Saturday, April 7, 2012

കരസേനാമേധാവിക്കെതിരായ നീക്കത്തിന് പിന്നില്‍ മന്ത്രിയും ഇടനിലക്കാരും


കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിനെ കരിതേച്ചു കാട്ടാന്‍ യുപിഎ സര്‍ക്കാരിലും സേനയിലുമുള്ള പ്രമുഖര്‍ ഏറെ വിയര്‍പ്പൊഴുക്കി. കരസേനയുടെ രണ്ട് യൂണിറ്റുകള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ചുചെയ്ത് അട്ടിമറിനീക്കം നടത്തിയെന്ന വാര്‍ത്തയ്ക്കുപിന്നിലും സിങ്ങിനെതിരെ തുടര്‍ച്ചയായി നടക്കുന്ന അപവാദ പ്രചാരണത്തിനുപിന്നിലും വലിയൊരു സംഘത്തിന്റെ ഏകോപനമുണ്ടെന്ന് തെളിയുന്നു. ഒരു കേന്ദ്രമന്ത്രി, ഒരു ദേശീയ പത്രത്തിന്റെ എഡിറ്റര്‍, കരസേനയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായി. ഇതിന്റെ ഫലമാണ് അട്ടിമറിശ്രമം നടത്തിയെന്ന വാര്‍ത്ത. സേനാ വിഭാഗങ്ങള്‍ക്കായി ആയുധം വാങ്ങുന്നതില്‍ വലിയ അഴിമതി നടത്തുന്ന ഒരു സംഘമാണ് ഇതിന് എല്ലാ ഒത്താശയുംചെയ്തത്. രാഷ്ട്രീയനേതാക്കളും ഇടനിലക്കാരും സേനാ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്. കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കാകട്ടെ ആയുധ ഇടപാടുകാരുമായി അടുത്ത ബന്ധവും.

എത്ര പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്നും ആരൊക്കെ ഏതെല്ലാം വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നും അറിയാമെന്ന് ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ കരസേനാ മേധാവി പറഞ്ഞു. സേനയെ ആരെങ്കിലും വഞ്ചിച്ചാല്‍ തക്കതായ ശിക്ഷ അനുഭവിക്കേണ്ടിവരും. തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്താന്‍ പലര്‍ക്കും കാര്യമായി പണം നല്‍കിയിട്ടുണ്ട്. ആര്‍മിയില്‍നിന്ന് റിട്ടയര്‍ ചെയ്ത തേജിന്ദര്‍സിങ് മാത്രമല്ല, നിരവധി പേര്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. സേനാ യൂണിറ്റുകളുടെ പരിശീലന മാര്‍ച്ചിനെ അട്ടിമറിശ്രമമായി വ്യാഖ്യാനിച്ച് തനിക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ സാധ്യതയുണ്ടെന്ന് കരസേനാ മേധാവി നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് മാര്‍ച്ച് 13ന് നല്‍കിയ അഭിമുഖത്തിലാണ് ജനറല്‍സിങ് ഇങ്ങനെയൊരു സൂചന നല്‍കിയത്. ഏപ്രില്‍ നാലാം തീയതി ഈ സൂചന യാഥാര്‍ഥ്യമാകുകയും വാര്‍ത്ത പുറത്തുവരികയുംചെയ്തു. വാര്‍ത്ത കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചെങ്കിലും വാര്‍ത്തയ്ക്കുള്ള അര്‍ധസത്യം നിറഞ്ഞ വസ്തുതകള്‍ ചോര്‍ത്തിക്കൊടുത്തതും കേന്ദ്രസര്‍ക്കാരിലെ ഉത്തരവാദിത്തമുള്ളവര്‍ തന്നെ.

വിരമിച്ച സൈനികോദ്യോഗസ്ഥര്‍ സേനാ ആസ്ഥാനത്ത് കയറിയിറങ്ങി ഗുഢാലോചന നടത്തുന്നത് ഏറെക്കാലമായി തുടരുന്നുണ്ട്. പ്രതിരോധമന്ത്രിയുടെ ഓഫീസിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍ ഒരു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ കാര്യമായ പങ്ക് വഹിച്ചിരുന്നു. സേനാ മേധാവിയാണെങ്കില്‍പോലും അഴിമതിക്ക് കൂട്ടുനിന്നില്ലെങ്കില്‍ രക്ഷയില്ലെന്നാണ് അവസ്ഥ. ജനറല്‍ സിങ് കരസേനാ മേധാവിയായശേഷം സേനയുടെ ആധുനികവല്‍ക്കരണത്തിനുവേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തി. ഇടനിലക്കാരെ ഒഴിവാക്കി ഇടപാട് നടത്താനും ശ്രമിച്ചു. അതിനുശേഷമാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. വയസ്സ് വിവാദവും അതിനുശേഷം ഉണ്ടായതാണ്. ഏറ്റവുമൊടുവില്‍ അട്ടിമറിനീക്കമെന്ന ആരോപണവും ഉയര്‍ന്നു.
(വി ജയിന്‍)

