Wednesday, January 11, 2012

സിന്‍ഡിക്കറ്റ് തീരുമാനം മനുഷ്യത്വരഹിതം

കേരളസര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് ഉപലോകായുക്ത ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗീകരിക്കുകയും ഹൈക്കോടതിയില്‍ അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. സിന്‍ഡിക്കറ്റിലെ പത്തംഗങ്ങളുടെ അനുകൂല വോട്ടോടെയാണ് ഈ തീരുമാനമെടുത്തത് എന്നും സര്‍വകലാശാല പറയുന്നു. എന്നാല്‍ , ഇത് വസ്തുതാപരമല്ല. സിന്‍ഡിക്കറ്റ് യോഗത്തിലെ നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിക്കൊണ്ടാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.

ക്രമവിരുദ്ധത 

സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ ആകെ 23 അംഗങ്ങളാണുള്ളത്. ഇവരില്‍ വിസി, പിവിസി, സര്‍ക്കാര്‍ പ്രതിനിധികളായ അഞ്ചുപേര്‍ എന്നിവരുള്‍പ്പെടുന്നു. 21 പേരാണ് ഈ മാസം ഒമ്പതിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികളില്‍ ഒരാളും ഒരു എല്‍ഡിഎഫ് (സിപിഐ) പ്രതിനിധിയും പങ്കെടുത്തിരുന്നില്ല. ഉപലോകായുക്തയുടെ റിപ്പോര്‍ട്ടായിരുന്നു അജന്‍ഡ. യോഗം ആരംഭിച്ചതുമുതല്‍ ഉപലോകായുക്തയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്ന വാദം എട്ട് അംഗങ്ങള്‍ ഉന്നയിച്ചു. നോമിനേഷന്‍ ലെറ്റര്‍ ഇല്ലാതെയാണ് ഐടി സെക്രട്ടറിയുടെ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കുന്നതെന്നും ഈ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഉപലോകായുക്തയുടെ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുത്ത് ഉപലോകായുക്തയെ അറിയിക്കേണ്ട ഉന്നതവിദ്യാഭ്യാസസെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുന്നത് ഉചിതമല്ലെന്നും വാദിച്ചു.

ഇതിനിടയില്‍ ഉപലോകായുക്ത റിപ്പോര്‍ട്ടിന്മേല്‍ അപ്പീല്‍ പോകേണ്ടതില്ലെന്ന് അഭിപ്രായമുള്ളവര്‍ ആരെല്ലാമെന്ന് സഭാധ്യക്ഷനായ വിസി ചോദിച്ചു. പത്തംഗങ്ങള്‍ കൈയുയര്‍ത്തി. ഉടനെ ഉപലോകായുക്തയുടെ റിപ്പോര്‍ട്ട് സഭ അംഗീകരിച്ചിരിക്കുന്നുവെന്നും അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നുവെന്നും സഭ പിരിഞ്ഞിരിക്കുന്നുവെന്നും വിസി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ക്രമവിരുദ്ധമാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ എട്ട് അംഗങ്ങള്‍ അപ്പോഴും ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ രണ്ടു പേരുടെ ആവശ്യാനുസരണം അവരുടെ അഭിപ്രായം രേഖയിലുള്‍പ്പെടുത്തി. ഗുരുതരമായ പിശകാണ് വിസിയുടെ ഭാഗത്തുനിന്നുണ്ടായത്. മുന്‍കൂട്ടി ആസൂത്രണംചെയ്ത കപട നാടകത്തിലെ വിദൂഷകനാകുകയായിരുന്നു വിസി. പതിനൊന്നംഗങ്ങളുടെ അഭിപ്രായം ആരായാതെ, പത്തുപേര്‍ മാത്രം അനുകൂലിച്ച തീരുമാനമാണ് വിസി പ്രഖ്യാപിച്ചത്. 11 പേരില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുമുണ്ടായിരുന്നു. ഐടി സെക്രട്ടറിയുടെ പ്രതിനിധി നോമിനേഷന്‍ ലെറ്റര്‍ ഇല്ലാതെയാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുക്കാനുള്ള അവകാശം തന്നെയില്ലാത്ത അദ്ദേഹത്തിന്റെ വോട്ടുള്‍പ്പെടെ സാധുവായി സ്വീകരിക്കുകയാണ് വിസി ചെയ്തിരിക്കുന്നത്.

