Wednesday, January 11, 2012

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഗുരുതരമായ ബലക്ഷയം ഉണ്ടായിട്ടുള്ളതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സാങ്കേതിക വിദഗ്ധര്‍ നടത്തിയ വിവിധ പരിശോധനയിലാണ് ഗുരുതരമായ ബലക്ഷയം കണ്ടെത്തിയിട്ടുള്ളത്.

അണക്കെട്ടിന്റെ കല്ലുകള്‍ക്കിടയിലെ സുര്‍ക്കി പൂര്‍ണമായും ഒലിച്ചു പോയിട്ടുണ്ട്.  മൂന്നര മീറ്റര്‍ ആഴത്തില്‍ നിന്നും ശേഖരിച്ച സാമ്പിളില്‍ സുര്‍ക്കിയുടെ അശം തീരെ കുറവായിരുന്നു. സാമ്പിളുകളില്‍ ചെറുതും വലുതുമായ 65 കല്ലുകള്‍ മാത്രമാണ് പരിശോധന സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. സുര്‍ക്കി മിശ്രിതത്തിന്റെ കണികപോലും ഈ ഭാഗത്തുനിന്ന് കിട്ടിയില്ല. കോണ്‍ക്രീറ്റ് പാളികളെ ബന്ധിപ്പിക്കുന്നത് സുര്‍ക്കി മിശ്രിതമാണ്.

സുര്‍ക്കി മിശ്രിതത്തിന് ഗണ്യമായ തോതില്‍ ബ്ലീച്ചിംഗ് നടക്കുന്നതായാണ് പരിശോധന വ്യക്തമാക്കുന്നത്. സുര്‍ക്കിയുടെ അളവ് ഉപരിതലത്തില്‍ തീരെ കുറവാണ്. കൂടുതല്‍ ആഴത്തിലെ സുര്‍ക്കി മിശ്രിതം കൂടുതലായും ഒലിച്ചുപോയിരിക്കാമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു. മുല്ലപ്പെരിയാര്‍ നിര്‍മ്മിച്ചുള്ളത് ഗ്രാവിറ്റി ഡാമാണ്. അതായത് ഡാമിന്റെ ഭാരമാണ് ബലം നിശ്ചയിക്കുന്നത്. കൂടുതല്‍ സുര്‍ക്കി ഒലിച്ചുപോയതിനാല്‍ ഡാമിന്റെ ഭാരത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചതായും വിദഗ്ധര്‍ പറയുന്നു. ഇതൊക്കെ ഡാമിന്റെ ഗുരുതരമായ ബലക്ഷയത്തെയാണ് സൂചിപ്പിക്കുന്നത്. രണ്ടു മണിക്കൂര്‍ കൊണ്ട് മൂന്നര മീറ്റര്‍ ആഴത്തില്‍ ബോര്‍ഹോള്‍ എടുക്കാന്‍ കഴിഞ്ഞതും അണക്കെട്ടിന്റെ ദുര്‍ബലാവസ്ഥയുടെ തെളിവാണ്. അണക്കെട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സുര്‍ക്കി മിശ്രിതത്തിന്റെ ബലം പരിശോധിക്കാനുള്ള സാമ്പിള്‍ ശേഖരിക്കല്‍ ഈ മാസം നാലിനാണ് ആരംഭിച്ചത്.

1200 അടി നീളമുള്ള അണക്കെട്ടില്‍ 475 അടിയിലും 780 അടിയിലും 55 മില്ലിമീറ്റര്‍ വ്യാസമുള്ള ബോര്‍ഹോളുകള്‍ നിര്‍മിച്ചാണ് സാമ്പിള്‍ ശേഖരിക്കുന്നത്. 780 അടിയിലെ ബോര്‍ഹോള്‍ 6.8 മീറ്റര്‍ താഴ്ചയില്‍ എത്തിയപ്പോള്‍ മുതല്‍ അണക്കെട്ടിന്റെ ബലക്ഷയം വ്യക്തമാകുന്ന തെളിവുകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ ആഴത്തിലേക്ക് പോയപ്പോള്‍ അണക്കെട്ടിന്റെ ഉള്‍ഭാഗത്ത് കല്ലുകളെ തമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സുര്‍ക്കി മിശ്രിതം ഇല്ലെന്ന വ്യക്തമായ സൂചനയാണ് പരിശോധനാ സംഘത്തിന് ലഭിച്ചത്.

കെ ആര്‍ ഹരി  janayugom 110112

1 comment:

  1. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഗുരുതരമായ ബലക്ഷയം ഉണ്ടായിട്ടുള്ളതായി വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം സാങ്കേതിക വിദഗ്ധര്‍ നടത്തിയ വിവിധ പരിശോധനയിലാണ് ഗുരുതരമായ ബലക്ഷയം കണ്ടെത്തിയിട്ടുള്ളത്.

    ReplyDelete