Friday, April 6, 2012

നടന്നത് സിപിഐ എമ്മിനെ വേട്ടയാടാനുള്ള ഗൂഢാലോചന


തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വ ശ്രമം നടന്നുവെന്ന് സൂചന. സിബിഐയെ വഴിതെറ്റിക്കാന്‍ യുഡിഎഫ് സഹായത്തോടെ മതതീവ്രവാദികളുടെ ഇടപെടലുണ്ടായതായാണ് വിവരം. സിപിഐ എമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാനും നേതാക്കളെ വേട്ടയാടാനും കേസിനെ ഉപയോഗപ്പെടുത്താന്‍ ഉന്നതതലത്തിലാണ് ഗൂഢാലോചന നടന്നത്. ഒരു വിഭാഗം മാധ്യമങ്ങളെയും ഇതിന് ഉപയോഗിച്ചു. സിബിഐയുടെ കണ്ടെത്തലെന്നപേരില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലര്‍ കണ്ണൂരിലെയും തലശേരിയിലെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തുടരെ വാര്‍ത്ത നല്‍കിയതിലും ദുരൂഹതയുണ്ട്. അന്വേഷിക്കുന്ന കേസിന്റെ വിശദവിവരങ്ങള്‍ സാധാരണഗതിയില്‍ സിബിഐ മാധ്യമങ്ങള്‍ക്ക് നല്‍കാറില്ല. എന്നാല്‍, ഫസല്‍ വധക്കേസില്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സിബിഐയുടെ വെളിപ്പെടുത്തലെന്നനിലയില്‍ മാധ്യമങ്ങളില്‍ സിപിഐ എം വിരുദ്ധവാര്‍ത്ത വന്നു. സാക്ഷികള്‍ക്ക് നല്‍കിയ നോട്ടീസിലെ വിവരങ്ങളടക്കം ചോര്‍ത്തി നല്‍കിയതും സംശയാസ്പദമാണ്.

തലശേരി റസ്റ്റ്ഹൗസില്‍ സിബിഐ തെളിവെടുപ്പിനെത്തിയപ്പോള്‍തന്നെ മാധ്യമവിചാരണയും വിധിയെഴുത്തും ആരംഭിച്ചതാണ്. മാസങ്ങളോളം അന്വേഷിച്ചിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താനാവാതെ സിബിഐ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് പത്രഏജന്റുമായിരുന്ന പിലാക്കൂലിലെ പി കെ മുഹമ്മദ്ഫസല്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് ടെമ്പിള്‍ഗേറ്റിനടുത്ത ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെട്ടേറ്റുമരിച്ചത്. കൊലപാതകത്തിനുപിന്നില്‍ ആര്‍എസ്എസ് എന്നായിരുന്നു എന്‍ഡിഎഫ് ജില്ലാ നേതൃത്വം അന്ന് ആരോപിച്ചത്. സംഭവത്തിന് ഏതാനും ദിവസം മുമ്പ് മാടപ്പീടിക മാര്‍ക്കറ്റിനടുത്ത് എന്‍ഡിഎഫുകാരും ആര്‍എസ്എസും തമ്മില്‍ ബോര്‍ഡ് നശിപ്പിച്ചതിനെചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. എന്‍ഡിഎഫുകാര്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തി. വെല്ലുവിളിയുമായി ആര്‍എസ്എസ്സും തെരുവിലിറങ്ങി. ഒടുവില്‍ പൊലീസിന് ഇടപെടേണ്ടിവന്നു. എന്‍ഡിഎഫ് നേതാവ് എ സി ജലാലുദ്ദീന്‍, കൊല്ലപ്പെട്ട ഫസല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

ഇതിന് തൊട്ടുപിന്നാലെ ഫസല്‍ കൊല്ലപ്പെട്ടപ്പോള്‍ സ്വാഭാവികമായും സംശയം ആര്‍എസ്എസിലേക്കായി. കൊലനടന്ന ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്നായ ഓടിക്കയറിയ വീടും സംശയം ബലപ്പെടുത്തി. ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സിന് വിളിപ്പാടകലെയാണ് ആര്‍എസ്എസ് കേന്ദ്രമായ വാടിക്കല്‍, ടെമ്പിള്‍ഗേറ്റ് പ്രദേശങ്ങള്‍. സിപിഐ എമ്മും കൊല്ലപ്പെട്ട ഫസലും തമ്മില്‍ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്‍ഡിഎഫുമായും തര്‍ക്കമുണ്ടായിരുന്നില്ല. ഇതെല്ലാം കണക്കിലെടുത്താണ് എന്‍ഡിഎഫ് നേതൃത്വംതന്നെ ആര്‍എസ്എസാണ് കൊലപാതകം നടത്തിയതെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചത്. ചോദ്യംചെയ്യാന്‍ എറണാകുളത്ത് വിളിച്ചുവരുത്തിയ മൂന്ന് സിപിഐ എം അനുഭാവികളെ അറസ്റ്റ്ചെയ്തു ജയിലിലടച്ചു. തേജസ്പത്രം വിറ്റതിന്റെ വിരോധത്തില്‍ കൊന്നുവെന്ന ബാലിശ വാദമാണിപ്പോള്‍ ഉയര്‍ത്തുന്നത്.

deshabhimani 060412

1 comment:

  1. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ ബോധപൂര്‍വ ശ്രമം നടന്നുവെന്ന് സൂചന. സിബിഐയെ വഴിതെറ്റിക്കാന്‍ യുഡിഎഫ് സഹായത്തോടെ മതതീവ്രവാദികളുടെ ഇടപെടലുണ്ടായതായാണ് വിവരം. സിപിഐ എമ്മിനെ രാഷ്ട്രീയമായി ആക്രമിക്കാനും നേതാക്കളെ വേട്ടയാടാനും കേസിനെ ഉപയോഗപ്പെടുത്താന്‍ ഉന്നതതലത്തിലാണ് ഗൂഢാലോചന നടന്നത്. ഒരു വിഭാഗം മാധ്യമങ്ങളെയും ഇതിന് ഉപയോഗിച്ചു. സിബിഐയുടെ കണ്ടെത്തലെന്നപേരില്‍ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലര്‍ കണ്ണൂരിലെയും തലശേരിയിലെയും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തുടരെ വാര്‍ത്ത നല്‍കിയതിലും ദുരൂഹതയുണ്ട്. അന്വേഷിക്കുന്ന കേസിന്റെ വിശദവിവരങ്ങള്‍ സാധാരണഗതിയില്‍ സിബിഐ മാധ്യമങ്ങള്‍ക്ക് നല്‍കാറില്ല. എന്നാല്‍, ഫസല്‍ വധക്കേസില്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും സിബിഐയുടെ വെളിപ്പെടുത്തലെന്നനിലയില്‍ മാധ്യമങ്ങളില്‍ സിപിഐ എം വിരുദ്ധവാര്‍ത്ത വന്നു. സാക്ഷികള്‍ക്ക് നല്‍കിയ നോട്ടീസിലെ വിവരങ്ങളടക്കം ചോര്‍ത്തി നല്‍കിയതും സംശയാസ്പദമാണ്.

    ReplyDelete