Friday, April 6, 2012

ബംഗാള്‍ അക്രമങ്ങളെ അതിജീവിക്കും: സൂര്യകാന്ത് മിശ്ര

തൃണമൂല്‍-മാവോയിസ്റ്റ് അക്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സിപിഐ എമ്മിനും ഇടതുപാര്‍ടികള്‍ക്കുമുണ്ടെന്ന് പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. 1970കളില്‍ ഇത്തരം അക്രമങ്ങള്‍ നേരിട്ടവരാണ് കമ്യൂണിസ്റ്റുകാര്‍. അന്നും ജനാധിപത്യമാര്‍ഗത്തിലൂടെയാണ് അക്രമങ്ങളെ പ്രതിരോധിച്ചതെന്ന്പാര്‍ടി കോണ്‍ഗ്രസ് മീഡിയ സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ മിശ്ര പറഞ്ഞു. അക്രമത്തിനെതിരെ തിരിച്ചടിക്കാന്‍ തങ്ങള്‍ സാഹസികരല്ലെന്നും കമ്യൂണിസ്റ്റുകാരാണെന്നും സൂര്യകാന്ത് മിശ്ര മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതിപക്ഷത്തായപ്പോള്‍മാത്രമല്ല, ഭരണത്തിലുണ്ടായിരുന്നപ്പോഴും അക്രമത്തിനിരയായിട്ടുണ്ട്. അധികാരത്തിലുണ്ടായിരുന്ന 34 വര്‍ഷം 2800 പേര്‍ രക്തസാക്ഷികളായി.

ഇടതുപാര്‍ടികളെയും പുരോഗമനശക്തികളെയും അണിനിരത്തി ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെ രാഷ്ട്രീയമായും ജനാധിപത്യപരമായും നേരിടും. രാജ്യത്തിനകത്തും പുറത്തും നിന്ന് പരിശീലനം നേടിയ ദേശവിരുദ്ധശക്തികളും അക്രമികളുടെ കൂട്ടത്തിലുണ്ട്. ഇവര്‍ സിപിഐ എം പ്രവര്‍ത്തകരെ പരക്കെ വേട്ടയാടുന്നു. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ സ്ത്രീകളെ ബലാത്സംഗംചെയ്യാന്‍പോലും ക്രിമിനലുകള്‍ മടിക്കുന്നില്ല. 21 ബലാത്സംഗമാണ് ഇത്തരത്തില്‍ നടന്നത്. കഴിഞ്ഞ 300 ദിവസത്തില്‍ 41,000 പാര്‍ടി പ്രവര്‍ത്തകര്‍ വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടു. ഇതില്‍ ഉദ്ദേശം 12,000 പേര്‍ തിരികെയെത്തി. പലയിടത്തും വീടുകളില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിക്കുന്നു. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍പോലും അനുവദിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് വീടുകളില്‍ തിരിച്ചെത്താന്‍ അക്രമികള്‍ക്ക് കരം നല്‍കേണ്ടിവരുന്നു. ഇങ്ങനെ 20 കോടി രൂപയോളം പിരിച്ചതായാണ് ഔദ്യോഗിക കണക്ക്. 40 കോടിയിലധികമാണെന്ന് പാര്‍ടി കണക്കാക്കുന്നു.

മമത സര്‍ക്കാര്‍ വന്നശേഷം 58 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. 4000 പേരെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇവര്‍ക്ക് ചികിത്സപോലും നിഷേധിച്ചു. സിപിഐ എമ്മിന്റെ 700 ഓഫീസ് തകര്‍ക്കുകയോ കൈയടക്കുകയോ ചെയ്തു. 411 ഗ്രാമപഞ്ചായത്ത് പിടിച്ചെടുത്തു. അംഗങ്ങളെ ഭീഷണിപ്പെടുത്തി രാജിവയ്പിച്ചാണിത്. 596 ഗ്രാമപഞ്ചായത്തില്‍ സമാന്തര കമ്മിറ്റികളാണ് ഭരണം നടത്തുന്നത്. അക്രമങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സ്വീകരിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത രീതിയിലാണ് അവരുടെ പെരുമാറ്റം. നിയമസഭയില്‍ വരാന്‍പോലും താല്‍പ്പര്യമില്ല. വന്നാല്‍ കുഴപ്പമുണ്ടാക്കി ഇറങ്ങിപ്പോകും. ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ല. ബജറ്റ് ചര്‍ച്ചയില്‍ സ്വന്തം വകുപ്പുകളുടെ കാര്യത്തില്‍പ്പോലും മറുപടിക്ക് തയ്യാറായില്ല. നിയമസഭയില്‍ അടിയന്തരപ്രമേയമോ ശ്രദ്ധക്ഷണിക്കലോ അനുവദിക്കില്ല. തൃണമൂല്‍- മാവോയിസ്റ്റ് ഗുണ്ടകള്‍ പ്രതികളായ കൊലപാതക- ബലാത്സംഗ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നാണ്ബുധനാഴ്ചത്തെ വിവരം. കഴിഞ്ഞ നാലുവര്‍ഷം 750 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിനുപേര്‍ ആക്രമിക്കപ്പെട്ടു. ഇങ്ങനെ രജിസ്റ്റര്‍ചെയ്ത കേസുകളെല്ലാം പിന്‍വലിക്കാനാണ് തീരുമാനം. അതേസമയം, സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും മുന്‍മന്ത്രിമാരും എംഎല്‍എമാരും എംപിമാരും മുന്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കള്ളക്കേസും എടുക്കുന്നതായി സൂര്യകാന്ത് മിശ്ര പറഞ്ഞു.

