Saturday, April 7, 2012

യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച തീരുമാനം ശരിവച്ചു


അമേരിക്കയുമായി ആണവ കരാര്‍ ഉണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് പാര്‍ടി കോണ്‍ഗ്രസ് ശരിവച്ചു. പിന്തുണ പിന്‍വലിക്കാന്‍ പാര്‍ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിജയവാഡയില്‍ ചേര്‍ന്ന വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം നേരത്തെതന്നെ ഈ തീരുമാനം അംഗീകരിച്ചിരുന്നു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് ഏകകണ്ഠമായി ഇത് ശരിവച്ചതായി പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഭിന്നതയുമില്ലെങ്കിലും ചില മാധ്യമങ്ങള്‍ക്ക് സംശയം തീരുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി വൃന്ദ പറഞ്ഞു. എല്ലാ ഊഹാപോഹങ്ങള്‍ക്കും പാര്‍ടി കോണ്‍ഗ്രസോടെ അവസാനമായി. പിന്തുണ ഇതിലും നേരത്തെ പിന്‍വലിക്കണമെന്നല്ലാതെ പിന്‍വലിച്ചത് തെറ്റായിപ്പോയി എന്ന് ആരും അഭിപ്രായപ്പെട്ടില്ല. എന്നിട്ടും മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസംപോലും തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. നിങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ഈ സംശയം എന്ന് തീരുമെന്നും വൃന്ദ ചോദിച്ചു.
മാവോയിസ്റ്റുകളെ ഒരിക്കലും ഇടതുപക്ഷമായി കണക്കാക്കുന്നില്ലെന്ന് വൃന്ദ പറഞ്ഞു. മാവോയിസ്റ്റുകള്‍ ആദിവാസികളെ മറയാക്കി കൊള്ളയും ബ്ലാക്ക്മെയിലിങ്ങുമാണ് നടത്തുന്നത്. പാവപ്പെട്ട ആദിവാസികള്‍ ഈ കൊള്ളസംഘത്തിന്റെ ഇരയാവുകയാണ്. ഭീകരതയും കൊലയുമാണ് അവരുടെ മുഖമുദ്ര. ജാര്‍ഖണ്ഡില്‍ ഖനി ഉടമകളുമായി മാവോവാദികള്‍ ധാരണയുണ്ടാക്കി. മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരം ഇടപാടുകളിലൂടെ കൊള്ളനടത്തുകയാണ്. ഹിന്ദിപ്രദേശങ്ങളില്‍ സിപിഐ എം ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് പാര്‍ടി കോണ്‍ഗ്രസ് രൂപം നല്‍കും. ഹിന്ദിപ്രദേശങ്ങളില്‍ പാര്‍ടി വളരാതിരിക്കുന്നതിന് കാരണം ജാതീയത മാത്രമല്ലെന്ന് വൃന്ദ പറഞ്ഞു. ജാതീയത മറ്റ് പല പ്രശ്നങ്ങളില്‍ ഒന്ന് മാത്രം. ഈ വിഷയങ്ങളിലെല്ലാം ശരിയായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകും. രാജസ്ഥാനില്‍ കുടിവെള്ളം, ഭൂമി പ്രശ്നം എന്നിവ ഏറ്റെടുത്ത് കര്‍ഷകര്‍ നടത്തിയ സമരത്തിലൂടെ അവിടെ പാര്‍ടിക്ക് മുന്നോട്ട് പോകാനായി. പാര്‍ടിയുടെ ശക്തി അളക്കേണ്ടത് തെരഞ്ഞെടുപ്പില്‍ കിട്ടുന്ന സീറ്റിനെ അടിസ്ഥാനപ്പെടുത്തിയല്ല. പല സ്ഥലങ്ങളിലും തൊഴിലാളികളുടെ ശക്തമായ മുന്നേറ്റമുണ്ട്. പക്ഷെ, അവരുടെ വോട്ട് ഏതെങ്കിലും ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചാവില്ല. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടാണ് പാര്‍ടി സ്വീകരിക്കുന്നതെന്നും വൃന്ദ പറഞ്ഞു.

തിരിച്ചടികളെ അതിജീവിച്ചത് ബംഗാളിന്റെ ചരിത്രം: സൂര്യകാന്ത് മിശ്ര

ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും സഖ്യത്തിലായത് ഇരുവിഭാഗത്തിന്റെയും ആശയപരമായ പാപ്പരത്തമാണ് വെളിവാക്കിയതെന്ന് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര പറഞ്ഞു. മഹാനായ മാവോ ഉയര്‍ത്തിപ്പിടിച്ച ചെങ്കൊടി തൃണമൂല്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കീഴില്‍ അടിയറവച്ചിരിക്കയാണ് മാവോയിസ്റ്റുകള്‍. ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ആര്‍എസ്എസ് അടക്കമുള്ള തീവ്രവലതുപക്ഷവാദികളും ഉള്‍പ്പെട്ട മഴവില്‍ സഖ്യത്തിന്റെ ഭാഗമാവുകയായിരുന്നു അവര്‍-മിശ്ര പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സിപിഐ എം മുഖപത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരുമായി ദേശാഭിമാനിയില്‍ ആശയവിനിമയം നടത്തുകയായിരുന്നു സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായ മിശ്ര.

