Thursday, April 5, 2012

അഞ്ചാം മന്ത്രിസ്ഥാനവും ഒരു ഇന്ത്യന്‍ മുസ്ലിമിന്റെ ചിന്തയും


വിശുദ്ധ ഖുര്‍ആനില്‍ ഒരു വാചകമുണ്ട്. "നിങ്ങളുടെ വിശ്വാസത്തിലേക്ക് നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ടും തന്ത്രം പ്രയോഗിച്ചുകൊണ്ടുമാണ് മറ്റുള്ളവരെ ക്ഷണിക്കേണ്ടത്". ഈ വാചകം ലോകത്തിലെ എല്ലാ വിശ്വാസപ്രമാണങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവര്‍ക്കും അവകാശങ്ങള്‍ ചോദിക്കുന്നവര്‍ക്കും അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ സമരംചെയ്യുന്നവര്‍ക്കും സ്വയം സ്വീകരിക്കാവുന്നതാണ്. ഇന്ത്യ ബഹുമത സാമൂഹ്യഘടന നിലനില്‍ക്കുന്ന രാജ്യമാണ്. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ടികളും മത- സാമുദായിക വിഭാഗങ്ങളും ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ന്യായമാണെങ്കില്‍പ്പോലും ചോദിക്കുന്ന രീതിയും ഭാഷയും ശരീരചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലേക്ക് പുതിയ സാങ്കേതികവിദ്യയുടെ വളര്‍ച്ച നമ്മെ എത്തിച്ചിട്ടുണ്ട്. ഈ യാഥാര്‍ഥ്യത്തില്‍നിന്ന് ആരും മുക്തരല്ല.

ഇവിടെ വിഷയം മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനമാണ്. ഇക്കാര്യത്തില്‍ ലീഗിന് ആദ്യമേ ചുവടുപിഴച്ചു. മഞ്ഞളാംകുഴി അലിയടക്കം നാലു മന്ത്രിമാരെ പ്രഖ്യാപിക്കാനായിരുന്നു ലീഗ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എം കെ മുനീറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗ്നേതൃത്വം. എന്നാല്‍, സമ്മര്‍ദങ്ങളും സ്വാധീനങ്ങളും സി എച്ചിന്റെ മകനെന്ന ഖ്യാതിയും ഒത്തുചേര്‍ന്ന് മുനീറിനെ മന്ത്രിസ്ഥാനത്തേക്ക് നാലിലൊരാളായി പരിഗണിക്കാന്‍ ലീഗ് നിര്‍ബന്ധിതരായപ്പോഴാണ് അഞ്ചാംമന്ത്രിയുടെ വിഷയം കേരളത്തില്‍ ഉയരുന്നത്. അങ്ങനെയാണ് സ്വയം വരുത്തിവച്ച പ്രതിസന്ധിയെ മറികടക്കാന്‍ ലീഗ് നേതൃത്വം അഞ്ചാംമന്ത്രിയെ, വേണ്ടത്ര കൂടിയാലോചനയും ചിന്തയുമില്ലാതെ പ്രഖ്യാപിച്ച് അതിലും വലിയൊരു പ്രതിസന്ധിയെ ക്ഷണിച്ചുവരുത്തിയത്. ബുദ്ധിപൂര്‍വം കൈകാര്യംചെയ്യേണ്ട വിഷയം വളരെ ലാഘവത്തോടെയും സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെയും കൈകാര്യം ചെയ്തതിന് ലീഗ് ഇപ്പോള്‍ കൊടുക്കേണ്ടിവരുന്ന വിലയാണ് അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കവിതര്‍ക്കങ്ങളും സംവാദങ്ങളും.

