Saturday, April 7, 2012
സംസ്ഥാന വാര്‍ത്തകള്‍ - വയനാട്, റീസര്‍വെ, മുല്ലപ്പെരിയാര്‍..
പുനരധിവാസ പദ്ധതി പ്രഹസനമാക്കാന്‍ നീക്കം
ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ പുനരധിവാസ പദ്ധതി പ്രഹസനമാക്കാനുള്ള നീക്കത്തില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാവുന്നു. വന്യജീവി സങ്കേതത്തിനുള്ളില്‍ കഴിയുന്ന എണ്ണൂറോളം കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റിപാര്‍പ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി പ്രകാരം മാറ്റിപാര്‍പ്പിക്കുന്ന ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം. ഇതിന് മൊത്തം നൂറ് കോടിയിലേറെ രൂപ ചെലവ് വരും. വനത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ നിന്നും ഇതിനായി വനംവകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സമ്മത പത്രം വാങ്ങിയിരുന്നു. പുനരധിവാസം നടപ്പാക്കുന്ന പ്രദേശങ്ങളിലെകുടുംബങ്ങളെ ഒരേ സമയം മാറ്റിപാര്‍പ്പിക്കുമെന്ന ഉറപ്പാണ് സംസ്ഥാന സര്‍ക്കാരും വനംവകുപ്പും ഇപ്പോള്‍ ലംഘിക്കുന്നത്. മതിയായ ഫണ്ട് കേന്ദ്ര സര്‍ക്കാറില്‍ നിന്നും ഇതിനായി ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണിത്.
ആദ്യഘട്ടത്തില്‍ അമ്മവയല്‍, ഗോളൂര്‍, കൊട്ടങ്കര പ്രദേശങ്ങളിലെ ഏതാനും കുടുംബങ്ങളെ മാത്രം നഷ്ടപരിഹാരം ഗഡുക്കളായി നല്‍കി പറഞ്ഞുവിടാനാണ് വനംവകുപ്പിന്റെ നീക്കം. തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നായ്ക്കട്ടിയില്‍ നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു വിതരണം നടത്തുമെന്നാണ് വനംവകുപ്പും ഭരണകക്ഷി നേതാക്കളും അറിയിച്ചത്. മൂന്ന് കേന്ദ്രങ്ങളിലെയും ഏതാനും കുടുംബങ്ങള്‍ക്ക് മാത്രം ആറ് ലക്ഷം രൂപ നല്‍കാനാണ് നീക്കം. തുക നേരിട്ട് നല്‍കുന്നതിന് പകരം ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആദ്യഗഡു കൈപ്പറ്റുന്ന കുടുംബങ്ങള്‍ ഒരു മാസത്തിനകം തങ്ങളുടെ വീടും കൃഷിയിടവും ഒഴിഞ്ഞുപോയാല്‍ മാത്രമെ ബാക്കി തുക നല്‍കുകയുള്ളു. ആദിവാസികള്‍ അടക്കമുള്ള താമസക്കാര്‍ ഇതുവരെ പകരം ഭൂമി കണ്ടെത്തിയിട്ടില്ല. ആദ്യഗഡുവായ ആറ് ലക്ഷം രൂപകൊണ്ട് ഭൂമി വാങ്ങി വീട് നിര്‍മിക്കുകയെന്നത് ഇവര്‍ക്ക് ദുഷ്കരമാവും. മഴക്കാലം തുടങ്ങിയതും ഇവരുടെ ദുരിതം ഇരട്ടിപ്പിക്കും. ആദ്യഗഡു വാങ്ങി ഒരു മാസത്തിനകം ഒഴിഞ്ഞുപോയാല്‍ മാത്രമെ അടുത്തഗഡു നല്‍കുകയുള്ളൂ. ഇല്ലെങ്കില്‍ ബലമായി ഒഴിപ്പിക്കും. ഭൂമിയൂടെ മാര്‍ക്ക്വില ഉയര്‍ന്നതും സ്ഥലം കിട്ടാനില്ലാത്തതും വനത്തിനുള്ളില്‍ കഴിയുന്ന കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നഷ്ടപരിഹാര തുക ഒന്നിച്ച് ലഭിച്ചാല്‍ മാത്രമെ ഇതിന് ചെറിയ തോതിലെങ്കിലും പരിഹാരമാവു.
