Saturday, April 7, 2012

ചോരകിനിയും ഏടുകളുമായി ഒരോര്‍മപ്പുസ്തകം


ജനകീയചരിത്രത്തെയും രാഷ്ട്രീയത്തെയും അറിയാനും പഠിക്കാനും ഒരോര്‍മപ്പുസ്തകം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് വിശദീകരിക്കുന്ന ആധികാരികമായ ലേഖനങ്ങള്‍. ഒപ്പം ഇന്ത്യയിലെ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഒളിമങ്ങാത്ത ചരിത്രവും അപൂര്‍വ ചിത്രങ്ങളും... സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീറാണ് ഭാവിയുടെ പോരാട്ടത്തിന് ആയുധമാകുന്നത്. സുവനീറിന്റെ ആദ്യഭാഗം വെള്ളിയാഴ്ച പുറത്തിറക്കി.

സിപിഐ എമ്മിന്റെ ചരിത്രത്തിലെ അവിസ്മരണീയവും രാഷ്ട്രീയപ്രധാനവുമായ മുഹൂര്‍ത്തങ്ങളെല്ലാം അറിയാനുപകരിക്കുന്നതാണ് സുവനീറിന്റെ ഒന്നാംഭാഗം. പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ്, പി സുന്ദരയ്യ തുടങ്ങി പ്രസ്ഥാനത്തിന്റെ ജീവാത്മാക്കളായിരുന്ന നേതാക്കളുടെ ലേഖനവുമുണ്ട്. ഇന്നലെകളിലെ പോരാട്ടങ്ങള്‍ അടയാളപ്പെടുത്തിയിരിക്കയാണ് സി എച്ച് കണാരനും ഇ കെ നായനാരും. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍, ദിമിത്രോവ് തുടങ്ങിയ ലോക കമ്യൂണിസ്്റ്റാചാര്യന്മാരുടെ ലേഖനങ്ങളും സുവനീറിനെ സമ്പന്നമാക്കുന്നു. ഒഞ്ചിയവും കയ്യൂരും കൂത്താളിയുമടക്കം ഇന്നും നെഞ്ചില്‍ കനലായി ജ്വലിക്കുന്ന രക്തസാക്ഷിത്വങ്ങളുടെ സ്മരണ വായനക്ക് ആവേശംപകരുന്നു. അന്യരുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ ജീവരക്തംചൊരിഞ്ഞ ധീരരായ രക്തസാക്ഷികളെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ വിവരണം ഈ സമ്മേളനപ്പതിപ്പിനെ മഹത്തരമാക്കുന്നു. സിപിഐ എം രൂപീകരണം മുതല്‍ കോഴിക്കോട്ട് നടക്കുന്ന ഇപ്പോഴത്തെ പാര്‍ടി കോണ്‍ഗ്രസിന്റെ വിവരങ്ങള്‍വരെ സമഗ്രമായുണ്ട്.

20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രാധാന്യം വിവരിച്ചുള്ള പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ ലേഖനത്തോടെയാണ് തുടക്കം. സോഷ്യലിസത്തിന്റെ ഭാവിയാണ് പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ ലേഖനവിഷയം. കാര്‍ഷികപ്രതിസന്ധിയുടെ വിവിധവശങ്ങള്‍ കിസാന്‍സഭാ നേതാവ് കൂടിയായ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള വിശകലനംചെയ്യുന്നു. ഇടതുപക്ഷത്തിന്റെ മുന്നിലെ വെല്ലുവിളികള്‍ പിബി അംഗം വൃന്ദ കാരാട്ട് വിശദീകരിക്കുന്നു. ഞാനെങ്ങനെ കമ്യൂണിസ്റ്റായി എന്ന കേളുഏട്ടന്റെ കുറിപ്പ് പോയകാലത്തിന്റെ ത്യാഗനിര്‍ഭരമായ ഏടുകള്‍. യു കുഞ്ഞിരാമന്‍, എ കണാരന്‍, മത്തായി ചാക്കോ, എം ദാസന്‍, സി പി ബാലന്‍വൈദ്യര്‍ തുടങ്ങി കോഴിക്കോട്ടെ പ്രസ്ഥാനത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ നേതാക്കളുടെ കുറിപ്പും വായിക്കാം. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക എന്നിങ്ങനെ അന്യസംസ്ഥാനങ്ങളിലെ പാര്‍ടിയുടെ വളര്‍ച്ചയും വികാസവും ഉള്ളടക്കത്തിലുണ്ട്.

സിപിഐ എം രൂപീകരണത്തിന് അടിസ്ഥാനമായി സിപിഐ ദേശീയകൗണ്‍സിലില്‍ നിന്നിറങ്ങിവന്ന് 1964 ഏപ്രില്‍ 14ന് 32 പാര്‍ടി നേതാക്കള്‍ പുറപ്പെടുവിച്ച ആഹ്വാനം നേതാക്കളുടെ ചിത്രത്തോടൊപ്പം ചേര്‍ത്തിരിക്കുന്നു. വിവിധ പാര്‍ടി കോണ്‍ഗ്രസുകളിലെ അപൂര്‍വ ചിത്രങ്ങള്‍ സുവനീറിന് ആകര്‍ഷണീയത ചാര്‍ത്തുന്നു. കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്രപ്രദര്‍ശനവും സെമിനാറുകളുമടക്കം അനുബന്ധപരിപാടികളുടെ വിവരങ്ങളും ചിത്രങ്ങളുമുണ്ട്. ബുധനാഴ്ച നടന്ന കൊടിയേറ്റവും ഉദ്ഘാടനവും ബഹുവര്‍ണചിത്രങ്ങളായി ഉള്‍ക്കൊള്ളിച്ച് സുവനീര്‍കമ്മിറ്റി സമാഹാരത്തെ അവിസ്മരണീയമാക്കുന്നു. പാര്‍ടി കോണ്‍ഗ്രസ് സംഘാടനം വിശദീകരിക്കുന്ന സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ ഡയറിക്കുറിപ്പുമുണ്ട്.

പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ ചെയര്‍മാനും പുത്തലത്ത് ദിനേശന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് 260 പേജുള്ള സുവനീര്‍ തയ്യാറാക്കിയത്. ഇംഗ്ലീഷിലുള്ള രണ്ടാംഭാഗം ഒമ്പതിന് പുറത്തിറക്കും. ആദ്യഭാഗം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പ്രകാശനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം വി വി ദക്ഷിണാമൂര്‍ത്തി ഏറ്റുവാങ്ങി. ടി പി രാമകൃഷ്ണന്‍, എളമരം കരീം എന്നിവരും സംബന്ധിച്ചു.
(പി വി ജീജോ)

deshabhimani 070412

1 comment:

  1. ജനകീയചരിത്രത്തെയും രാഷ്ട്രീയത്തെയും അറിയാനും പഠിക്കാനും ഒരോര്‍മപ്പുസ്തകം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, കേരളത്തിന്റെ ഇന്നലെകളെക്കുറിച്ച് വിശദീകരിക്കുന്ന ആധികാരികമായ ലേഖനങ്ങള്‍. ഒപ്പം ഇന്ത്യയിലെ വിപ്ലവരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഒളിമങ്ങാത്ത ചരിത്രവും അപൂര്‍വ ചിത്രങ്ങളും... സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീറാണ് ഭാവിയുടെ പോരാട്ടത്തിന് ആയുധമാകുന്നത്. സുവനീറിന്റെ ആദ്യഭാഗം വെള്ളിയാഴ്ച പുറത്തിറക്കി

    ReplyDelete