Monday, January 16, 2012

ഇറാനെതിരായ യുദ്ധനീക്കം

പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ അമേരിക്കന്‍കപ്പലുകളെ ഇറാന്‍ പ്രകോപിപ്പിക്കുകയാണെന്ന് യുഎസ് നാവികസേന ഉയര്‍ത്തിയ ആരോപണം ഇറാഖ് അധിനിവേശത്തില്‍ പ്രയോഗിച്ച തന്ത്രത്തിന്റെ തനിയാവര്‍ത്തനത്തില്‍ കവിഞ്ഞ ഒന്നുമല്ല. ഇറാനെതിരെ തുടര്‍ച്ചയായ നുണപ്രചാരണങ്ങള്‍ അമേരിക്ക അഴിച്ചുവിടുകയാണ്. ഇറാനെ ആക്രമിക്കാന്‍ സൈന്യം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി 2011 അവസാനം അമേരിക്കന്‍ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത മേധാവി മാര്‍ട്ടിന്‍ ഡംപ്സെ തുറന്നു പറഞ്ഞിരുന്നു.

ഇറാന്‍ ആണവപദ്ധതിയുടെ പേരില്‍ ഗള്‍ഫില്‍ പടിപടിയായി അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. ആദ്യം എണ്ണ ഉപരോധം, തുടര്‍ന്ന് ആക്രമണത്തിന് കളമൊരുക്കാനുള്ള പ്രചാരണം, ഒപ്പം സൈനിക വിന്യാസം-ഒരു തിരക്കഥയിലെന്നപോലെ അമേരിക്കന്‍ ആക്രമണ പദ്ധതി മുന്നേറുമ്പോള്‍ ലോകം മറ്റൊരു യുദ്ധത്തിന്റെ ആശങ്കയിലേക്കാണ് വീഴുന്നത്. കുവൈത്തില്‍ 15,000 യുഎസ് സൈനികര്‍ പുതുതായി താവളമുറപ്പിച്ചു. രണ്ടു വിമാനവാഹിനി കപ്പലുകള്‍ അറേബ്യന്‍ ഉള്‍ക്കടലില്‍ സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു. സൗദി അറേബ്യയിലും മറ്റും പടക്കോപ്പുകള്‍ കുന്നുകൂട്ടുകയാണ്. സിറിയയെയും ഇറാനെയും ആക്രമിക്കാനുള്ള അമേരിക്കന്‍നീക്കം ഏറെക്കുറെ പരസ്യമായിത്തന്നെ നടക്കുന്നു. സിറിയക്കെതിരായ അമേരിക്കന്‍ ആക്രമണ നീക്കത്തിനെതിരെ ചൈനയും റഷ്യയും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. സിറിയയിലേക്ക് റഷ്യ പടക്കപ്പല്‍ അയച്ചു. എന്നിട്ടും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണത്തെ അട്ടിമറിക്കാനുള്ള അമേരിക്കന്‍ശ്രമത്തിന്റെ തീവ്രത ഒട്ടും കുറഞ്ഞതായി കാണുന്നില്ല. ആദ്യം സിറിയയില്‍ ലിബിയന്‍ തന്ത്രം നടപ്പാക്കി അട്ടിമറിയിലൂടെ അമേരിക്കന്‍ പാവഭരണത്തെ സ്ഥാപിക്കുക, തുടര്‍ന്ന് ഇറാനെ ഇറാഖിനെയെന്നപോലെ നശിപ്പിച്ച് സ്വന്തമാക്കുക എന്നതാണ് എണ്ണവെറിപൂണ്ട സാമ്രാജ്യത്വ പദ്ധതിയുടെ കാതല്‍ .