ചട്ടവിരുദ്ധത 

ലോകായുക്തയുടെ ചട്ടം 12(3) അനുസരിച്ചാണ് ഉപലോകായുക്ത ഉന്നതവിദ്യാഭ്യാസസെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഈ നിയമത്തിലെ 12(4), 12(5), 12(7) വകുപ്പുകള്‍ അനുസരിച്ച്, റിപ്പോര്‍ട്ട് ലഭിച്ച് മൂന്നുമാസത്തിനുള്ളില്‍ കോംപെറ്ററ്റീവ് അതോറിറ്റി (ഇവിടെ അതോറിറ്റി ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയാണ്) റിപ്പോര്‍ട്ടിനെ സംബന്ധിച്ച തീരുമാനം ലോകായുക്തയെ അറിയിക്കണം. ആ തീരുമാനം ലോകായുക്ത/ഉപലോകായുക്തയ്ക്ക് തൃപ്തികരമാണെങ്കില്‍ കേസ് അവിടെ അവസാനിപ്പിക്കും. അല്ലാത്തപക്ഷം ലോകായുക്ത/ഉപലോകായുക്ത പ്രത്യേക റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് നല്‍കും. പ്രത്യേക റിപ്പോര്‍ട്ട് ഗവര്‍ണര്‍ ഒരു വിശദീകരണ മെമ്മോറാണ്ടം സഹിതം നിയമസഭയ്ക്കു വിടും. ഇതാണ് നിയമമെന്നിരിക്കേ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ തീരുമാനം വരുന്നതിനുമുമ്പുതന്നെ സിന്‍ഡിക്കറ്റ് ലോകായുക്ത റിപ്പോര്‍ട്ട് അംഗീകരിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് വ്യക്തമായ ചട്ടലംഘനമാണ്.

യുക്തിരാഹിത്യം, അധാര്‍മികത 

അപ്പീല്‍ പോകാനും സര്‍വകലാശാലയുടെ വിശ്വാസ്യത സംരക്ഷിക്കാനുമുള്ള വ്യക്തമായ കാരണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്. ഉപലോകായുക്തയുടെ റിപ്പോര്‍ട്ടിലെ പലഭാഗത്തും അവ്യക്തതയുണ്ട്. ആ സാഹചര്യത്തില്‍ അപ്പീല്‍ പോകേണ്ടതില്ല എന്ന തീരുമാനം യുക്തിപരമല്ല. മാത്രമല്ല, എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച ചെറുപ്പക്കാരോട് കാണിക്കുന്ന ക്രൂരമായ അധാര്‍മികത കൂടിയാണ്. നിയമന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്നതും ഉത്തരക്കടലാസുകള്‍ (ഒഎംആര്‍ ഷീറ്റ്) കാണുന്നില്ലെന്നതും സര്‍വകലാശാലയുടെ ഭാഗത്തുള്ള ഗുരുതരമായ വീഴ്ചയാണ്. തങ്ങളുടെ വീഴ്ചയ്ക്ക് നിയമനം ലഭിച്ചവര്‍ കുറ്റക്കാരല്ലെന്നിരിക്കെ അവരെ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ഉത്തരവാദിത്തമാണ്. നിയമനം ലഭിച്ചവര്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്തതായി റിപ്പോര്‍ട്ടില്‍ ഒരുഭാഗത്തും പറയുന്നില്ല.

നിയമനരീതിയെ സംബന്ധിച്ച് കേരളസര്‍വകലാശാല സ്റ്റാറ്റ്യൂട്ട് വളരെ വ്യക്തമായി പറയുന്നുണ്ട്. സ്റ്റാറ്റ്യൂട്ട് 8 പാര്‍ട്ട്- 2 അധ്യായം 4 അനുസരിച്ച് നിയമന നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കണം. എന്നാല്‍ , 2005ല്‍ യുഡിഎഫ് സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കറ്റാണ് സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കാതെ നിയമന നടപടികള്‍ ആരംഭിച്ചത്. ഈ അപാകതയെ ഉപലോകായുക്ത റിപ്പോര്‍ട്ട് വളരെ ഗൗരവപരമായ പിശകായി ചുണ്ടിക്കാണിക്കുന്നുണ്ട്.