തൃണമൂല്‍ ഭരണത്തിന് അല്‍പ്പായുസ്സ്

കോഴിക്കോട്: മമത ബാനര്‍ജി താല്‍ക്കാലിക പ്രതിഭാസമാണെന്ന് പശ്ചിമബംഗാളിലെ മുതിര്‍ന്ന നേതാവ് ശിബ്ദാസ് ഭട്ടാചാര്യ പറഞ്ഞു. സിദ്ധാര്‍ഥ ശങ്കര്‍റേയുടെ അര്‍ധഫാസിസ്റ്റ് ഭരണത്തെ അതിജീവിച്ചവരാണ് ബംഗാളിലെ കമ്യൂണിസ്റ്റുകാര്‍. മമതയെപ്പോലെ മാധ്യമങ്ങളുടെ തണലില്‍ വളര്‍ന്ന പാര്‍ടിയല്ലിത്. കടുത്ത അടിച്ചമര്‍ത്തലുകള്‍ നേരിട്ട കമ്യൂണിസ്റ്റുകാര്‍ക്ക് മമതയുടെ അതിക്രമങ്ങളെ തട്ടിമാറ്റി മുന്നേറാനാകും- പാര്‍ടി കോണ്‍ഗ്രസിനെത്തിയ മുതിര്‍ന്ന നേതാക്കളുടെ സംഘത്തിലെ അംഗമാണ് എണ്‍പത്തിനാലുകാരനായ ഭട്ടാചാര്യ. അനുഭവത്തിന്റെ വെളിച്ചത്തിലാണ് താനിത് പറയുന്നത്. 1948ല്‍ പാര്‍ടിക്ക് നിരോധനമുള്ള കാലത്ത് കമ്യൂണിസ്റ്റുകാര്‍ ഏറെ ത്യാഗം സഹിച്ചു. രഹസ്യമായി പ്രവര്‍ത്തിച്ചാണ് നിരോധനത്തെ മറികടന്നത്. അതിലും ഭീകരമായിരുന്നു റേയുടെ ഭരണകാലം. ജനങ്ങളെ അണിനിരത്തിയാണ് അതിനെ നേരിട്ടത്. ജീവിതം ദുരിതത്തിലാഴ്ത്തുകയും കര്‍ഷകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന ഭരണത്തെ ബംഗാളില്‍ അധികകാലം സഹിക്കില്ല. മമതയെ മുഖ്യമന്ത്രിയാക്കാന്‍ രാപ്പകല്‍ കഷ്ടപ്പെട്ട ബൂര്‍ഷ്വാപത്രങ്ങള്‍ക്കുപോലും അവരെ മടുത്തു. വിട്ടുപോയ ജനങ്ങള്‍ വീണ്ടും ഇടതുപക്ഷത്തെ സ്വീകരിക്കുമെന്നുറപ്പുണ്ട്- ശിബ്ദാസ് ഭട്ടാചാര്യ പറഞ്ഞു.

deshabhimani 060412

1 comment:

  1. തൃണമൂല്‍-മാവോയിസ്റ്റ് അക്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സിപിഐ എമ്മിനും ഇടതുപാര്‍ടികള്‍ക്കുമുണ്ടെന്ന് പശ്ചിമബംഗാള്‍ പ്രതിപക്ഷനേതാവും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. 1970കളില്‍ ഇത്തരം അക്രമങ്ങള്‍ നേരിട്ടവരാണ് കമ്യൂണിസ്റ്റുകാര്‍. അന്നും ജനാധിപത്യമാര്‍ഗത്തിലൂടെയാണ് അക്രമങ്ങളെ പ്രതിരോധിച്ചതെന്ന്പാര്‍ടി കോണ്‍ഗ്രസ് മീഡിയ സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ മിശ്ര പറഞ്ഞു. അക്രമത്തിനെതിരെ തിരിച്ചടിക്കാന്‍ തങ്ങള്‍ സാഹസികരല്ലെന്നും കമ്യൂണിസ്റ്റുകാരാണെന്നും സൂര്യകാന്ത് മിശ്ര മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതിപക്ഷത്തായപ്പോള്‍മാത്രമല്ല, ഭരണത്തിലുണ്ടായിരുന്നപ്പോഴും അക്രമത്തിനിരയായിട്ടുണ്ട്. അധികാരത്തിലുണ്ടായിരുന്ന 34 വര്‍ഷം 2800 പേര്‍ രക്തസാക്ഷികളായി.

    ReplyDelete