ഇതിനിടെ നഷ്ടപരിഹാരം ആദ്യഘട്ടത്തില്‍ വിതരണം ചെയ്യേണ്ട കുടുംബങ്ങളുടെ പട്ടിക അധികൃതര്‍ രഹസ്യമായി സൂക്ഷിക്കുന്നതിന് അഴിമതി ലക്ഷ്യമിട്ടാണെന്നും ആരോപണമുണ്ട്. ഭരണകക്ഷി നേതാക്കളോട് അടുപ്പം പുലര്‍ത്തുന്ന ചില കുടുംബങ്ങളെ മാത്രമാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ പലരും അനര്‍ഹമായാണ് പട്ടികയില്‍ കടന്നുകൂടിയത്. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച വനംവകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേരില്‍ നടപടി എടുക്കാനും ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. പുനരധിവാസം പ്രഹസനമാക്കാനുള്ള നീക്കത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
(പി മോഹനന്‍)
സിഡി തുറക്കാന്‍ കഴിയുന്നില്ല; ഖജനാവിന് ഒന്നരകോടി നഷ്ടം
തൊടുപുഴ: ഉന്നത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം കോടികളുടെ നഷ്ടം. സര്‍ക്കാര്‍ എല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കി സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ ഡിജിറ്റല്‍ സിഡികള്‍ ഓപ്പണ്‍ചെയ്യാനാവതെവന്നപ്പോള്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമായത് ഒന്നര കോടി രൂപ. റീ സര്‍വെയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ സിഡി ഓപ്പണ്‍ ചെയ്യാനാവാത്തതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന് 156ലക്ഷം രൂപ പാഴായത്. മാറിയ സാങ്കേതിക വിദ്യക്കനുസരിച്ച് സിഡി മാറ്റംവരുത്തി നല്‍കണമെന്ന വ്യവസ്ഥ സ്വകാര്യ സ്ഥാപനവുമായുള്ള കരാറില്‍ ഇല്ലാതെപോയതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിക്കുപോലും സാധ്യതയില്ലാത്ത നിലയിലാണ് റവന്യു-സര്‍വെ വകുപ്പുകള്‍. അക്കൗണ്ടന്റ് ജനറല്‍ ഇക്കാര്യം പലകുറി ആവശ്യപ്പെട്ടിട്ടും തൃപ്തികരമായ മറുപടി നല്‍കാനും ബന്ധപ്പെട്ടവര്‍ക്കാവുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിപ്രകാരമാണ് സ്വകാര്യസ്ഥാനപങ്ങളുടെ പങ്കാളിത്തത്തോടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ സംസ്ഥാനത്ത് ആരംഭിച്ചത്. ന്യൂഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ 17 സ്ഥാപനങ്ങളാണ് സര്‍വെ വകുപ്പിനെ മാറ്റിനിര്‍ത്തി നടത്തിയ ഡിജിറ്റലൈസേഷന്‍ ജോലികള്‍ ഇവിടെ നടത്തിയത്. എറണാകുളം, കോട്ടയം ജില്ലകളിലെ ആറ് താലൂക്കുകളിലെ 134 വില്ലേജുകളുടെ ഡിജിറ്റലൈസേഷന്‍ ജോലികളാണ് സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്തത്. റീസര്‍വെ പൂര്‍ത്തിയായ വില്ലേജുകളുടെ ഭൂമി റീസര്‍വെ സംബന്ധിച്ച വിശദാംശങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണമെന്നായിരുന്നു കരാര്‍. ഈ ജോലി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നെങ്കിലും റവന്യു വകുപ്പ് പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് ഈ ജോലി ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചെങ്കിലും