Thursday, April 5, 2012

സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ക്ക് കടുത്ത ചൂഷണം


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരെ കടുത്ത ചൂഷണത്തിനു വിധേയരാക്കുകയാണെന്ന് ഡോ. എസ് ബലരാമന്‍. നേഴ്സിങ് മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ചെയര്‍മാനായ അദ്ദേഹം ബുധനാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

എല്ലാ ജില്ലയിലും സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമാനമാണ്. ഇതിനു പരിഹാരം കാണണം. നേഴ്സിങ് മേഖലയിലെ പ്രശ്നങ്ങളെപ്പറ്റിയുള്ള അന്തിമ റിപ്പോര്‍ട്ട് മെയ് ഒന്നിനു മുമ്പ് സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ഡോ. എസ് ബലരാമന്‍ പറഞ്ഞു. കമീഷന്റെ പതിനെട്ടാമത്തെ സിറ്റിങ്ങാണ് ബുധനാഴ്ച നടന്നത്. നേഴ്സുമാര്‍ സമരം നടത്തുന്ന ലേക്ഷോര്‍ ആശുപത്രിയും ഡോ. എസ് ബലരാമന്‍ സന്ദര്‍ശിച്ചു. നേഴ്സുമാരുടെ ജോലി, പരിശീലന കാലയളവ്, പ്രൊബേഷന്‍ തുടങ്ങിയവയ്ക്ക് ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സില്‍ നിര്‍ദേശം അനുസരിച്ചുള്ള വ്യവസ്ഥ ആശുപത്രികള്‍ പാലിക്കുന്നുണ്ടോ എന്നത് കമ്മിറ്റി പരിശോധിക്കും. നേഴ്സിങ് അനുബന്ധ ജോലികള്‍, ജോലിസമയം, ഷിഫ്റ്റ് തുടങ്ങിയ കാര്യങ്ങളും കമ്മിറ്റി പരിഗണനയിലുണ്ട്. തെളിവെടുപ്പു നടത്തിയ എല്ലായിടത്തും നേഴ്സുമാരെക്കൊണ്ട് അമിതമായി ജോലിചെയ്യിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ആശുപത്രികളില്‍ നേഴ്സുമാരെ നിരീക്ഷിക്കാന്‍ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. ഇത് അനുവദിക്കില്ല. ക്യാമറകള്‍ മാറ്റണം. ചില സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരെ ജോലിക്കെടുക്കുമ്പോള്‍ ഉടന്‍ വിവാഹം കഴിക്കരുതെന്നു നിര്‍ദേശിക്കുന്നതായി അവരുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടു. ഇത് നീതീകരിക്കാവുന്നതല്ലെന്നും ബലരാമന്‍ പറഞ്ഞു. ലേക്ഷോര്‍ ആശുപത്രിയില്‍ സമരം നടത്തുന്ന യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ പ്രതിനിധികളും നേഴ്സുമാരുടെ മാതാപിതാക്കളുടെ സംഘടനയായ ഇന്ത്യന്‍ നേഴ്സസ് പേരന്റ്സ് അസോസിയേഷന്‍ ഭാരവാഹികളും കമ്മിറ്റിയ്ക്ക് പരാതി നല്‍കി.

deshabhimani 050412

1 comment:

  1. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരെ കടുത്ത ചൂഷണത്തിനു വിധേയരാക്കുകയാണെന്ന് ഡോ. എസ് ബലരാമന്‍. നേഴ്സിങ് മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി ചെയര്‍മാനായ അദ്ദേഹം ബുധനാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

    ReplyDelete