Wednesday, April 4, 2012

ബദല്‍ രൂപീകരിക്കാന്‍ കഴിയുക ഇടതുപക്ഷത്തിനുമാത്രം: കാരാട്ട്

പ്രൗഢോജ്വല തുടക്കം

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് കോഴിക്കോട്ട് പ്രൗഢോജ്വല തുടക്കം. രാജ്യം ഉറ്റുനോക്കുന്ന പാര്‍ടി കോണ്‍ഗ്രസ് ദേശീയരാഷ്ട്രീയം മാറ്റിക്കുറിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും. ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നായകരായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്തിന്റെയും ജ്യോതിബസുവിന്റെയും ഓര്‍മകളുണര്‍ത്തുന്ന നഗറില്‍ (ടാഗോര്‍ സെന്റിനറി ഹാള്‍)പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. രക്തസാക്ഷികളുടെ വീരസ്മരണ പുതുക്കിയാണ് രാഷ്ട്രീയചരിത്രത്തില്‍ സുപ്രധാന ഏടായി മാറുന്ന പാര്‍ടി കോണ്‍ഗ്രസിന് തുടക്കമായത്.

പ്രതിനിധിസമ്മേളന നഗറില്‍ പാര്‍ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ആര്‍ ഉമാനാഥ് പതാക ഉയര്‍ത്തി. ഇതിനുമുന്നോടിയായി പ്രശസ്ത കവി ഒ എന്‍ വിയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരവും ഉണ്ടായി. പി കെ ഗോപി രചിച്ച സ്വാഗതഗാനവും ആവേശത്തിന്റെ അലകളുയര്‍ത്തി. ചെമ്പതാക ഉയരവെ ബാന്‍ഡുവാദ്യവും കതിനവെടികളും മുഴങ്ങി. അസംഖ്യം വര്‍ണബലൂണുകള്‍ വാനിലേക്കുയര്‍ന്നു.

പതാക ഉയര്‍ത്തല്‍ ചടങ്ങിനുശേഷം രക്തസാക്ഷിമണ്ഡപത്തില്‍ ധീര സഖാക്കളുടെ സ്മരണകള്‍ക്കുമുമ്പില്‍ പിബി അംഗങ്ങള്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. പാര്‍ടി സംസ്ഥാന സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ പിണറായി വിജയന്‍ സ്വാഗതം ആശംസിച്ചു. എസ് ആര്‍ പി രക്തസാക്ഷി-അനുശോചനപ്രമേയങ്ങള്‍ അവതരിപ്പിച്ചു. സിപിഐ നേതാവ് എ ബി ബര്‍ദന്‍ പ്രതിനിധികളെ അഭിവാദ്യംചെയ്തു. ഉച്ചക്കുശേഷം രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും കാരാട്ട്അവതരിപ്പിച്ചു. എസ്ആര്‍പി(ചെയര്‍മാന്‍), മൊഹമ്മദ് സലിം, സുധ സുന്ദര്‍രാമന്‍, എം എ ബേബി, പി രാമയ്യ, ഖഗന്‍ദാസ്, കെ പി ഗവിത് എന്നവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. 734 പ്രതിനിധികള്‍, 77 നിരീക്ഷകര്‍, 11 മുതിര്‍ന്ന അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തിനുണ്ട്.

സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളും ലോകരാഷ്ട്രീയത്തിലെ മാറ്റങ്ങളും വിലയിരുത്തുന്ന പ്രത്യയശാസ്ത്രപ്രമേയമാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ സവിശേഷത. കരട് രാഷ്ട്രീയ പ്രമേയവും രാഷ്ട്രീയ സംഘടനാറിപ്പോര്‍ട്ടും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. രാജ്യത്തെ രാഷ്ട്രീയസംഭവവികാസങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന കോണ്‍ഗ്രസ് പ്രശ്്നപരിഹാരത്തിനുള്ള രാഷ്ട്രീയബദല്‍ മുന്നോട്ടുവയ്ക്കും.കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ വളര്‍ത്താനുള്ള ആഹ്വാനമാണ് കോഴിക്കോട്ടുനിന്നുയരാന്‍ പോകുന്നത്. രാജ്യത്താകെ പാര്‍ടിയുടെ അടിത്തറ ശക്തിപ്പെടുത്തുകയും സ്വാധീനം വര്‍ധിപ്പിക്കുകയുമാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന അജന്‍ഡ. ദേശീയതലത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് വളര്‍ത്തുന്നതിനുള്ള സുപ്രധാനതീരുമാനങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് കൈക്കൊള്ളും. രക്തപതാക ഉയര്‍ത്തുന്നതിനോടൊപ്പം പാര്‍ടി കോണ്‍ഗ്രസിന്റെ മുദ്ര ആലേഖനം ചെയ്ത വര്‍ണ ബലൂണുകള്‍ വാനില്‍ പാറിപ്പറന്നു. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങള്‍, വിഎസ് അച്യുതാനന്ദന്‍ എന്നീ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. മുതിര്‍ന്ന നേതാക്കള്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച് അഭിവാദ്യമര്‍പ്പിച്ചു. കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസിനും ഈ പാര്‍ട്ടി കോണ്‍ഗ്രസിനും ഇടയില്‍ ബംഗാളിലടക്കം നിരവധി സഖാക്കളാണ് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായത്.
(കെ എം മോഹന്‍ദാസ്)