അതും റവന്യു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വീകാര്യമായില്ല. ജോലി പൂര്‍ത്തിയാക്കി ഡിജിറ്റല്‍ സിഡി സര്‍വെ ഡയറക്ടറേറ്റില്‍ ഏല്‍പ്പിച്ച് ബില്ലുകള്‍ പ്രകാരമുള്ള 1,56,80,000 രൂപയും കൈപ്പറ്റി സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരും മടങ്ങി. പിന്നീട് റീ സര്‍വെയുമായി ബന്ധപ്പെട്ട ചില പരാതികള്‍ വന്നപ്പോഴാണ് സിഡി ആവശ്യമായി വന്നത്. അപ്പോള്‍ അത് തുറക്കാനായില്ല. തുടര്‍ന്ന് കമ്പനികളുമായി ബന്ധപ്പെട്ടപ്പോള്‍ എഗ്രിമെന്റില്‍ ഇല്ലാത്തതിനാല്‍ ഈ സര്‍വീസ് വീണ്ടും നല്‍കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
സംസ്ഥാനത്ത് 335 വില്ലേജുകളുടെ ഡിജിറ്റലൈസേഷന്‍ ജോലികളാണ് ഇതുവരെ പൂര്‍ത്തിയായത്. അതില്‍ 201 വില്ലേജുകളുടെ ഡിജിറ്റല്‍ ജോലികള്‍ ചെയ്തത് സര്‍വെ വകുപ്പ് നേരിട്ടായിരുന്നു. ലിസ് കാഡ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് സര്‍വെ വകുപ്പ് ഇത് കംപ്യൂട്ടര്‍വല്‍ക്കരിച്ചത്്്്. ആ സിഡികള്‍ക്കൊന്നും ഇപ്പോഴും ഒരു പ്രശ്നവുമില്ല. എന്നാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ മറ്റേതോ സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് ഈ ജോലി നടത്തിയത്. അതാണ് കുഴപ്പമയതെന്നാണ് സര്‍വെ ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഒന്നരകോടി പാഴാക്കിയതില്‍ ഉന്നത റവന്യു വകുപ്പ് ഉദ്യോഗസ്ഥരെല്ലാംതന്നെ പങ്കാളികളായതിനാല്‍ ഒരു വിധത്തിലുള്ള അന്വേഷണംപോലും ഈ വിഷയത്തില്‍ ഉണ്ടായില്ല.
പോരാട്ടവീഥിയില്‍ പുതുചരിത്രംകുറിച്ച്
കുമളി: പോരാട്ട വീഥിയില്‍ പുതുചരിതം രചിച്ച് മുല്ലപ്പെരിയാര്‍ സമരം ഇടംനേടുന്നു. തൊഴിലും അവകാശവും സംരക്ഷിക്കാനും നേടിയെടുക്കാനുമായി എണ്ണമറ്റ സമരങ്ങള്‍ക്ക് വേദിയായ ജില്ലയില്‍ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം അതുകൊണ്ട് തന്നെ വേറിട്ടതായി. കേരളം കണ്ട ദൈര്‍ഘ്യമേറിയ സമരത്തിന്റെ ചരിത്രത്തിലേക്കാണ് പെരിയാര്‍ തീരവാസികളുടെ പോരാട്ടവും എഴുതി ചേര്‍ക്കുന്നത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സമര സമിതി നേതൃത്വത്തില്‍ വണ്ടിപ്പെരിയാറില്‍ നടക്കുന്ന സമരം വെള്ളിയാഴ്ച 128 ദിവസം പിന്നിട്ടു. ഇവിടെ നടക്കുന്ന റിലെ ഉപവാസം ശനിയാഴ്ച 98-ാം ദിവസത്തിലേക്ക് കടന്നു. വണ്ടിപ്പെരിയാറില്‍ വെള്ളിയാഴ്ച നടന്ന 12 മണിക്കൂര്‍ ഉപവാസത്തില്‍ സിപിഐ എം തൊടുപുഴ ഏരിയയിലെ ചിറ്റൂര്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും സിപിഐ എം മഞ്ചുമല ലോക്കല്‍ കമ്മിറ്റിയിലെ മഞ്ചുമല സൗത്ത് ബ്രാഞ്ച് അംഗങ്ങളും പങ്കെടുത്തു. ചപ്പത്തിലെ സമരം 1932 ദിവസം പിന്നിട്ടു. വെള്ളിയാഴ്ച സിപിഐ എം പുളിയന്‍മല ലോക്കല്‍ കമ്മിറ്റിയിലെ സ്കൂള്‍മേട് ബ്രാഞ്ച് അംഗങ്ങള്‍ ഉപവാസമനുഷ്ഠിച്ചു. വണ്ടന്‍മേട് പഞ്ചായത്തംഗം റോയി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സി കുമാര്‍ സംസാരിച്ചു.