ഈ സന്ദര്‍ഭത്തില്‍ മുസ്ലിംലീഗ് പിന്നിലേക്ക് തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. അനര്‍ഹമായതും അന്യായമായതും ലീഗ് ആവശ്യപ്പെട്ടു എന്ന് ലീഗിന്റെ ചരിത്രത്തിലിന്നുവരെ അവരുടെ രാഷ്ട്രീയശത്രുക്കള്‍പോലും പറഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യം മുസ്ലിംലീഗിന്റെ പക്വതയാര്‍ന്ന മുന്‍കാലനേതൃത്വം ഉണ്ടാക്കിയിട്ടില്ല. സീറ്റിന്റെ എണ്ണംകൊണ്ട് ലീഗിന് ഇപ്പോള്‍ വലിയ നേട്ടമുണ്ടായിട്ടുണ്ടാകാം. എന്നാല്‍, രാഷ്ട്രീയശക്തികൊണ്ടും ധാര്‍മികശക്തികൊണ്ടും ജനകീയ അടിത്തറകൊണ്ടും ലീഗ് ഇതിനേക്കാള്‍ സുശക്തവും സുഭദ്രവുമായിരുന്നു ബാഫഖി തങ്ങളും പൂക്കോയ തങ്ങളും മുഹമ്മദ് ഇസ്മയില്‍ സാഹിബും സയിദ് മുഹമ്മദലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കിയ കാലമെന്ന് ഓര്‍ക്കണം. ഏതു മുന്നണിയിലായിരുന്നപ്പോഴും ലീഗ് ഈ സല്‍പ്പേര് നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ മറ്റു മതസമൂഹങ്ങളും സാമുദായികസംഘടനകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ലീഗിനെ അംഗീകരിച്ചു എന്നുമാത്രമല്ല, അവര്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേടിക്കൊടുക്കാനുദ്ദേശിച്ച അവകാശങ്ങള്‍ മറ്റുള്ളവരാല്‍ വിലമതിക്കപ്പെടുകയും ചെയ്തു. ഇതുകൊണ്ടുതന്നെയാണ് ലീഗ് അടക്കമുള്ള സാമുദായിക സംഘടനകളുടെ രാഷ്ട്രീയസാന്നിധ്യം വലിയ അസ്വസ്ഥകളില്ലാതെ മുന്നോട്ടുപോകുന്ന സ്ഥിതി കേരളത്തിലുണ്ടായത്.

ലീഗ് പതിറ്റാണ്ടുകളുടെ പരിശ്രമംകൊണ്ടും തന്ത്രപരവും ബുദ്ധിപൂര്‍വവുമായ നിലപാടുകള്‍കൊണ്ടും ആര്‍ജിച്ച സല്‍പ്പേരാണ് ഇപ്പോള്‍ കളങ്കപ്പെട്ടിരിക്കുന്നത്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനമാണ് മത- സാമുദായിക ബന്ധങ്ങളുടെ ഊഷ്മളതയെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമെന്ന വിമര്‍ശമാണ് ഇന്ന് ഉയരുന്നതെങ്കില്‍, നാളെ ലീഗെന്ന രാഷ്ട്രീയപാര്‍ടിയുടെ സാന്നിധ്യംപോലും അത്തരമൊരു സ്ഥിതിയുണ്ടാക്കുമെന്ന ആക്ഷേപം ഉയര്‍ന്നുവരാനിടയാക്കും. ലീഗ് വെറുതെ വടികൊടുത്ത് അടി വാങ്ങുകയാണ്.

ഇന്ത്യയിലെ മുസ്ലിംസമൂഹത്തിന്റെ അഭിമാനകരമായ നിലനില്‍പ്പിനാണ് ലീഗ് പ്രവര്‍ത്തിക്കുന്നതെന്നാണല്ലോ അവരുടെ ഔദ്യോഗികഭാഷ്യം. ഇതിന് അഞ്ചാം മന്ത്രിസ്ഥാനം അത്യന്താപേക്ഷിതവും ജീവല്‍പ്രധാനവുമാണ് എന്നുവരുന്നത് എങ്ങനെയാണ്? ലീഗിനിപ്പോള്‍ രാജ്യസഭയില്‍ പ്രാതിനിധ്യമില്ല. ഒരുപക്ഷേ, സ്വാതന്ത്ര്യത്തിനുശേഷം ലീഗിന് രാജ്യസഭാ പ്രാതിനിധ്യമില്ലാത്ത കാലമാണ് കടന്നുപോകുന്നത്. സ്വന്തം സമുദായത്തിന്റെയും പാര്‍ടിയുടെയും ആവശ്യങ്ങളും വാദമുഖങ്ങളും രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ലീഗ് പറഞ്ഞാല്‍ കേരളത്തിലാരും അതൊരു അതിരുകടന്ന അവകാശവാദമായി കരുതില്ലായിരുന്നു. അതൊന്നും ഇന്ന് ലീഗിനൊരു പ്രശ്നമേയല്ല. അഞ്ചാം മന്ത്രിസ്ഥാനം മാത്രമാണ് അവരിന്ന് നേരിടുന്ന രാഷ്ട്രീയപ്രതിസന്ധി അതിജീവിക്കാനുള്ള ഒരേയൊരു ഒറ്റമൂലി.