രക്തസാക്ഷികള്‍ക്ക് പ്രണാമം

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പോരാട്ടവീഥിയില്‍ ജീവന്‍ ത്യജിച്ച ധീരവിപ്ലവകാരികള്‍ക്ക് പാര്‍ടി കോണ്‍ഗ്രസിന്റെ പ്രണാമം. ഏറ്റവും കൂടുതല്‍പേര്‍ രക്തസാക്ഷികളായത് പശ്ചിമ ബംഗാളില്‍. 176 പാര്‍ടി അംഗങ്ങളും 374 പാര്‍ടി അനുഭാവികളുമാണ് തൃണമൂല്‍- മാവോയിസ്റ്റ് ഗുണ്ടാ ആക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ചത്. മറ്റ് ഇടതുപക്ഷപാര്‍ടികളുടെ 22 പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായി. കണ്ണൂരില്‍ ആര്‍എസ്എസ്- ബിജെപി ഗുണ്ടാ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 17 പേരടക്കം 27 പേരാണ് കേരളത്തില്‍ പിടഞ്ഞുവീണത്. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശപ്പോരാട്ടത്തിനിടെ ബിഹാറില്‍ വര്‍ഗശത്രുക്കളുടെ കൊലക്കത്തിക്കിരയായി 10 പേര്‍ക്ക് ജീവന്‍ വെടിയേണ്ടിവന്നു. ത്രിപുരയില്‍ ആറും ആന്ധ്രയില്‍ അഞ്ചും തമിഴ്നാട്ടില്‍ രണ്ടും ഛത്തീസ്ഗഢിലും ഒഡിഷയിലും രണ്ടുപേര്‍വീതവും മഹാരാഷ്ട്രയില്‍ ഒരു പാര്‍ടി പ്രവര്‍ത്തകനുമാണ് സമ്മേളനകാലയളവില്‍ രക്തസാക്ഷിയായത്. തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി ജീവന്‍വെടിഞ്ഞ ധീരരക്തസാക്ഷികളുടെ സ്മരണകള്‍ക്കുമുന്നില്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ബദല്‍ രൂപീകരിക്കാന്‍ കഴിയുക ഇടതുപക്ഷത്തിനുമാത്രം: കാരാട്ട്

സുര്‍ജിത്- ജ്യോതിബസു നഗര്‍ (ടാഗോര്‍ സെന്റിനറി ഹാള്‍): കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സഖ്യവും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യവും പരാജയമാണെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിച്ചതോടെ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്കുമാത്രമേ രാജ്യത്ത് ബദല്‍ സൃഷ്ടിക്കാനാകൂ എന്ന് ഉറപ്പായതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യസഖ്യത്തിന്റേതായ ബദല്‍ സൃഷ്ടിക്കാന്‍ രാജ്യവ്യാപകമായി സിപിഐ എം ശക്തിപ്പെടണം. ശക്തമായ സിപിഐ എമ്മിന് ഇടതുപക്ഷ ഐക്യം ബലപ്പെടുത്താനും ഇടത്- ജനാധിപത്യ പൊതുവേദിയിലേക്ക് മറ്റു ജനാധിപത്യപാര്‍ടികളെ നയിക്കാനുമാകും. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.