എഴുത്തുപരീക്ഷയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചതും വിജ്ഞാപനം പുറപ്പെടുവിച്ചതും എഴുത്തുപരീക്ഷ നടത്തിയതും ഒഎംആര്‍ ഷീറ്റ് മൂല്യനിര്‍ണയത്തിനായി അയച്ചുകൊടുത്തതും മൂല്യനിര്‍ണയം കഴിഞ്ഞ് രേഖകള്‍ സര്‍വകലാശാല കൈപ്പറ്റിയതും ഇതേ സിന്‍ഡിക്കറ്റിന്റെ കാലത്താണ്. അക്കാലയളവില്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായിരുന്നവരെ സംരക്ഷിക്കാനാണ് അപ്പീല്‍ പോകേണ്ടതില്ലെന്ന വഴിവിട്ട തീരുമാനം ധൃതിയിലെടുത്തതെന്ന് കരുതേണ്ടിയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച സിന്‍ഡിക്കറ്റാണ് ലിസ്റ്റ് പരസ്യപ്പെടുത്തുകയും ഇന്റര്‍വ്യൂ നടത്തുകയും ചെയ്തത്. സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കുന്നതും അപ്പോഴാണ്. ഇന്റര്‍വ്യൂവില്‍ എഴുത്തുപരീക്ഷയുടെ ആകെ മാര്‍ക്കായ 100 75 ലേക്ക് പരിവര്‍ത്തനം ചെയ്യുകയും ഇന്റര്‍വ്യൂവിന് 25 മാര്‍ക്ക് നിശ്ചയിക്കുകയുംചെയ്തു. എന്തെങ്കിലും ബോധപൂര്‍വമായ ക്രമക്കേടിനുവേണ്ടി അങ്ങനെ ചെയ്തുവെന്ന് ഉപലോകായുക്തപോലും പരാമര്‍ശിക്കുകയോ കണ്ടെത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഇന്റര്‍വ്യൂകളില്‍ പിഎസ്സി ഉള്‍പ്പെടെ ഇത്തരത്തില്‍ മാര്‍ക്ക് പരിവര്‍ത്തനപ്പെടുത്താറുണ്ട്. ഇന്റര്‍വ്യൂവിനെത്തുടര്‍ന്നാണ് നിയമനത്തെ സംബന്ധിച്ച് പരാതികള്‍ ഉയരുന്നത്. സ്വജനപക്ഷപാതവും രാഷ്ട്രീയതാല്‍പ്പര്യവും നിയമനത്തിലുണ്ടെന്നതായിരുന്നു ആരോപണത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയനേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കും നിയമനം ലഭിച്ചുവെന്നതായിരുന്നു ആരോപണം. ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് ഉപലോകായുക്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

"രാഷ്ട്രീയനേതാക്കളുടെ ബന്ധുക്കള്‍ക്കോ അയല്‍ക്കാര്‍ക്കോ ഒരു ഓഫീസില്‍ ജോലിനോക്കുന്ന ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കോ നിയമനം ലഭിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല. രാഷ്ട്രീയപക്ഷപാതിത്വം കാരണമാണ് ആ നിയമനം ലഭിച്ചതെന്ന മുന്‍വിധിക്ക് സാധ്യതയില്ല. രാഷ്ട്രീയ സ്വാധീനമോ ഉന്നത രാഷ്ട്രീയവ്യക്തികളുടെ സ്വാധീനമോ ഉണ്ടെന്നതിന് തെളിവുകളില്ലാത്ത സാഹചര്യത്തില്‍ നിയമനം ലഭിച്ച ചില ഉദ്യോഗാര്‍ഥികളുടെ കാര്യത്തില്‍ രാഷ്ട്രീയപക്ഷപാതിത്വമുണ്ടെന്ന് പറയാനേ സാധ്യമല്ല"(ഖണ്ഡിക 51).