ഇന്ത്യയിലെ മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങളുടെ സ്വാതന്ത്ര്യാനന്തരമുള്ള വലിയൊരാവശ്യമാണ് രംഗനാഥമിശ്ര കമീഷന്‍ മുന്നോട്ടുവച്ച ജനസംഖ്യാനുപാതിക സംവരണം. ഈ വിഷയമാണ് ഉന്നയിച്ചിരുന്നതെങ്കില്‍ ലീഗിന്റെ പോരാട്ടം ശരിയായ ദിശയിലാണെന്ന് പറയാമായിരുന്നു. ലീഗ് ഇതേക്കുറിച്ച് ആലോചിക്കുന്നതിനു മുമ്പുതന്നെ രംഗനാഥമിശ്ര കമീഷന്‍ ശുപാര്‍ശ നടപ്പാക്കണമെന്ന ആവശ്യം ഇടതുകക്ഷികള്‍ മുന്നോട്ടുവച്ചിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുസ്ലിം- ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക- സാമൂഹിക- വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാന്‍ ശക്തമായ ഇടപെടല്‍, ബജറ്റില്‍ ഇതിനാവശ്യമായ തുക വകയിരുത്തല്‍ തുടങ്ങിയ ആവശ്യങ്ങളൊന്നും ഇപ്പോള്‍ ലീഗിന്റെ അജന്‍ഡയില്‍ മഷിയിട്ടുനോക്കിയാല്‍പ്പോലും കാണാത്ത ഇനങ്ങളാണ്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകള്‍ക്കുശേഷം ഇന്ത്യയിലും ലോകത്തും ഇസ്ലാമികസമൂഹത്തെ താറടിക്കാനും ഒറ്റപ്പെടുത്താനും നടന്ന നിഗൂഢമായ നീക്കങ്ങളുടെ പരിണതഫലമായിരുന്നു ഇസ്ലാമികഭീകരതയും മുസ്ലിം തീവ്രവാദവും. അമേരിക്കന്‍ അപ്രമാദിത്വം ലോകത്ത് സ്ഥാപിതമായതോടെ ആസൂത്രിതമായി മേല്‍ലക്ഷ്യം നേടാന്‍ സാമ്രാജ്യത്വശക്തികള്‍ കരുക്കള്‍ നീക്കി. വലിയ സ്ഫോടനപരമ്പരകളും ചാവേറാക്രമണങ്ങളുമുണ്ടായി. ഇതിനവര്‍ വിലയ്ക്കെടുത്തത് ചില സ്ഥലങ്ങളില്‍ മുസ്ലിം ചെറുപ്പക്കാരെയാണ്. മറ്റു ചിലയിടങ്ങളില്‍ അസിമാനന്ദയെപ്പോലുള്ള സന്യാസികളെയും. ഈ ആക്രമണങ്ങള്‍ തടയാനെന്ന വ്യാജേന ടാഡ, പോട്ട എന്നീ കരിനിയമങ്ങള്‍ പാസാക്കിയതിന്റെ ഫലമായും അതിന്റെ മറപിടിച്ചും ഒരുലക്ഷത്തോളം മുസ്ലിം ചെറുപ്പക്കാരെയാണ് ഇന്ത്യയിലെ വിവിധ ജയിലുകളില്‍ ജാമ്യംപോലും നല്‍കാതെ വിചാരണത്തടവുകാരായി പാര്‍പ്പിച്ചിരിക്കുന്നത്. അഞ്ചാംമന്ത്രിസ്ഥാനത്തിന് കാണിക്കുന്ന വാശി, ജയിലിലടച്ച നിരപരാധികളെ മോചിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ അത് ലീഗിനും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കും എന്തുമാത്രം വലിയ നേട്ടമായിരുന്നു ഉണ്ടാക്കിക്കൊടുക്കുക.

ലീഗിന്റെ പിടിവാശി കാണുമ്പോള്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ അഭിമുഖീകരിക്കുന്ന സര്‍വപ്രശ്നങ്ങളുടെയും ഉത്തരമാണ് കേരളത്തിലെ അഞ്ചാം മന്ത്രിസ്ഥാനമെന്നാണ് തോന്നുക. ലീഗിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ആരും വലിയ എതിര്‍പ്പൊന്നും പ്രകടിപ്പിക്കില്ല, അത് ന്യായവും സ്ഥാനത്തുമായിരുന്നെങ്കില്‍.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ലീഗിന് പാര്‍ലമെന്റില്‍ ഒരേയൊരു അംഗമാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷം പുറത്തുനിന്ന് പിന്തുണച്ചതിനാലാണ് ആ സര്‍ക്കാര്‍ നിലനിന്നത്. ആ സര്‍ക്കാരില്‍ മുസ്ലിംലീഗിന്റെ പാര്‍ലമെന്റിലെ ഏകപ്രതിനിധിയായിരുന്ന ഇ അഹമ്മദ് വിദേശസഹമന്ത്രിയായി. രാജ്യവിഭജനത്തിന്റെ ഉത്തരവാദിത്തം ആരോപിക്കപ്പെട്ട സംഘടനയുടെ അതേപേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായിട്ടുകൂടി ആ വിഷയം രാജ്യത്ത് അന്ന് ആരും ചര്‍ച്ചചെയ്യാതിരുന്നത് ലീഗ് മറക്കരുത്.