പുതുവത്സരത്തലേന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവച്ച നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട് പ്രകാരം ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും കമ്പനികളും അമേരിക്കയില്‍ ബിസിനസ് നടത്തുന്നത് വിലക്കുന്നു. നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതിന് തടസ്സം സൃഷ്ടിച്ചതും ഇറാനില്‍നിന്നുള്ള വാതക പൈപ്പ്ലൈന്‍ പദ്ധതി ഇല്ലാതാക്കിയതും ഇതേ വഴിക്കുള്ള ഇടപെടലുകളായിരുന്നു. ഇപ്പോള്‍ ഇറാനുനേരെയുള്ള സാമ്പത്തികമായ യുദ്ധപ്രഖ്യാപനംതന്നെയാണ് നിയമനിര്‍മാണത്തിലൂടെ അമേരിക്ക നടത്തിയത്. ഇസ്രയേലില്‍ അസാധാരണമായ സൈനിക കേന്ദ്രീകരണവും സൈനിക അഭ്യാസവും നടക്കുന്നു. ഇറാഖില്‍നിന്ന് പിന്‍വലിച്ച സൈനികരില്‍ വലിയ വിഭാഗത്തെ അമേരിക്കയിലേക്ക് തിരിച്ചയക്കാതെ ബഹ്റൈന്‍ , ഖത്തര്‍ , സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിര്‍ത്തിയിരിക്കുന്നു. ഇറാനുനേരെ ഏതുനിമിഷവും ആക്രമണം നടത്താനുള്ള അമേരിക്കയുടെ ഒരുക്കമായാണ് ഇതിനെയെല്ലാം നിരീക്ഷകര്‍ കാണുന്നത്.

ഇനിയൊരു യുദ്ധം താങ്ങാനുള്ള ശേഷി ഗള്‍ഫ് മേഖലയ്ക്കില്ല. സാമ്പത്തിക മാന്ദ്യംമൂലം ദുരിതനാളുകള്‍ താണ്ടുന്ന ഗള്‍ഫിലേക്ക് യുദ്ധത്തിന്റെ വിഷവിത്തുമായി അമേരിക്കന്‍പട റോന്തുചുറ്റുന്നത് മേഖലയെയാകെ അസ്വസ്ഥമാക്കുകയാണ്. സിറിയക്കെതിരായ നീക്കത്തെ റഷ്യയും ചൈനയും ചെറുത്തതുപോലെ ഇറാനെതിരായ യുദ്ധ നീക്കങ്ങള്‍ തുറന്നുകാട്ടാനും എതിര്‍ക്കാനും തയ്യാറാകേണ്ട രാജ്യമാണ് ഇന്ത്യ. ഇറാനുമായി ഇന്ത്യയ്ക്കുള്ള ദീര്‍ഘകാലത്തെ സുഹൃദ്ബന്ധവും ഇന്ത്യ ഇന്നലെകളില്‍ ഉയര്‍ത്തിപ്പിടിച്ച ചേരിചേരാ നയത്തിന്റെ ഔന്നത്യവും സാധാരണനിലയില്‍ നമ്മുടെ രാജ്യത്തെ അത്തരമൊരു പ്രതികരണത്തിലേക്കാണ് നയിക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അമേരിക്കയ്ക്ക് വിധേയപ്പെട്ട് ഇറാനെതിരെ അന്താരാഷ്ട്ര വേദികളിലടക്കം ശത്രുപക്ഷത്തുനിന്ന് പ്രതികരിക്കുകയാണ് ഇന്ന് ഇന്ത്യ. മറ്റൊരു യുദ്ധം നടത്താനുള്ള പുതിയ അമേരിക്കന്‍ നീക്കങ്ങളോട് ഒത്തുനിന്ന് ഇറാനെതിരായ ചേരിയില്‍ ഇന്ത്യ അണിനിരന്നുകൂടാ. ഇന്നത്തെ തെറ്റായ സമീപനം തിരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണം. തിരുത്തിക്കാന്‍ ശക്തമായ ബഹുജനസമ്മര്‍ദം ഉയരുകയും വേണം.

deshabhimani editorial 160112

No comments:

Post a Comment