Friday, April 6, 2012

ജോബ് ഫെസ്റ്റ് പൊളിഞ്ഞു; മന്ത്രിയുടെ വാഗ്ദാനം പാഴായി


ചവറയില്‍ തൊഴില്‍മന്ത്രി സംഘടിപ്പിച്ച ജോബ്ഫെസ്റ്റ് പൊളിഞ്ഞു. തൊഴില്‍ ലഭിച്ചവരുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞ തീയതി കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാനായില്ല. മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനുമാണ് സര്‍ക്കാര്‍ സംവിധാനം വഴി അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍മന്ത്രി സ്വകാര്യസംരംഭകരെ സംഘടിപ്പിച്ച് ജോബ്ഫെസ്റ്റ് നടത്തിയത്. ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം തൊഴിലുടമകള്‍ ജോബ്ഫെസ്റ്റില്‍ പങ്കെടുക്കുമെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാല്‍, ഒരൊറ്റ ബഹുരാഷ്ട്രകമ്പനിയും വന്നില്ല. മാത്രമല്ല നൂറില്‍താഴെ തൊഴിലുടമകളാണ് പങ്കെടുത്തത്. ഐആര്‍ഇ, കെഎംഎംഎല്‍, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ പണം ജോബ്ഫെസ്റ്റിനായി വിനിയോഗിച്ചു.

ജോബ്ഫെസ്റ്റില്‍ 3000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. പ്രൊഫഷണല്‍ വിദ്യാഭ്യാസയോഗ്യതയുള്ളവരെ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലേക്കും റിക്രൂട്ട് ചെയ്യാനുള്ള ശ്രമം മനസ്സിലായതോടെ ആദ്യദിവസംതന്നെ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കാതെ തിരിച്ചുപോയി. രണ്ടാംദിവസമാകട്ടെ സംസ്ഥാനത്തെ പ്രധാന ഫിനാന്‍സ് സ്ഥാപനം 30 ഒഴിവ് അറിയിച്ചിട്ടും ഒരാളെപ്പോലും കിട്ടിയില്ല. ഐടിഐ ട്രേഡുകളില്‍ അനുഭവസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് ബംഗളൂരു കേന്ദ്രീകരിച്ചുള്ള കമ്പനികള്‍ 5000 രൂപയില്‍ താഴെ ശമ്പളമാണ് വാഗ്ദാനം ചെയ്തത്. എച്ച്സിഎല്‍ കമ്പനി മുപ്പതുപേരെ ജോലിയ്ക്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ഷോര്‍ട്ട്ലിസ്റ്റ് തയ്യാറാക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഒരാള്‍ക്കുപോലും അറിയിപ്പ് ലഭിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെയും തൊഴില്‍-വനം മന്ത്രിയുടെയും ചിത്രങ്ങള്‍ പതിച്ച വന്‍ ഫ്ളക്സ് ബോര്‍ഡുകളാണ് ദേശീയപാതയുടെ ഇരുവശവും സ്ഥാപിച്ചത്. ഈ ബോര്‍ഡുകള്‍ ഐആര്‍ഇയും കെഎംഎംഎല്ലും ആലൂക്കാസ് പോലെയുള്ള സ്വകാര്യവ്യവസായികളുമാണ് സ്പോണ്‍സര്‍ ചെയ്തത്. സര്‍ക്കാര്‍ സംരംഭമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തിയത്. ജില്ലയിലെയും പരിസരപ്രദേശത്തെയും തൊഴില്‍സ്ഥാപനങ്ങള്‍ക്കും വിദേശ ലേബര്‍ സപ്ലൈ കമ്പനികള്‍ക്കും കുറഞ്ഞ ശമ്പളത്തിന് ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ വിട്ടുകൊടുത്തുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

deshabhimani news

No comments:

Post a Comment