ശിശുക്ഷേമസമിതി: ആയിരത്തിലേറെപ്പേരെ സമിതിയില്‍ തിരുകിക്കയറ്റുന്നു
ശിശുക്ഷേമസമിതി ജനറല്‍ബോഡി യോഗം മൂന്നാഴ്ചയ്ക്കകം വിളിച്ചുചേര്‍ക്കാനുള്ള ഹൈക്കോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു. മെയ് രണ്ടാംവാരം വരെയാണ് യോഗം വിളിക്കുന്നതിന് സമയം സാമൂഹ്യക്ഷേമ ഡയറക്ടര്‍ ആവശ്യപ്പെടുന്നത്. യോഗം വൈകിപ്പിച്ച് അംഗങ്ങളുടെ ലിസ്റ്റില്‍ ആയിരത്തോളംപേരെ അനധികൃതമായി ചേര്‍ക്കാനാണ് സര്‍ക്കാര്‍നീക്കം. സമിതിയില്‍ ആയിരത്തെണ്ണൂറിലധികം അംഗങ്ങളുണ്ടെന്നും ഇവരെ വിളിച്ചുകൂട്ടാന്‍ മൂന്നാഴ്ച മതിയാകില്ലെന്നും കാണിച്ചാണ് സമയം നീട്ടാന്‍ അപേക്ഷ നല്‍കുന്നത്. ഇതിന് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
2010 ഫെബ്രുവരി 18ന് ഇറക്കിയ അന്തിമവോട്ടര്‍പട്ടികയില്‍ പേരുള്ള 833 പേരും തുടര്‍ന്ന് അംഗങ്ങളാക്കപ്പെട്ട 47 പേരുമാണ് ഇപ്പോഴുള്ള സമിതി അംഗങ്ങള്‍. പുതുതായി അംഗങ്ങളെ ചേര്‍ക്കാനുള്ള അധികാരം സമിതി നിയമാവലി അനുസരിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റിയെ മറികടന്ന്, ആയിരത്തിലധികം പേരെക്കൂടി പുതുതായി ഉള്‍പ്പെടുത്തി ജനറല്‍ബോഡിയോഗം ചേരാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവിലുള്ള ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ ഭരണസ്തംഭനം മാറ്റാനാണ് മൂന്നാഴ്ചയ്ക്കകം ജനറല്‍ബോഡി വിളിച്ചുചേര്‍ക്കാന്‍ മാര്‍ച്ച് 27ന് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിലുള്ള ഭരണസമിതി തുടരണോ വേണ്ടയോ എന്നുള്ളത് ജനറല്‍ബോഡി ചേര്‍ന്ന് തീരുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമിതിയുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണവും ദത്തെടുക്കലും മറ്റും താറുമാറായി.
deshabhimani 070412
Subscribe to:
Post Comments (Atom)
No comments:
Post a Comment