Thursday, April 5, 2012

വാര്‍ത്ത അടിസ്ഥാനരഹിതം: പ്രധാനമന്ത്രി, പ്രതിരോധമന്ത്രി


സൈന്യം അട്ടിമറി ശ്രമം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിരോധമന്ത്രി എ കെ ആന്റണിയും പറഞ്ഞു. സൈനികമേധാവിയുടെ ഓഫീസ് വിശ്വസ്തമാണെന്നും അതിനെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സായുധസേനയുടെ പേരില്‍ വിവാദങ്ങള്‍ ആഘോഷിക്കരുതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിയും പറഞ്ഞു. പത്രവാര്‍ത്ത മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വളരെ ഗുരുതരമായ അവസ്ഥയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതുവഴി ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന വിധം സൈന്യം പ്രവര്‍ത്തിക്കുമെന്ന് കരുതുന്നില്ലെന്ന് ആന്റണി വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞുകഴിഞ്ഞു. സാധാരണഗതിയിലുള്ള പരിശീലനമാണ് സൈന്യം നടത്തിയത്. സേനയുടെ പ്രതിബദ്ധതയിലും ദേശാഭിമാനത്തിലും പൂര്‍ണ വിശ്വാസമാണ് സര്‍ക്കാരിനുള്ളത്്. ഇത്തരം വിവാദങ്ങള്‍ സേനയുടെ ആത്മാഭിമാനത്തെയും അന്തസിനെയും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രവാര്‍ത്ത തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ പറഞ്ഞു. ഇത്തരം സൈനികനീക്കങ്ങള്‍ കാലാകാലങ്ങളില്‍ നടത്താറുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

"അട്ടിമറി"സേന നീങ്ങിയത് ഹിസാറില്‍ നിന്നെന്ന്

കരസേനാ മേധാവി ജനറല്‍ വി കെ സിങ് പ്രായവിവാദത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ദിവസം ഹരിയാണയിലെ ഹിസാറില്‍നിന്നും ആഗ്രയില്‍നിന്നും സേന ഡല്‍ഹിയിലേക്ക് മാര്‍ച്ച്ചെയ്തതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്ത. പത്രവാര്‍ത്തയുടെ പ്രസക്ത ഭാഗം: ജനുവരി 16ന് രാത്രി ഹരിയാണയിലെ ഹിസാറിലെ സായുധ കരസേനാവിഭാഗം ഡല്‍ഹിയിലേക്ക് മാര്‍ച്ചുചെയ്തു. അവിടത്തെ മെക്കനൈസ്ഡ് ഇന്‍ഫെന്ററി വിഭാഗം മുഴുവനായും ഡല്‍ഹിയിലേക്ക് നീങ്ങുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. സൈനികവാഹനങ്ങളടക്കമുള്ള ഈ സംഘം ഡല്‍ഹി അതിര്‍ത്തിയായ നജഫ്ഗഢിലെത്തി തമ്പടിച്ചു. ആഗ്രയിലെ 50 പാരാ ബ്രിഗേഡും (പരസ്) ഡല്‍ഹിയിലേക്ക് നീങ്ങുന്നതായി കണ്ടെത്തി. ഈ സംഘം പാലം വിമാനത്താവളത്തിന് സമീപത്തെത്തി തമ്പടിച്ചു. രണ്ട് സേനാനീക്കങ്ങളെയും നിരീക്ഷിക്കുകയും പ്രതിരോധമന്ത്രാലയം ഇക്കാര്യം ഗൗരവമായെടുക്കുകയുംചെയ്തു. 1984ലെ സിഖ് കലാപത്തിനുശേഷം ഡല്‍ഹിയിലേക്കുള്ള ഏത് സൈനിക നീക്കവും സേനാ ആസ്ഥാനത്ത് അറിയിക്കണമെന്നുണ്ട്. ഈ നീക്കങ്ങള്‍ അങ്ങനെ അറിയിച്ചിട്ടില്ല.

