Tuesday, November 8, 2011

കോടതിയലക്ഷ്യം; ജയരാജന് 6 മാസം തടവ്


കോടതിയലക്ഷ്യ ക്കേസില്‍ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജനെ ആറു മാസത്തെ തടവിന് ശിക്ഷിച്ചു. രണ്ടായിരം രൂപ പിഴയും നല്‍കണം. ജസ്റ്റിസുമാരായ വി രാംകുമാര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസിലെ പരമാവധി ശിക്ഷ വിധിച്ചത്. വിധി നടപ്പാക്കുന്നത് നിര്‍ത്തവയ്ക്കണമെന്ന അഭ്യര്‍ഥന നിരസിച്ച കോടതി ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയക്കാന്‍ നിര്‍ദേശിച്ചു. പന്ത്രണ്ടുമണിയോടെ അദ്ദേഹത്തെ പൊലീസ് വാഹനത്തില്‍ പൂജപ്പുരയിലേക്ക് കൊണ്ടുപോയി.

പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട വിധിക്കെതിരെ 2010 ജൂണില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യത്തിന് ആധാരം. ശുംഭന്‍ എന്ന പരാമര്‍ശത്തിലൂടെ ജഡ്ജിമാരെയും നീതിപീഠത്തെയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം. ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ലെന്നും ജനഹിതത്തിനെതിരായ കോടതി വിധിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ജയരാജന്‍ വിശദീകരിച്ചിരുന്നു. തന്റെ പ്രസംഗം പൂര്‍ണ്ണമായും സംപ്രേക്ഷണം ചെയ്യാതെ വിവാദ ഭാഗങ്ങള്‍ മാത്രമാണ് ദൃശ്യമാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. ഇതിനാലാണ് കോടതി തന്റെ പ്രസംഗത്തെ തെറ്റിദ്ധരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ആലുവ റെയില്‍വെ സ്റ്റേഷനുമുന്നില്‍ പൊതുയോഗങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു സംസ്ഥാനത്താകമാനം പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധിയുണ്ടായത്. കേരളത്തിലാകെ ഹൈക്കോടതി വിധിക്കെതിരെ വ്യാപകമായ ജനവികാരം ഉയര്‍ന്നുവന്നിരുന്നു. ജസ്റ്റിസുമാരായ എ കെ ബഷീര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ആദ്യം പരിഗണിച്ചത്. ജസ്റ്റിസ് ബഷീര്‍ വിരമിച്ചതോടെ കേസ് ജസ്റ്റിസുമാരായ വി രാംകുമാര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ബഞ്ചിലേക്ക് മാറ്റി. കോടതിയലക്ഷ്യ നടപടി നേരിടുന്ന മൂന്നാമത്തെ സിപിഐ എം നേതാവാണ് എം വി ജയരാജന്‍ . ഇഎംഎസും പാലോളി മുഹമ്മദ് കുട്ടിയുമാണ് ഇതിനുമുന്‍പ് നടപടി നേരിട്ട നേതാക്കള്‍ . ഇഎംഎസിനെതിരായ നടപടി സുപ്രീംകോടതിയില്‍ ഒരു രൂപ പിഴയടച്ചതോടെ അവസാനിച്ചു. പാലോളി തന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞു.

സാമാന്യനീതിക്ക് നിരക്കാത്തത്; അപ്പീല്‍ നല്‍കും :പിണറായി

കോടതിയലക്ഷ്യ കേസില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനെ ജയിലില്‍ അടച്ച ഹൈക്കോടതി വിധി നിര്‍ഭാഗ്യകരവും സാമാന്യനീതിയുടെ നിഷേധവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലാണ് ശിക്ഷ. പരാതിക്കാരും തെളിവെടുത്തവരും വിധി പ്രസ്താവിച്ചവരും ഒന്നാണ്. കോടതിയലക്ഷ്യക്കേസുകളുടെ അലകും പിടിയും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നതെന്ന് സെക്രട്ടറിയിറ്റ് തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാടിനും ജനങ്ങള്‍ക്കും പൗരാവകാശത്തിനുംവേണ്ടി ശബ്ദിക്കുന്നവരെ പ്രതികാരബുദ്ധിയോടെ തുറുങ്കിലടയ്ക്കുന്നത് ഇന്ത്യന്‍ ഭഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ പിച്ചിച്ചീന്തുന്നതാണ്. പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ടതാണ് ജയരാജനെതിരായ കോടതിയലക്ഷ്യക്കേസ്. ഈ ശിക്ഷകൊണ്ട് പാതയോരത്ത് ഒത്തുകൂടാനുള്ള ജനങ്ങളുടെ അവകാശം നിഹനിക്കാനാവില്ല. ഈ അവകാശം നേടിയെടുക്കുന്നതിനുള്ള ജനങ്ങളുടെ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം തുടരും. പാതയോരത്തെ പൊതുയോഗവും മതഘോഷയാത്രയും നിരോധിച്ച ഹൈക്കോടതി വിധി ജനാധിപത്യാവകാശം ദുര്‍ബലപ്പെടുത്തുമെന്ന വിശാലമായ കാഴ്ചപ്പാടാണ് സമൂഹത്തിലുള്ളത്. ഈ വിധി നിലനില്‍ക്കുന്നതുകൊണ്ടാണ് മന്ത്രിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ യോഗം ചേരുന്നതിനെതിരെപോലും ക്രിമിനല്‍ക്കേസ് ചുമത്തുന്ന സ്ഥിതി ഉണ്ടാകുന്നത്. ഈ വികാരം പ്രതിഫലിപ്പിക്കുകയായിരുന്നു ജയരാജന്‍ കോടതിവിധിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തിലൂടെ ചെയ്തത്. നിയമസഭ ഇത് സംബന്ധിച്ച് ഐകകണ്ഠ്യേന നിയമം പാസാക്കിയിട്ടുണ്ട്. ജയരാജന്റെ പ്രസംഗത്തില്‍ ഈ കാഴ്ചപ്പാട് കാണാന്‍ കഴിയും.