സെലക്ഷന്‍ ബോര്‍ഡ് രൂപീകരിക്കാതിരുന്നതും ഒഎംആര്‍ ഷീറ്റ് കാണാതായതും സര്‍വകലാശാലയുടെ പിഴവാണെന്നിരിക്കേ ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലാത്ത നിയമനം ലഭിച്ച ജീവനക്കാരെ സംരക്ഷിക്കാന്‍ സര്‍വകലാശാലയ്ക്ക് കടമയുണ്ട്. ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് സുകുമാരന്‍ കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് ഒഎംആര്‍ ഷീറ്റ് കാണാതായതിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഒഎംആര്‍ ഷീറ്റ് കണ്ടെത്തുകയും തിരിമറി നടന്നിട്ടില്ലെന്നു തെളിയുകയുംചെയ്താല്‍ നിയമനം നഷ്ടമാകുന്നവര്‍ക്ക് അതു തിരിച്ചുനല്‍കാന്‍ സര്‍വകലാശാലയ്ക്കു കഴിയുമോ?

അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. കാരണം പതിനായിരക്കണക്കിന് ബിരുദധാരികളായ ചെറുപ്പക്കാരോടുള്ള വഞ്ചനയാണത്. അതേസമയം, ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഈ നിയമനം സ്വീകരിച്ചവരും നിയമനത്തിന് ശേഷം മറ്റ് ജോലികള്‍ ലഭിച്ചപ്പോള്‍ അവ സ്വീകരിക്കാതിരുന്നവരും സുരക്ഷിതവും സ്ഥിരവുമായ ഒരു ജോലി കിട്ടിയതിന്റെ ഉറപ്പില്‍ കുടുംബം കെട്ടിപ്പടുക്കാന്‍ തുടങ്ങിയവരും ഉള്‍പ്പെടെ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള അത്താണിയായി ഈ നിയമനത്തെ കണ്ട നിരവധി പേരുണ്ട്. അവരുടെ കണ്ണീരില്‍ ചവിട്ടിനിന്നാണ് സര്‍വകലാശാല ഉപലോകായുക്തയുടെ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമായി അംഗീകരിക്കുകയും അപ്പീല്‍ പോകേണ്ടതില്ലായെന്ന മനുഷ്യത്വരഹിതമായ തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നത്. അതും; സിന്‍ഡിക്കറ്റ് യോഗത്തിലെ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ട്.
 
പി എസ് ശ്രീകല deshabhimani 110112

3 comments:

  1. അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. കാരണം പതിനായിരക്കണക്കിന് ബിരുദധാരികളായ ചെറുപ്പക്കാരോടുള്ള വഞ്ചനയാണത്. അതേസമയം, ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഈ നിയമനം സ്വീകരിച്ചവരും നിയമനത്തിന് ശേഷം മറ്റ് ജോലികള്‍ ലഭിച്ചപ്പോള്‍ അവ സ്വീകരിക്കാതിരുന്നവരും സുരക്ഷിതവും സ്ഥിരവുമായ ഒരു ജോലി കിട്ടിയതിന്റെ ഉറപ്പില്‍ കുടുംബം കെട്ടിപ്പടുക്കാന്‍ തുടങ്ങിയവരും ഉള്‍പ്പെടെ തങ്ങളുടെ ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള അത്താണിയായി ഈ നിയമനത്തെ കണ്ട നിരവധി പേരുണ്ട്. അവരുടെ കണ്ണീരില്‍ ചവിട്ടിനിന്നാണ് സര്‍വകലാശാല ഉപലോകായുക്തയുടെ റിപ്പോര്‍ട്ട് ചട്ടവിരുദ്ധമായി അംഗീകരിക്കുകയും അപ്പീല്‍ പോകേണ്ടതില്ലായെന്ന മനുഷ്യത്വരഹിതമായ തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നത്. അതും; സിന്‍ഡിക്കറ്റ് യോഗത്തിലെ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിക്കൊണ്ട്.

    ReplyDelete
  2. nalla tholikkatti venam ithokke ezhuthi prasidheekarikkan

    ReplyDelete
  3. കമ്പര നാരായണന്റെ മോള്‍ ഉള്ളതിനാല്‍ ഈ ലിസ്റ്റ് അങ്ങിനെ ഉമ്മന്‍ ചാണ്ടി തള്ളിക്കളയില്ല എന്നാണു ഞാന്‍ വിചാരിച്ചിരുന്നത് , സിണ്ടിക്കേറ്റ് എന്നുവച്ചാല്‍ സീ പീ എം മൂട് താങ്ങികള്‍ അല്ലാതെ അവനൊക്കെ എന്ത് സാമൂഹിക പ്രതിബദ്ധത?

    ReplyDelete