സേനാ നീക്കങ്ങളെക്കുറിച്ച് വിവരം ലഭിച്ചതോടെ ഡല്‍ഹിയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ജനുവരി 17ന് പുലര്‍ച്ചെ പ്രധാനമന്ത്രിയെ വിളിച്ചുണര്‍ത്തി സേനാനീക്കങ്ങളെക്കുറിച്ച് വിവരം ധരിപ്പിച്ചു. പ്രതിരോധ സെക്രട്ടറി ശശികാന്ത മിശ്രയോട് മലേഷ്യന്‍ സന്ദര്‍ശനം വെട്ടിക്കുറച്ച് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചു. മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ എ കെ ചൗധുരിയോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. സാധാരണഗതിയിലുള്ള പരിശീലന നീക്കമാണെന്ന വിവരമാണ് ആദ്യം ലഭിച്ചത്. മഞ്ഞുകാലത്ത് പെട്ടെന്നുള്ള സൈനികനീക്കങ്ങള്‍ക്കുള്ള പരിശീലനമാണ് നടന്നതെന്ന് രണ്ടാമതുള്ള അന്വേഷണ റിപ്പോര്‍ട്ടും ലഭിച്ചു. രണ്ട് സേനാ യൂണിറ്റുകളോടും മടങ്ങിപ്പോകാന്‍ ഉടന്‍ നിര്‍ദേശം നല്‍കാന്‍ ലഫ്. ജനറല്‍ എ കെ ചൗധുരിയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. നിര്‍ദേശം ലഭിച്ചതോടെ സേനാ യൂണിറ്റുകള്‍ മടങ്ങിപ്പോയി-പത്രറിപ്പോര്‍ട്ട് പറയുന്നു.

സ്പോണ്‍സേര്‍ഡ് വാര്‍ത്ത: ബിജെപി

സൈനിക അട്ടിമറിനീക്കം സ്പോണ്‍സേര്‍ഡ് വാര്‍ത്തയെന്ന് ബിജെപി. സര്‍ക്കാരും സൈന്യവും വാര്‍ത്ത നിഷേധിച്ച സാഹചര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാരും സൈന്യവും തമ്മിലുള്ള സന്തുലിതാവസ്ഥ പുനസ്ഥാപിക്കണം. രണ്ട് സ്ഥാപനങ്ങള്‍ക്കുമിടയില്‍ വിശ്വാസവും പരസ്പര ബഹുമാനവും നിലനില്‍ക്കേണ്ടതുണ്ട്. യുപിഎ സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ ഇരയാവുകയാണ് സൈന്യം. വിവാദം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പാക്പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ സന്ദര്‍ശനം സ്വാഗതംചെയ്യുന്നു. എന്നാല്‍, ഭീകരതയ്ക്കെതിരെ നടപടി എടുക്കാത്ത സാഹചര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തരുതെന്നും ബിജെപി പറഞ്ഞു.

deshabhimani 050412

1 comment:

  1. സൈന്യം യൂണിറ്റുകള്‍ അട്ടിമറിനീക്കം നടത്തിയെന്ന വാര്‍ത്തയെതുടര്‍ന്ന് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി വിശദീകരണം തേടി. പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ, കരസേനാ ഉപമേധാവി എസ് കെ സിങ് എന്നിവരില്‍ നിന്നാണ് കമ്മിറ്റി വിശദീകരണം തേടിയത്. സാധാരണ നടത്താറുള്ള സൈനിക പരിശീലനമാണ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ സമിതിയെ ധരിപ്പിച്ചു. എന്നാല്‍ അടുത്തിടെ ഉണ്ടായ അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടുമായി ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമിതി നിര്‍ദ്ദേശം നല്‍കി. പാര്‍ലമെന്ററി സമിതി കൂടുമ്പോള്‍ വകുപ്പ് സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ഹാജരാകാറുണ്ട്. പ്രധാനപ്പെട്ട സംഭവങ്ങള്‍ സംബന്ധിച്ച് വിശദീകരണം തേടാറുമുണ്ട്. പത്രവാര്‍ത്തയുടെ ഗൗരവം കണക്കിലെടുത്താണ് വിശദമായ റിപ്പോര്‍ട്ടുമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

    ReplyDelete