എന്നാല്‍ , ജയരാജന്റെ വാക്കുകളെ ആ പശ്ചാത്തലത്തില്‍ കാണാന്‍ കോടതിക്ക് കഴിഞ്ഞില്ല. നീതിപീഠം ഒരിക്കലും വികാരത്തിന് അടിപ്പെടുകയോ വിധിന്യായം പ്രതികാരബുദ്ധിയില്‍ അധിഷ്ഠിതമാകാനോ പാടില്ല. കോടതിയലക്ഷ്യക്കേസില്‍ 12-ാം വകുപ്പ് പ്രകാരം പരമാവധി നല്‍കാവുന്ന ശിക്ഷ ആറുമാസവും 2000 രൂപ പിഴയുമാണ്. സാധാരണയായി പ്രതീകാത്മകമായ ശിക്ഷയാണ് നല്‍കാറുള്ളത്. അതില്‍നിന്ന് വ്യത്യസ്തമായി പരമാവധി ശിക്ഷ ജയരാജന് നല്‍കി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം നിഷേധിച്ച് ഉടനടി ജയിലില്‍ അടച്ചത് അനുചിതമായെന്നും സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി.

ജയരാജന് ആയിരങ്ങളുടെ അഭിവാദ്യം

കോടതിയലക്ഷ്യക്കേസില്‍ ആറ് മാസം തടവിന് ശിക്ഷിച്ച സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം എം വി ജയരാജനെ പൂജപ്പുര ജയിലിലെത്തിച്ചു. ജയിലിനുമുന്നില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജയരാജന് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് അദ്ദേഹത്തെ ജയിലിനുള്ളിലെത്തിച്ചത്. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലും ചാത്തന്നൂരിലും ജനങ്ങള്‍ ജയരാജന് അഭിവാദ്യമര്‍പ്പിച്ചു. ജയിലിനു മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞെത് നേരിയ സംഘര്‍ഷത്തിനിടയാക്കി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. ജയരാജന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള നിരവധി പോസ്റ്ററുളുമായാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജയിലിന് മുന്നിലെത്തിയത്. സുരക്ഷ കണക്കിലെടുത്ത് ജയരാജനെ ജയിലില്‍ ഒറ്റയ്ക്ക് താമസിപ്പിക്കാന്‍ തീരുമാനമായി. ജയിലിലെ ഏഴാം ബ്ലോക്കിലെ മുറിയിലൊന്നാണ് ജയരാജന് നല്‍കുക.

deshabhimani news

1 comment:

  1. കോടതിയലക്ഷ്യ ക്കേസില്‍ സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജനെ ആറു മാസത്തെ തടവിന് ശിക്ഷിച്ചു. രണ്ടായിരം രൂപ പിഴയും നല്‍കണം. ജസ്റ്റിസുമാരായ വി രാംകുമാര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസിലെ പരമാവധി ശിക്ഷ വിധിച്ചത്. വിധി നടപ്പാക്കുന്നത് നിര്‍ത്തവയ്ക്കണമെന്ന അഭ്യര്‍ഥന നിരസിച്ച കോടതി ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയക്കാന്‍ നിര്‍ദേശിച്ചു. പന്ത്രണ്ടുമണിയോടെ അദ്ദേഹത്തെ പൊലീസ് വാഹനത്തില്‍ പൂജപ്പുരയിലേക്ക് കൊണ്ടുപോയി.

    ReplyDelete