

എന്‍. പി. ചിന്ത 111111

1 comment:

  1. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ക്രെഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കാണെന്നും മന്‍മോഹന്‍ സിങ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതിന്നിടയിലാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന, ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നത്. 2010ല്‍ രാജ്യത്താകെ 15,964 കൃഷിക്കാര്‍ കടം കയറി മുടിഞ്ഞ് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും 1995 മുതല്‍ക്കുള്ള 16 വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത ആകെ കൃഷിക്കാരുടെ സംഖ്യ 2,56,913 ആണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ തന്നെ വ്യക്തമാക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടിലാണ്, ആരെയും ഉല്‍ക്കണ്ഠാകുലരാക്കുന്ന ഈ കണക്കുകള്‍ ഉള്ളത്. 1995ല്‍ ആകെ ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ സംഖ്യ 10,720 ആയിരുന്നത് വര്‍ഷംതോറും വര്‍ധിച്ച് 2010 വര്‍ഷത്തില്‍ 15,964ല്‍ എത്തിയിരിക്കുന്നു. വര്‍ധനയില്‍ അല്‍പസ്വല്‍പം ഏറ്റക്കുറച്ചിലുകള്‍ ഓരോ വര്‍ഷത്തിലും കാണാമെങ്കിലും ക്രമേണ വര്‍ധിക്കുന്ന പ്രവണത തന്നെയാണ് കാണുന്നത് എന്നതാണ് ആശങ്കാജനകം.

    ReplyDelete