സൈന്യത്തിന്റെ ആയുധങ്ങള്‍ പഴഞ്ചന്‍: സിഎജി റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശേഷി കാലഹരണപ്പെട്ടതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. രണ്ടാംലോകയുദ്ധത്തിലെ സാങ്കേതികവിദ്യ അവലംബിക്കുന്നതും 1970കളില്‍ വികസിപ്പിച്ചതുമായ തോക്കുകളാണ് സേന ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. സേനയുടെ ആയുധശേഷി ദുര്‍ബലമാണെന്ന കരസേനാമേധാവി ജന. വി കെ സിങ്ങിന്റെ വാദം പൂര്‍ണമായും ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കഴിഞ്ഞ മാര്‍ച്ച് 12നാണ് കരസേനാമേധാവി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.

ഒരു പതിറ്റാണ്ടിലേറെയായി നൂതനസംവിധാനമുള്ള തോക്കുകള്‍ സേനയ്ക്ക് ലഭ്യമായിട്ടില്ല. കുപ്രസിദ്ധമായ ബൊഫോഴ്സ് ആയുധഇടപാടിന് ശേഷം ആയുധനവീകരണം കാര്യക്ഷമമായി നടന്നില്ല. 2002-07ലെ പത്താമത് സേനാപദ്ധതിയനുസരിച്ച് നവീന ആയുധങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ഇതേ കാലയളവില്‍ ശേഖരിക്കാന്‍ പദ്ധതിയിട്ട തോക്കുകള്‍ വാങ്ങിയില്ല. ടയറുകളോടുകൂടിയ ചട്ടക്കൂടില്‍ ഘടിപ്പിച്ച ആധുനികമായ സെല്‍ഫ് പ്രൊപ്പല്‍ഡ് തോക്കുകള്‍(എസ്പിജി) ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലില്ല. ശത്രുസൈന്യത്തിനെതിരെ അതിവേഗം വിവിധ ദിശകളിലേക്ക് ആക്രമണം അഴിച്ചുവിടാന്‍ ശേഷിയുള്ള തോക്കുകളാണിത്. മരുഭൂമിയിലും സമതലപ്രദേശത്തും സൈനികനീക്കത്തിന് പിന്‍ബലമാകേണ്ടത് എസ്പിജിയാണ്. എസ്പിജിയുടെ അഭാവം സേനാനീക്കത്തെ ദുര്‍ബലമാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആയുധങ്ങള്‍ സംഭരിക്കുന്നതിലുണ്ടായ കാലതാമസം സാമ്പത്തികനഷ്ടമുണ്ടാക്കിയതായും സിഎജി കണ്ടെത്തി. വായുസേന 676 കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് എയറോസ്റ്റാറ്റ് റഡാറുകള്‍ 2009 മുതല്‍ പ്രവര്‍ത്തനരഹിതമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാര്‍ലമെന്റിന്റെ കഴിഞ്ഞ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ സമര്‍പ്പിച്ച മറ്റൊരു റിപ്പോര്‍ട്ടില്‍ നാവികസേനയുടെ ആയുധഇടപാടില്‍ സംഭവിച്ച പിഴവും സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. 2009 ഡിസംബറിലും 2011 മെയിലും 3405 കോടിയുടെ യുദ്ധക്കപ്പലുകള്‍ വാങ്ങിയത്റ ആയുധ പാക്കേജിന്റെ കാര്യത്തില്‍ കരാര്‍ ഒപ്പിടാതെയാണ്. 2006 മാര്‍ച്ചിലെ ആയുധക്കരാര്‍ അനുസരിച്ചുള്ള ആയുധങ്ങള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
(പി വി അഭിജിത്)

