Saturday, April 7, 2012

ആരോഗ്യ കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലേക്ക്


ഗ്രാമീണ മേഖലയില്‍ നേഴ്സുമാരുടെ സേവനം നിര്‍ത്തുന്നു

പാലക്കാട്: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നേഴ്സുമാരുടെ സേവനം നിര്‍ത്തലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും നഴ്സുമാരെ സ്ഥലം മാറ്റി. കിടത്തിചികിത്സ ഇല്ലെന്നപേരില്‍ 13 നേഴ്സുമാരേയാണ് ആദ്യഘട്ടത്തില്‍ സ്ഥലം മാറ്റിയത്. 75 ഓളം പേരെ സ്ഥലം മാറ്റി തസ്തികകള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേഴ്സുമാരുടെ സേവനം നാമമാത്രമാവും. ഈ തസ്തികകള്‍ ഫലത്തില്‍ ഇല്ലാതാവും. ഗ്രാമീണജനതയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാവും.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ കിടത്തിചികിത്സിക്കാന്‍ തയ്യാറാവാത്തതുകൊണ്ട് രോഗികളുടെ അഡ്മിഷന്‍ കുറവാണ്. ആവശ്യമായ കിടത്തിചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതെ നേഴ്സുമാരേ സ്ഥലം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. മിക്ക പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ചുരുങ്ങിയത് നാല് നേഴ്സുമാരാണുള്ളത്. ചിലയിടങ്ങളില്‍ ആറും എട്ടും നഴ്സുമാരുണ്ട്. ഇത് ഒന്നാവും. ജില്ലയിലെ 24 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് 75 ഓളം പേരെ സ്ഥലം മാറ്റാന്‍ നീക്കമുണ്ട്. ഇവരെ സ്ഥലം മാറ്റിയാല്‍ ഈ 24 സെന്ററുകളില്‍ പകരം നഴ്സുമാരെ നിയമിക്കില്ല. ഇതുസംബന്ധിച്ച തീരുമാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. സ്ഥലം മാറ്റിയ 13 നേഴ്സുമാരെ ജില്ലാ ആശുപത്രിയുടെ ഭാഗമായ അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഇവിടെ ഈ നേഴ്സുമാര്‍ മാത്രം മതിയാവില്ല. നാല് ഹെഡ് നേഴ്സുമാരും ഒരു നഴ്സിംഗ് സൂപ്രണ്ടും വേണം. ഒരു മാസം 500ലധികം പ്രസവങ്ങള്‍, 250 ലധികം സിസേറിയന്‍ അടക്കമുള്ള ഓപ്പറേഷനുകള്‍ എന്നിവ ആശുപത്രിയില്‍ നടക്കുന്നുണ്ട്. ഒരു ദിവസം 50 ലധികം കുട്ടികളും ചികിത്സതേടിയെത്തുന്നു.

പ്രസവറൂം, ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ ഒരു രോഗിക്ക് ഒരു നഴ്സുണ്ടാവണം എന്നാണ് നിയമം. ഇതു പാലിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലാ ആശുപത്രിയില്‍ ഒരു ദിവസം ഏകദേശം ആയിരത്തിലധികം ഔട്ട്പേഷ്യന്റ് എത്തുന്നുണ്ട്. ഇവര്‍ക്കൊന്നും മതിയായ നേഴ്സുമാര്‍ ഇവിടെയില്ല. പുതിയതായി നഴ്സുമാരെ ഇവിടേക്ക് നിയമിക്കുന്നതിനു പകരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ നേഴ്സുമാരുടെ തസ്തിക ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിലെ 13 ജില്ലകളിലും ഹെഡ് നേഴ്സുമാരുടെ 11 തസ്തിക അനുവദിച്ചു. എന്നാല്‍ ഇതിലും പാലക്കാട് ജില്ലയെ അവഗണിച്ചു. തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലയായ പാലക്കാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴാണ് ഹെഡ് നേഴ്സ് തസ്തിക പാലക്കാടിന് അനുവദിക്കാതെ അവഗണിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും ജില്ലാ ആശുപത്രിയേയും തകര്‍ത്ത് സാധാരണക്കാരന്റെ ചികിത്സാ സൗകര്യങ്ങള്‍ നിഷേധിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

deshabhimani 070412

1 comment:

  1. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നേഴ്സുമാരുടെ സേവനം നിര്‍ത്തലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും നഴ്സുമാരെ സ്ഥലം മാറ്റി. കിടത്തിചികിത്സ ഇല്ലെന്നപേരില്‍ 13 നേഴ്സുമാരേയാണ് ആദ്യഘട്ടത്തില്‍ സ്ഥലം മാറ്റിയത്. 75 ഓളം പേരെ സ്ഥലം മാറ്റി തസ്തികകള്‍ ഇല്ലാതാക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു. ഇതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേഴ്സുമാരുടെ സേവനം നാമമാത്രമാവും. ഈ തസ്തികകള്‍ ഫലത്തില്‍ ഇല്ലാതാവും. ഗ്രാമീണജനതയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാവും

    ReplyDelete