സമീപകാലത്ത് നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ യുപിഎയും എന്‍ഡിഎയും പരാജയമാണെന്നാണ് കാണിച്ചത്. ഇരുസഖ്യത്തിന്റെയും പാപ്പരത്തവും അഴിമതിയും കൂടുതല്‍ വ്യക്തമായി. സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും വ്യത്യാസമില്ല. അഴിമതിയുടെ കാര്യത്തിലും ഇവര്‍ തമ്മില്‍ മത്സരമാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും യുവാക്കളുടെയും തൊഴിലെടുക്കുന്ന മറ്റെല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുത്ത് ഏകോപിച്ചുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കും. സാമൂഹ്യമായ അടിച്ചമര്‍ത്തലിന് ഇരയാകുന്ന ദളിത്- ആദിവാസി- സ്ത്രീ- ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ പാര്‍ടി ശക്തമായി ഇടപെടും. ജനകീയപ്രശ്നങ്ങളിലും ഫെഡറലിസം, മതനിരപേക്ഷതയുടെ സംരക്ഷണം എന്നീ വിഷയങ്ങളിലും പാര്‍ടി മറ്റു ജനാധിപത്യ- മതനിരപേക്ഷ പാര്‍ടികളുമായി സഹകരിച്ച് സംയുക്തസമരങ്ങള്‍ നടത്തും. ഇരുപത്തിരണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരളത്തില്‍ പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നതെന്നു പറഞ്ഞ കാരാട്ട് കോഴിക്കോടിന്റെ പ്രാധാന്യവും രാഷ്ട്രീയ, ചരിത്ര പാരമ്പ്യര്യവും വിശദീകരിച്ചു.
(എന്‍ എസ് സജിത്)

കൂടുതല്‍ കരുത്ത് നേടും: പിണറായി

സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും പോരാട്ടങ്ങള്‍ക്കും പുതുയുഗപ്പിറവിയായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രതിനിധികളെ സ്വാഗതംചെയ്യുകയായിരുന്നു സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ പിണറായി. കേരളത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ് സെല്‍ രൂപംകൊണ്ട കോഴിക്കോട്ടാണ് പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നതെന്ന ചരിത്രപ്രാധാന്യംകൂടിയുണ്ട്. 1956ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നാലാം കോണ്‍ഗ്രസിന് കേരളം ആതിഥ്യംവഹിച്ചു. സംസ്ഥാനരൂപീകരണത്തിനുശേഷം ഇ എം എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കോണ്‍ഗ്രസ് നടന്നത്. സിപിഐ എം രൂപീകരിച്ചശേഷം കേരളത്തില്‍ നടക്കുന്ന മൂന്നാമത്തെ പാര്‍ടി കോണ്‍ഗ്രസാണിത്. ദേശീയ- സാര്‍വദേശീയ സ്ഥിതിഗതികള്‍ വിലയിരുത്തി പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ക്ക് കോണ്‍ഗ്രസ് രൂപംനല്‍കും.

ദേശീയതലത്തില്‍ അഴിമതിയും ജനവിരുദ്ധനയങ്ങളും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണ്. ഇതേജനവിരുദ്ധനയങ്ങളാണ് വര്‍ഗീയകക്ഷിയായ ബിജെപിയും പിന്തുടരുന്നത്. ഈ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയകാലാവസ്ഥയില്‍ പാര്‍ടിയെയും ഇടതുപക്ഷ ഐക്യത്തെയും ശക്തിപ്പെടുത്തി മറ്റു ജനാധിപത്യശക്തികളെ അണിനിരത്തേണ്ടത് അതീവപ്രധാനമാണ്. പാര്‍ടി കോണ്‍ഗ്രസ് ഇതിനായുള്ള രാഷ്ട്രീയ അടവുകള്‍ രൂപപ്പെടുത്തുകമാത്രമല്ല, സാഹചര്യങ്ങളെ നേരിടാനുള്ള പ്രത്യയശാസ്ത്രഘടകങ്ങള്‍ക്ക് തെളിച്ചവും നല്‍കും.

മതസൗഹാര്‍ദത്തിന്റെയും പുരോഗമന കൂട്ടായ്മകളുടെയും ദീര്‍ഘകാല ചരിത്രമുള്ള നഗരമാണ് കോഴിക്കോട്.ഈ രാജ്യാന്തര തുറമുഖനഗരം നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു. പിന്നീട് വൈദേശിക അധിനിവേശത്തിനും സാക്ഷ്യംവഹിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും സിരാകേന്ദ്രമായിരുന്നു കോഴിക്കോട്. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെയും ശക്തികേന്ദ്രമാണിവിടം. പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ കോഴിക്കോട് ജില്ലയിലെ എല്ലാ ബഹുജനങ്ങളും പൂര്‍ണമനസ്സോടെ സഹകരിച്ചു. കോണ്‍ഗ്രസിനോടനുബന്ധിച്ച് വിവിധതലങ്ങളില്‍ നടന്ന പരിപാടികളില്‍ വന്‍ജനാവലി പങ്കെടുത്തത് ഇതിന്റെ തെളിവാണെന്നും പിണറായി പറഞ്ഞു.