20,440 കോടിക്ക് ഹെലികോപ്റ്റര്‍ വാങ്ങാന്‍ നാവികസേന ഒരുങ്ങുന്നു

ആയുധ ഇടപാടുകളിലെ അഴിമതിയും മറ്റും സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ പുതിയ തലങ്ങളിലേക്ക് കടന്നതിനിടെ 20,440 കോടി രൂപ ചെലവിട്ട് വിവിധോപയോഗ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ നാവികസേന ഒരുങ്ങുന്നു. 75 നേവല്‍ മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ (എന്‍എംആര്‍എച്ച്)}വാങ്ങാനാണ് പദ്ധതി. അന്തര്‍വാഹിനികളെ നേരിടാനും കമാന്‍ഡോ ഓപ്പറേഷനുകള്‍ക്കും കരയുദ്ധത്തിനും ഉപയോഗിക്കാനാണ് ഈ ഹെലികോപ്റ്ററുകള്‍. കടല്‍വഴിയുള്ള തീവ്രവാദി ആക്രമണങ്ങള്‍ നേരിടാനും ഇത് ഉപകരിക്കും.രാത്രി നിരീക്ഷണത്തിനും ഇത് ഉപയോഗിക്കാം. എണ്‍പതുകളില്‍ വാങ്ങിയ സീകിങ് ഹെലികോപ്റ്ററുകളാണ് നിലവില്‍ നേവി ഉപയോഗിക്കുന്നത്.

ഇടപാട് യാഥാര്‍ഥ്യമാകുകയാണെങ്കില്‍ ഇത്തരം ഹെലികോപ്റ്ററുകളുടെ ഏറ്റവും വലിയ ഇടപാടായിരിക്കുമെന്ന് ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി വൈസ് പ്രസിഡന്റ് (ഷിപ് ആന്‍ഡ് ഏവിയേഷന്‍ സിസ്റ്റംസ്) ജോര്‍ജ് ബാര്‍ട്ടണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നാവികസേനയുടെ പ്രവര്‍ത്തനപരിധി വ്യാപിപ്പിക്കുകയും കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതെന്നാണ് പ്രതിരോധവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഏദന്‍ കടലിടുക്കുമുതല്‍ മലാക്ക കടലിടുക്കുവരെയുള്ള സമുദ്രമേഖലയില്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. കരസേനയുടെയും വ്യോമസേനയുടെയും ആവശ്യത്തിനായി 197 ഹെലികോപ്റ്ററുകളും വാങ്ങുന്നുണ്ട്. ഇതിന്റെ നടപടി പൂര്‍ത്തിയായിവരുന്നു. വിവിധോദ്ദേശ്യ ഹെലികോപ്റ്ററുകള്‍ക്ക് വില കൂടുതലാണ്. ഇത് അമേരിക്കയില്‍നിന്നുതന്നെ വാങ്ങണമെന്ന ലക്ഷ്യത്തോടെയാണ് യുപിഎ സര്‍ക്കാര്‍ നീങ്ങുന്നത്. കഴിഞ്ഞ നവംബറില്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. അഞ്ച് കമ്പനി താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്കന്‍ കമ്പനിക്കാണ് ഏറ്റവുമൊടുവില്‍ ഇടപാട് ലഭിക്കാന്‍ പോകുന്നത്.

deshabhimani 070412

1 comment:

  1. കരസേനാ മേധാവി ജനറല്‍ വി കെ സിങ്ങിനെ കരിതേച്ചു കാട്ടാന്‍ യുപിഎ സര്‍ക്കാരിലും സേനയിലുമുള്ള പ്രമുഖര്‍ ഏറെ വിയര്‍പ്പൊഴുക്കി. കരസേനയുടെ രണ്ട് യൂണിറ്റുകള്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ചുചെയ്ത് അട്ടിമറിനീക്കം നടത്തിയെന്ന വാര്‍ത്തയ്ക്കുപിന്നിലും സിങ്ങിനെതിരെ തുടര്‍ച്ചയായി നടക്കുന്ന അപവാദ പ്രചാരണത്തിനുപിന്നിലും വലിയൊരു സംഘത്തിന്റെ ഏകോപനമുണ്ടെന്ന് തെളിയുന്നു. ഒരു കേന്ദ്രമന്ത്രി, ഒരു ദേശീയ പത്രത്തിന്റെ എഡിറ്റര്‍, കരസേനയിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളായി. ഇതിന്റെ ഫലമാണ് അട്ടിമറിശ്രമം നടത്തിയെന്ന വാര്‍ത്ത. സേനാ വിഭാഗങ്ങള്‍ക്കായി ആയുധം വാങ്ങുന്നതില്‍ വലിയ അഴിമതി നടത്തുന്ന ഒരു സംഘമാണ് ഇതിന് എല്ലാ ഒത്താശയുംചെയ്തത്. രാഷ്ട്രീയനേതാക്കളും ഇടനിലക്കാരും സേനാ ഉദ്യോഗസ്ഥരും ഈ സംഘത്തിലുണ്ട്. കേന്ദ്രമന്ത്രിയുടെ ബന്ധുക്കള്‍ക്കാകട്ടെ ആയുധ ഇടപാടുകാരുമായി അടുത്ത ബന്ധവും.

    ReplyDelete