ഏത് തിരിച്ചടികളില്‍നിന്നും മുമ്പത്തെക്കാള്‍ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് പശ്ചിമ ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യത്തിന് ശേഷവും തുടര്‍ന്ന് എഴുപതുകളില്‍ സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ ഭരണകാലത്തും അതിക്രൂരമായി വേട്ടയാടപ്പെട്ടിരുന്നു. ഈ അതിക്രമങ്ങള്‍ക്കുശേഷം സിപിഐ എം കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്. റേയുടെ അര്‍ധഫാസിസ്റ്റ് ഭരണത്തിലേതിന് സമാനമായ അതിക്രമങ്ങളാണ് ഇപ്പോള്‍. 1100 സിപിഐ എം പ്രവര്‍ത്തകരെ റേ ഭരണകാലത്ത് കൊലപ്പെടുത്തിയപ്പോള്‍ അതിന് കൂട്ടുനിന്നത് നക്സലൈറ്റുകളായിരുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ 570 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇന്നതിന് കൂട്ടുനില്‍ക്കുന്നത് മാവോയിസ്റ്റുകളാണ്. അന്നും ഇന്നും ഒരുപോലെ ആയിരക്കണക്കിനാളുകള്‍ക്ക് വീടുവിട്ടുപോകേണ്ടിവരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവം ഇന്ത്യയിലെ ബൂര്‍ഷ്വാ ഭൂപ്രഭുവര്‍ഗത്തിന്റേതുതന്നെയാണെന്നതില്‍ സംശയമില്ല. അതാണ് മമതയുടെ മൂന്നുറുദിവസത്തെ ഭരണത്തില്‍ തെളിയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഭരണവും പാര്‍ടിയും നിയന്ത്രിക്കുന്നത് ഒരേ ഒരാള്‍. കര്‍ഷക ആത്മഹത്യയും പതിവായി. ശമ്പളം ലഭിക്കാതെ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ആത്മഹത്യ ചെയ്തു. അധ്യാപകര്‍ക്കും സഹകരണ ജീവനക്കാര്‍ക്കും മില്‍തൊഴിലാളികള്‍ക്കും ശമ്പളമില്ല. വിഘടനവാദം വീണ്ടും കരുത്താര്‍ജിക്കുന്നതിനും ബംഗാള്‍ സാക്ഷിയാവുന്നു. പ്രത്യേക ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനവാദത്തിനു ശക്തിയേറി. കാംതാപുരി ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, കൂച്ച് ബെഹാര്‍ സംസ്ഥാനത്തിനുവേണ്ടി വാദിക്കുന്നവരും ശക്തിയാര്‍ജിക്കുകയാണ്-മിശ്ര പറഞ്ഞു.

deshabhimani 070412

1 comment:

  1. അമേരിക്കയുമായി ആണവ കരാര്‍ ഉണ്ടാക്കിയപ്പോള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് പാര്‍ടി കോണ്‍ഗ്രസ് ശരിവച്ചു. പിന്തുണ പിന്‍വലിക്കാന്‍ പാര്‍ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിജയവാഡയില്‍ ചേര്‍ന്ന വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം നേരത്തെതന്നെ ഈ തീരുമാനം അംഗീകരിച്ചിരുന്നു. രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് ഏകകണ്ഠമായി ഇത് ശരിവച്ചതായി പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഭിന്നതയുമില്ലെങ്കിലും ചില മാധ്യമങ്ങള്‍ക്ക് സംശയം തീരുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി വൃന്ദ പറഞ്ഞു. എല്ലാ ഊഹാപോഹങ്ങള്‍ക്കും പാര്‍ടി കോണ്‍ഗ്രസോടെ അവസാനമായി. പിന്തുണ ഇതിലും നേരത്തെ പിന്‍വലിക്കണമെന്നല്ലാതെ പിന്‍വലിച്ചത് തെറ്റായിപ്പോയി എന്ന് ആരും അഭിപ്രായപ്പെട്ടില്ല. എന്നിട്ടും മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസംപോലും തെറ്റായ വാര്‍ത്തകള്‍ കൊടുത്തു. നിങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരുടെ ഈ സംശയം എന്ന് തീരുമെന്നും വൃന്ദ ചോദിച്ചു.

    ReplyDelete