അഞ്ചാം മന്ത്രിസ്ഥാനത്തിന് അസംബ്ലിയിലെ അംഗസംഖ്യയുടെ തിണ്ണബലം പറയുന്ന ലീഗ്, തങ്ങളുടെ ഒരേയൊരു അംഗം ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്രമന്ത്രിസഭയില്‍ ഇടംപിടിച്ചത് എന്തേ ഓര്‍ക്കാത്തത്. അന്ന് ഏകാംഗപാര്‍ടിക്ക് മന്ത്രിസഭയില്‍ അംഗത്വം നല്‍കരുതെന്ന് ഇടതുപാര്‍ടികള്‍ വാശിപിടിച്ചിരുന്നെങ്കില്‍ ലീഗിന് ആ മന്ത്രിസ്ഥാനം കിട്ടുമായിരുന്നോ? കേരളത്തിലെ സര്‍ക്കാരുകള്‍, വിവിധ ജാതി- മത സമൂഹങ്ങള്‍ക്ക് അവരുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ഉപോല്‍ബലകമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ എല്ലാവരും അതിനെ സഹിഷ്ണുതയോടെയാണ് കണ്ടത്. മറിച്ചൊരു നിലപാട് ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാന ആവശ്യത്തിന് ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റം കെട്ടിവയ്ക്കേണ്ടത് ഇക്കാര്യത്തില്‍ എതിരഭിപ്രായം പറഞ്ഞ സംഘടനകളുടെ ചുമലിലല്ല. പകരം, മിതമായ ഭാഷയില്‍ മാന്യമായ ഒരാവശ്യം ഉയര്‍ത്തി പൊതുസമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ലീഗണികള്‍ നേതൃത്വത്തെ തന്നെയാണ് പഴിക്കേണ്ടത്.

ഡോ. കെ ടി ജലീല്‍ deshabhimani 050412

1 comment:

  1. ഇവിടെ വിഷയം മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനമാണ്. ഇക്കാര്യത്തില്‍ ലീഗിന് ആദ്യമേ ചുവടുപിഴച്ചു. മഞ്ഞളാംകുഴി അലിയടക്കം നാലു മന്ത്രിമാരെ പ്രഖ്യാപിക്കാനായിരുന്നു ലീഗ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എം കെ മുനീറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗ്നേതൃത്വം. എന്നാല്‍, സമ്മര്‍ദങ്ങളും സ്വാധീനങ്ങളും സി എച്ചിന്റെ മകനെന്ന ഖ്യാതിയും ഒത്തുചേര്‍ന്ന് മുനീറിനെ മന്ത്രിസ്ഥാനത്തേക്ക് നാലിലൊരാളായി പരിഗണിക്കാന്‍ ലീഗ് നിര്‍ബന്ധിതരായപ്പോഴാണ് അഞ്ചാംമന്ത്രിയുടെ വിഷയം കേരളത്തില്‍ ഉയരുന്നത്. അങ്ങനെയാണ് സ്വയം വരുത്തിവച്ച പ്രതിസന്ധിയെ മറികടക്കാന്‍ ലീഗ് നേതൃത്വം അഞ്ചാംമന്ത്രിയെ, വേണ്ടത്ര കൂടിയാലോചനയും ചിന്തയുമില്ലാതെ പ്രഖ്യാപിച്ച് അതിലും വലിയൊരു പ്രതിസന്ധിയെ ക്ഷണിച്ചുവരുത്തിയത്. ബുദ്ധിപൂര്‍വം കൈകാര്യംചെയ്യേണ്ട വിഷയം വളരെ ലാഘവത്തോടെയും സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെയും കൈകാര്യം ചെയ്തതിന് ലീഗ് ഇപ്പോള്‍ കൊടുക്കേണ്ടിവരുന്ന വിലയാണ് അഞ്ചാം മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കവിതര്‍ക്കങ്ങളും സംവാദങ്ങളും.

    ReplyDelete