യുപിഎ, എന്‍ഡിഎ മുന്നണികള്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു: ബര്‍ദന്‍

ഇന്ത്യ ഭരിക്കുന്ന യുപിഎയ്ക്കും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് സിപിഐ നേതാവ് എ ബി ബര്‍ദന്‍ പറഞ്ഞു. സിപിഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂര്‍ഷ്വ പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും നയിക്കുന്ന മുന്നണികള്‍ക്ക് ഒരേ നയമാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുസൃതമായ സാമ്പത്തിക വിദേശ നയങ്ങളാണ് ഇരു മുന്നണികളും മുന്നോട്ട് വെക്കുന്നത്. ഈ നയങ്ങളുടെ ഭാഗമായി രാജ്യത്ത് അഴിമതി വ്യാപകമായി. ജീവിതദുരിതങ്ങളും വര്‍ധിച്ചുവരികയാണ്. ജനങ്ങളുടെ മനസില്‍ നിന്ന് അകന്നുകൊണ്ടിരിക്കുന്ന ഇരുമുന്നണികള്‍ക്കും ബദലായി ശക്തമായ ഇടതുപക്ഷ ബദല്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.

ജനകീയ പ്രശ്നങ്ങളില്‍ സിപിഐഎമ്മും സിപിഐയും ദശാബ്ദങ്ങളായി ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും മുന്‍കയ്യെടുക്കണം. തെരഞ്ഞെടുപ്പുകളില്‍ യുപിഎ അല്ലെങ്കില്‍ എന്‍ഡിഎ എന്ന സമവാക്യത്തിന് മാറ്റം വരണം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സിപിഐയുടെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സിപിഐ എം 20ാം പാര്‍ട്ടി കോണ്‍ഗ്രസും ഈ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളെടുക്കുമെന്നാണ് പതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

എത്താത്തതിന് കാരണം അനാരോഗ്യം: ബുദ്ധദേബ്

കൊല്‍ക്കത്ത: കോഴിക്കോട്ട് നടക്കുന്ന സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന് വരാന്‍ കഴിയാത്തത് ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണെന്ന് പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു. തന്റെ അഭാവത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതില്‍ വാസ്തവമില്ല. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. ഗൗരവമായ ശാരീരിക പ്രശ്നങ്ങളുള്ളതിനാല്‍ യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമാണ് കോഴിക്കോട്ടെത്താന്‍ കഴിയാതിരുന്നത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് താന്‍ പാര്‍ടി കോണ്‍ഗ്രസിന് വരാത്തതെന്ന മാധ്യമപ്രചാരണത്തില്‍ പാര്‍ടി പ്രവര്‍ത്തകരും പാര്‍ടി ബന്ധുക്കളും വിശ്വസിക്കരുതെന്നും ബുദ്ധദേബ് അഭ്യര്‍ഥിച്ചു. പാര്‍ടി കോണ്‍ഗ്രസിന് എല്ലാ വിജയങ്ങളും നേരുന്നതായി സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റി ഓഫീസില്‍വച്ച് ബുദ്ധദേബ് ദേശാഭിമാനിയോട് പറഞ്ഞു.
(ഗോപി)

deshabhimani news

1 comment:

  1. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സഖ്യവും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യവും പരാജയമാണെന്ന് സമീപകാല അനുഭവങ്ങള്‍ തെളിയിച്ചതോടെ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്കുമാത്രമേ രാജ്യത്ത് ബദല്‍ സൃഷ്ടിക്കാനാകൂ എന്ന് ഉറപ്പായതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യസഖ്യത്തിന്റേതായ ബദല്‍ സൃഷ്ടിക്കാന്‍ രാജ്യവ്യാപകമായി സിപിഐ എം ശക്തിപ്പെടണം. ശക്തമായ സിപിഐ എമ്മിന് ഇടതുപക്ഷ ഐക്യം ബലപ്പെടുത്താനും ഇടത്- ജനാധിപത്യ പൊതുവേദിയിലേക്ക് മറ്റു ജനാധിപത്യപാര്‍ടികളെ നയിക്കാനുമാകും. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്.

    ReplyDelete