Wednesday, April 4, 2012

കൊല്ലം - പുനലൂര്‍ ബ്രോഡ്ഗേജ് പാത നിര്‍മാണത്തില്‍ ക്രമക്കേട്


കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാതയുടെ ശേഷിക്കുന്ന നിര്‍മാണജോലികളില്‍ വന്‍ ക്രമക്കേട്. സ്ലീപ്പറുകള്‍ക്കിടയില്‍ മെറ്റല്‍ പാകി ട്രാക്ക് ഉറപ്പിക്കുന്ന ജോലിയിലാണ് തട്ടിപ്പ് നടക്കുന്നത്. കരാര്‍പ്രകാരമുള്ള മെറ്റല്‍ നിരത്താതെയാണ് ബാലസ്റ്റിങ് (മെറ്റലിട്ട് ട്രാക്ക് ബലപ്പെടുത്തല്‍) നടത്തിയത്. വന്‍തോതില്‍ നിര്‍മാണജോലികള്‍ നടത്തിയതായി കാട്ടി സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍തന്നെ ബില്ലുകള്‍ മാറിയെടുക്കുന്നതിനായിരുന്നു തിരക്കിട്ട് ജോലികള്‍ നടത്തിയത്. ഇതിനായി മാര്‍ച്ച് അവസാനം ഏതാനും ദിവസങ്ങള്‍ മാത്രമാണ് പാതയില്‍ ബാലസ്റ്റിങ് ട്രെയിന്‍ എത്തിച്ച് മെറ്റല്‍ പാകിയത്. കരാറുകാരുടെയും ഉദ്യോഗസ്ഥ ലോബികളുടെയും നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണം. പുതിയ കരാര്‍ നല്‍കി നിര്‍മാണസാമഗ്രികള്‍ എത്തിക്കുംവരെ പണി നടക്കില്ല.

കൊല്ലം-ചെങ്കോട്ട മീറ്റര്‍ഗേജ് റൂട്ടില്‍ കൊല്ലം-പുനലൂര്‍ ഭാഗത്തെ ബ്രോഡ്ഗേജ് പാത കമീഷന്‍ ചെയ്തത് രണ്ടുവര്‍ഷം മുമ്പാണ്. കരാര്‍പ്രകാരമുള്ള ഗേജ്മാറ്റ ജോലികള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. കൊല്ലം- പുനലൂര്‍ പാതയില്‍ 1,40,000 ക്യുബിക് മീറ്റര്‍ മെറ്റല്‍ നിരത്തണമെന്നാണ് കരാര്‍വ്യവസ്ഥ. ആദ്യഘട്ടത്തില്‍ 80,000 ക്യുബിക് മീറ്റര്‍ മെറ്റല്‍ മാത്രമാണ് ഉപയോഗിച്ചത്. എന്നാല്‍, ഉപയോഗിക്കാത്തതിന്റെ ബില്‍ മാറിയെടുത്തു. നിര്‍മാണപ്രവൃത്തികള്‍ പകുതിയിലധികം അവശേഷിക്കെയാണ് കൊല്ലം -പുനലൂര്‍ പാത കമീഷന്‍ ചെയ്തത്. സുരക്ഷിതത്വം ഉറപ്പാക്കാതെയാണ് അശാസ്ത്രീയമായി നിര്‍മിച്ച പാതയിലൂടെ സര്‍വീസ് തുടരുന്നത്. ഏതാനും ദിവസം മുമ്പ് 3000 ക്യുബിക് മീറ്റര്‍ മെറ്റല്‍ 45 കിലോമീറ്ററില്‍ ചിലയിടങ്ങളില്‍ നിരത്തി. അപകടകരമായ പ്രദേശങ്ങളിലേക്ക് ഏകദേശം 20,000 ക്യുബിക് മീറ്റര്‍ മെറ്റലെങ്കിലും നിരത്തണമെന്നാണ് ഓപ്പണ്‍ലൈന്‍ സെക്ഷന്‍ എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. പ്രഹസനമായി മെറ്റല്‍ നിരത്തി അടുത്ത കരാര്‍ ക്ഷണിക്കുന്ന നടപടിയിലേക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നീങ്ങുകയാണ്.

രണ്ടുദിവസം മുമ്പാണ് തിരുവനന്തപുരം കണ്‍സ്ട്രക്ഷന്‍ വിഭാഗത്തില്‍നിന്ന് മധുര ഡിവിഷന്റെ ഓപ്പണ്‍ലൈന്‍ വിഭാഗം കൊല്ലം-പുനലൂര്‍ പാതയുടെ നിയന്ത്രണം ഏറ്റെടുത്തത്. ഓപ്പണ്‍ലൈനിന് പാത കൈമാറണമെങ്കില്‍ മെറ്റല്‍ ട്രാക്കില്‍ നിരത്തി നല്‍കണമെന്ന ആവശ്യത്തെതുടര്‍ന്നാണ് കുറച്ചു സ്ഥലങ്ങളില്‍ മെറ്റല്‍ നിരത്തിയത്. മെറ്റല്‍ നിരത്തിയെങ്കിലും പാക്കിങ്മെഷീന്‍ കൊല്ലം-പുനലൂര്‍ പാതയില്‍ എത്തിക്കാന്‍ നടപടിയില്ലാത്തതിനാല്‍ ഇപ്പോള്‍ നടത്തിയ നിര്‍മാണജോലികള്‍ പ്രയോജനരഹിതം. തമിഴ്നാട്ടില്‍ റെയില്‍വേയുടെ നിര്‍മാണങ്ങള്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുമ്പോഴാണ് അഴിമതിയുടെ നിഴലില്‍ കേരളത്തിലെ നിര്‍മാണം വൈകുന്നതും തട്ടിപ്പു തുടരുന്നതും.
(അരുണ്‍ മണിയാര്‍)

deshabhimani 040412

1 comment:

  1. കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാതയുടെ ശേഷിക്കുന്ന നിര്‍മാണജോലികളില്‍ വന്‍ ക്രമക്കേട്. സ്ലീപ്പറുകള്‍ക്കിടയില്‍ മെറ്റല്‍ പാകി ട്രാക്ക് ഉറപ്പിക്കുന്ന ജോലിയിലാണ് തട്ടിപ്പ് നടക്കുന്നത്. കരാര്‍പ്രകാരമുള്ള മെറ്റല്‍ നിരത്താതെയാണ് ബാലസ്റ്റിങ് (മെറ്റലിട്ട് ട്രാക്ക് ബലപ്പെടുത്തല്‍) നടത്തിയത്. വന്‍തോതില്‍ നിര്‍മാണജോലികള്‍ നടത്തിയതായി കാട്ടി സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ചില്‍തന്നെ ബില്ലുകള്‍ മാറിയെടുക്കുന്നതിനായിരുന്നു തിരക്കിട്ട് ജോലികള്‍ നടത്തിയത്. ഇതിനായി മാര്‍ച്ച് അവസാനം ഏതാനും ദിവസങ്ങള്‍ മാത്രമാണ് പാതയില്‍ ബാലസ്റ്റിങ് ട്രെയിന്‍ എത്തിച്ച് മെറ്റല്‍ പാകിയത്. കരാറുകാരുടെയും ഉദ്യോഗസ്ഥ ലോബികളുടെയും നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണം. പുതിയ കരാര്‍ നല്‍കി നിര്‍മാണസാമഗ്രികള്‍ എത്തിക്കുംവരെ പണി നടക്കില്ല.

    ReplyDelete